Image

അനുഭൂതി (കവിത: സുധീര്‍പണിക്കവീട്ടില്‍)

Published on 01 March, 2017
അനുഭൂതി (കവിത: സുധീര്‍പണിക്കവീട്ടില്‍)
ഈമഞ്ഞ്‌പെയ്യുന്നരാവും
മങ്ങാതെനില്‍ക്കും നിലാവും
സ്വപ്നങ്ങളേന്തുന്ന പൂന്തിങ്കളും
മണിമഞ്ചലില്‍ചേലുള്ളൊരോമലാളും!!

പാതിരാക്കാറ്റിന്റെ ഈണങ്ങളും
മനംതുള്ളിത്തുളുമ്പുന്നമോഹങ്ങളും
കുളിര്‍തെന്നലില്‍കൊഞ്ചുന്ന സൗരഭ്യവും
മണിത്തമ്പുരുമീട്ടുന്നോരാവേശവും

കെട്ടഴിഞ്ഞോമലിന്‍ കാര്‍കൂന്തലും
തിരുനെറ്റിയില്‍മാഞ്ഞൊരു സിന്ദൂരവും
മെയ്യോട്‌മെയ്‌ചേര്‍ന്നധന്യമുഹൂര്‍ത്തങ്ങള്‍
നിര്‍വൃതികൊള്ളുന്നമന്ത്രങ്ങളും

പുല്‍ക്കൊടിത്തുമ്പിലെഹിമബിന്ദുവും
കരള്‍തേട്ടിതുളുമ്പുന്നൊരനുഭൂതിയും
പുലരാതിരിക്കട്ടെഈരാവുകള്‍
ക്ഷിതിസ്വര്‍ഗ്ഗമാക്കും രതിദേവതകള്‍ !!
Join WhatsApp News
വിദ്യാധരൻ 2017-03-02 04:48:51
തണുപ്പരിച്ചരിച്ചു  കേറുമീ രാവിൽ 
അനുഭൂതി നീ പോകാതെയെങ്ങും 
തുണയായരികിലുണ്ടായിരുന്നങ്കിൽ 
തനുവിൽ തങ്ങി നിന്നിരുന്നെങ്കിൽ 
നുകർന്നേനെ മുന്തിരിച്ചറും 
നുകർന്നേനെ നിൻ ചെഞ്ചുണ്ടും 
Joseph Padannamakkel 2017-03-02 22:33:50
 ശ്രീ സുധിർ പണിക്കവീട്ടിലിന്റെ 'അനുഭൂതി' യെന്ന പദ്യം വളരെ ഹൃദ്യമാണ്. ഈ കവിതയിൽ മഞ്ഞും നിലാവും പൂത്തിങ്കളുമെല്ലാമുണ്ട്. അക്കൂടെ കെട്ടഴിഞ്ഞ കാർകൂന്തലും തേഞ്ഞുമാഞ്ഞ സിന്ദൂരവും കവിതയുടെ മാറ്റു കൂട്ടിയിരിക്കുന്നു. ഇങ്ങനെയൊക്കെ സ്വപ്നങ്ങൾ കാണാൻ നല്ല മനസുള്ള ഒരാൾക്കേ സാധിക്കുള്ളൂ. 

കവികൾ കൂടുതലും ഭാവന കാണുന്നത് ഉദയാസ്തമയ സൂര്യനും ചന്ദ്രനും, പൂനിലാവും, ഇളംകാറ്റും മഴവില്ലുകളും മിന്നാമിനുങ്ങുകളുമൊക്കെയാണ്. ശുദ്ധമായ ഹൃദയമുള്ളവർക്കു മാത്രമേ പ്രകൃതിയുമായി അലിയാൻ സാധിക്കുള്ളൂ. ഈശ്വരൻ സർവ്വമായയായി കവിയുടെ ഹൃദയത്തിൽ പതിച്ചുവെന്നു വേണം കരുതാൻ. 

സംഘിടത മതത്തിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് മതാന്ധത മനസ്സിൽ നിറച്ചാൽ കവിതയുടെ മനോഹാരിത നഷ്ടപ്പെടും. ക്രിസ്ത്യാനികളിൽ നിന്നും ഒരു മഹാകവി മലയാളത്തിലുണ്ടാകാഞ്ഞ കാരണവും ഒരു പക്ഷെ അതായിരിക്കാം. കട്ടക്കയം ചെറിയാൻ മാപ്പിള മഹാകവിയെന്നും പറയുന്നു. അതിനെതീരെ പരിഹസിച്ചുള്ള കവിതകളുമുണ്ട്. 

ക്രിസ്തുമതം പ്രകൃതിയെ സ്തുതിക്കാനും പൂനിലാവിനേയും സൂര്യനെയും വാഴ്ത്താനും സമ്മതിക്കില്ല. വാസ്തവത്തിൽ ആദ്യത്തെ ക്രിസ്ത്യാനികൾ സൂര്യദേവനെ ആരാധിച്ചിരുന്ന പേഗൻ മതത്തിൽ നിന്നും വന്നവരായിരുന്നു. അങ്ങനെയാണ് യഹൂദരുടെ ശാബത്തു ദിനമായ ശനിയാഴ്‌ചക്കുപകരം ഞായറാഴ്ചയെ ആചരിക്കാൻ തുടങ്ങിയത്. 

വീണുകിടയ്ക്കുന്ന ഒരു പൂവിനെ നോക്കിയായിരുന്നു കുമാരനാശാൻ 'വീണപൂവ്' എന്ന മഹാകാവ്യം സൃഷ്ടിച്ചത്. ഒരു കവിയുടെ ഭാവനയുണരാൻ ഒരു പൂവോ ഒരു ഇലയോ മതി. ആശാൻ  അദ്വൈതത്തിലും ശ്രീ നാരായണ ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന താത്വിക ചിന്തകളിലും വിശ്വസിച്ചിരുന്നു. അത്തരത്തിലുള്ള വിശാലമായ ഒരു മനസ് ശ്രീ സുധിർ പണിക്കവീട്ടിലിനുമുണ്ട്. ഒരു നല്ല കവിയുടെ സ്വപ്ന ഭാവനകൾ! ഉയർന്നു നിൽക്കുന്ന സുന്ദരമായ പർവത നിരകൾക്കുമപ്പുറവും പോവും. ഇവിടെ കവിയും അങ്ങനെ സ്വപ്നം കാണുന്നു.  

നല്ലയൊരു കവി ചന്ദ്രപ്രകാശത്തെ ഹൃദയത്തിന്റെ പരിശുദ്ധിയായി കാണും. ഒഴുകുന്ന നദികളെ സംഗീതത്തിന്റെ അലയടികളായി കാണും. ഓരോ പുഷ്പത്തിലും ഒരു കവിതയുണ്ട്. ഓരോ ജീവിതത്തിനും കഥകൾ പറയാനുണ്ട്. ഓരോ മരങ്ങളിലും ഗീതകങ്ങളുമുണ്ട്. ഇത്തരം കാഴ്ചപ്പാടുകൾ ശ്രീ സുധീർ പണിക്കവീട്ടിലും പുലർത്തുന്നുണ്ട്. അഭിനന്ദനങ്ങൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക