Image

മതില്‍ ഉണ്ടെങ്കില്‍ വഴിയും ഉണ്ട് (ഏബ്രഹാം തോമസ്)

Published on 14 March, 2017
മതില്‍ ഉണ്ടെങ്കില്‍ വഴിയും ഉണ്ട് (ഏബ്രഹാം തോമസ്)
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്ക– മെക്‌സിക്കോ അതിര്‍ത്തിയില്‍ 2,000 മൈല്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മ്മിക്കുന്നത് തന്റെ കൈയൊപ്പ് പദ്ധതിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമര്‍ശകര്‍ പറയുന്നത് മതില്‍ പൂര്‍ത്തിയായാല്‍ അതിന് മുകളിലൂടെയും താഴെക്കൂടിയും അതിനെ വലംവച്ചും നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് വരുമെന്നാണ്.

1990 മുതല്‍ തുരങ്കങ്ങള്‍ ഉണ്ടാക്കി അതിര്‍ത്തി കടക്കുന്ന വളരെ വലിയ പദ്ധതികള്‍ നിലനില്ക്കുന്നുണ്ടെന്നു യുഎസ് ബോര്‍ഡര്‍ പെട്രോള്‍ ഫോഴ്‌സ് പറയുന്നു. അവരുടെ ഭാഷയില്‍ തുരങ്ക എലികളായ ഏജന്റുമാര്‍ മയക്കുമരുന്നും ആളുകളെയും കടത്തുന്നതിന് ഈ പാതകള്‍ ഉപയോഗിച്ചു വരുന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് ബോര്‍ഡര്‍ ടണല്‍ എന്‍ട്രി ടീം എന്നൊരു പ്രത്യേക സംഘം തന്നെയുണ്ട്.

2009 ല്‍ സാന്‍ഡിയാഗോയില്‍ കണ്ടെത്തിയ തുരങ്കം ഭൂമിക്ക് 70 അടി താഴെ ആയിരുന്നു. മൂന്നടി വീതിയും 2700 അടി നീളവുമുള്ള ഈ തുരങ്കത്തില്‍ റെയില്‍, ലൈറ്റിംഗ്, വായു കടക്കുവാനുള്ള മാര്‍ഗ്ഗം എന്നീ സംവിധാനങ്ങള്‍ കണ്ടെത്തി.

1990 മുതല്‍ 2016 മാര്‍ച്ച് വരെ കണ്ടെത്തിയത് മെക്‌സിക്കോയില്‍ നിന്നാരംഭി ക്കുന്ന 224 അതിര്‍ത്തി തുരങ്കങ്ങളാണ്. ഇവയില്‍ 185 എണ്ണം അമേരിക്ക (യുഎസ്എ)യുടെ വിവിധ സംസ്ഥാനങ്ങളിലാണ് അവസാനിക്കുന്നതെന്ന് യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതലും കലിഫോര്‍ണിയയിലും അരിസോണയിലും പ്രവേശിക്കുവാനുള്ള ഭൂഗര്‍ഭ പാതകളാണ്. ചില തുരങ്കങ്ങള്‍ ഇടുങ്ങിയവയാണ്. എന്നാല്‍ ഹൈഡ്രോളിക് ലിഫ്റ്റുകള്‍, വാട്ടര്‍ പമ്പുകള്‍, റെയില്‍ കാറുകള്‍ എന്നിവയുള്ള തുരങ്കങ്ങളുമുണ്ട്.

ഈ തുരങ്കങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത് വളരെ വലിയ മരിവാന ലോഡുകള്‍ കൊണ്ടുവരാനാണ്. മെത്രഫെറ്റാ മൈനും ഹിറോയിനും റോഡ് മാര്‍ഗം കൊണ്ടു വരാന്‍ കഴിയും. എന്നാല്‍ മരിവാനയുടെ ഗന്ധം ഇതിന്റെ കടത്തല്‍ ഭൂമിക്കടിയിലൂടെ നടത്തുന്നതാണ് സുരക്ഷിതം എന്ന് തീരുമാനിക്കുവാന്‍ കള്ളക്കടത്തുകാരെ നിര്‍ബന്ധിക്കുന്നു.

രണ്ട് കലിഫോര്‍ണിയ തുരങ്കങ്ങള്‍ കണ്ടെത്തി 2015ല്‍ കൊക്കെയിന്‍ പിടിച്ചെടുത്തിരുന്നു. ഈ തുരങ്കങ്ങളുടെ ഉടമസ്ഥര്‍ മെക്‌സിക്കന്‍ മയക്കുമരുന്നു സംഘം സിനലോവകാര്‍ട്ടലാണ് എന്ന് ഡിഇഎ അധികാരികള്‍ പറഞ്ഞു. ഇവ നിര്‍മ്മിക്കുവാന്‍ 1 മില്യന്‍ ഡോളര്‍ മുതല്‍ 2 മില്യന്‍ ഡോളര്‍ വരെ ചെലവഴിച്ചിട്ടുണ്ടാകാം എന്ന് യുഎസ് എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് സൂപ്പര്‍ വൈസറി സ്‌പെഷ്യല്‍ ഏജന്റ് ക്രിസ് ഡേവിസ് പറഞ്ഞു.

തുരങ്കങ്ങള്‍ കണ്ടെത്തുവാന്‍ സഹായിക്കുന്നത് ഏജന്റുമാര്‍, അയല്‍ക്കാര്‍, മറ്റുള്ളവര്‍ എന്നിവരാണ്. ഭൂഗര്‍ഭമാപിനികള്‍, ഭൂമിക്കുള്ളിലേയ്ക്ക് എത്താന്‍ കഴിയുന്ന റഡാറുകള്‍ എന്നിവയും സഹായിക്കുന്നു. അന്വേഷണ സംഘം സമീപ പ്രദേശത്തെ വ്യാപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും നിര്‍മ്മാണ ഉപകരണങ്ങള്‍, മണ്‍കൂനകള്‍, വലിയ ചുറ്റിക പ്രയോഗത്തിന്റെ ശബ്ദം, ആളുകള്‍ അസമയത്ത് വരികയും പോവുകയും ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നു. ചിലപ്പോള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സ്വയം തുരപ്പന്‍ കുഴികള്‍ കണ്ടെത്തുന്നു.

2007 മുതല്‍ അമേരിക്കന്‍ പ്രദേശങ്ങളില്‍ കണ്ടെത്തുന്ന തുരങ്കങ്ങള്‍ കോണ്‍ക്രീറ്റിട്ട് നികത്തി വരികയാണ്. ഇതിനായി 2007 മുതല്‍ 2015 വരെ 8.7 മില്യന്‍ ഡോളര്‍ ചെലവഴിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി പറയുന്നു. മെക്‌സിക്കോയുടെ മണ്ണില്‍ ഈ തുരങ്കങ്ങള്‍ അടയ്ക്കുവാന്‍ ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല. തങ്ങളുടെ കയ്യില്‍ ഇതിന് ആവശ്യമായ പണമില്ല എന്ന് അധികാരികള്‍ പറയുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ട്രംപ് 2016 ഓഗസ്റ്റില്‍ ഫീനിക്‌സില്‍ തുരങ്കങ്ങള്‍ കണ്ടെത്തി അവ പ്രവര്‍ത്തന രഹിതമാക്കുമെന്നും കുറ്റകൃത്യം ചെയ്യുന്ന കാര്‍ട്ടലുകളെ അകറ്റി നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി കഴിഞ്ഞ മാസം സാന്‍ഡിയാഗോയില്‍ ഒരു കോട്ട പോലെ ഭദ്രമായി നിര്‍മിച്ചിരിക്കുന്ന തുരങ്കം പരിശോധിച്ചു. മയക്കു മരുന്ന് കച്ചവടത്തില്‍ അവര്‍ വന്‍ ലാഭം നേടുന്നുണ്ടെന്നാണ് ഇത്രയും പണം മുടക്കി തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. എന്നാല്‍ അതിര്‍ത്തി മതിലിലൂടെ കടക്കാന്‍ കഴിയാത്തതിനാലാണ് തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നത് കെല്ലി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക