Image

സുവര്‍ണ്ണ ജൂബിലി ആഘോഷവും എപ്പിസ്‌കോപ്പാമാര്‍ക്ക് സ്വീകരണവും

Published on 22 February, 2012
സുവര്‍ണ്ണ ജൂബിലി ആഘോഷവും എപ്പിസ്‌കോപ്പാമാര്‍ക്ക് സ്വീകരണവും
കുവൈറ്റ്: കുവൈറ്റിലെ അഞ്ചു മാര്‍ത്തോമാ ഇടവകകളിലെയും വിശ്വാസികളുടെ കൂട്ടായ്മയായ മാര്‍ത്തോമാ സഭാ കുവൈറ്റ് പ്രവാസി സംഗമം 2012 ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ റിഗ്ഗായ്, റമദാ ഹോട്ടലിലെ അല്‍-തഹരീര്‍ റൂമില്‍ നടക്കും. തദ്ദവസരത്തില്‍ മാര്‍ത്തോമ സഭയിലെ എപ്പിസ്‌കോപ്പാമാരായ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തുസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്നതും കുവൈറ്റിലെ ആദ്യ മാര്‍ത്തോമാ ഇടവക രൂപീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിക്കപ്പെടും. 

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡല്‍ഹി ഭദ്രാസന അധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും. പ്രൊഫ. പി.ജെ. കുര്യന്‍ എംപി, വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ റാജിക്ക്, ഇന്ത്യന്‍ അംബാസിഡര്‍ സതീഷ് സി. മേത്ത, റവ. ഇമ്മാനുവേല്‍ ബി. ഗരീബ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

24-ന് വെള്ളിയാഴ്ച രാവിലെ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത സെന്റ് പീറ്റേഴ്‌സ് ഇടവകയിലും ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ സെന്റ് തോമസ് ഇടവകയിലും ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ സെന്റ് ജോണ്‍സ് ഇടവകയിലും ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ സെന്റ് ജെയിംസ് ഇടവകയിലും ഡോ. തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പ അഹമ്മദി ഇടവകയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 

24-ന് വൈകുന്നേരം അഞ്ചിന് സംയുക്ത ആരാധനയോടുകൂടിയാണ് പൊതുസമ്മേളനം ആരംഭിക്കുന്നത്. ആരാധനമധ്യേ സ്‌തോത്രക്കാഴ്ച ഉണ്ടായിരിക്കും. അന്നേദിവസം ലഭിക്കുന്ന സ്‌തോത്രക്കാഴ്ച നിര്‍ധനരായ രോഗികളെ സഹായിക്കുന്ന സ്‌നേഹകരം പദ്ധതിക്കായി നല്‍കുന്നതാണ്. സ്‌ത്രോത്രക്കാഴ്ചയ്ക്കായി നല്‍കുന്ന കവറുകള്‍ സമ്മേളനസ്ഥലത്തെ ആരാധനയില്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് അവരവരുടെ പള്ളികളിലെ ആരാധനയില്‍ സമര്‍പ്പിക്കാവുന്നതാണ്. പത്തുലക്ഷം രൂപയാണ് ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്നത്. 

കുവൈറ്റ് മാര്‍ത്തോമാ പ്രവാസി സംഗമത്തിന്റെ ഭാഗമായി കറ്റാനം സെന്റ് തോമസ് മിഷന്‍ ഹോസ്പിറ്റലില്‍ ഒരു ബ്ലഡ് ബാങ്ക് സ്ഥാപിക്കുന്നതിനും നിശ്ചയിച്ചിരിക്കുന്നു. സഭയുടെ വളര്‍ന്നുവരുന്ന ഈ ഹോസ്പിറ്റലില്‍ ബ്ലഡ് ബാങ്കിന്റെ അപര്യാപതതമൂലം അനേകം രോഗികള്‍ ക്ലേശമനുഭവിക്കുന്നു. കറ്റാനത്തെത്തുന്ന രോഗികള്‍ക്ക് രക്തം ആവശ്യമായി വരുമ്പോള്‍ ദീര്‍ഘദൂരം യാത്ര ചെയ്താണ് ഇത് സമാഹരിക്കുന്നത്. രക്തദാനവും അനുബന്ധ സംവിധാനവും ജീവന്‍ രക്ഷാ ശുശ്രൂഷയാണെന്ന് തിരിച്ചറിഞ്ഞ് ഏവരും സഹായിക്കണം. ബ്ലഡ് ബാങ്ക് നിര്‍മാണത്തിന് 20 ലക്ഷം രൂപയാണ് ആവശ്യം. 

റിപ്പോര്‍ട്ട്: സിദ്ധിക്ക് വലിയകത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക