Image

ആത്മീയതയുടെ പരിപാവനമായ മാരാമണ്‍ മണല്‍പ്പുറത്ത് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാള്‍ മംഗളങ്ങള്‍

Published on 18 February, 2017
ആത്മീയതയുടെ പരിപാവനമായ മാരാമണ്‍ മണല്‍പ്പുറത്ത് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാള്‍ മംഗളങ്ങള്‍
മാരാമണ്‍: ദൈവം എനിക്കു വലിയ കഴിവുകളൊന്നും തന്നിട്ടില്ല, എന്നാല്‍ ധാരാളം അനുഗ്രഹങ്ങള്‍ നല്‍കി. 99 വര്‍ഷം ഈ ലോകത്തില്‍ ജീവിക്കാനായതിനെക്കുറിച്ച് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കു പറയാന്‍ ദൈവകൃപയുടെ അനുഭവങ്ങള്‍ മാത്രം. മാരാമണ്‍ കണ്‍വന്‍ഷനില്‍ 18ന് രാവിലെ അദ്ദേഹത്തിന് നൂറാം ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ മറുപടി പ്രസംഗം സ്വതസിദ്ധമായ നര്‍മ ശൈലിയില്‍ തന്നെയായിരുന്നു. യഹോവ എനിക്കു ചെയ്ത ഉപകാരങ്ങള്‍ക്കു ഞാന്‍ എന്തുപ്രതിഫലം നല്‍കും. രക്ഷയുടെ പാനപാത്രം എടുത്ത് സകല ജനവും കാണ്‍കെ എന്റെ നേര്‍ച്ചകളെ കഴിക്കുമെന്ന വേദപുസ്തക വാക്യം ഉദ്ധരിച്ചാണ് വലിയ മെത്രാപ്പോലീത്ത പ്രസംഗം ആരംഭിച്ചത്.

മാരാമണ്‍ മണല്‍പ്പുറവുമായുള്ള ബന്ധം താന്‍ അമ്മയുടെ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മുതല്‍ ആരംഭിച്ചതാണ്. താന്‍ ഗര്‍ഭത്തിലുള്ളപ്പോള്‍ എന്റെ അമ്മയും അപ്പനും കൂടി മാരാമണ്‍ കണ്‍വന്‍ഷനിലെത്തി. സാധു സുന്ദര്‍സിംഗിന്റെ പ്രസംഗം കേള്‍ക്കാനാണെത്തിയത്. മണല്‍പ്പുറത്തിരുന്ന അമ്മയും യോഗത്തിന്റെ ക്രമീകരണങ്ങളായിരുന്ന പിതാവും ഒരേസമയം ഒരു പ്രാര്‍ഥന നടത്തി. പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണാണെങ്കില്‍ അവനെ ദൈവവേലയ്ക്കു സമര്‍പ്പിക്കാമെന്നതായിരുന്നു. സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞുങ്ങളെ അയയ്ക്കണമെന്ന സാധുസുന്ദര്‍സിംഗിന്റെ ആഹ്വാനമാണ് രണ്ടുപേരെയും ഒരേസമയം ഇത്തരത്തില്‍ പ്രേരിപ്പിച്ചത്. സാധു സുന്ദര്‍സിംഗിനെ താന്‍ കണ്ടിട്ടില്ലെങ്കിലും അന്നു മുതല്‍ അദ്ദേഹവുമായി എനിക്കു ബന്ധമായി.

സഭയുടെ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞത് ദൈവകൃപയിലാണ്. ദൈവത്തോടു മറുതലിക്കാത്ത ഒരു ദിവസം പോലുമില്ല. എന്നാല്‍ ദൈവം ഇതേവരെ തന്നോടു മറുതലിച്ചിട്ടില്ലെന്ന് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. മാര്‍ത്തോമ്മാ സഭയില്‍ ജനിക്കാനായതും ഈ വിശ്വാസത്തില്‍ വളരാന്‍ കഴിഞ്ഞതും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി. മുകളില്‍ ചെല്ലുമ്പോള്‍ ഇനി ലോകത്തേക്ക് അയയ്ക്കാന്‍ ദൈവം തയാറായാല്‍ കഴിഞ്ഞ നൂറു വര്‍ഷം താന്‍ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെ തുടരാന്‍ അനുവദിക്കണമെന്നതായിരിക്കും തന്റെ മറുപടിയെന്നും മാര്‍ ക്രിസോസ്റ്റം പറഞ്ഞു. സാധാരണക്കാരനായ എന്നെ അസാധാരണക്കാരനാക്കിയെങ്കില്‍ അതു ദൈവം മാത്രമാണ്. 

കാന്‍സര്‍ രോഗം വന്നപ്പോള്‍ എന്നെ ചികിത്സിച്ചവര്‍ ഉള്‍പ്പെടെ ഞാന്‍ മരിക്കുമെന്നു പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി ഓരോദിവസവും രോഗം മാറുകയായിരുന്നു. ഇതിനു കാരണം തേടിയപ്പോള്‍ നിരവധിയാളുകളുടെ പ്രാര്‍ഥനയാണെന്നു വ്യക്തമായി. രോഗം ഭേദപ്പെട്ട് അരമനയിലെത്തിയ എന്നെ കാണാന്‍ വന്നവരോടു ഞാന്‍ പറഞ്ഞത് നിങ്ങള്‍ എന്നെ കാണാന്‍ വന്നുവെന്ന് പറയരുത്. നിങ്ങളുടെ പ്രാര്‍ഥനയുടെ പ്രതിഫലം കാണാനെത്തിയെന്നു പറഞ്ഞാല്‍ മതിയെന്ന്. പന്തലിന്റെ മുന്‍നിരയില്‍ രണ്ട് കുട്ടികളെക്കൂടി വിളിച്ചാണ് കേക്ക് മുറിച്ചത്. മുറിച്ച കേക്ക് ആദ്യം കുട്ടികള്‍ക്ക് നല്‍കി. പിന്നീട് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വലിയ മെത്രാപ്പോലീത്തയ്ക്കും തിരികെയും കേക്ക് കക്ഷണം ചുണ്ടിലേക്കു വച്ചുനല്‍കി.

Join WhatsApp News
വിദ്യാധരൻ 2017-02-19 20:25:51
 പമ്പായും അതിന്റെ മണൽത്തരികളും  പുണ്യമെന്നു കവികൾ  ഒരിക്കല്‍ പാടിപ്പുകഴ്‍ത്തിയ പമ്പയെ ഇന്നു അങ്ങനെ പറയാനാകില്ല. ഓരോ മണ്ഠലകാലവും മാരാമൺ കൺവെൻഷനും  പുണ്യം ചോരുന്ന പമ്പയെ  കൂടുതല്‍ മലിനമാകുന്നു. മകരവിളക്ക് കാലത്ത് നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ മൂന്ന് ലക്ഷത്തിലധികം കോളിഫോം ബാക്ടീരിയ ആണ് കണ്ടെത്തയത്. മനുഷ്യവിസര്‍ജ്ജ്യങ്ങളില്‍ നിന്നാണ് കോളിഫോംബാക്ടീരിയ ഉണ്ടാകുന്നത്. പമ്പയെ മലീമസമാക്കുന്നതില്‍ പ്രധാനവും മനുഷ്യവിസര്‍ജ്ജ്യം തന്നെ. മില്ലിലിറ്റര്‍ ജലത്തില്‍ ഒരു കോളിഫോം ബാക്ടീരിയ തന്നെ അപകടകരമാണെന്നിരിക്കെ ഉയര്‍ന്നു വരുന്ന ഈ തോത് പമ്പയും വിഷലിപ്‍തമാണ് എന്ന ആശങ്കയാണ് പങ്കുവെയ്‌ക്കുന്നതും.  ആത്മീയതയുടെ ഭാഗമാണ് ശുചിത്വ ബോധം ഉണ്ടാക്കിയെടുക്കുക എന്നത്.  അതിനു മത നേതാക്കൾ മുൻ കയ്യെടുക്കണം അല്ലെങ്കിൽ അനേകം സാധാരണക്കാർ രോഗബാധിതരായി തീരും. അത് അയ്യപ്പനും യേശുവിനും ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല . 
ഒന്നാമതെ സ്ത്രീകളെ മാറ്റി നിറുത്തിയുള്ള ആരാധനയിൽ അയ്യപ്പനും യേശുവിനും നീരസം ഇല്ലാതില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക