Image

അമേരിക്കയില്‍ പടരുന്ന ദേശീയത, പേടിച്ചരണ്ട് ഇന്ത്യക്കാര്‍ (പകല്‍ക്കിനാവ്-41- ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 26 February, 2017
അമേരിക്കയില്‍ പടരുന്ന ദേശീയത, പേടിച്ചരണ്ട് ഇന്ത്യക്കാര്‍ (പകല്‍ക്കിനാവ്-41- ജോര്‍ജ് തുമ്പയില്‍)
ശീതയുദ്ധം പോലെയാണ് തീവ്രദേശീയത. അതു കോളറ പോലെ പടരുകയും ചെയ്യുന്നു. പലേടത്തും തീവ്രമായ ഈ ദേശീയ വികാരം ഉണര്‍ത്തി ആഭ്യന്തര കലാപം ഉണ്ടാക്കിയ അമേരിക്കയും ഇപ്പോള്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുന്ന കാഴ്ച ഞെട്ടലുണ്ടാക്കുന്നു. അതില്‍ അറിഞ്ഞോ അറിയാതെയോ ഇന്ത്യക്കാരും ചെന്നു ചാടുന്നുവെന്നതാണ് ഭയാനകം. തീവ്രദേശീയ എക്കാലത്തും ഒരു രാജ്യത്തെ നശിപ്പിച്ചിട്ടേയുള്ളു. അതിനു വേണ്ടി ആരു ചരടുവലികള്‍ നടത്തിയാലും അത് അനുഭവിക്കാന്‍ വിധിക്കപ്പെടുന്നത് അവിടേക്കു കടന്നു കയറുന്ന കുടിയേറ്റക്കാരാണെന്നു ചരിത്രം പറയും.
 
അമേരിക്കയിലേക്ക് പല നാളുകളിലായി കുടിയേറിയിട്ടുള്ള ഇന്ത്യന്‍ വംശജരെ ഉന്നമിട്ട് ഇപ്പോള്‍ തീവ്രദേശീയത അലയടിക്കുമ്പോള്‍ സ്ഥിതി രൂക്ഷമാണെന്നു മാത്രം പറയട്ടെ. ഇന്ത്യക്കാര്‍ക്ക് എതിരേ ഇത്രമാത്രം വംശീയവിദ്വേഷം ഉണ്ടാക്കുന്നതെന്തിനാണെന്നു ചോദിച്ചതിന് ഒരാളെ വെടിവച്ച കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലുള്ള ഇന്ത്യക്കാര്‍. വാറംഗല്‍ സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍ ശ്രീനിവാസ് കുചിബേചാത്‌ലയെയാണ് ഒരു അമേരിക്കന്‍ പൗരന്‍ വെടിവച്ചു വീഴ്ത്തിയത്. പ്രതികാരം ചെയ്യുന്നതു പോലെ പ്രകോപിതനായി തോക്കെടുത്ത് ഒന്‍പതു തവണയാണ് ശ്രീനിവാസിനെ അയാള്‍ വെടിവെച്ചിട്ടത്. ഇത്രമാത്രം വംശീയമായി വികാരം കൊള്ളാനും മാത്രം എന്തു തീവ്രദേശീയതയാണ് ഇപ്പോള്‍ അമേരിക്കയില്‍ ഉരുത്തിരിഞ്ഞിട്ടുള്ളതെന്നു വ്യക്തമല്ല. എന്നാലും ഒരു കാര്യം ഉറപ്പ്, ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍കീഴില്‍ അമേരിക്കയില്‍ ഉയരുന്ന തീവ്രദേശീയത വികാരത്തില്‍ ഇന്ത്യന്‍ വംശജര്‍ പേടിയോടെയാണ് കഴിയുന്നത്. ഭീതിയുടെ നിഴലിലാണ് പലരും. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന സ്ഥിതി. പതിറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തോടെയും സുരക്ഷിതമായും അമേരിക്കയുടെ വിവിധ മേഖലകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്. പ്രത്യേകിച്ച്, ട്രംപിന്റെ വരവോടെ കാര്യങ്ങള്‍ ഈ വിധത്തിലായെന്ന് അവര്‍ പറയുമ്പോള്‍. 

ഇന്ത്യക്കാരനായ എന്‍ജിനിയറെ വെടിവച്ചു കൊന്നു. ഹൈദരാബാദ് വാറംഗല്‍ സ്വദേശിയായ എന്‍ജിനിയറായിരുന്നു ശ്രീനിവാസ്(32). കന്‍സാസിലെ ഒലാതെ നഗരത്തില്‍ നടന്ന സംഭവം അമേരിക്കയില്‍ ഉടനീളം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മഡസാനി, യുഎസ് പൗരന്‍ ഇയാന്‍ ഗ്രില്ലറ്റ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശ്രീനിവാസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാന് പരിക്കേറ്റത്.

ഇന്ത്യന്‍ വംശജനെ വെടിവച്ചുകൊന്ന സംഭവം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. തീവ്രദേശീയത ഇത്രമാത്രം തീവ്രമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്ക്ക് അമേരിക്കയില്‍ പൊന്തി വന്നിട്ടില്ല. ഭരണമാറ്റം മാത്രമല്ല, ട്രംപിന്റെ കീഴില്‍ അമേരിക്ക കൈവരിക്കാന്‍ പോകാവുന്ന മേധാവിത്വത്തെയാണ് ഇത് കൊഞ്ഞനം കുത്തുന്നത്. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനാണ് ഈ ആക്രമണത്തിന് പിന്നിലെന്നത് സംഭവത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ പ്രതിയായ ആദം പ്യുരിടണിനെതിരെ കരുതിക്കൂട്ടിയുള്ള കൊലപാതകക്കുറ്റം ചുമത്തി. 

വിദ്വേഷഹത്യയാണ് നടന്നതെന്നു കൊല്ലപ്പെട്ട ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല പറഞ്ഞു. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  ശ്രീനിവാസും സുഹൃത്തുക്കളും ഒലാതെയിലെ ബാറില്‍ ഇരിക്കവെയാണ് സംഭവം. വംശീയതയെക്കുറിച്ച് ഇവരുമായി സംസാരിച്ച പ്യൂരിന്‍ടന്‍ പൊടുന്നനെ, 'എന്റെ രാജ്യത്തുനിന്ന് പോകൂ' എന്ന് അലറിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. അക്രമി ഒമ്പതു തവണ വെടിയുതിര്‍ത്തതായി ആശുപത്രിയില്‍ കഴിയുന്ന ഇയാന്‍ പറഞ്ഞു. അതേസമയം, ഏത് കൊലപാതകവും അപലപനീയമാണെന്നും അതിനെ ട്രംപിന്റെ ഭരണവുമായി ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴത്തെ തീവ്രദേശീയത വികാരത്തെ അടിച്ചമര്‍ത്താന്‍ പോകുന്നതല്ലെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം.

ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ ആരംഭിച്ച നിധിയിലേക്ക് ഇതിനകം അഞ്ചുലക്ഷത്തോളം ഡോളര്‍ എത്തി. ഒപ്പം പരിക്കേറ്റ അമേരിക്കന്‍ പൗരനായ ഇയാന്‍ ഗ്രില്ലറ്റിന്റെ ചികിത്സാസഹായ നിധിയിലേക്ക് 2.14 ലക്ഷം ഡോളറും സമാഹരിച്ചു. ട്രംപിന്റെ അധികാര ആരോഹണമാണ് ഇത്തരം വിദ്വേഷഹത്യകള്‍ക്ക് കാരണമെന്ന് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുകയാണ്. ഇതിനോട് ഇടത്-വലത് പ്രാമുഖ്യമില്ലാതെ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിക്കുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ഡോണള്‍ഡ് ട്രംപ് റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെയാണ് അമേരിക്കയില്‍ തീവ്രദേശീയവാദികള്‍ മുഖ്യധാരയലേക്ക് ഇറങ്ങിവന്നത്. ആ തീവ്രദേശീയ വികാരത്തെ വോട്ടാക്കി ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെങ്ങും ന്യൂനപക്ഷ വിഭാഗങ്ങളും മറ്റ് വംശജരും ഭീതിയുടെ നിഴലിലായി. തീവ്ര വലതുപക്ഷം ശക്തിയാര്‍ജിച്ചതോടെ വിദ്വേഷ സംഘങ്ങള്‍ തലപൊക്കി.

ജോണ്‍സണ്‍ സിറ്റി ഉള്‍പ്പെടുന്ന കന്‍സാസ് നഗരമേഖലയില്‍ 20 ലക്ഷംപേര്‍ അധിവസിക്കുന്നുണ്ട്. ഇതില്‍ ഏകദേശം 30,000 പേര്‍ ഇന്ത്യന്‍ വംശജരാണ്. സ്വന്തം സുരക്ഷയെക്കുറിച്ച് ഇരുത്തിച്ചിന്തിക്കേണ്ട സമയമായെന്ന് കന്‍സാസിലെ ഇന്ത്യന്‍ സമൂഹം ആവര്‍ത്തിച്ചുപറയുന്നു.

Join WhatsApp News
Tom Mathew 2017-02-28 07:35:12
Please send this article to NY Times or Washington Post. There is no point in writing in any malayalam papers. Its readers are only malayalees. The points should be heard by the U.S. authorities.
vayanakaran 2017-02-28 11:23:27
A North Georgia man with white supremacist ties who was exposed to the deadly poison ricin early this month was indicted Wednesday in federal court on a charge of possession of a biological agent or toxin.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക