Image

കറണ്ടിന് മണിയാശാന്റെ നാക്കിന്റെ ഒഴുക്കും വഴക്കവും പോരല്ലോ ? (അനില്‍ പെണ്ണുക്കര)

Published on 23 February, 2017
കറണ്ടിന് മണിയാശാന്റെ നാക്കിന്റെ ഒഴുക്കും വഴക്കവും പോരല്ലോ ? (അനില്‍ പെണ്ണുക്കര)
കേരളം വളരുന്നു.... വരളുന്നു...ജലയശങ്ങള്‍ എല്ലാം വിണ്ടുകിടക്കുന്നു. അണക്കെട്ടുകളില്‍ വെള്ളമില്ല,കറണ്ടിനു മണിയാശാന്റെ നാക്കിന്റെ ഒഴുക്കും അഴക്കും പോരല്ലല്ലോ. വളരെവര്‍ഷങ്ങള്‍ക്കുമുമ്പ് ബോബനും മോളിയിലും വന്ന ടോംസിന്റെ ഒരു കമന്റ് വായിച്ചത് ഓര്‍ത്തുപോകുന്നു. 'ഇടുക്കി ജലസംഭരണിയില്‍ പശുവിനെ കെട്ടുന്നത് നിരോധിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.' എത്ര ദീര്‍ഘവീക്ഷണമുള്ളതായിരുന്നു അന്ന് ആ ഫലിതമെന്ന് ഇന്നാലോചിക്കുമ്പോള്‍ മനസ്സിലാകും. നോവിക്കുന്ന ഒരു ആക്ഷേപം ആയിരുന്നു അത്, പക്ഷേ അത് നമ്മെ അന്ന് നോവിപ്പിച്ചില്ല. വെറുതെ ചിരിച്ചുവിട്ടു.കാരണം അന്നത്തെ ജലസമൃദ്ധിയില്‍ നമുക്കു ഇതൊക്കെ വെറും ഫലിതവും അനാവശ്യവുമായിരിന്നു.

അണക്കെട്ടുകള്‍ വറ്റിവരണ്ടു തുടങ്ങിയാല്‍ അടുത്തപടി അവ നികത്തി ഫാറ്റുകള്‍ നിര്‍മ്മിക്കുക എന്നതാവണം. അതിനു ഇരുപുറവുമുള്ള മലകളും കുന്നുകളും ധാരാളം. അപ്പോള്‍ കുറെക്കൂടി കാടുകള്‍ തെളിഞ്ഞുകിട്ടും. അതോടെ പുതിയ സര്‍ക്കാര്‍ ഉത്തരവ് പത്രങ്ങള്‍ റിപ്പോര്‍ച്ചു ചെയ്യും, 'വൈദ്യുതകമ്പികളില്‍ തുണി കഴുകി വിരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു.' നിള വറ്റി വരണ്ടത് നാം കണ്ടില്ല. ഉള്ള നദികള്‍ മുന്‍സിപ്പാലിറ്റയുടേയും ഫഌറ്റുകളുടേയും ആശുപത്രികളുടേയും ഫാക്ടറികളുടേയും ഇറച്ചിക്കടകളുടേയും മാലിന്യം വഹിക്കുന്ന അഴുക്കുചാലുകളായതും നാം കാണുന്നില്ല. വികസത്തിന്റെപേരില്‍ റോഡുകളും പാലങ്ങളും വന്നപ്പള്‍ തോടുകളും പുഴകളും മെലിയുന്നത് നാം അറിഞ്ഞില്ല. വന്‍തോതില്‍ മണ്‍ലോറികള്‍ നദികളുടെ കരളുമായി കരപിടിക്കുന്നതും നാം അറിഞ്ഞി ല്ല. വെറും കടലാസ്സുകള്‍ക്കുവേണ്ടി നാം കണ്ണടച്ചു നടുകേ ഓടി. ഇപ്പോഴിതാ കിണറുകള്‍ ദാഹനീരിനു നമ്മോടു യാചിക്കുന്നു.

റോഡരികലെ പൈപ്പുടാപ്പുകള്‍ വെള്ളമെടുക്കാന്‍ വരുന്ന സ്ത്രീകളെ നോക്കി ചൂളം വിളിക്കുന്നു. കളിയാക്കുന്നു. അതിനെതിരെ കേസ്സെടുക്കാന്‍ വനിതാകമ്മീഷനും പറ്റില്ലല്ലോ. ആതിരപ്പള്ളിയുടെ രക്തത്തിനായി മുറവിളി തുടങ്ങിയിട്ടു കാലമേറെയായി. ഒരു കൊച്ചു നീരൊഴുക്കു കണ്ടാല്‍ അത് എത്രയും വേഗം ഉണക്കിക്കളയാനാണ് നമുക്കു തിടുക്കം. വയലുകളും തണ്ണീര്‍തടാകങ്ങളും നികത്തി. കുന്നുകള്‍ തടങ്ങളായി. കുന്നും തടവും നിറഞ്ഞ നമ്മുടെ നാടിനെ നിരപ്പായ സമതലമാക്കാനാണ് പ്രയത്‌നം.കിഴക്കുന്നു പടിഞ്ഞാട്ട് ചരിഞ്ഞകിടക്കുന്ന കുന്നലനാടിനെ കുന്നില്ലാത്ത സമതലനാടാക്കാന്‍ നാം ആഗ്രഹിക്കുന്നു.

പുഴ ഒഴുക്കുന്നത് പടഞ്ഞാട്ടാണല്ലോ. പുഴയുടെ വഴികള്‍ തടഞ്ഞ് നാം നീര്‍ക്കെട്ടുകള്‍ ഇല്ലാതാക്കി. മഴവെള്ളം പെട്ടെന്ന് ഒഴുകിപോകാന്‍, മണ്ണിലേക്കിറങ്ങാതിരിക്കാന്‍ നാം പലതും ചെയ്തു, വീടിന്റെ പരിസരങ്ങള്‍ കോണ്‍ക്രീറ്റിട്ടു പൊളപ്പനാക്കി. നാട്ടില്‍ കോണ്‍ക്രീറ്റ് ടൈല്‍ കമ്പനികള്‍ പ്രതാപം നേടി. പക്ഷേ അവരും ഇപ്പോള്‍ കഷ്ടത്തിലാണ്. കോണ്‍ക്രീറ്റൊരുക്കാനും വെള്ളം വേണം! വെള്ളം എവിടെ? കടലിലുണ്ട്. പക്ഷേ കടലും വലിയുകയാണ്, അന്ധവിശ്വാസം എന്നുപറഞ്ഞ് നാട്ടിന്‍പുറങ്ങളിലെ കാവും കുളങ്ങളും നാം പുരോഗമനവാദികള്‍ ഇല്ലാതാക്കാന്‍ പ്രയത്‌നിച്ചു. കാടിനും കാട്ടിലെ സര്‍പ്പത്താന്‍മാര്‍ക്കും പാട്ടും കളവും നൂറും കഴിച്ചിരുന്നവരെ നാം വിപ്ലവത്തിന്റെ പാട്ടുകള്‍കൊണ്ടു നിശബ്ദരാക്കി. നഷ്ടപ്പെടുത്തുന്ന വനത്തിനോടുള്ള പ്രായശ്ചിത്തമായി പൂര്‍വ്വികര്‍ ബാക്കിവച്ചിരുന്ന കാവുകള്‍ മണ്‍മറഞ്ഞു. കൊച്ചുകൊച്ചു ജലസംഭരണികളായിരുന്ന കുളങ്ങള്‍ ഇല്ലാതായി .
അവിടെ രമ്യഹര്‍മ്മ്യങ്ങള്‍ ഉയര്‍ന്നു. 1974നു ശേഷം എന്റെനാട്ടിമ്പുറത്തെ കൈത്തോടുകളും പായല്‍മൂടി പോളകള്‍നിറഞ്ഞ വയലുകളും വിണ്ടുകീറി കാണുന്ന ഇപ്പോഴാണ്.

എന്റെ മുറ്റത്തെ കിണറിന്റെ നെല്ലിപ്പലക വെയില്‍കാഞ്ഞുകാണുന്നതും ഇപ്പോഴാണ്. നാട്ടിലൂടെ വന്ന ജലസേചനപദ്ധതിയുടെ ഭാഗമായ കനാല്‍ കൃഷിഭൂയായിരുന്ന പാടങ്ങളെ നീര്‍ത്തടാകങ്ങളാക്കിമാറ്റിയപ്പോള്‍ പദ്ധതിയെ പഴിച്ചിരുന്നവര്‍ ഇപ്പോള്‍ കനാലും അതിലൂടെ ഒഴുകവന്നിരുന്ന ജലത്തിന്റെയും മഹത്വവും തിരിച്ചറിയുന്നു. നീര്‍ത്തടങ്ങളിലും വയലുകളിലും നിറഞ്ഞിരുന്ന ജലമായിരുന്നു നാട്ടിന്‍പുറത്തെ കിണറുകളില്‍ ഉറവയായി എത്തിയിരുന്നത് എന്നകാര്യം ഇപ്പോള്‍ ഏതുകുട്ടിക്കും അറിയാം.

മണല്‍വാരാന്‍ നിലവിറ്റവരും മണ്ണെടുക്കാന്‍ കുന്നുനല്കി പണംവാങ്ങിയവരും വയല്‍പാഴ്ഭൂമിയെ നികത്തി റിയല്‍ എസ്‌റ്റേറ്റ് കണ്ണിനു മോഹമുണ്ടാക്കിയവരും പുല്ലുകിളര്‍ക്കാത്ത, മണ്ണെന്ന ഇച്ചീയില്ലാത്ത മുറ്റത്തിനു കോണ്‍ക്രീറ്റ് ടൈലിട്ടവരും ഇനി കുടിനീര് തേടി അലയും. അപ്പോള്‍ നമുക്കു അശ്വസിക്കാം. കേരളം വളര്‍ന്നു. അങ്ങ് ഗല്‍ഫിനോളം... നമ്മുടെ കുട്ടികള്‍ക്കു മരുഭൂമിതേടി ഇനി സ്റ്റഡീടൂര്‍ പോകേണ്ട. കുട കമ്പനികള്‍ പരസ്യം ചെയ്ത് പണം മുടക്കേണ്ട. വാട്ടര്‍ടാങ്കുകാര്‍ക്കും പമ്പുകാര്‍ക്കും വിശ്രമിക്കാം. കേരളം വരളുന്നു... വരളുന്നു... കരിയുന്നു...
കറണ്ടിന് മണിയാശാന്റെ നാക്കിന്റെ ഒഴുക്കും വഴക്കവും പോരല്ലോ ? (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക