Image

മന്ത്രി എ.കെ.ശശീന്ദ്രന്‍ 'മംഗളം' ഭവ! (ഷോളി കുമ്പിളുവേലി )

ഷോളി കുമ്പിളുവേലി Published on 28 March, 2017
മന്ത്രി എ.കെ.ശശീന്ദ്രന്‍ 'മംഗളം' ഭവ! (ഷോളി കുമ്പിളുവേലി )
'ഒന്നു വളരണമെങ്കില്‍ മറ്റൊന്ന് ചീയണം' എന്ന പൊതു തത്വം എത്ര അന്വര്‍ത്ഥമാണ്! മംഗളം ന്യൂസ് ചാനലിന്റെ രംഗപ്രവേശനം കൊഴുപ്പിച്ചത്, മന്ത്രി എ.കെ. ശശീന്ദ്രന്റെ 'തല' എടുത്തുകൊണ്ടായിരുന്നു. ഒരു പക്ഷേ, മംഗളം മുന്‍കൂട്ടി തരപ്പെടുത്തി വച്ചിരുന്ന ഒരു സ്‌കൂപ്പ്, ചാനലിന്റെ ഉദ്ഘാടനം ജനശ്രദ്ധ നേടുന്നതിനു വേണ്ടി പ്രയോഗിച്ചതാകാം; അല്ലെങ്കില്‍ 'മംഗളം' പത്രത്തില്‍ ഈ ന്യൂസ് നേരത്തേ തന്നെ വന്നിരുന്നേനെ. മാധ്യമ ധര്‍മ്മത്തെക്കാളുപരി, പത്തോളം വരുന്ന മലയാളം ന്യൂസ് ചാനലുകള്‍ക്കിടയില്‍ തങ്ങളുടെ വരവ് ഉത്സവമാക്കണമെന്നും, മറ്റുള്ള ചാനലുകളെപ്പോലും ഞെട്ടിക്കണമെന്നുള്ള മംഗളത്തിന്റെ സ്വാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ഞാനില്ല. കാരണം സ്‌കൂപ്പുകള്‍ക്കായി 'കടിപിടി' കൂട്ടുന്ന ചാനലുകള്‍ക്കിടയില്‍, തങ്ങളുടെ ഇരിപ്പിടം തരപ്പെടുത്തുവാന്‍ ഇതുപോലുള്ള 'തറ' വേലകള്‍ വേണ്ടിവരുമെന്ന് ഏറ്റം കൂടുതല്‍ അറിയാവുന്നതും മാധ്യമപ്രവര്‍ത്തകര്‍ക്കാണ്!

മന്ത്രി ശശീന്ദ്രനെ ന്യായീകരിക്കുവാനും ഞാന്‍ മുതിരുന്നില്ല. എഴുപത്തൊന്നു വയസായില്ലേ, തനിക്ക് അടങ്ങിക്കിടക്കരുതോ, എന്നൊന്നും ചോദിക്കുവാനും ഞാനില്ല. അയാള്‍ക്ക് പതിനേഴേ തോന്നുന്നുള്ളൂവെങ്കില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും? പക്ഷേ, ശശീന്ദ്രന്‍ അവ്യക്തമായി എന്തൊക്കെയോ, പിറുപിറുക്കുന്നത് പുറത്തുവിട്ട ചാനല്‍, ഇയാള്‍ ഇതാരോടാണ് സംസാരിക്കുന്നത് എന്നതുകൂടി വ്യക്തമാക്കണമായിരുന്നു. സ്വന്തം ഭാര്യയോടാണോ, അതോ സുഹൃത്തിനോടാണോ? മന്ത്രി എന്ന നിലയില്‍, അഭയം തേടിയ ഏതെങ്കിലും സാധു സ്ത്രീയാണോ?.... ഇതൊന്നും വ്യക്തമല്ല. ആര്‍ക്കും കേസുമില്ല, പരിഭ്രമവുമില്ല!! ഇത് ആര്‍ക്കെങ്കിലും പൈസാ കൊടുത്ത് മംഗളം തന്നെ ചെയ്ത ഒരു 'ഹണിടോപ്പ്' ആയിക്കൂടെ? അങ്ങനെയും സംഭവിക്കാം.

പണ്ട് 'മനോരാജ്യം' 'മനോരമ' വാരികയും മംഗളത്തെക്കാള്‍ കോപ്പികള്‍ അച്ചടിച്ചിരുന്ന കാലത്ത്, മാത്യു മറ്റത്തിനെ കൊണ്ട് അഞ്ചു സുന്ദരികള്‍ പോലുള്ള എത്രയോ 'ഇക്കിളി' നോവലുകള്‍ എഴുതിച്ച്, മറ്റെല്ലാ വാരികകളേയും പിന്നിലാക്കി 'ഒന്നാം സ്ഥാനം' കരസ്ഥമാക്കിയ അനുഗ്രഹീത പാരമ്പര്യമുള്ളവരാണ്, മംഗളം! എന്തു തറ വേലയും പ്രതീക്ഷിക്കാം!

വാര്‍ത്താ അവതരണ രീതികളിലും പുതിയ പ്രവണതകള്‍ കടന്നു വന്നിരിക്കുന്നു. വാര്‍ത്തയായി എന്തും വായിക്കുന്ന രീതി! വാര്‍ത്ത കേള്‍ക്കാന്‍ പോലും കുടുംബത്തില്‍ എല്ലാവര്‍ക്കും കൂടി ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥ പലപ്പോഴും അരോചകമുണ്ടാക്കുന്നതാണ്. രണ്ടാമത്, വാര്‍ത്ത അവതാരകര്‍, ചിലപ്പോള്‍ 'അവതാരങ്ങള്‍' ആയി മാറുന്ന അവസ്ഥ!!

വാര്‍ത്ത വായിക്കുന്നതിനു പകരം, ആജ്ഞാപങ്ങളും, അട്ടഹാസങ്ങളും മാത്രം! മറ്റേ ചാനലിലെ അവതാരകനെക്കാള്‍ ഞാനാണ് കേമന്‍ എന്നു കാണിക്കുന്നതിനുള്ള വ്യഗ്രതയില്‍, ചര്‍ച്ചകള്‍ക്കായി വിളിച്ചു വരുത്തിയ ഗസ്റ്റുകളെ പരിഹസിക്കുകയും, ന്യൂസ് റൂമില്‍ നിന്ന് ഇറക്കി വിടുകയും ഒക്കെ ചെയ്യുന്നത് എന്തു പത്രപ്രവര്‍ത്തനമാണ്? ആരാണ് ഇവരെയൊക്കെ നിയന്ത്രിക്കുന്നത്? എല്ലാം തികഞ്ഞവര്‍ ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ മാത്രമാണോ?

വാര്‍ത്തകള്‍ക്കായുള്ള പരക്കംപാച്ചിലുകള്‍ക്കിടയില്‍, പത്രധര്‍മ്മം മാത്രമല്ല, പലപ്പോഴും മനുഷ്യാവകാശങ്ങളും ധ്വംസിക്കപ്പെടുന്നുണ്ട്. കുറ്റം ആരോപിക്കപ്പെടുന്നത് കൊണ്ട് ഒരാള്‍ കുറ്റവാളി ആകുന്നില്ല. ചിലപ്പോള്‍ കെട്ടിച്ചമച്ച കഥകളായിരിക്കാം. പക്ഷേ ചാനലുകാര്‍ അയാളേയും, കുടുംബത്തെപ്പോലും വെറുതേ വിടില്ല! പിന്നീട് കേസ് കളവാണെന്നു തെളിഞ്ഞാല്‍, ഒരു ചാനലും തിരുത്തല്‍ പോലും നല്‍കാറില്ല!  മാധ്യമങ്ങള്‍ക്കു മാത്രമുള്ള ചില പ്രത്യേക അവകാശങ്ങള്‍! ഭരണകൂടമോ, ജുഡീഷ്യറിയോ മുന്‍കൈ എടുത്ത് ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാക്കണം. ഇല്ലെങ്കില്‍ വക്കീലന്മാരും-മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഇപ്പോഴുള്ളതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഇതരമേഖലകളിലും ഉണ്ടാകുവാന്‍ ഇടയുണ്ട്. ജാഗ്രതൈ!

അടിക്കുറിപ്പ്
നാടു മുഴുവന്‍ പീഢനകഥകള്‍ കേട്ട്, പൊതു ജനം പൊറുതി മുട്ടി നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ വക 'സംഭാഷണ' പീഢനം.
മംഗളത്തിനെക്കാള്‍ ഞങ്ങളും ഒട്ടും മോശമല്ലെന്ന് കാണിക്കുവാന്‍ 'മനോരമ'യും, 'ഏഷ്യാനെറ്റും' തീരുമാനിച്ചാല്‍, നമ്മുടെ രാഷ്ട്രീയക്കാരുടെ ഗതി എന്താകും? എന്താടേ നമ്മുടെ നാടു നന്നാകാത്തത്?

Join WhatsApp News
ജോസഫ് 2017-03-28 11:45:47

ഒരു ഗാനം എഴുതി ഞാ-
നീ മലയാളിക്കയച്ചിട്ട്
തട്ടിയതവർ ചവറ്റു കോട്ടേൽ
ഒരു പക്ഷെ ഭാഷാശുദ്ധി
കുറവാകാം കാരണമെന്ന്
അനുമാനിക്കുന്നു ഞാൻ
അതുകൊണ്ടു ഭാഷമാറ്റി
എഴുതുന്നു നിങ്ങളക്കായി
പറയാം ഞാൻ എന്റെ കഥ
ചുരുക്കത്തിൽ പെട്ടെന്നങ്ങ്
ഒരു നാളും ജഘനം കണ്ട്
ആവേശം കൊള്ളരുതാരും
വന്നീടും അപകടം തീർച്ച
പണ്ടൊരു നാൾ പ്ലെയിനിൽ
ഞാൻ പോകുന്നേരം
മുൻ സീറ്റിൽ ജഘനം കണ്ടു
ചുമ്മാതെ കുത്തിനോക്കി
ഒടുവിലതു കേസായി
മന്ത്രി കസേര പോയി.
ഇന്നത്തെ മന്ത്രിയാണേൽ
പ്ലയേനേലും കേറിയില്ല
കാറിലും കേറിയില്ല
ഫോണിന്റെ ഉള്ളിൽകേറി
ജഘനത്തിൽ കഥകൾ ചൊല്ലി.
രസംകേറി സ്വയം മറന്നു.
പിറ്റേന്ന് കേട്ട് തുടങ്ങി
മംഗളം സുഖനൊ ഭവന്തു
അതുകൊണ്ടു സൂക്ഷിക്കേണം
മന്ത്രികളും തന്ത്രികളും
പാതിരിമാർ സന്യാസിമാർ
കൂടാതെ ഓരോത്തരും
എല്ലാരും യോഗ ചെയ്ത്
മനസിന്റെ മൂക്കിനുള്ളിൽ
മൂക്ക് കയർ ഇട്ടിടേണം
മുക്ര ഇടും കാളകളും
ചെവിയിന്മേൽ നുള്ളിക്കോളു
അല്ലെങ്കിൽ അപകടമാകും
കശാപ്പുകാരുടെ കയ്യിലാകും


മുൻ മന്ത്രി 2017-03-28 03:59:34
ഒന്ന് കരഞ്ഞു കാമം തീർക്കാൻ 
തുനിഞ്ഞപ്പോൾ നിങ്ങളെന്നെ 
കുരുക്കിട്ട് പിടിച്ചു കഷ്ടം 
എന്തൊരു നാടാ ഈ നാട് 
മന്ത്രിയാ ശരിയാ കാര്യം 
എന്നാലും മനുഷ്യനല്ലേ 
ഞങ്ങൾക്കും മോഹമില്ലേ 
ലൈംഗികാസക്തിയില്ലേ 
ടെലിഫോണിൽ കൂടിയല്ലേ 
മറ്റൊന്നും ചെയ്യിതില്ലല്ലോ ഞാൻ 
എന്തിനാ നിങ്ങളെന്നെ 
കൊല്ലാകൊല ചെയ്തീടുന്നു ?
സരിതയുമായി അന്തിഉറങ്ങി 
പല പല മന്ത്രിമാരും 
അതിലെന്തെ പരിഭവമില്ലേ ?
കുഞ്ഞാലി മരയ്ക്കാറ് 
ജേക്കബും കുര്യനും 
കൂടാതെ പാതിരിമാരും 
പിന്നാലെ സന്യാസിമാർ 
നാടാകെ പീഡിപ്പിക്കൽ 
അതിലാർക്കും പരിഭവമില്ല 
എന്നാൽ ഒരു ടെലിഫോണിൽ 
ഞാനൊന്നു അമറിയപ്പോൾ 
നാടാകെ ഞെട്ടി ഇളകി 
അധികാരകസേരപോയി
എന്തൊരു നാടാ ഈ നാട് 
2017-03-28 19:51:29
ഉണ്ടുണ്ടു കഥയുണ്ട് 
എനിക്കുമൊന്നു ചൊല്ലിടാനായി
പണ്ടുള്ളിൽ മോഹം ഉദിച്ചു 
കള്ളുള്ളിൽ ചെന്ന നേരം 
ഒരു കൊച്ചു പെണ്ണിനെയൊന്നു 
പ്രാപിക്കാൻ മോഹമുദിച്ചു 
ഒരു നാളിൽ വിട്ടുഞാൻ 
ഇരവിലൊരു കള്ളനെപ്പോലെ 
സൂര്യനെല്ലി നാട്ടിലേക്ക് 
അവിടൊരു ശലഭംപോലെ 
പാറിനടന്ന പെൺകൊടിയിൽ 
കണ്ണുപതിഞ്ഞു 
പിന്നതിനെ പ്രാപിക്കാനായി 
വല്ലാത്ത മോഹമുദിച്ചു 
ചതിമാർഗ്ഗം കുതന്ത്രങ്ങൾ 
പണമൊക്കെ കാട്ടിഞാനാ 
പെൺകൊടിയെ പ്രാപിച്ചു 
ഒരുകൊച്ചു ആടിൻ കൂട്ടി 
ഒരു പുലിമടയിൽ ചെന്നപോലെ 
അവളൊന്നു പിടഞ്ഞു തിരിഞ്ഞു 
കഥയാകെ മാറിമറിഞ്ഞു 
നുണകൾ ഞാൻ പലതു മെനഞ്ഞു 
അതീന്ന് തലയൊന്നൂരാൻ 
ഊരാനായി ശ്രമിക്കുമ്പോൾ 
ഊരാ കുടുക്കായി മാറിയെന്നാൽ 
നിഴലായി ഇന്നുമെന്റെ 
കൂടെ അതു  നടക്കുന്നു
ചിലരാണേൽ കുശുക്കുന്നു 
അധികാരം കൊണ്ട്മാത്രം 
പിടിച്ചിവിടെ  നിൽക്കുന്നു
അധികാരം പോകാനാണേൽ 
സമത്തിൽ കാര്യമില്ല 
അതുകൊണ്ടു കേട്ടുകൊൾക 
വിടന്മാരെ ശ്രദ്ധയോടെ 
അതിമോഹം നല്ലതല്ല 
അപകടം കൂടെയുണ്ട് 
പണമുണ്ടേൽ കാര്യമില്ല 
തൊലിക്കട്ടീൽ കാര്യമില്ല 
മാനത്തിന് കോട്ടം വന്നാൽ 
മാനത്തു നോക്കിയിരിക്കാം 

ആലി ഇക്കാക്ക 2017-03-28 21:02:22
എല്ലാരും വന്നുനിന്നു 
ഗുലുമാല് കാട്ടണതെന്താ.
എന്താണ് ഞമ്മടെ തലയിൽ 
കോഴീന്റെ പപ്പിരിക്കണേ 
ഐസ്ക്രീം അല്ലതു ഭാഗ്യം 
ഐസ്ക്രീമിൻ പേരുകേട്ടാൽ 
ഒനാകെ ഞെട്ടി വിറക്കും 
അടിമുടി നിന്ന് വിറയ്ക്കും 
മൊഞ്ചുള്ള പെണ്ണുമായി 
ഐസ്ക്രീമിൻ പാർലറിപ്പോയി 
സ്പൂണിന്മേൽ ഐസ്‌ക്രീം വച്ച് 
അവളിൽ ഞാൻ മോദം ഉണർത്തി 
ഹിമാറുകൾ എല്ലാം കൂടി 
വേണ്ടാത്ത കഥകൾ ചൊല്ലി
നാടാകെ പാട്ടായി  
ഇന്നത്തെപ്പോലെയന്ന് 
ചാനലിൻ പടകളില്ല 
ഒളിക്യാമറ പോലുമില്ല 
സൂക്ഷക്കു നിങ്ങളെല്ലാം 
മൊഞ്ചുള്ള പെണ്ണിനെ നോക്കി 
ഐസ്ക്രീമും വച്ചുനീട്ടി 
പോയിടിൽ ചെന്നുവീഴും 
ചാനലിൻ നെറ്റിനുള്ളി 
അതുകൊണ്ടു ചൊല്ലണ് നമ്മൾ 
നിസ്കാരം കൊണ്ട് നിങ്ങൾ 
മനസ്സിന് കടിഞ്ഞാൺ ഇട് 
ഐസ്ക്രീമും ദൂരത്തെറിയു .
വിദ്യാധരൻ 2017-03-29 07:16:31

ഞാനൊന്ന് തിരിഞ്ഞു നോക്കി
കേരള മന്ത്രിമാരുടെ
ചരിതങ്ങൾ ചികഞ്ഞു നോക്കി
അയ്യയ്യോ! ഞെട്ടിപ്പോയി
അവരുടെ യോഗ്യത കണ്ടു!
അത് കണ്ടാൽ തോന്നിപോകും
ഒരു മന്ത്രി ആകണമെങ്കിൽ
വേണമൊരു പെണ്ണിനെയേലും
പീഡനം ചെയ്തതായി
നല്ലൊരു സാക്ഷിപത്രം
നീല ലോഹിതദാസ്
ഗണേഷ് കുമാർ പിന്നെ
ജോസ് തിട്ടയിൽ
ഇപ്പോൾ ഇതാ ശശിധരൻ
അയ്യയ്യോ എന്തൊരു കഷ്ടം!
നീളുന്നു പട്ടികയങ്ങനെ.
അധികാരം ഏറ്റാലുടനെ
ആദ്യത്തെ നടപടിയാണോ
പെണ്ണിനെ പീഡിപ്പിക്കൽ?
ഇവർക്കായി വോട്ടുപിടിക്കാൻ
ഓടുന്ന നാട്ടുകാരെ
മതി മതി നിങ്ങടെ ഓട്ടം
ഓടിക്കാൻ സമയമായി
നാടിനെ അപമാനിക്കും
അവലക്ഷണമീ വർഗ്ഗത്തെ
അല്ലങ്കിൽ സ്വന്തനാട്ടിൽ
ദൈവവും പീഡിപ്പിക്കും

(ഇതിനാധാരമായ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് കിട്ടിയതാണ്. അതെഴുതാൻ കാരണം ഇതിന്റെമേൽ പത്രാധിപരുടെ വാള് വീഴാതിരിക്കാൻ വേണ്ടിയാണ്.  ഗണേഷ്‌കുമാറിന്റെ അവിവിഹിത ബന്ധത്തെക്കുറിച്ച് ഭാര്യ കമ്പ്ലെയ്ന്റ് ചെയ്തതുകൊണ്ടാണ് അയാൾ രാജി വച്ചത്. ഇങ്ങനെയുള്ളവരെ അമേരിക്കയിൽ കൊണ്ട് സ്വീകരണം കൊടുക്കുന്ന മലയാളികളെക്കുറിച്ചു മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ഓർക്കണം.  അൽപ്പം പ്രശസ്തി പെരുമ ഇതിനുവേണ്ടി ഇത്തരക്കാരുടെ തോളിൽ കയ്യിട്ടുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചു മറ്റുള്ളവരുടെ മുൻപിൽ നേതാവ് ചമയാം എന്ന് കരുതുന്നു എങ്കിൽ അത് തികച്ചും തെറ്റായ ധാരണയാണ്. ഇത്തരക്കാരുടെ പ്രവർത്തികൾ സ്ത്രീകളെ വസ്തുക്കളായി കാണുന്ന അധമരായ മലയാളികൾക്ക് ആവേശം കൂട്ടുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്. കേരളത്തിൽ സ്വന്തം പിതാവിന്റെ അരികിൽ ചെല്ലാൻപോലും മടികാട്ടുന്ന പെണ്മക്കൾ കേരളത്തിന്റെ നശിച്ചുകൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ അടയാളമാണ്.  ഇതിന് അഭ്യസ്തവിദ്യാരായ പുരുഷന്മാർ മുന്നോട്ട് വന്നെങ്കിൽ മാത്രമേ പരിഹാരമുള്ളു. സ്ത്രീയെ ലൈംഗികവേഴ്ചക്കും  അടുക്കളയിൽ ജോലി ചെയ്യാനും  കുട്ടികളെ വളർത്താനുമുള്ള അടിമകളായി കരുതിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. അമേരിക്കയിൽ സുപ്രീം കോർട്ട് ജഡ്ജിനെ തിരഞ്ഞെടുക്കുമ്പോൾ, ഒരു ദിവസം പൊതുജനങ്ങളുടെ ആക്ഷേപങ്ങൾ കേൾക്കാനായി അവരെ തിരഞ്ഞെടുക്കുന്ന കമ്മറ്റി  മാറ്റി വച്ചിരിക്കുന്നു. അതിൽ ഏതെങ്കിലും സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ അതും സമർപ്പിക്കാം. ഇത്തരം ഒരു സംവിധാനം ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകയാണ്.)



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക