Image

ന്യൂയോര്‍ക്കില്‍ ആത്മഹത്യാ നിരക്ക് കുറയുന്നു;പുറംജോലിക്കരാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നികുതി പരിഷ്‌കാരം

Published on 24 February, 2012
ന്യൂയോര്‍ക്കില്‍ ആത്മഹത്യാ നിരക്ക് കുറയുന്നു;പുറംജോലിക്കരാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍  നികുതി പരിഷ്‌കാരം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയുടെ പകുതി മാത്രമെന്ന് യുഎസ് ആരോഗ്യവകുപ്പ്. രാജ്യത്ത് ലക്ഷത്തില്‍ 11 പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഇത് ആറു മാത്രമാണെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. വെടിവെയ്പ്പിലൂടെയുള്ള ആത്മഹത്യയുടെ കണക്കെടുത്താല്‍ ന്യൂയോര്‍ക്ക് നരഗത്തിലേത് ദേശീയ ശരാശരിയുടെ നാലിലൊന്ന് മാത്രമാണ്. കഴിഞ്ഞ രണ്ടു ദശകത്തിനിടെ ന്യൂയോര്‍ക്ക് നഗരത്തില്‍ ആകെ ആത്മഹത്യ ചെയ്തവരുടെ നിരക്കിലും വെടിവെയ്പ്പിലൂടെയുള്ള ആത്മഹത്യാനിരക്കിലും വന്‍ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ന്യൂയോര്‍ക്ക് നഗരപരിധിയില്‍ 2010ല്‍ ആത്മഹത്യ ചെയ്ത 503 പേരില്‍ 12 ശതമാനം മാത്രമാണ് തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തത്. 1991ല്‍ ഇത് ആകെ ആത്മഹത്യകളുടെ(649) 19 ശതമാനമായിരുന്നു. തോക്കുപയോഗിക്കുന്നതിന് ന്യൂയോര്‍ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തരം ആത്മഹത്യകള്‍ കുറയ്ക്കാന്‍ കാരണമായത്. അനിധകൃതമായി കൈത്തോക്ക് കൈവശം വെച്ചാല്‍ രാജ്യത്തു തന്നെ ഏറ്റവുമയര്‍ന്ന പിഴ ചുമത്തുന്ന നഗരങ്ങളിലൊന്നാണ് ന്യൂയോര്‍ക്ക്. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും വെളുത്ത വര്‍ഗക്കാരാണെന്നും കറുത്തവര്‍ഗക്കാരും ഹിസ്പാനിക്കുകളും യുവജനങ്ങള്‍ക്കുമിടയ്ക്കാണ് ആത്മഹത്യാ നിരക്ക് ഏറ്റവും കുറവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസീകമായ കാരണങ്ങളാലാണ് ഭൂരിഭാഗം ആത്മഹത്യകളും സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുറംജോലിക്കരാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍  നികുതി പരിഷ്‌കാരം

വാഷിംഗ്ടണ്‍: വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തിനു അധിക നികുതി ചുമത്താന്‍ ഒബാമ ഭരണകൂടം നടപടി തുടങ്ങി. പുറംജോലിക്കരാറുകള്‍ നല്‍കുന്ന കമ്പനികളെ നിരുത്സാഹപ്പെടുത്തുകയും രാജ്യത്തു തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം. അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം പുറംജോലിക്കരാറുകള്‍ ലഭിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണു പുതിയ തീരുമാനം. അമേരിക്കയിലെ വന്‍കിടക്കമ്പനികള്‍ക്കും പുതിയ തീരുമാനം തിരിച്ചടിയാകും. അമേരിക്കയില്‍ പുതുതായി ഏര്‍പ്പെടുത്താനൊരുങ്ങുന്ന നികുതിഘടനയുടെ ഭാഗമാണു നികുതി പരിഷ്‌കരണം.

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കെ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഈ തീരുമാനത്തിനു കാരണമായി. അമേരിക്കയിലെ വ്യവസായ നികുതിഘടന നിക്ഷേപങ്ങളെയും അതുവഴി ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. രാജ്യത്തിനു പുറത്ത് ഉല്‍പാദനം നടത്തുന്ന കമ്പനികള്‍ക്കു അധികകാലം നികുതിയിളവ് അനുവദിക്കാനാവില്ലെന്നും പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. അമേരിക്കയിലേക്കു പ്രവര്‍ത്തനം തിരികെക്കൊണ്ടുവരുന്ന കമ്പനികള്‍ക്ക് 20 ശതമാനം നികുതി ഇളവു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നികുതി ഘടനകള്‍ കാലഹരണപ്പെട്ടതാണെന്നും ഒബാമ പറഞ്ഞു.

എണ്ണവില വര്‍ധനയ്ക്ക് കാരണം ഇന്ത്യയും ചൈനയുമെന്ന് ഒബാമ

ന്യൂയോര്‍ക്ക്: ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോഗം ഉയര്‍ന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ കാരണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ രാജ്യങ്ങളിലെ എണ്ണ ഉപഭോഗമാണ് എണ്ണവിലയെ നിയന്ത്രിക്കുന്നതെന്നും ഒബാമ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ചൈനയിലെ നിരത്തുകളില്‍ കാറുകളുടെ എണ്ണം മൂന്നിരട്ടിയായി. 2010ല്‍ മാത്രം ഒരു കോടി കാറുകളാണ് ചൈനയില്‍ നിരത്തിലിറങ്ങിത്. ഇത്രയും വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ അതിനനുസരിച്ച് ഇന്ധന ഉപഭോഗവും ഉയരുക സ്വാഭാവികമാണ്. വരും വര്‍ഷങ്ങളിലും ഇത് തുടരും. ഹൃസ്വകാല അടിസ്ഥാനത്തില്‍ പശ്ചിമേഷ്യയിലെ അസ്ഥിരതയും ഇറാന്റെ നയങ്ങളുമാണ് എണ്ണവിലയെ സ്വാധീനിക്കുന്നതെന്നും ഒബാമ പറഞ്ഞു.

മേരിലാന്‍ഡില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി

മേരിലാന്‍ഡ്: യുഎസിലെ മേരിലാന്‍ഡ് സംസ്ഥാനത്ത് സ്വവര്‍ഗവിവാഹ ബില്ലിനു സ്‌റ്റേറ്റ് സെനറ്റ് അംഗീകാരം നല്‍കി. ഒരാഴ്ച മുന്‍പാണു സ്‌റ്റേറ്റ് ഹൗസ് ബില്‍ പാസാക്കിയത്. ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒ മാലി ബില്ലില്‍ ഒപ്പു വയ്ക്കുന്നതോടെ ഇതു നിയമമാകും. സെനറ്റില്‍ 22 നെതിരേ 25 വോട്ടുകള്‍ക്കാണു ബില്‍ പാസാക്കിയത്. യുഎസില്‍ സ്വവര്‍ഗവിവാഹം അംഗീകരിക്കുന്ന എട്ടാമത്തെ സംസ്ഥാനമാണു മേരിലാന്‍ഡ്. എന്നാല്‍ ബില്ലിനെതിരേ പൊതുസമൂഹത്തില്‍ നിന്നു ശക്തമായ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയുണെ്ടന്നു റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ന്യൂജേഴ്‌സില്‍ അവതരിപ്പിച്ച ബില്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി വീറ്റോ ചെയ്തിരുന്നു. ഐവ, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, മാസാച്യുസെറ്റ്, കണക്റ്റികട്ട്, ന്യൂഹാംഷെയര്‍, വെര്‍മൗണ്ട്, ഡിസ്ട്രിക്റ്റ് ഒഫ് കൊളംബിയ എന്നിവിടങ്ങളിലാണു നേരത്തേ സ്വവര്‍ഗ വിവാഹം അനുവദിച്ചത്.

യുഎസില്‍ ഹെലിക്കോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: യുഎസില്‍ രണ്ടു സൈനിക ഹെലിക്കോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. അരിസോണ- കാലിഫോര്‍ണിയ അതിര്‍ത്തിയിലാണ് സംഭവം. ഇരു സംസ്ഥാനങ്ങളുടെയും തീരദേശസേനയുടെ ഹെലിക്കോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശികസമയം, രാത്രി പത്തരയോടെ പതിവ് റോന്തുചുറ്റലിനിറങ്ങിയ സംഘത്തിന്റെ ഹെലിക്കോപ്റ്റുകളാണ് ആകാശമധ്യേ കൂട്ടിയിടിച്ചത്. യുമയ്ക്കു സമീപം കാലിഫോര്‍ണിയയുടെ ഭാഗമായ ചോക്ലേറ്റ് മലയോരമേഖലയിലാണ് ഹെലിക്കോപ്റ്റുകള്‍ തകര്‍ന്നുവീണത്.

സൈനികാക്രമണങ്ങള്‍ക്കു ഉപയോഗിക്കുന്ന എഎച്ച്-1 ഡബ്ല്യു സൂപ്പര്‍ കോബ്ര ഹെലിക്കോപ്റ്ററും യുഎച്ച് -1 വൈ യുയി നിരീക്ഷണ ഹെലിക്കോപ്റ്ററുമാണ് കൂട്ടിയിടിച്ചതെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തായാകാതെ അപകടത്തിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്ന് തീരദേശസേനാ വക്താവ് ലഫ്. മൗറീന്‍ ഡൂലി അറിയിച്ചു. അതേസമയം, മോശം കാലാവസ്ഥയല്ല അപകടത്തിനു കാരണമെന്ന് ഡൂലി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക