Image

പമ്പാതീരത്തിലെ ഹിന്ദുമതവും മാരാമണ്‍ കണ്‍വന്‍ഷനും (ഏബ്രഹാം തെക്കേമുറി)

Published on 20 February, 2017
പമ്പാതീരത്തിലെ ഹിന്ദുമതവും മാരാമണ്‍ കണ്‍വന്‍ഷനും (ഏബ്രഹാം തെക്കേമുറി)
“ആകാശമേ കേള്‍ക്ക! ഭൂമിയേ ചെവിതരിക.” എന്തെന്നാല്‍ ഇതു കേള്‍ക്കാന്‍ മനുഷ്യര്‍ ഇല്ലാതായിരിക്കുന്നു.

നാശത്തിലേക്ക് ഗമിക്കുന്ന ജനതയെ നോക്കി എല്ലാ പഴുതുകളും അടഞ്ഞ് നിരാശയില്‍ ബൈബിളിലെ യെശയ്യാ പ്രവാചകന്‍ അന്തരീക്ഷത്തെ നോക്കി വിളിച്ചു പറയുന്നു. ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക.

ഈ പ്രവാചകന്റെ സ്ഥാനത്തു നിന്നുകൊണ്ടെന്നവകാശപ്പെട്ട് 122 വര്‍ഷമായി കേരളത്തില്‍ മാരാമണ്ണിലും, 113 വര്‍ഷമായി ചെറുകോല്‍പ്പുഴയിലും , ഇതിനൊരനുബന്ധമായി റാന്നിയില്‍ അയ്യപ്പാ സേവാ സംഘത്തിന്റെ കണ്‍വനുഷനും അരങ്ങേറുന്നു. പണ്ടിത് പമ്പയുടെ തീരത്തായിരുന്നു.  ഇന്നത് പണ്ടെങ്ങാണ്ട് പമ്പ ഇതിലേ ഒഴുകിയെന്നും പറഞ്ഞ് പുല്‍ത്തകിടിയിലാണ് നടക്കുന്നത്.

പമ്പ നമ്മുടെ പുണ്യനദി സി.ഡി.കള്‍ നിര്‍മ്മിച്ച് പാട്ടുകാര്‍ കോടികള്‍ കൊയ്തു. ശബരി മലയില്‍ തങ്ക സൂര്യോദയം, എല്ലാ വര്‍ഷവും കോടികളുടെ വരുമാനം ദേവസ്വം ബോര്‍ഡിന്. മാരാമണ്‍ കണ്‍വന്‍ഷന്‍ കോടികളുടെ സ്‌തോത്ര കാഴ്ച.

അയ്യപ്പനെ തൊഴുതവരും പ്രസംഗം കേട്ടവരുമെല്ലാം മോക്ഷത്തിലെത്തുമെന്ന് പ്രസംഗവും വിശ്വാസവും.

ദൈവങ്ങളുടെ പേരില്‍ ഒരു ചടങ്ങ് ഇങ്ങനെ തുടരുകയാണ്. 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് പമ്പാനദിയുടെ തീരവും ഈ കണ്‍വന്‍ഷനും എങ്ങനെയായിരുന്നു.? കണ്ടവരാരും ഇന്നില്ലെങ്കിലും ഒരു നദീതടം എങ്ങനെയെന്നും അതിനോട് ചേര്‍ന്നു കിടക്കുന്ന സംസ്കാരമെന്തെന്നും സാമാന്യ ബുദ്ധികളുടെ മനോമുകുരത്തില്‍ ദര്‍ശിക്കാം.

നാല് പതിറ്റാണ്ട് മുമ്പ് ഞാന്‍ കണ്ട മാരാമണ്‍ മണല്‍പ്പുറം ആ കൗമാര മനസില്‍ ഒരു കടല്‍ത്തീരം പോലെ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. കോഴഞ്ചേരി ചന്തക്കടവിലെ താല്‍ക്കാലിക പാലത്തിലൂടെ മണല്‍പ്പുറത്തിറങ്ങിയാല്‍ നെടുംമ്പ്രയാര്‍ വരെ മൈലുകളുലെ വിസ്തൃതി നിറയെ കട കമ്പോളങ്ങള്‍. തമ്മിലുരസാതെ ലക്ഷങ്ങള്‍ക്ക് വിശാലമായി നടക്കാവുന്ന മണല്‍പ്പുറം. ഉച്ചിയില്‍ സൂര്യന്‍ എരിയുമ്പോഴും താഴെ പഞ്ചസാര മണലിന്റെ ശീതള സ്പര്‍ശനം. വള്ളങ്ങളില്‍ നിറച്ച്, സൗജന്യമായി വിളമ്പുന്ന മോരുംവെള്ളം. മണല്‍പ്പുറത്ത് പലയിടത്തും മൂത്രപ്പുരകള്‍.

അങ്ങനെ പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ കൈപറ്റി ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ദൈവത്തിനുള്ളതെന്ന് ആ മഹായോഗം വിളംമ്പരം ചെയ്‌യുകയായിരുന്നു.

മസിലാമണിയും, സ്റ്റാന്‍ലി ജോണ്‍സും പ്രസംഗിച്ച വേദി. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം വരെ മലയാള സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ കണ്‍വെന്‍ഷനുകള്‍.

1980-തുകളില്‍ ആര്‍ഭാടത്തിന്റെ, വിദേശപ്പണത്തിന്റെ,  പ്രവാസി സംസ്കാരത്തിന്റെ പിന്നാലെ പോയ നേതൃത്വങ്ങള്‍ കാല്‍ച്ചുവട്ടിലെ മണ്ണ് അക്ഷ്‌രാര്‍ത്ഥത്തില്‍ ഒലിച്ചു പോകുന്നതറിയാതെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തി വാര്‍ത്താ പ്രാധാന്യം മാത്രം ലക്ഷ്യമാക്കി .

ഇന്നിതാ കഷ്ടതയുടെ ബാക്കിപത്രമായി കാല്‍വരിയിലെ കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ മൃതശരിരം പോലെ പമ്പയുടെ തകര്‍ന്ന മാറില്‍ ഒരു പന്തല്‍. പണ്ട് അമ്മാവന്‍ ആന കയറിയതിന്റെ ഓര്‍മ്മ തട്ടിയുണര്‍ത്ത0ന്‍ വളരെ അഭിമാനത്തോട് പറയുന്നു. ഇന്നും ഈ പന്തല്‍ ഞങ്ങള്‍ ഓല കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന്. വീണതു വിദ്യയാക്കി ഇവിടെയും ഒരു മുന്നേറ്റം.

ചേറും ചെളിയുംകൊണ്ട് നിറഞ്ഞ പരിസരത്തുനിന്ന് സൂര്യന്‍ ഉദിച്ചു കഴിയുമ്പോള്‍ ദുര്‍ഗന്ധമുള്ള നീരാവിയാണ് പൊങ്ങുന്നത്. നേതാക്കന്മാര്‍ക്ക് വസിക്കാന്‍ റിട്രീറ്റ് സെന്റര്‍. പന്തലിലെത്തിയാല്‍ കഷ്ടതകളൊന്നുമറിയാതെ സ്‌റ്റേജും സമീപ സീറ്റുകളും. പാരമ്പര്യം വിളമ്പാന്‍ വേദിയും. മറുരൂപമലയിലെ ദിവ്യ അനുഭവം. (മൂന്നു കൂടാരങ്ങള്‍)

ജനം അഴുക്കും ചെളിയും നിറഞ്ഞ പാടത്തൂടെ പത്തടി വീതിയില്‍ നിര്‍മ്മിച്ച റോഡിലൂടെ ഒരു താത്ക്കാലിക പാലത്തിലൂടെ മുട്ടി മുട്ടി നീങ്ങുകയാണ്. പ്രധാന വഴിയില്‍ ഇരുവശവും കരിമ്പിന്‍ ചണ്ടിയും ഭക്ഷണാവശിഷ്ടങ്ങളും ഉതിര്‍ക്കുന്ന ദുര്‍ഗന്ധം, കത്തിജ്വലിക്കുന്ന സൂര്യനില്‍ മനുഷ്യശരീരങ്ങള്‍ ചൂടായി വമിക്കുന്ന വിയര്‍പ്പിന്റെ ദുര്‍ഗന്ധം, പാറിപ്പറക്കുന്ന പൊടിപടലങ്ങള്‍, തീര്‍ത്തും പകര്‍ച്ചവ്യാധി പരത്തുന്ന ഒരു തടവറയല്ലേ ഈ ഉത്‌സവപ്പറമ്പുകള്‍ കാഴ്ച വയ്ക്കുന്നത്?

മദ്ധ്യ തിരുവിതാംകൂറിന്റെ സര്‍വമത സാഹോദര്യത്തിന്റെ പ്രതീകമായിട്ടാണ് ചെറുകോല്‍പ്പുഴ ഹിന്ദുമത ക ണ്‍വന്‍ഷനും, മാരാമണ്‍ കണ്‍വന്‍ഷനും അറിയപ്പെട്ടിരുന്നത്. സാംസ്കാരികതയുടെ കലവറയായി നിലനിര്‍ത്തേണ്ട പമ്പാനദി, മതസാംസ്കാരികതയുടെ ചരിത്രം പേറുന്ന ആറന്മുള വള്ളംകളി,  ഇതിനൊന്നിനും വില കല്‍പ്പിക്കാത്ത രാഷ്ട്രീയ മതനേതാക്കന്മാരുടെ അപ
യത്തിന്റെ അവശിഷ്ടമാണ് ഇന്നിവിടെ കാണുന്നത്.

ഭൂമിയില്‍ ദൈവം ദാനമായി തന്ന പ്രകൃതിയെ നിലനിര്‍ത്താനാകാതെ സ്വര്‍ഗത്തിലെ തങ്കത്തെരുവീഥികളെപ്പറ്റി പ്രസംഗിച്ചിട്ടെന്തു കാര്യം?

കണ്‍വന്‍ഷന്‍ വേദിയില്‍ വന്നിരുന്ന് പൊതുജനങ്ങളുടെ സല്യൂട്ടുകള്‍ സ്വീകരിക്കുന്ന എം. പി. മാര്‍, എം. എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് നേതാക്കന്മാര്‍, നിങ്ങള്‍ നിയമം അനുസരിച്ചാല്‍  “മണല്‍ മാഫിയ”യെന്ന് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പ്രകൃതിവിരുദ്ധരായ അധമന്‍മാരെ തളെയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ “ജനപ്രതിനിധി” എന്ന സ്ഥാനത്തിനെന്തര്‍ത്ഥം?

മതഭേദമില്ലാതെ എല്ലാ ആരാധനാ സ്ഥലങ്ങളും പരിസ്‌ര മലിനീകരണമില്ലാതെ പരിപാലിക്കേണ്ടത് ഗവണ്മെന്റിന്റെ പ്രാഥമിക കടമയയെന്ന് നിങ്ങള്‍ തിരിച്ചറിയുക. ഇത് അറിയാത്തവരെ പൊതുവ ഒരു പേര് വിളിക്കാം “മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാക്കള്‍ “.

കോടികള്‍ കൊയ്യുന്ന ദേവസ്വം ബോര്‍ഡ്, നിങ്ങള്‍ നാളിതു വരെയായി ശബരിമലയുടെ വികസനത്തിനു എന്തു ചെയ്തു? മാരാമണ്ണിന്റെ മാര്‍ത്തോമാസഭയെ! സഭാനേതൃത്വങ്ങളുടെ ജന്മനാടല്ലേ ഈ കോഴഞ്ചേരി, കുമ്പനാട്? ഒക്കെ പേരു പറയുന്നവരെ! നിങ്ങള്‍ എന്തു ചെയ്തു?.

കേരളത്തിന്റെ നേതൃത്വമെന്നവകാശപ്പെടുന്ന പത്തനംതിട്ടയുടെ ഉത്പന്നങ്ങളായവരെ നിങ്ങള്‍ക്ക് അയ്യോ കഷ്ടം?

ഈശ്വരന്‍ സൃഷ്ടിച്ച ഈ ഭൂതലത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ വരും തലമുറകള്‍ക്ക് അതു കാട്ടിക്കൊടുക്കാന്‍ നിങ്ങള്‍ കടപ്പെട്ടവരാണ്. സുബോധം നഷ്ടപ്പെട്ട ജനതയോട് ഒരു യാചന. കോഴഞ്ചേരി മുതല്‍ ശബരിമലവരെ മണല്‍ വാരാതെ, ഈ പമ്പയെയും തീരങ്ങളെയും സംരക്ഷിക്കാന്‍ വാവരുടെയും, അയ്യപ്പന്റെയും ക്രിസ്തുവിന്റെയും നാമത്തില്‍ അപേക്ഷിക്കുന്നു. ഇതു നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍വമതക്കാരെ! സര്‍വരാഷ്ട്രീയക്കാരെ! കുളിക്കാതെ കോണകം പുരപ്പുറത്തിട്ട് ഉപജീവനം നടത്തുന്ന പരപീഡകള്‍ ആണ് നിങ്ങള്‍.

നിങ്ങളുടെ ആത്മാക്കള്‍ സ്വര്‍ഗരാജ്യത്തിലുണ്ടാകില്ല , നരകത്തിലും കാണില്ല, ശാപമോക്ഷം ലഭിക്കാതെ ഈ ഭൂതലത്തില്‍ അനാഥപ്രേതങ്ങളായി അലയും.!
പമ്പാതീരത്തിലെ ഹിന്ദുമതവും മാരാമണ്‍ കണ്‍വന്‍ഷനും (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
വിദ്യാധരൻ 2017-02-20 19:02:53
കർത്താവിന് ആയിരം ആയിരം സ്തോത്രം . തെക്കമുറിക്ക് ഇപ്പോഴെങ്കിലും വെളിപാടുണ്ടായല്ലോ  അയ്യപ്പന്മാരും മാരമണ്ണിലെ ഭക്തന്മാരും എല്ലാം ദൈവവുമായി യുദ്ധത്തിലാണെന്ന്.   

സൃഷ്ടി സൃഷ്ടാവിന്റെ മഹത്ത്വത്തെ വർണ്ണിക്കുന്നു എന്ന്  പൗലോസ് പറഞ്ഞിട്ടില്ലേ.

ആകാശം ദൈവത്തിന്‍റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.. (സങ്കീർത്തനം 19 )
 
ക്രൈസ്തവർ തിരഞ്ഞെടുത്തു വിട്ട ട്രമ്പ് പറയുന്നത്  കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്നാണ് . ഓസോൺ ലെവൽ കൂടുമ്പോൾ അൾട്രാ വയലറ്റ് റെയ്‌സ് ഭൂമിയിൽ അതിവേഗം എത്തുകയും അത് മാരകമായ ക്യാൻസർ രോഗത്തിന് കാരണമാകുകയും ചെയ്യുന്നു . ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണ്ണിക്കുന്നു എന്ന് സങ്കീർത്തനക്കാരൻ പറയുന്നു . ആരുകേൾക്കാന? മഞ്ഞ മഴയും പച്ച മഴയും ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നതാണോ അതോ മലിനീകരണത്തിന്റെ ഭാഗമോ  

അതുകൊണ്ടു ആറുമുളയിൽ പ്‌ളെയിൻ ഇറക്കാനും ശബരിമലയിൽ ഹെലികോപ്ടർ ഇറക്കാനുമുള്ള ശ്രമമം ഉപകേഷിക്കാൻ സുഹൃത്തുക്കളോട് പറയണം. പ്രകൃതി ഈശ്വരനാണ്. അതിനിട്ടു പാര വച്ചിട്ട് ശബരിമല കയറിയിട്ടൊ മണൽപരപ്പിന്റെ പുറത്തിരുന്നു കൈകൊട്ടി പ്രാത്ഥിച്ചിട്ടോ ഒരു പ്രയോജനവും ഇല്ല . ശബരിമലയിൽ രണ്ടുകോടി ഭക്തന്മാർ വന്നുപോയി മാരാമൺ കൺവൻഷനിൽ നാലുകോടി വന്നുപോയി എന്നൊക്കെ പറഞ്ഞു ആശ്വാസം കൊള്ളുകയും ഈശ്വരാ അനുഗ്രഹമായി ചിത്രീകരിച്ചു ആശ്വാസം കൊള്ളാം 

എന്തായാലും സത്യം വിളിച്ചുപറയുന്ന പ്രവാചക ശബ്ദം ഞാൻ കേൾക്കുന്നു. ഒരു പക്ഷെ പള്ളി ഭൃഷ്ടനാകാൻ സാധ്യത ഉണ്ട് 

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം 
പ്രിയം ച നാ നൃതം ബ്രൂയാത്
ഏഷ ധർമ്മ സനാതന (മനുസ്‌മൃതി )

കുമാരനാശാന്റെ പരിഭാഷ 

സത്യം ചൊൽക ഹിതം ചൊൽക 
ചൊൽകായ്കഹിതമുള്ളതും 
ഹിതമാം പൊളിയും ചൊല്ലായ്-
കിതെ ശാശ്വതധർമമാം  

എന്തായാലും സത്യം വിളിച്ചുപറയാൻ കാണിക്കുന്ന തന്റേടത്തെ അഭിനന്ദിക്കുന്നു 

T.P.Mathew 2017-02-21 10:14:41

തെക്കേമുറി പറഞ്ഞ സത്യങ്ങൾ ഒന്നും ഇവന്മാർക്ക് അറിയാത്തതല്ല, പിന്നെയോ ഇരുട്ടുകൊണ്ടു ഓട്ട അടക്കുന്ന നേതാക്കന്മാർ.
സഹതപിക്കാം അല്ലാതു എന്ത് ചെയ്യാൻ സാധിക്കും. ഇന്നത്തെ തലമുറയുടെ വിധി
പിന്നെ വേദപുസ്തകം സത്യം ആണല്ലോ. അതുകൊണ്ടു ഇതൊക്കെ സംഭവിക്കേണ്ടതു തന്നെ.
\\\"മിണ്ടാതിരുന്നു ഞാൻ യഹോവ എന്ന് അറിഞ്ഞുകൊള്ളുവിൻ\\\"

T. P. Mathew 2017-02-21 10:33:14


വേദപുസ്തകം സത്യം ആണല്ലോ. അതുകൊണ്ടു ഇതൊക്കെ സംഭവിക്കേണ്ടതു തന്നെ.
"മിണ്ടാതിരുന്നു ഞാൻ യഹോവ എന്ന് അറിഞ്ഞുകൊള്ളുവിൻ"  psalms  46 :10

.തെക്കേമുറി പറഞ്ഞ സത്യങ്ങൾ ഒന്നും ഇവന്മാർക്ക് അറിയാത്തതല്ല, പിന്നെയോ ഇരുട്ടുകൊണ്ടു ഓട്ട അടക്കുന്ന നേതാക്കന്മാർ.
സഹതപിക്കാം അല്ലാതു എന്ത് ചെയ്യാൻ സാധിക്കും. ഇന്നത്തെ തലമുറയുടെ വിധി


.


 
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക