Image

ന്യൂസിലാന്‍ഡില്‍ വിഭൂതി തിരുനാള്‍ ആഘോഷിച്ചു

Published on 22 February, 2012
ന്യൂസിലാന്‍ഡില്‍ വിഭൂതി തിരുനാള്‍ ആഘോഷിച്ചു
ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വിഭൂതി തിരുനാള്‍ ആഘോഷിച്ചു. ഫെബ്രുവരി 20ന് (തിങ്കള്‍) വൈകുന്നേരം ഏഴിന് എപ്‌സം കാത്തലിക് പള്ളിയില്‍ നടന്ന അനുതാപ ശുശ്രൂഷക്ക് മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടുങ്കര സിഎസ്എസ്ആര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഹെലന്‍സ്‌വില്‍ സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. മാത്യു വടക്കേവെട്ടുകുഴിയില്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് ഭസ്മം ആശീര്‍വദിച്ച് നെറ്റിയില്‍ കുരിശടയാളം വരച്ചതോടെ വിശ്വാസികള്‍ നോമ്പിന്റെ ചൈതന്യത്തിലേയ്ക്ക് പ്രവേശിച്ചു. 

നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ഏഴിന് എപ്‌സം കാത്തലിക് പള്ളിയില്‍ മലയാളം കുര്‍ബാനയും തുടര്‍ന്ന് ആഘോഷമായ കുരിശിന്റെ വഴിയും നടക്കും. മാര്‍ച്ച് 30 ന് (വെള്ളി) കുരിശിന്റെ വഴി സണ്‍ഡേസ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കും. നോമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 18 മുതല്‍ 21 വരെ വൈകുന്നേരങ്ങളില്‍ എപ്‌സം കാത്തലിക് പള്ളിയില്‍ നടക്കും. 

തൃശൂര്‍ ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് സിഎംഎം ധ്യാനത്തിന് നേതൃത്വം നല്‍കും. ധ്യാനത്തില്‍ പങ്കെടുത്ത് പരിത്യാഗ പ്രവര്‍ത്തികള്‍ ചെയ്തും മനോഭാവങ്ങളില്‍ മാറ്റം വരുത്തിയും നോമ്പുകാലത്ത് എല്ലാവരും ജീവിത നവീകരണം സാധ്യമാക്കണമെന്ന് ഫാ. ജോയി ഉദ്‌ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക