Image

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണം: കേന്ദ്ര മന്ത്രി

Published on 25 February, 2012
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണം: കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്‌ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനു ദേശീയ തലത്തില്‍ പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കണമെന്ന കെ.പി. ധനപാലന്‍ എംപിയുടെ കത്തിനുള്ള മറുപടിയിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.
സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്‌ഥാനങ്ങള്‍ക്ക്‌ കേന്ദ്രം കത്തയച്ചിട്ടുണ്ടെന്നും ധനപാലനുള്ള മറുപടിയില്‍ പറയുന്നു.

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം സംസ്‌ഥാന സര്‍ക്കാരുകള്‍ക്കാണ്‌. പ്രവാസി ലീഗല്‍ സെല്‍ മുഖേന നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഏപ്രിലിലാണ്‌ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്‌. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ കോടതി തേടിയിട്ടുണ്ട്‌. സ്വകാര്യ ആശുപത്രികള്‍ സംസ്‌ഥാന ആരോഗ്യ വകുപ്പുകളുടെ പരിധിയിലാണെങ്കിലും ആശുപത്രി നടത്തിപ്പിനുള്ള ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമത്തിലെ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന്‌ ഇടപെടാന്‍ കഴിയും. നിയമ ഭേദഗതിയുടെ സാധ്യത പരിഗണിക്കണമെന്നു കോടതിയും ആവശ്യപ്പെട്ടിരുന്നു.

ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നു നഴ്‌സുമാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക