Image

"ഓരോരോ ശിശുരോദനത്തിലും കേള്‍പ്പൂ ഒരു കോടി ഈശ്വരവിലാപം...' (അനില്‍ പെണ്ണുക്കര)

Published on 10 March, 2017
"ഓരോരോ ശിശുരോദനത്തിലും കേള്‍പ്പൂ ഒരു കോടി ഈശ്വരവിലാപം...' (അനില്‍ പെണ്ണുക്കര)
കേരളത്തിലെ ഭരണകക്ഷിയും അവരുടെ പോലീസും മുഖ്യമന്ത്രിയും രക്ഷപ്പെട്ടു. കഴിഞ്ഞദിവസങ്ങളില്‍ ചാനലുകളിലെല്ലാം കൊച്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്ന കാട്ടാളത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. രോഷം കൊള്ളുന്ന വനിതാസംഘനാനേതാക്കള്‍ വനിതാപ്രവര്‍ത്തകര്‍ രാഷ്ടീയക്കാര്‍ എഴുത്തുകാര്‍ കച്ചവടപ്രമാണിമാര്‍ മതനേതാക്കള്‍ എതിര്‍ത്തും കുറ്റമാരോപിച്ചും ചാനല്‍ റേറ്റിംങിനു വളമിടുമ്പോള്‍ കേരളം മുഴുവന്‍ ദുര്‍ഗതിക്കു അടിപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളോടു അനുതപിച്ചും പശ്ചാത്തപിച്ചും അവരെ ഇങ്ങനെ പിച്ചിക്കീറിയ നരാധമന്മാരെ മനസ്സാക്ഷിയുടെ കോടതിയിലേറ്റി തൂക്കുലേറ്റുകയുമായിരുന്നു. പൊതുസമൂഹത്തിന്റെ കോടതിക്കു പെരുമാറ്റച്ചട്ടങ്ങളുകളോ ചടങ്ങുകളോ ഇല്ല. അവിടെ തെറ്റുചെയ്യുന്നവരോട് കടുത്ത വെറുപ്പും കഠിനമായ ശിക്ഷയുമാണ് ഉള്ളത്. പക്ഷേ എന്തു കോടിക്കണക്കിനു അംഗബലമുള്ള പൊതുസമൂഹത്തിനെ മുഴുവന്‍ ഭരിക്കുന്നത് നൂറ്റിനാല്ത്തഞ്ച് പേരോ ഇരുപതുപേരോ ആണ്. അവരുടെ കൈയില്‍ ആയുധമുണ്ട്. കിങ്കരന്മാരും ഖജനാവുമുണ്ട്. പൊതുജനം നിറച്ചുകൊടുക്കുന്ന ഖജാനാവ്... പത്തായം പെറുകയും കുത്താന്‍ ചക്കിയുമുള്ളപ്പോള്‍ ഈ അനുഗൃഹീതര്‍ക്ക് എന്ത് പ്രയാസം. അവര്‍ നിയസഭയില്‍ പദവിയുടെ അന്തസ്സൊന്നും നോക്കാതെ മുണ്ടും മടക്കി ആക്രോശിച്ചവനെ കണ്ടെത്തി ശിക്ഷിക്കാനിറങ്ങുന്നു. പക്ഷേ ഈ വീര്യം സ്വന്തം കിങ്കരമാരും സ്വജനങ്ങളും സ്വപക്ഷക്കാരും കാട്ടുന്ന അനീതികള്‍തെിരെ കാട്ടുന്നില്ല.

പൊതുജനത്തിന്‍ കൈയില്‍ ആയുധമില്ല. അവര്‍ക്കു പ്രതിഷേധിക്കാനെ അറിയുകയുള്ളു. അവരുടെ പ്രതിക്ഷേധവും മനസ്സും എങ്ങനെ തിരിച്ചുവിടാനാകുമെന്ന് ഈ നൂറ്റവര്‍ക്ക് അറിയാം. ബലാസംഗപരമ്പയ്‌ക്കെതിരെ കേരളമാകെ കത്തിനിന്ന പ്രതിഷേധത്തിന്റെ ദിശ തിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും കഴിഞ്ഞു. ഇന്നലെ നിയമസഭയിലെ മുഖ്യന്റെ അരയും തലയും മുറുക്കി നടുക്കളത്തിലേക്കുള്ള ഇറക്കവും പ്രഖ്യാപനവും അതിന്റെ ഭാഗമായിരുന്നു. എന്തായിരുന്നു അവിടെ ചര്‍ച്ചചെയ്ത വിഷയം? കുട്ടികളുടെ കൊലപാതകവും പ്രസവവും പീഡനവുമായിരുന്നോ? അല്ല. മറൈന്‍െ്രെഡവില്‍ ചന്തിക്ക് അടികൊണ്ടവരുടെ വേദനകളായിരുന്നു. ചന്തിക്കേറ്റ അടിയുടെ വേദനയോളം വരില്ല മരക്കൊമ്പില്‍ ഞാന്നുകിടന്നാടുന്ന കിളിക്കൊഞ്ചല്‍മാറാത്ത കളങ്കിതരാക്കപ്പെട്ട കുഞ്ഞുങ്ങളും അവരുടെ അച്ഛനമ്മമാരുടെ കണ്ണീരും..

നിയമസഭയില്‍ അഭിനയത്തിനു മാര്‍ക്കിടുന്ന നവനവഗോപികവസന്തം തേടുന്നവരും മിണ്ടിയില്ല ഒരക്ഷരം. ദുര്യോധനസഭയില്‍ പാഞ്ചാലിക്കു കരയാനേ കഴിയൂ. നിയമസഭയില്‍ മുഴുവന്‍ മറൈന്‍െ്രെഡവിലെ ചന്തിക്കടി നൊന്തുകയറിയപ്പോള്‍ തമസ്കരിക്കപ്പെട്ടത് ഓരോരോ ശിശുവിലാപത്തിലും മുഴങ്ങിയ ഒരു കോടി ഈശ്വരവിലാപമാണ്!

ചാനലുകളില്‍ മുഴുവന്‍ ചന്തിക്കടിച്ചവരും അല്ലാത്തവരും നിരന്നിരുന്നുള്ള ചര്‍ച്ചയ്ക്കായിരുന്നു. ഉപയോഗിച്ച ചൂല്, ചൂരല്‍, കൊന്നക്കമ്പ് എന്നിവയുടെ നീളവും വഴക്കവും അവതാരകന്മാര്‍ ചാനല്‍മുതലാളികള്‍ക്കു പുളകം ഉണ്ടാക്കുന്നവിധം വീറോ അവതരിപ്പിച്ചപ്പോള്‍ അതില്‍ ഞാന്നുപിടിച്ച് കളിക്കുകയായിരുന്നു ജനപ്രതിനിധികളും മറ്റുതരത്തില്‍ ശ്രദ്ധനേടാന്‍ ആഗ്രഹിക്കുന്നവരും. അതോടെ അച്ചനും കുഞ്ഞാടും വയനാടും പാലക്കാടും വിഷ്ണുപ്രണോയും പള്‍സറും ഭാവനയും ഒക്കെ മറഞ്ഞ കലണ്ടര്‍താളില്‍! ഇതു ട്രിക്കായിരുന്നു. ആരുടെ? ഭരിക്കുന്നവരുടേയും അവര്‍ക്കു കുടപിടിക്കുന്നവര്‍ക്കും കുറ്റവാളികള്‍ക്കും അവര്‍ക്കു പാതയൊരുക്കുന്നവരേയുടെയും കുറ്റവാളിപ്രമാണിമാരുടെയും. അവരുടെ ആനുകൂല്യവും പ്രിയവും പറ്റാന്‍ ആഗ്രിക്കുന്ന ചാനലുകാരുടെയും. ഇത് തിരിച്ചറിയാത്തവരായി പോകുന്നത് കഷ്ടമാണ്. ഭരണക്കാര്‍ ജനങ്ങളെ കഴുതകളാക്കാനേ എന്നും ശ്രമിക്കുകയുള്ളു. അവര്‍ക്കു അപസ്വരങ്ങളും പരാതികളും പ്രക്ഷോഭങ്ങളും തീരെ ഇഷ്ടമല്ല. ഒരു വരയെ ചെറുതാക്കാന്‍ അതിനടുത്ത് മറ്റൊരു വലിയവര വരച്ചാല്‍ മതിയല്ലോ. കേരളത്തിലുണ്ടായ സര്‍വപ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രതികരണത്തിന്റെയും പ്രസക്തിയും ദിശയും ഇല്ലാതാക്കാന്‍വേണ്ടിയുള്ള ഒരു സ്‌പോണ്‍സര്‍ട് പ്രോഗ്രാമായിരുന്നു മറൈന്‍ ചന്തിക്കടി. അത് സര്‍ക്കാരിനാകട്ടെ വീണുകിട്ടിയ വേനല്‍മഴയും. അത് ഒരു വലിയ വരയായി മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞു.

ചാനലുകള്‍ മനസ്സിലാക്കുക നിങ്ങളുടെ ഇടപാടുകാര്‍ സര്‍ക്കാരും രാഷ്ടീയക്കാരുമല്ല, പൊതുജനമാണ്. മറക്കരുത് അത് ഒരിക്കലും. ചാനലുകളും സര്‍ക്കാരും രാഷ്ട്രീയക്കാരും മറന്നുപോയ ഒരു വസ്തുത ഒന്നോര്‍മ്മിക്കുവാന്‍വേണ്ടി വീണ്ടും ഇവിടെ കവിയുടെ വാക്യത്തില്‍ ഉദ്ധരിക്കുകയാണ്.
'' ഓരോരോ ശിശുരോദനത്തിലും കേള്‍പ്പൂ ഒരു കോടി ഈശ്വരവിലാപം...''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക