Image

ഉപതിരഞ്ഞെടുപ്പ് ഗോദയില്‍ മലപ്പുറം പച്ചയുടെ 'കുട്ടി'രാഷ്ട്രീയം

Published on 15 March, 2017
ഉപതിരഞ്ഞെടുപ്പ് ഗോദയില്‍ മലപ്പുറം പച്ചയുടെ 'കുട്ടി'രാഷ്ട്രീയം
ഒട്ടേറെ ചര്‍ച്ചകള്‍ക്കും കനത്ത ഊഹാപോഹങ്ങള്‍ക്കും അവസാനമിട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലെത്തി ശക്തരില്‍ ശക്തനാവുന്നതില്‍ മുറുമുറുപ്പുള്ള ലീഗിലെ ഒരു വിഭാഗം അത് തടയാന്‍ പല വഴികളും പയറ്റിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തടയാന്‍ ഉള്ള ശ്രമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ തീരുമാനം. എം.കെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍, കെ.എം ഷാജി, അബ്ദു സമദ് സമദാനി അടക്കമുള്ള ലീഗിലെ ഒരു വിഭാഗത്തിന് കുഞ്ഞാലിക്കുട്ടിയോട് അത്ര താല്‍പര്യമില്ല. മലപ്പുറത്ത് വിജയിച്ച് ദേശീയ നേതൃത്വത്തിലേക്ക് കുഞ്ഞാലിക്കുട്ടി ഉയരുന്നത് തടയുക എന്നത് അതുകൊണ്ടുതന്നെ ഈ സംഘത്തിന്റെ ആവശ്യവുമായിരുന്നു.

അന്തരിച്ച ഇ അഹമ്മദിന്റെ സീറ്റാണ് മലപ്പുറം. അഹമ്മദിന്റെ മരണത്തോടെ മലപ്പുറത്ത് ഇനിയാര് എന്ന ചര്‍ച്ച വരികയും ഒരു വിഭാഗം അഹമ്മദിന്റെ മകള്‍ ഫൗസിയയുടെ പേര് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന ലീഗിലെ പ്രധാനികള്‍ ഫൗസിയയോട് മത്സരരംഗത്തേക്ക് കടന്നുവരാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നവര്‍ അതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഫൗസിയ തന്നെ രംഗത്തെത്തിയിരുന്നു. ഫൗസിയയെ രാഷ്ട്രീയത്തിലിറക്കുക എന്നതിനപ്പുറം കുഞ്ഞാലിക്കുട്ടി മലപ്പുറത്തെത്തുന്നത് തടയുക എന്നതായിരുന്നു മുനീറടക്കമുള്ളവരുടെ ലക്ഷ്യം. മലപ്പുറം സീറ്റിന് അവകാശവാദം ഉന്നയിച്ച് സമദാനിയും രംഗത്ത് വന്നിരുന്നു.

ഫൗസിയയെ കൂടാതെ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സേട്ടിനും മുനീറിനും ഇടി മുഹമ്മദ് ബഷീറിനും മലപ്പുറത്ത് കണ്ണുണ്ടായിരുന്നു. മാത്രമല്ല യൂത്ത് ലീഗ് നേതാവ് മുനവറലിയും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗില്‍ നിലവില്‍ ഏറ്റവും ശക്തനായ നേതാവ് കുഞ്ഞാലിക്കുട്ടി തന്നെയാണ്. മലപ്പുറം സീറ്റില്‍ തനിക്കുള്ള താല്‍പര്യം കുഞ്ഞാലിക്കുട്ടി അഭിമുഖങ്ങളിലും മറ്റും പരസ്യമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അതിനെതള്ളാന്‍ പാണക്കാടിനാവില്ലെന്നതില്‍ സംശയമില്ല. മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഫൗസിയയുടെ പേര് പക്ഷേ ഉയര്‍ന്നുവന്നില്ല. അതേസമയം കെ.എന്‍.എ ഖാദര്‍, അബ്ദു സമദ് സമദാനി എന്നിവരെ നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും ഇവരുടെ പേരും യോഗത്തില്‍ ഉയര്‍ന്നില്ല. 

കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മല്‍സരിപ്പിച്ച് ദേശീയ രാഷ്ട്രീയത്തലേക്ക് അയക്കരുതെന്ന് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് ഉമ്മന്‍ ചാണ്ടി പാണക്കാട് തങ്ങളെ കാണുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് വിമാനം കയറുന്നതോടെ യു.ഡി.എഫിന് കരുത്തനായ നേതാവിനെ നഷ്ടമാകും എന്നതാണ് കോണ്‍ഗ്രസ്സിന്റെ വേവലാതി. നിലവില്‍ വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുന്നതോടെ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടതായി വരും. ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വരുന്നതിനും ലീഗില്‍ എതിര്‍പ്പുണ്ട്. മുസ്ലീം ലീഗ് സെക്രട്ടറി കെ.പി.എ മജീദിനെ വേങ്ങരയില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന. അതേസമയം, താനൂരില്‍ നിന്ന് പരാജയപ്പെട്ട അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി, പി.കെ ഫിറോസ്, കെ.എന്‍.എ ഖാദര്‍ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സുന്നി വിഭാഗത്തിന്റെ എതിര്‍പ്പാണ് കെ.പി.എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് തടസം നില്‍ക്കുന്നത്.


മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. 2011ല്‍ വേങ്ങര നിയോജകമണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001-2005ല്‍ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. നിലവില്‍ പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിക്കുന്നു. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റടുത്ത്, ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോള്‍ യു.ഡി.എഫിന്റെ നിര്‍ബന്ധത്തിനുവഴങ്ങി ഈ സ്ഥാനം അദ്ദേഹം  ഏറ്റടുകയായിരുന്നു. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി വച്ചത്. 2003ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ് കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടന്നത്. 2017 മാര്‍ച്ച് ഒന്നിന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ട്രഷററാണ്.

1951 ജനുവരി ആറിന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു. 2006ല്‍ നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി, കുറ്റിപ്പുറത്തു നിന്നു സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കെ.എം.കുല്‍സുവാണ് ഭാര്യ. ഒരു മകളും മകനുമുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഗോദയില്‍ മലപ്പുറം പച്ചയുടെ 'കുട്ടി'രാഷ്ട്രീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക