Image

തമിഴ്‌നാട്ടില്‍ നിന്നും ഒടുവില്‍ കേട്ടത് (പകല്‍ക്കിനാവ്-39: ജോര്‍ജ് തുമ്പയില്‍)

Published on 20 February, 2017
തമിഴ്‌നാട്ടില്‍ നിന്നും ഒടുവില്‍ കേട്ടത് (പകല്‍ക്കിനാവ്-39: ജോര്‍ജ് തുമ്പയില്‍)
ദ്രാവിഡ മുന്നേറ്റത്തിന്റെ ചരിത്രം ഏറെ കേട്ട തമിഴ്‌നാട്ടില്‍ നിന്നുള്ള വാര്‍ത്തകളോട് നമുക്ക് ചെവി കൊട്ടി അടക്കാനാവില്ല. അവിടെ ദൈവത്തിന്റെ ഇടപെടല്‍ അത്ര വലുതാണെന്നു തോന്നുന്നു. അല്ലെങ്കില്‍ പിന്ന, ഓര്‍ത്തു നോക്കൂ കരുണാനിധി മരിച്ചു കാണണമെന്ന് ഏറെ ആഗ്രഹിച്ച ജയലളിതയ്ക്ക് സംഭവിച്ചതെന്താണ്. മുഖ്യമന്ത്രിയാകണമെന്ന് ഏറെ മോഹിച്ച ശശികലയ്ക്ക് സംഭവിച്ചതെന്താണ്? ശശികല എപ്പിസോഡ് ഏറെ സംശയത്തിനു വഴിവെക്കുന്നതാണെങ്കിലും ഇവിടെ പറയാനുദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. (1991 -1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് കേസ്സിലെ മറ്റു പ്രധാന പ്രതികള്‍.)

ദ്രാവിഡ മുന്നേട്ര കഴകം എന്ന പാര്‍ട്ടി കാര്യ സാധ്യത്തിനായി പിന്നീട് അന്നാ ദ്രാവിഡ മുന്നേട്ര കഴകമായി. പിന്നെയുമത് ഓള്‍ ഇന്ത്യ അന്ന ദ്രാവിഡ മുന്നേട്ര കഴകമായി. ഇപ്പോഴത് എന്തായി മാറുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

കാരക്കലിനും തഞ്ചാവൂരിനും അടുത്തുള്ള തിരുത്തുറൈപ്പൂണ്ടി എന്ന കാര്‍ഷിക ഗ്രാമം. (ഇന്നത് മുനിസിപ്പാലിറ്റിയാണ്) മന്നാര്‍ഗുഡി, തിരുവണ്ണൂര്‍, മുത്തുപ്പേട്ട്, വേദാരണ്യം, വേളാങ്കണ്ണി, നാഗപ്പട്ടണം എന്നിവയോടൊക്കെ ചേര്‍ന്നു കിടന്ന ഈ ഗ്രാമത്തില്‍ നിന്നാണ് വി.കെ ശശികല എന്ന പെണ്‍കുട്ടി ജനിച്ചത്. 1957-ലായിരുന്നു അത്. വിവേകാനന്ദന്റെയും കൃഷ്ണവേണിയുടെയും മകള്‍. ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ആശീര്‍വാദത്തോയായിരുന്നു ശശികലയുടെ വിവാഹം നടന്നത്. വരന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്ന എം. നടരാജന്‍. ഗൂഡല്ലൂര്‍ ജില്ല കളക്ടറായിരുന്ന വി.എസ്. ചന്ദ്രലേഖ ഐപിഎസ് എന്ന സ്ത്രീയുമായി ഉണ്ടായിരുന്ന അടുത്ത ബന്ധമാണ് നടരാജന്റെയും പിന്നീട് ശശികലയുടെയും ജീവിതം മാറ്റി മറിച്ചത്. ചന്ദ്രലേഖയ്ക്ക് എംജി ആറുമായുള്ള തീവ്രബന്ധമായിരുന്നു അവരെ ജയലളിതയുടെയും പ്രിയപ്പെട്ടവരാക്കിയത്. എന്നാല്‍ ഈ ചന്ദ്രലേഖ പിന്നീട് ജനതാപാര്‍ട്ടിയിലേക്ക് കാലുമാറി. നാലു വര്‍ഷത്തോളം സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ സജീവ അംഗം. ഈ ചന്ദ്രലേഖ മൈലാപ്പൂരില്‍ നിന്നും 2006-ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും 2897 വോട്ടുകള്‍ മാത്രം. ഈ ചന്ദ്രലേഖയുടെ കാര്യം അവിടെ നില്‍ക്കട്ടെ.

ശശികലയിലേക്ക് തിരിച്ചു വരാം. അങ്ങനെ, നാം കാണുന്നതും കേള്‍ക്കുന്നതും പോലെ ശശികല തുടക്കം മുതല്‍ക്കു തന്നെ ജയലളിതയുടെ പെട്ടി തൂക്കി നടക്കുന്ന ഒരു വേലക്കാരി ആയിരുന്നില്ലെന്നതാണ് സത്യം. അവര്‍ക്ക് തുടക്കം മുതല്‍ക്കു തന്നെ ജയലളിതയുടെ ബെനാമി സ്ഥാനം ലഭിച്ചിരുന്നു. ഭര്‍ത്താവ് നടരാജന്‍ ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയതോടെ, കാര്യസാധ്യത്തിനായി ശശികല മാത്രം മനസ്സു വിചാരിച്ചാല്‍ തമിഴ്‌നാട്ടില്‍ എന്തും നടക്കുമെന്നായി.

ഇനി ജയലളിത എങ്ങനെ പാര്‍ട്ടിയിലേക്ക് വന്നുവെന്നത് നോക്കിയാല്‍ മതി- അതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നു മനസ്സിലാവും. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ പാര്‍ട്ടിയില്‍ ഒന്നുമല്ലാതാക്കി കൊണ്ടായിരുന്നു ജയലളിത സര്‍വ്വാധിപതിയായത്. പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പിനു വഴിവെച്ചു കൊണ്ട് എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകീ രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ അവകാശവാദമുന്നയിച്ചുവെങ്കിലും അന്ന് ജയ വിട്ടു കൊടുത്തില്ല. 1989-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡി.എം.കെ. അധികാരത്തിലെത്തി. ഡി.എം.കെ.യുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് ശത്രുക്കളൊന്നും തന്നെ ഇല്ലാതായി. 1991-ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി.

എന്നാല്‍ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണ കാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും, അവര്‍ക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. ജയലളിതയുടെ ഭരണ കാലത്ത് നടത്തിയ അഴിമതികളുടെ പേരില്‍ അവര്‍ അറസ്റ്റു ചെയ്യപ്പെട്ടു. ജയലളിതയ്‌ക്കെതിരായ കേസ്സുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. 2001ലെ തിരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസ്സുകളില്‍ വിചാരണ നേരിടുന്ന അവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചത്. എങ്കിലും എ.ഐ.ഡി.എം.കെ. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു.

ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചു. ഇത് ഏതാണ്ട് നാല് മാസം നീണ്ടുനിന്ന നിയമ യുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യത ഇല്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രീം കോടതി (ഇന്ത്യ) വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നു തന്നെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. സംഭവ ബഹുമലമായിരുന്നു അവര്‍ അധികാരത്തിലിരുന്ന നാലു മാസങ്ങള്‍. മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അവര്‍ അറസ്റ്റു ചെയ്തു. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ രാജിവെച്ചൊഴിഞ്ഞത്.

ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നതും അതു തന്നെയാണ്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകണം. വിമതര്‍ പുറത്തുപോകണം, പാര്‍ട്ടി തോല്‍ക്കണം. ആ സമയത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി കൊണ്ട് അനിഷേധ്യ നേതാവായി മാറണം. തിരിച്ച് മുഖ്യമന്ത്രിയാവണം. ശശികല ലക്ഷ്യമിടുന്നതും അതൊക്കെ തന്നെ. ബിജെപിയുടെ ഇടപെടലാണ് പനീര്‍ശെല്‍വത്തെ കൊണ്ട് ഇതൊക്കെ ചെയ്തതെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ അതു ശരിയാവാന്‍ ന്യായമില്ല. ജയലളിതയുടെ ശരീരം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി തലയില്‍ തൊട്ട് ആശ്വസിപ്പിച്ചത് ആരെയായിരുന്നുവെന്നു പഴയ ടിവി വിഷ്വല്‍സ് കണ്ടത് ഓര്‍മ്മിക്കുന്നവര്‍ക്ക് ഈ തിരക്കഥയുടെ പൂര്‍ണ്ണരൂപം പിടികിട്ടും. അന്ന് ശശികലയായിരുന്നു മോദിയുടെ ആശ്വാസത്തിനു പാത്രമായത്. പിന്നെ ഇപ്പോഴെന്തിനീ നാടകം എന്നാണെങ്കില്‍- പൊതുജനം എന്നൊരു സാധനമുണ്ടല്ലോ. അവരെ നേരിടണം എന്നൊരു കീഴ്‌വഴക്കം ഉള്ളതു കൊണ്ട് ഇതൊക്കെയും (അല്ലറ ചില്ലറ) സാഹസം ചെയ്‌തേ തീരു. കാരണം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയാകാനുള്ള മാജിക്കൊന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇല്ലല്ലോ.

ഈ സ്ഥിതിയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ അമേരിക്കയില്‍ സംഭവിച്ചതു തന്നെ (ഹിലരി ജയിക്കുമെന്ന സ്ഥിതിയില്‍ റിസല്‍ട്ട് വന്നപ്പോള്‍ മിസ്റ്റര്‍ പ്രസിഡന്റ് അധികാരത്തിലെത്തി) ചെന്നൈയിലും നടന്നേനെ. മതിലും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയ അവസ്ഥ വിവേകാനന്ദന്‍ ശശികല എന്ന അറുപതുകാരിക്ക് നേരിടേണ്ടി വന്നേനെ. അതു കൊണ്ടാണ് അഴിമതി കേസിനു കാരണക്കാരനായ സാക്ഷാല്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഉപദേശം സ്വീകരിച്ചു കൊണ്ട് തന്നെ ശശികല നേരെ ബാംഗ്ലൂരിലേക്ക് പോയത്. അല്ലാതെ, ബിജെപിയുടെ കലക്കവെള്ളത്തിലെ മീന്‍പിടുത്തം എന്ന ഫോര്‍മുലയാണ് ചെന്നൈയില്‍ കാര്യങ്ങള്‍ ഈ നിലയ്ക്ക് എത്തിച്ചത് എന്ന് മുക്കിനും മൂലയിലുമിരുന്നു പറയുന്നത് വ്യര്‍ത്ഥമാണെന്നു മാത്രം തിരിച്ചറിയുക.
തമിഴ്‌നാട്ടില്‍ നിന്നും ഒടുവില്‍ കേട്ടത് (പകല്‍ക്കിനാവ്-39: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക