Image

ഉപഭോക്താവ് തന്നെ യഥാര്‍ത്ഥ അവകാശികള്‍ (എ.എസ് ശ്രീകുമാര്‍)

Published on 12 March, 2017
ഉപഭോക്താവ് തന്നെ യഥാര്‍ത്ഥ അവകാശികള്‍ (എ.എസ് ശ്രീകുമാര്‍)
മാര്‍ച്ച് 15 ലോക ഉപഭോക്തൃ ദിനം. ലോക മാര്‍ക്കറ്റ് ഇന്നോരോ വ്യക്തിയുടെയും കൈക്കുമ്പിളിലാണ്. നാം വാങ്ങുന്ന സാധനങ്ങള്‍ കേടു വന്നതോ, ഗുണനിലവാരം ഇല്ലാത്തതോ ആണെങ്കില്‍ ഒരിക്കലും മൗനം പാലിച്ചിരിക്കാന്‍ പാടില്ല. വില കൊടുത്തു വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടേയും ക്വാളിറ്റി ഉറപ്പാക്കാന്‍ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ട്. അതിന് ഉപഭോക്തൃ നിയമത്തെപ്പറ്റിയും അനുബന്ധ സംവിധാനങ്ങള്‍ സംബന്ധിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഇന്ത്യയില്‍ ശക്തമായ ഉപഭോക്തൃ നിയമം ഉണ്ട്. അത് കാര്യക്ഷമമായി പ്രയോജനപ്പെടുത്തുവര്‍ വളരെ കുറവുമാണ്. നാട്ടില്‍ ഇടയ്‌ക്കെല്ലാം അവധിക്കു പോയി പേഴ്‌സറിയാതെ പര്‍ച്ചേസ് ചെയ്യുന്ന അമേരിക്കന്‍ മലയാളികള്‍ ഓര്‍ത്തു വയ്ക്കാനാണീ കുറിപ്പുകള്‍...
 
'പണത്തിനു മീതെ പരുന്തും പറക്കില്ല...', 'പണമുണ്ടെങ്കില്‍ എന്തും യഥേഷ്ടം നേടാം...' എന്നൊക്കെ നമ്മള്‍ ജാഡയ്ക്ക് പറയാറുണ്ട്. വില കൊടുത്താല്‍ കിട്ടാത്തതൊന്നും ഇല്ലെന്ന് ചുരുക്കം. അവശ്യ സാധനങ്ങള്‍ക്കു മാത്രമല്ല സേവനങ്ങള്‍ക്കു കൂടി വന്‍ വിലയാണിപ്പോള്‍. അടിക്കടിയുള്ള വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ഷോപ്പിംഗ് ഒരു പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. വാങ്ങുന്ന സാധനങ്ങളാണെങ്കില്‍ പലതും ഗുണമേന്മയില്ലാത്തതും. നാട്ടിലും 'ജങ്ക് കമ്മോഡിറ്റി'യുടെ കാലമുണ്ടായിരുന്നു.

ഈ അവസ്ഥയ്ക്ക് ഇപ്പോള്‍ കുറേയൊക്കെ അറുതി വന്നിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമമാണ് അതിനു കാരണം. ഇപ്പോള്‍ ലഭിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള അവകാശവും പണം നല്‍കുന്ന ആളിനുണ്ട്. അവയുടെ ഗുണമേന്മയും ന്യായവിലയും ഉറപ്പാക്കാനുള്ള അവകാശവും ഉണ്ട്. കബളിക്കപ്പെടുന്നില്ലെന് ഉറപ്പുവരുത്താനും കഴിയണം.  എന്നാല്‍ ഈ അവകാശത്തെപ്പറ്റി എത്രപേര്‍ക്ക് അറിയാം...? പലരും ഗുണമേന്മയില്ലാത്ത സാധനം വാങ്ങിയിട്ട് ''ഇനി പറഞ്ഞിട്ടു കാര്യമില്ല...'' എന്നു കരുതി സമാധാനിക്കുന്നവരാണ്. കടയുടമയോട് ചോദിച്ചാല്‍ ''വാങ്ങുമ്പോള്‍ നോക്കണമായിരുന്നു...'' എന്ന ഉത്തരം കിട്ടുന്ന അവസരങ്ങളും കുറവല്ല.

ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളോടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും വാഗ്ദാനത്തില്‍ പറഞ്ഞിട്ടുള്ള സേവനങ്ങള്‍ നല്‍കാതിരിക്കുന്നതും കുറ്റകരമാണ്. ഇതുപോലുള്ള അവസരങ്ങളില്‍ നിരാശപ്പെടേണ്ട കാര്യമില്ല. നിങ്ങളെ സഹായിക്കാന്‍ ഉപഭോക്തൃ കോടതികളും നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഉപഭോക്തൃ നിയമങ്ങളുമുണ്ട്. 1962 മാര്‍ച്ച് 15ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിലവില്‍ വന്ന നിയമമാണ് ഉപഭോക്തൃസംരക്ഷണ നിയമം. തുടര്‍ന്ന് ഈ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മാണം നടത്തുവാന്‍ എല്ലാ രാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. അമേരിക്കയില്‍ നിയമം അവതരിപ്പിച്ച മാര്‍ച്ച് 15 ലോക ഉപഭോക്തൃദിനമായി ആചരിക്കുന്നു. 1986 ഡിസംബര്‍ 24ന് ഇന്ത്യയില്‍ ഈ നിയനം നിലവില്‍ വന്നു. അതിനാല്‍ ഡിസംബര്‍ 24 ഇന്ത്യന്‍ ദേശീയ ഉപഭോക്തൃദിനമായും ആചരിക്കുന്നു.

ചെലവ് കുറവ്. ലളിതമായ നടപടിക്രമങ്ങള്‍, കുറഞ്ഞ സമയം, ഉത്തരവു നടപ്പാക്കാനുള്ള കര്‍ക്കശവ്യവസ്ഥകള്‍ എന്നിവയാണ് ഉപഭോക്തൃ നിയമത്തിന്റെ പ്രത്യേകതകള്‍. ഈ നിയമത്തിന്റെ കീഴില്‍ വരണമെങ്കില്‍ ഉപഭോക്താവ് പണം നല്കി സ്വീകരിക്കുന്നത് സാധനമോ സേവനമോ ആയിരിക്കണം. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കി മാറ്റാവുന്ന വസ്തുക്കളാണ് സാധനങ്ങള്‍. എന്നാല്‍ പണം, ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, പുരയിടം തുടങ്ങിയവ സാധനങ്ങളുടെ കൂട്ടത്തില്‍ പെടുന്നില്ല. വൈദ്യുതി, കുടിവെള്ളം, പാചകവാതകം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, പണമിടപാടുകള്‍ വിദ്യാഭ്യാസം, ആശുപത്രി സേവനം, തപാല്‍, ഗതാഗതം തുടങ്ങിയവയെല്ലാം സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താവിന്റെ അവകാശങ്ങളുടെ സംരക്ഷകരാണ് ഉപഭോക്തൃ കോടതികള്‍. ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായാണ് ഇവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

ഉപഭോക്തൃ കോടതികള്‍ മൂന്ന് തലങ്ങളിലാണുള്ളത്.
1. ജില്ലാ ഉപഭോക്തൃ കോടതി: ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം എന്നാണ് ഔദ്യോഗിക നാമം. റവന്യു ജില്ലാ അടിസ്ഥാനത്തിലാണ് ഇവ രൂപവത്കരിച്ചിട്ടുള്ളത്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഉപഭോക്തൃകോടതികളുണ്ട്. പരാതിയില്‍ പരിഹാരമായി ആവശ്യപ്പെടുന്ന തുക ഇരുപതു ലക്ഷം രൂപവരെയാണെങ്കില്‍ പരാതി നല്‍കേണ്ടത് ജില്ലാ ഉപഭോക്തൃകോടതിയിലാണ്.

2. സംസ്ഥാന ഉപഭോക്തൃ കോടതി: സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ എന്നാണ് ഔദ്യോഗിക നാമം. ജില്ലാ ഉപഭോക്തൃ കോടതികള്‍ക്കു മേല്‍ പ്രവര്‍ത്തിക്കുന്ന ഈ കോടതി ഒരു സംസ്ഥാനത്ത് ഒരെണ്ണം ഉണ്ടായിരിക്കും.  കേരളത്തില്‍ തിരവനന്തപുരമാണ് ആസ്ഥാനം. പരാതിയില്‍ പരിഹാരമായി ആവശ്യപ്പെടുന്ന തുക ഇരുപതുലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെയാണെങ്കില്‍ സംസ്ഥാന ഉപഭോക്തൃ കോടതിയിലാണ് പരാതി നല്‌കേണ്ടത്.

3. ദേശീയ ഉപഭോക്തൃ കോടതി: സംസ്ഥാന ഉപഭോക്തൃ കോടതികളുടെ മേല്‍ പ്രവര്‍ത്തിക്കുന്ന ഇവയുടെ ഔദ്യോഗിക നാമം ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാരകമ്മീഷന്‍ എന്നാണ്. ഒരു ദേശീയ കോടതിയേ രാജ്യത്തുള്ളു. പരിഹാരമായി ആവശ്യപ്പെടുന്ന തുക ഒരു കോടി രൂപയ്ക്കു മുകളിലാണെങ്കില്‍ പരാതി നല്‍കേണ്ടത് ദേശീയ ഉപഭോക്തൃ കോടതിയിലാണ്. ഇതിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്.
 
ജില്ലാ ഉപഭോക്തൃ കോടതിയില്‍ മൂന്ന് അംഗങ്ങളുണ്ട്. ഒറു പ്രസിഡന്റും രണ്ട് അംഗങ്ങളും. അംഗങ്ങളില്‍ ഒരാള്‍ സ്ത്രീയായിരിക്കും. ജില്ലാ ജഡ്ജിയുടെ പദവി ഉള്ള ആളാണ് പ്രസിഡന്റ്. വിവിധരംഗങ്ങളില്‍ പത്തുവര്‍ഷത്തെ പരിചയമുള്ളവരായിരിക്കും സാധാരണ അംഗങ്ങള്‍. സംസ്ഥാന ഉപഭോക്തൃ കോടതിയിലും പ്രസിഡന്റും രണ്ട് അംഗങ്ങളുമുണ്ട്. അവരിലൊരാള്‍ സ്ത്രീയായിരിക്കും. ഹൈക്കോടതി ജഡ്ജിയോ റിട്ടയേഡ് ജഡ്ജിയോ ആയിരിക്കും പ്രസിഡന്റ്. ദേശീയ ഉപഭോക്തൃ കോടിതിയില്‍ പ്രസിഡന്റും നാലില്‍ കുറയാതെ അംഗങ്ങളുമുണ്ട്. സുപ്രീം കോടതി ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആണ് പ്രസിഡന്റ്. അംഗങ്ങളില്‍ ഒരാള്‍ സ്ത്രീയായിരിക്കും. മൂന്ന് കോടതികളുടെയും അംഗങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമാണ്.
ജില്ലാ ഉപഭോക്തൃ കോടതികള്‍ വിചാരണക്കോടതികള്‍ മാത്രമാണ്. മറ്റു രണ്ട് ഉപഭോക്തൃ കോടതികള്‍ക്കും പുനപരിശോധനാധികാരവും ഉണ്ട്. സ്വന്തം ഉത്തരവു പുനപരിശോധിക്കാനുള്ള അധികാരം ദേശീയ കോടതിക്കേ ഉള്ളൂ. പരാതി കിട്ടിക്കഴിഞ്ഞാല്‍,  കേട്ട് അതില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുന്നു. തുടര്‍ന്ന് എതില്‍കക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നു. മറുപടി നല്‍കാന്‍ എതിര്‍ കക്ഷിക്ക് മുപ്പതു ദിവസം അനുവദിക്കും. അയാള്‍ ഹാജരാകാത്ത പക്ഷം മുമ്പിലുള്ള തെളിവുകളെ അടിസ്ഥാനമാക്കി ഉത്തരവിറക്കും. എതിര്‍ കക്ഷി ഹാജരായാല്‍, ഇരു ഭാഗത്തു നിന്നും തെളിവു ശേഖരിക്കും. കഴമ്പില്ലാത്ത പരാതികള്‍ സമര്‍പ്പിച്ചാല്‍ പരാതിക്കാരനില്‍ നിന്നും പിഴ ഈടാക്കാന്‍ ഉപഭോക്തൃ കോടതികള്‍ക്ക് അധികാരമുണ്ട്. പരാതികള്‍ കേള്‍ക്കുമ്പോള്‍ ജില്ലാ ഉപഭോക്തൃ കോടതിയില്‍ പ്രസിഡന്റിനൊപ്പം ഒരംഗമെങ്കിലും ഉണ്ടാവണം. സംസ്ഥാന-ദേശീയ ഉപഭോക്തൃ കോടതികളില്‍ പരാതികള്‍ കേള്‍ക്കുന്നത് ബെഞ്ചുകളായാണ്.

ഏതെങ്കിലും സാധനമോ സേവനമോ പ്രതിഫലം നല്‍കി സ്വീകരിക്കുന്ന ആള്‍ ആണ് ഉപഭോക്താവ്. ഒരു വശത്ത് ഉപഭോക്താവ്; മറുവശത്ത് അയാള്‍ സ്വീകരിച്ച സാധനത്തിന്റെ ഉത്പാദകന്‍, വിതരണക്കാരന്‍, വില്പനക്കാരന്‍ എന്നിവര്‍ അല്ലെങ്കില്‍ സേവനം നല്‍കിയ ആള്‍-ഇങ്ങനെയുള്ള തര്‍ക്കമാണ് ഉപഭോക്തൃ തര്‍ക്കം. ഉപഭോക്താവ്, ഉപഭോക്താക്കള്‍ക്കു വേണ്ടി ഒന്നോ രണ്ടോ വ്യക്തികള്‍, ഉപഭോക്തൃ സംഘടനകള്‍, സര്‍ക്കാര്‍ എന്നിവ പരാതിക്കാരില്‍ ഉള്‍പ്പെടുന്നു. ഉപഭോക്തൃ കോടതിയുടെ ഓഫീസില്‍ പരാതിക്കാരന്‍ സമര്‍പ്പിക്കുന്ന ആരോപണമാണ് പരാതി. വെള്ളക്കടലാസില്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ പരാതി സമര്‍പ്പിക്കാം. ഒപ്പം തെളിവിനായി ഹാജരാക്കുന്ന രേഖകളുടെ പകര്‍പ്പുകളും വേണം. പരാതിയോടൊപ്പം ഫീസടച്ച രേഖയും ഉണ്ടായിരിക്കണം.

പരിഹാരമായി ആവശ്യപ്പെടുന്ന തുകയുടെ വലുപ്പമനുസരിച്ച് അടയ്‌ക്കേണ്ട ഫീസില്‍ വ്യത്യാസമുണ്ട്, ജില്ലാ ഉപഭോക്തൃ കോടതിയിലാണ് പരാതി നല്‍കുന്നതെങ്കില്‍ പ്രസിഡന്റിന്റെ പേരില്‍ വേണം പണമടയ്ക്കാന്‍. സംസ്ഥാന-ദേശീയ ഉപഭോക്തൃ കോടതിയിലാണ് പരാതി നല്‍കുന്നതെങ്കില്‍ അതത് കോടതിയിലെ രജിസ്ട്രാറുടെ പേരില്‍ പണമടയ്ക്കണം. ഉപഭോക്തൃ കോടതികളില്‍ പരാതി നല്കാന്‍ അര്‍ഹതയുള്ള വിഭാഗമാണ് ഉപഭോക്തൃ സംഘടനകള്‍. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഗവണ്‍മെന്റിന്റെ അധികാരമുള്ളതുമായ സംഘടനകള്‍ക്കേ ഇതിന് അവകാശമുള്ളു. ഉപഭോക്താക്കളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ രൂപവത്ക്കരിക്കപ്പെട്ടതാണ് ഉപഭോക്തൃ ക്ഷേമനിധി. ഗവണ്‍മെന്റുകള്‍ക്ക് ഉപഭോക്താവിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍  ഉപദേശം നല്‍കുന്ന സമിതിയാണ് ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍.

വിപണിയില്‍ നാം കബളിക്കപ്പെടാതിരിക്കാന്‍, പണം മുടക്കി സാധനം വാങ്ങുന്നതിനുള്ള അവകാശങ്ങളെപ്പറ്റി കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. അവ ഇപ്രകാരം...
$ജീവനോ വസ്തു വകകള്‍ക്കോ ഏതെങ്കിലും തരത്തില്‍ നാശമുണ്ടാക്കുന്ന വസ്തുക്കളില്‍ നിന്നു സംരക്ഷണം ലഭിക്കാനുള്ള അവകാശം. $വാങ്ങുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരം, വില, ഉപയോഗങ്ങള്‍, അളവ് എന്നിവ കൃത്യമായി മനസ്സിലാക്കാനുള്ള അവകാശം. $ഉത്പന്നങ്ങള്‍ താരതമ്യം ചെയ്ത് കൂടുതല്‍ മികച്ചതും നിങ്ങള്‍ക്ക് അനുയോജ്യമായതും തിരഞ്ഞെടുക്കാനുള്ള അവകാശം. $ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള അവകാശം. $ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ പരാതി കൊടുക്കാനുള്ള അവകാശം. $ഉപഭോക്താവിന്റെ അവകാശങ്ങളെപ്പറ്റി കൃത്യമായ അറിവു നേടാനുള്ള അവകാശം...ശ്രദ്ധിക്കുക...വ്യക്തമായ ഉപഭോക്തൃ നിയമ ജ്ഞാനമുള്ളവര്‍ക്കേ തീവെട്ടിക്കൊള്ളക്കാരുടെയും കളിപ്പീരുകാരുടെയും സ്വന്തം നാട്ടില്‍, അവരുടെ പരസ്യ കോടാലികളില്‍ പ്രലോഭിതരാവാതെ ആരോഗ്യകരമായ പര്‍ച്ചേസ് നടത്താനാവൂ. 

ഉപഭോക്താവ് തന്നെ യഥാര്‍ത്ഥ അവകാശികള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക