Image

നവജാത ശിശുമരണം ലോകത്തില്‍ ഏറ്റവും കുറവ് കേരളത്തില്‍ (കോര ചെറിയാന്‍)

Published on 22 March, 2017
നവജാത ശിശുമരണം ലോകത്തില്‍ ഏറ്റവും കുറവ് കേരളത്തില്‍ (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: ദൈവത്തിന്റെ സ്വന്തം നാടായ കേരളം നവജാതശിശു സംരക്ഷണത്തില്‍ ഒന്നാം സ്ഥാനത്ത്. 2015-16 ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഒരു വയസ്സിന് താഴെ പ്രായമുള്ള ശിശുമരണം, ഇന്‍ഫാന്റ് മൊര്‍ടാലിറ്റി റേറ്റ് അഥവാ ഐ.എം.ആര്‍. പ്രകാരം ആയിരത്തില്‍ ആറിലും താഴെ. വ്യാപകമായി ഇന്ത്യയിലെ ഐ.എം.ആര്‍. 41-ല്‍ നിന്നും ശരിയായ ശിശുസംരക്ഷണത്തിലൂടെ കേരളത്തെ അനുകരിച്ചാല്‍ പ്രതിവര്‍ഷം ഏഴുലക്ഷത്തിലധികം ശിശുമരണം ഒഴിവാക്കുവാന്‍ സാധിയ്ക്കും.

ആതുരസേവനരംഗത്തെ നിരന്തരശ്രമത്തിലൂടെ 2009-ലെ ഐ.എം.ആര്‍.12ല്‍ നിന്നും നേര്‍ പകുതിയായി കുറയ്ക്കുവാന്‍ സാധിച്ചതായി സെന്‍സസ് രജിസ്ട്രാര്‍ നടത്തിയ സാംപിള്‍ രജിസ്‌ട്രേഷന്‍ സര്‍വ്വേയില്‍ പ്രഖ്യാപിച്ചു. ശിശുസംരക്ഷണത്തില്‍ കേരളം ഇന്‍ഡ്യയിലുള്ള മറ്റു സംസ്ഥാനങ്ങളെ പിന്‍തള്ളി വളരെ മുന്‍നിരയില്‍ എത്തി. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ശിശുമരണനിരക്ക് ആയിരത്തില്‍ 21 ആണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ ഉയര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കന്‍ ഐക്യനാടിനെയും പിന്‍തള്ളിയാണ് കേരളം ഈ ശിശുസംരക്ഷണ വിജയം കൈവരിച്ചത്. നിരീക്ഷണ വീക്ഷണത്തില്‍ കേരളത്തിലെ ശിശുമരണക്കുറവിന്റെ മുഖ്യകാരണം ജനനനിരക്ക് കുറവും ഗര്‍ഭസംരക്ഷണ ബോധവല്‍ക്കരണവും പ്രസവസമീപന കാലഘട്ടത്തില്‍ സ്വന്തം മാതാപിതാക്കളോടൊപ്പം വസിയ്ക്കുന്നതും, ഭര്‍തൃഗൃഹ പീഢനക്കുറവും, ഔദ്യോഗിക തലത്തില്‍നിന്നുമുള്ള ഔദാരികമായ നിലപാടുമൂലം ലഭിയ്ക്കുന്ന മാനസിക സംതൃപ്തിയും സുഖപ്രസവത്തിന് കാരണമാകുന്നു. തന്മൂലം ഉദരശിശു പരിപൂര്‍ണ്ണ വളര്‍ച്ചയിലെത്തുവാന്‍ ഒരു പരിധിവരെ സാധിയ്ക്കുന്നു.

മലയാളി മനസ്സില്‍ നൈസര്‍ഗ്ഗികമായി തന്നെ ശിശുസ്‌നേഹവും കുട്ടികളോടു അമിതമായ വാത്സല്യവും ഉണ്ട്. മലയാളി മാധ്യമത്തില്‍ മങ്ങാതെ നില്‍ക്കുന്ന കൊട്ടിയൂര്‍ പീഢനകേസ് പ്രതി ആത്മീക പിതാവായ ഫാ. റോബിന്‍ വടക്കുംചേരിയുടെ കാമകേളിക്കു വിധേയയായ പതിനാറുകാരി വിദ്യാര്‍ത്ഥിനിയെ രഹസ്യ ഗര്‍ഭച്ഛിദ്രം നടത്തി മാന്യത നടിച്ചു നിഷ്പ്രയാസം വാഴാമായിരുന്നു. സമൂഹത്തില്‍ മാന്യത നടിച്ചു വൈദിക വൃത്തിയില്‍തന്നെ തുടരാമായിരുന്നു. ഒരു പക്ഷേ സ്വന്തം ഗര്‍ഭശിശുവിനോടുള്ള അചഞ്ചലമായ അടുപ്പമോ സേനഹമോ മൂലം ഒരു അബോര്‍ഷനില്‍നിന്നും പിന്‍വാങ്ങിയതായിരിക്കും. ഗര്‍ഭശിശുവിനെ രക്ഷിക്കുവാന്‍വേണ്ടി സ്വന്തം മകളുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം നിരപരാധിയായ സാധുപിതാവ് ഏറ്റെടുത്തു. മലയാളി മനസിന്റെ നൈസര്‍ഗീയമായ ശാലീനതയുള്ള പവിത്രമായ ശിശുസ്‌നേഹം ഇവിടെ പ്രകടമാകുന്നു.

ശിശുമരണം ഒഴിവാക്കുവാന്‍ വേണ്ടി 2000 ത്തിനുശേഷം കേരളത്തിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും "സിക് ന്യൂബേണ്‍ സ്റ്റെബിലൈസേഷന്‍' യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിച്ചു. സെന്‍ട്രല്‍ ഗവണ്മെന്റിന്റെ സഹായത്തോടെ "നവജാതശിശു സുരക്ഷ കാര്യക്രമ'ത്തിന്റെ മേല്‍നോ"ട്ടത്തില്‍ നേഴ്‌സുമാര്‍ക്കു പ്രത്യേക പരിശീലനം നല്‍കുവാന്‍ തുടങ്ങി. പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിക്കുന്ന ശിശുക്കളെയും വിവിധ മാരക രോഗങ്ങളോടെ പിറന്നവരെയും പരിരക്ഷിച്ചു പൂര്‍ണ്ണ ആരോഗ്യരാക്കുവാന്‍ വേണ്ടി അമേരിക്കയിലും മറ്റ് ഉതരാജ്യങ്ങളിലും ഉള്ളതുപോലെ ലെവല്‍-3, ലെവല്‍-2, ലെവല്‍-1, നേഴ്‌സറികള്‍ കേരളത്തിലെ പ്രധാന ഹോസ്പിറ്റലുകളില്‍ ആരംഭിച്ചാല്‍ ഐഎംആര്‍ ആറാം നമ്പരില്‍നിന്നും വീണ്ടും കുറയ്ക്കുവാന്‍ സാധിക്കും.

കോര ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക