Image

ചെന്നൈ ഏറ്റുമുട്ടല്‍: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു

Published on 24 February, 2012
ചെന്നൈ ഏറ്റുമുട്ടല്‍: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു
ന്യൂഡല്‍ഹി: കൊള്ളക്കാരെന്നു സംശയിക്കുന്ന അഞ്ചുപേര്‍ ചെന്നൈയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍(എന്‍എച്ച്ആര്‍സി) തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ ജില്ലാ മജിസ്‌ട്രേറ്റിനും നോട്ടീസ് അയച്ചു. എട്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസ്. കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് എന്നിവ സഹിതം നോട്ടീസിനു മറുപടി നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. 

ബിഹാര്‍ സ്വദേശികളായ ചന്ദ്രിക റായ്, ഹരീഷ് കുമാര്‍, വിനയ് പ്രസാദ്, വിനോദ് കുമാര്‍ ബംഗാളിയായ അഭയ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കമ്മിഷന്‍ ഇടപെട്ടത്.

ജനുവരി 23നു ബാങ്ക് ഓഫ് ബറോഡ പെരുങ്കുടി ശാഖയിില്‍ നിന്ന് 20 ലക്ഷം രൂപയും ഫെബ്രുവരി 20നു ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കീഴ്ക്കട്ട് ലെയിന്‍ ശാഖയില്‍ നിന്നു 14 ലക്ഷവും തോക്ക് ചൂണ്ടി കവര്‍ന്ന കേസുകളില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കെ സംശയിക്കപ്പെടുന്നയാളിന്റെ വിഡിയോ ദൃശ്യങ്ങള്‍ ബുധനാഴ്ച പൊലീസ് പുറത്തുവിട്ടിരുന്നു. 

ഇയാള്‍ വേളാച്ചേരിയിലെ വാടകവീട്ടില്‍ താമസിക്കുന്നതായി രാത്രി 10 മണിയോടെ ലഭിച്ച സന്ദേശത്തെത്തുടര്‍ന്നാണു പൊലീസ് അവിടെയെത്തി വീടുവളഞ്ഞത്. വാതിലില്‍ തട്ടിയപ്പോള്‍ ഉള്ളിലുള്ളവര്‍ ലൈറ്റ് അണയ്ക്കുകയും ജനലിലൂടെ വെടിവയ്ക്കുകയുമാണുണ്ടായതെന്നു പൊലീസ് പറയുന്നു. കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും വെടിവയ്പു തുടര്‍ന്നപ്പോള്‍ പൊലീസ് വാതില്‍ പൊളിച്ച് അകത്തു കടന്നു തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക