Image

ഏഴിമല നാവിക അക്കാദമിയില്‍ ഒന്നരക്കോടിയുടെ തിരിമറി

Published on 24 February, 2012
ഏഴിമല നാവിക അക്കാദമിയില്‍ ഒന്നരക്കോടിയുടെ തിരിമറി
കൊച്ചി: ഏഴിമല നാവിക അക്കാദമിയിലെ മണല്‍ ഇടപാടില്‍ ഒന്നരക്കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന കേസില്‍ രണ്ടു പേര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു. പ്രത്യേക കോടതിയില്‍ പ്രഥമ വിവരറിപ്പോര്‍ട്ട് സി.ബി.ഐ. നല്‍കി.

ഏഴിമല അക്കാദമിയിലെ കമാന്‍ഡര്‍ മുകുന്ദന്‍ രാജീവ്, എ.എസ്.ആര്‍. ഡ്രഡ്ജിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അഷ്‌റഫ് ബക്കര്‍ എന്നിവരെയാണ് പ്രതിയാക്കിയിട്ടുള്ളത്. അഴിമതിനിരോധനനിയമം, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കമാന്‍ഡര്‍ മുകുന്ദന്‍ രാജീവിനെതിരെ കേസെടുത്തത്. ഒന്നരക്കോടി രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാകാന്‍ രണ്ടുപേരും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കമാന്‍ഡര്‍ മുകുന്ദന്‍ രാജീവ് ഇപ്പോള്‍ വിശാഖപട്ടണം നാവിക വഭാഗത്തിലാണ്‌ജോലിനോക്കുന്നത്.


ഇരുവരുടെയും വീടുകളിലും ഓഫീസിലും സി.ബി.ഐ. പരിശോധന നടത്തി. രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ട്. നാവിക അക്കാദമിഭാഗത്ത് ഡ്രഡ്ജിങ് നടത്തിയപ്പോള്‍ കിട്ടിയ മണ്ണ് ഇരുവരും ചേര്‍ന്ന് പുറത്തുള്ള സ്വകാര്യ കമ്പനിക്ക് വിറ്റ് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2009-10ല്‍ പ്രാരംഭ അന്വേഷണം നടത്തിയ ശേഷമാണ് ഇരുവര്‍ക്കുമെതിരെ നടപടി. കൂടുതല്‍ അന്വേഷണം നടത്തുന്നതായി സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.


പയ്യന്നൂര്‍ ലേഖകന്‍ തുടരുന്നു: ക്രമക്കേട് പരിശോധിക്കാന്‍ കൊച്ചി സി.ബി.ഐ. ഓഫീസിലെ നാലംഗസംഘം വ്യാഴാഴ്ച ഏഴിമല നാവിക അക്കാദമിയിലെത്തി. 11മണിയോടെയെത്തിയ സംഘത്തെ അക്കാദമിയുടെ ഗേറ്റിനു സമീപം കാവല്‍ക്കാര്‍ തടഞ്ഞു. ഒരുമണിക്കൂറോളം സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് അകത്ത് പ്രവേശിക്കാനായില്ല. മുകളില്‍നിന്നുള്ള പ്രത്യേക നിര്‍ദേശം ശ്രദ്ധയില്‍പ്പെടുത്തുകയും സി.ബി.ഐ, കോടതിയുടെ സര്‍ച്ച്‌വാറന്‍റ് കാണിക്കുകയും ചെയ്തതിനുശേഷമാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. നേരത്തെ അക്കാദമി ഭൂമിയിലെ മരങ്ങള്‍ തുച്ചമായ വിലയ്ക്ക് മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക