Image

27നകം മുഖ്യമന്ത്രിപദം തിരിച്ചുതരണം: യെദ്യൂരപ്പ

Published on 24 February, 2012
27നകം മുഖ്യമന്ത്രിപദം തിരിച്ചുതരണം: യെദ്യൂരപ്പ
ബാംഗ്ലൂര്‍: മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചുകൊണ്ടുവരാനായി ബി.എസ്. യെദ്യൂരപ്പ ബി.ജെ.പി. നേതൃത്വത്തിന് അന്ത്യശാസനം നല്‍കി. തറെ എഴുപതാം പിറന്നാള്‍ ദിനമായ ഫിബ്രവരി 27നകം തന്നെ വീണ്ടും മുഖ്യമന്ത്രിയായി അവരോധിക്കണമെന്നാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്ന യെദ്യൂരപ്പയുടെ ആവശ്യം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിക്ക് മുന്‍പാകെതന്നെയാണ് യെദ്യൂരപ്പ തന്റെ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടി നിയമസഭാ സാമാജികര്‍ക്കുവേണ്ടി ഒരുക്കിയ ചിന്തന്‍മന്ദന്‍ ബൈഠക്കിനായാണ് ഗഡ്കരി ബാംഗ്ലൂരിലെത്തിയത്. യെദ്യൂരപ്പയ്ക്ക് പുറമെ മുഖ്യമന്ത്രി സദാനന്ദ ഗൗഡയുമായും ഗഡ്കരി ചര്‍ച്ച നടത്തി.

അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് മാസം മുന്‍പ് മുഖ്യമന്ത്രിസ്ഥാനത്തു നിന്നു രാജിവച്ച യെദ്യൂരപ്പ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ശക്തി പ്രകടിപ്പിക്കാനായി കഴിഞ്ഞ ദിവസം തന്നോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിയമസഭാ സാമാജികരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 65 എം.എല്‍.എ.മാരും ഏതാനും എം.എല്‍.എ.മാരും എം.പി.മാരും ഈ യോഗത്തില്‍ പങ്കെടുത്തു. എതിര്‍ ചേരിയില്‍ നിലകൊണ്ടിരുന്ന മന്ത്രി ജഗദീഷ് ഷെട്ടറെപ്പോലുള്ളവരെയും തന്റെയൊപ്പം നിര്‍ത്താന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞു എന്നത് പാര്‍ട്ടിയുടെ തലവേദന കൂട്ടിയിരിക്കുകയാണ്.


അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ ഒരു അധികാരമാറ്റത്തിനുള്ള സാഹചര്യമില്ലെന്ന് യെദ്യൂരപ്പയുടെ പകരക്കാരനായി എത്തിയ മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക