Image

വിവാഹം: വിവാദങ്ങള്‍ക്ക് മറുപടിയുമായി അനന്യ

Published on 23 February, 2012
വിവാഹം: വിവാദങ്ങള്‍ക്ക് മറുപടിയുമായി അനന്യ
കൊച്ചി: മലയാളിക്ക് ഫേസ് ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി അനന്യ. മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകള്‍ ആസ്വദിക്കുകയും അതു പ്രസിദ്ധീകരിക്കുകയുമാണ് ഫേസ് ബുക്കില്‍ മലയാളികള്‍ നടത്തുന്നത്. അതവര്‍ നന്നായി ആസ്വദിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടതാണ്. 

അനന്യയുടെ വിവാഹനിശ്ചയം സംബന്ധിച്ച വാര്‍ത്തകളും പടങ്ങളും ഫേസ് ബുക്ക് വഴി വന്‍വിവാദത്തിനു വഴിവെച്ചിരുന്നു. അനന്യയുടെ പ്രതിശ്രുതവരനെ സംബന്ധിച്ച് നൂറു കണക്കിന് മോശം കമന്റുകളാണ് ഫേസ് ബുക്കിലൂടെ പ്രവഹിച്ചിരുന്നത്. അദ്ദേഹം നേരത്തേ വിവാഹിതനായതാണെന്നും അനന്യയുടെ കുടുംബം ഈ വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും വാര്‍ത്ത ഉണ്ടായിരുന്നു. 

'ഈ ഇഷ്യു ഉണ്ടാക്കിയതും വളര്‍ത്തിയതും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളാണ്. ഫേസ് ബുക്ക്, യുട്യൂബ് തുടങ്ങിയവ. ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഫേസ് ബുക്ക് ഉപയോഗിക്കുന്ന ചേട്ടന്മാരേ, നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങന്മാരും....

'എനിക്കെതിരെ വരുന്ന വാര്‍ത്തകളും മറ്റും ഞാന്‍ കണ്ടു. പക്ഷേ, ഇതിനെതിരെയൊക്കെ പ്രതികരിക്കാന്‍ പോയാല്‍.... ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം പക്ഷേ, ഒരാളുടെ വായ് മൂടിക്കെട്ടാനാവില്ല. ജീവിതത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരാള്‍ക്ക് എനിക്കെതിരെ എന്നല്ല, ഒരാള്‍ക്കെതിരെയും ഇങ്ങനെ ചെയ്യാനാവില്ല. എല്ലാ വിവാദങ്ങള്‍ക്കും ഉത്തരം പറയേണ്ട കാര്യം എനിക്കില്ല. എന്റെ രക്ഷിതാക്കളും ഞങ്ങളുമായി ബന്ധപ്പെട്ടവരും ഹാപ്പിയാണ്. എന്നെ നിങ്ങളുടെ ഒരു കുടുംബാംഗമായി കണക്കാക്കിയാല്‍ നിങ്ങളിതു ചെയ്യുമോ എന്നതാണ് എന്റെ ചോദ്യം. 

'എന്റെ കേസ് മാത്രമല്ല പ്രശ്‌നം. ഓരോ സമയത്തും ഓരോ ഇഷ്യു ആണ്. സ്വന്തം പോസ്റ്റിനു കമന്റുകള്‍ കിട്ടാന്‍ വേണ്ടിയായിരിക്കണം ഇതു ചെയ്യുന്നത്. പക്ഷേ, ഒരു വടക്കെ ഇന്ത്യക്കാരന്‍ ഇതു ചെയ്യില്ല. അവിടെയൊക്കെ എന്തു പ്രശ്‌നം വന്നാലും ഇങ്ങനെയൊന്നുമല്ല പ്രതികരിക്കുന്നത്. ഇവിടെ സിനിമാ താരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ ആരുടെ കൂടെയെങ്കിലും പോയാല്‍, അവര്‍ക്കു വിലക്കു വന്നാല്‍ ഇതെല്ലാം ഇഷ്യൂസ് ആക്കുന്നത് മലയാളികളാണ്.

'കുറച്ചുനാള്‍ മുമ്പുവരെ പൃഥ്വിരാജ് ആയിരുന്നു വിഷയം. ആരെ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഞങ്ങളൊക്കെ പബ്ലിക് ഫിഗര്‍ ആണെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ കയറി എല്ലാവര്‍ക്കും ഇടപെടാം എന്നു കരുതേണ്ട. എനിക്കു ജനങ്ങളോട് കമ്മിറ്റ്‌മെന്റ് ഉണ്ട്. തിരിച്ചും അതുപോലെ ഇല്ലേ? എന്തിനാണ് അവര്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത് ?' അനന്യ ചോദിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക