Image

വിളപ്പില്‍ശാല: കേരള പൊലീസിന് ഹൈക്കോടതി വിമര്‍ശനം

Published on 24 February, 2012
വിളപ്പില്‍ശാല: കേരള പൊലീസിന് ഹൈക്കോടതി വിമര്‍ശനം
കൊച്ചി: വിളപ്പില്‍ശാല മാലിന്യ ഫാക്ടറിയില്‍ മാലിന്യം സംസ്‌കരിക്കുന്നതിനു സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ നിയോഗിക്കാന്‍ ഹൈക്കോടതി നീക്കം. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നു കോടതി വിമര്‍ശിച്ചു.

വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്‌കരണം അനുവദിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു എന്നു കോടതി നിരീക്ഷിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും സിആര്‍പിഎഫിനെയും കക്ഷിചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.   

വിളപ്പില്‍ശാലയിലേക്കു മാലിന്യവുമായി വന്ന ലോറി തടയാനായി റോഡില്‍ കുത്തിയിരുന്നവരെ പൊലീസ് നീക്കം ചെയ്തില്ലെന്നു തിരുവനന്തപുരം കോര്‍പറേഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.   പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയച്ചു.   കോടതിയുത്തരവ് നടപ്പാക്കുന്നത് സമരക്കാര്‍ മസില്‍ പവര്‍ ഉപയോഗിച്ച് തടയുകയായിരുന്നു എന്നും കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേഷന്റെ   ഈ നിലപാടിനെ തുടര്‍ന്നാണ് ഹൈക്കോടതി കേന്ദ്രസേനയെ ആവശ്യമെങ്കില്‍ വിന്യസിക്കുമെന്ന് അറിയിച്ചത്. 

അതേസമയം, കേന്ദ്രസേന വന്നാലും മാലിന്യനീക്കം തടയുമെന്നും കേന്ദ്രസേനയെ ജനങ്ങള്‍ ശക്തമായി നേരിടുമെന്നും വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.ശോഭനകുമാരി പറഞ്ഞു. എന്തുവന്നാലും മാലിന്യവണ്ടികള്‍ വിളപ്പില്‍ശാലയില്‍ പ്രവേശിക്കുന്നത് അനുവദിക്കില്ലെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക