Image

കേന്ദ്രമന്ത്രി ജെയ്‌സ്വാളിന്റെ പ്രസ്താവന വിവാദമാകുന്നു

Published on 23 February, 2012
കേന്ദ്രമന്ത്രി ജെയ്‌സ്വാളിന്റെ പ്രസ്താവന വിവാദമാകുന്നു
കാണ്‍പൂര്‍: യു.പിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയേ നിവൃത്തിയുള്ളൂവെന്ന കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജെയ്‌സ്വാളിന്റെ പ്രസ്താവന വിവാദത്തിലേക്ക്. ''യു.പിയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കും. കൃത്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെയും കൂട്ടുകക്ഷി ഭരണത്തിനായി സമീപിക്കില്ല. അപ്പോള്‍ പിന്നെ ഗവര്‍ണര്‍ ഭരണമല്ലാതെ മറ്റൊരു ബദലും ഇല്ല''-ഇതായിരുന്നു ജെയ്‌സ്വാളിന്റെ വാക്കുകള്‍.

അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന വ്യാഴാഴ്ച്ച കാണ്‍പൂരില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഈ പ്രസ്താവന നടത്തിയത്. എന്നാല്‍ വാക്കുകള്‍ വിവാദമായതോടെ യു.പിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ കല്‍ക്കരിമന്ത്രി തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തു. തങ്ങള്‍ വ്യക്തമായ ഭൂരിപക്ഷവുമായി അധികാരത്തിലെത്തുമെന്നും അതാര്‍ക്കും തടയാന്‍ കഴിയില്ലെന്നും ജെയ്‌സ്വാള്‍ പറഞ്ഞു.


എന്നാല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ഗവര്‍ണര്‍ ഭരണത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ജനാധിപത്യവിരുദ്ധമായ നടപടിയാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളെന്നും ബി.ജെ.പി. നേതാക്കള്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനോഭാവമാണ് ഇതില്‍ നിന്ന് തെളിയുന്നതെന്ന് ബി.ജെ.പി. നേതാവ് ഉമാഭാരതി പറഞ്ഞു. ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന യു.പിയില്‍ മാര്‍ച്ച് 3 ന് തിരഞ്ഞെടുപ്പ് സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക