Image

പ്രണയം ആഘോഷമാക്കിയ എന്റെ കൗമാരം (പി.ടി പൗലോസ്)

Published on 13 February, 2017
പ്രണയം ആഘോഷമാക്കിയ എന്റെ കൗമാരം (പി.ടി പൗലോസ്)

പ്രണയം ആഘോഷമാക്കിയ ഒരു ബാല്യ -കൗമാര കാലം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയത്തിന്റെ പ്രമദവനങ്ങളിൽ  പാറിക്കളിച്ച വർണ്ണശലഭങ്ങൾ എന്റെ ഹ്രദയവീണയുടെ മൃദുലതന്ത്രികളിൽ സപ്തസ്വരങ്ങളുടെ കുളിർമഴ പെയ്യിച്ചു. അത് ഒരു രാഗപരാഗമായി എന്റെ ആൽമാവിനെ ഇപ്പോഴും ഇക്കിളിയിട്ടുണർത്തുന്നു.

കാലത്തിന്റെ കറ പുരളാത്ത ആ മുത്തുമണികൾ ഓരോന്നായി ഓർമയുടെ സ്പടികത്തിളക്കത്തിൽ മിന്നി മറയുമ്പോൾ എന്റെ ആദ്യത്തെ പ്രണയ നായിക വാഴപ്പിള്ളി കുഞ്ഞേലി ആയിരുന്നു. കുഞ്ഞേലി എന്റെ വീടിന് തൊട്ടുതെക്കേതിലെ ഒരു പുതുക്രിസ്തിയാനി പെൺകുട്ടി. അവൾക്ക് അന്ന് എട്ടു വയസ്സ്. എനിക്ക് പത്തു വയസ്സ്. അവൾക്ക് നല്ല കറുപ്പ് നിറം. എനിക്ക് നല്ല വെളുപ്പ്. കറുപ്പും വെളുപ്പും ചേർന്ന ഏതോ ഒരു മാസ്മരികതയുടെ മായാലോകം. സ്കൂൾ വിട്ടുവരുന്ന സായാഹ്നങ്ങളിൽ ഞങ്ങൾ കാവി തോട്ടിൽ കുളിക്കാൻ പോകുമായിരുന്നു. എന്റെ വീടിന് താഴെ ഹരിത വനത്താൽ ചുറ്റപ്പെട്ട ഒരു ദേവി ക്ഷേത്രമുണ്ട്‌ . അതിനെ ചുറ്റിയൊഴുകുന്ന ഒരു തോടും. ഞങ്ങൾ അതിനെ കാവിത്തോട് എന്ന് വിളിക്കുന്നു. കാവിത്തോടിലെ മുതലക്കുഴി ഭാഗത്തെ കുളി ശീലമാക്കിയ ബാല്യത്തിലെ ഏതോ ഒരു ദിവസം.....ഞാൻ തോട്ടിലെ മണൽപ്പുറത്തു ആകാശത്തേക്ക് നോക്കി മലർന്ന് കിടക്കുന്നു. എന്റെ മുകളിലിരുന്ന് കുഞ്ഞേലി മണൽ വാരി കളിച്ചുകൊണ്ടുപറഞ്ഞു :

"എടാ, താഴത്തുമഠത്തിലെ അന്നമ്മച്ചേച്ചിയെ കെട്ടിച്ചുവിട്ടിട്ട് ഇതുവരെ കൊച്ചുണ്ടായില്ല"

"അതിന് കൊച്ചുണ്ടാകാൻ കെട്ടിക്കണോ കുഞ്ഞേലി"

"ഹ, വേണം. ഇവന്റെ ഒരു കാര്യം. ഒരു പൊട്ടനാ നീ"

എന്തോ ഓർമ്മ വന്നപോലെ അവൾ എന്റെ മുകളിൽ നിന്നിറങ്ങി തോട്ടിലിറങ്ങി മുങ്ങി നിവർന്ന് എന്നോട് ചോദിച്ചു : "എടാ നിന്നെ ഞാനങ്ങു കെട്ടട്ടെ ". ഞാൻ പറഞ്ഞു "ആയിക്കോ". അവൾ ഉടനെ കാവിലെ കുറ്റിച്ചെടികൾക്കിടയിൽനിന്നും ഒരു പുല്ലാന്തി വള്ളി പറിച്ചുകൊണ്ടുവന്നു എന്റെ കഴുത്തിൽ കെട്ടിയപ്പോൾ വീട്ടിൽ നിന്നും അമ്മയുടെ വിളി കേട്ടു . അപ്പോൾ അവൾ എന്നെ വിട്ടോടി. ഞാൻ തോട്ടിൽ കുളിച്ചെന്നു വരുത്താൻ ഒന്ന് മുങ്ങി നിവർന്ന് ഒറ്റത്തോർത്തുകൊണ്ടു തല തുടച്ചുകൊണ്ട് അവളുടെ പിറകെയും ഓടി സന്ധ്യക്ക്‌ മുൻപ് വീട്ടിലെത്താൻ.

എന്റെ ആദ്യത്തെ പ്രണയലേഖനം...പ്രണയ ലേഖനം എങ്ങനെ എഴുതണം എന്ന് ഈ മുനികുമാരന് പറഞ്ഞുതന്ന ഒരു അസുരപുത്രൻ ഉണ്ടായിരുന്നു എനിക്ക് കൂട്ടുകാരനായി നാലാം ക്ലാസ്സിൽ. പായിപ്പാട്ട് ഒന്നച്ചൻ എന്ന് വിളിപ്പേരുള്ള പി.വി. യോഹന്നാൻ. അവന് എന്നേക്കാൾ നാലു വയസ്സ് കൂടുതലുണ്ട്. കാരണം അവൻ ഒന്ന് മുതൽ എല്ലാ ക്ലാസ്സിലും ഒരു വർഷം വീതം കൂടുതലായി പഠിക്കും . പൊക്കമുള്ള കുട്ടികളെ ബാക് ബെഞ്ചിൽ ആണ് ഇരുത്താറുള്ളത്. അതുകൊണ്ട് ഞങ്ങൾക്ക് രണ്ടു പേർക്കും ബാക് ബെഞ്ചിൽ ആണ് ഇടം കിട്ടിയത്. രാധാമണി ടീച്ചർ ആണ് നാലാം ക്ലാസ്സിലെ ഞങ്ങളുടെ ക്ലാസ് ടീച്ചർ. അന്നൊക്കെ ടീച്ചറെ ഞങ്ങൾ "സാറെ" എന്നാണ് വിളിക്കാറ്. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി. രാധാമണി സാർ ക്ലാസ്സിൽ വരുമ്പോൾ യോഹന്നാന് ഒരിളക്കം. അവൻ സാറിനെ തന്നെ രൂക്ഷമായി നോക്കികൊണ്ടിരിക്കും. കാല് മുതൽ തല വരെ ഇമ വെട്ടാതെ. അതെന്തിനാണെന്ന് അന്നെനിക്ക് മനസ്സിലായില്ല. എന്നും ഞാനും യോഹന്നാനും ആണ് നേരത്തെ ക്ലാസ്സിൽ വരുന്നത്. ഒരു ദിവസം അവൻ പറഞ്ഞു :

"പൗലോസ്, നമുക്ക് ഒരു എഴുത്തെഴുതണം. രാധാമണി സാറിന് കൊടുക്കാനാണ്. ഞാൻ പറഞ്ഞു തരുന്നത് നീ എഴുതണം"

"അതിന്  നിനക്ക് എഴുതിക്കൂടെ?"

"അത് വേണ്ട. നിന്റെ handwriting ആണ് നല്ലത് "

ഞാൻ കണക്കിന്റെ 200 പേജ് ബുക്കിൽ നിന്നും നല്ല ഒരു ഷീറ്റ് പറിച്ചെടുത്തു. യോഹന്നാൻ പറയുന്നതുപോലെ എഴുതി. രാധാമണി സാറിന്റെ എല്ലാ ശരീര ഭാഗങ്ങളെയും ഞാനൊരിക്കലും കേട്ടിട്ടില്ലാത്ത ഭാഷയിൽ വർണിച്ചു...വടിവൊത്ത നല്ല അക്ഷരത്തിൽ...സാറിനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണെന്ന അടിക്കുറിപ്പോടെ ലേഖനം അവസാനിപ്പിച്ചു . എഴുതിയ കടലാസ്സ് ഭംഗിയായി പടക്കം പോലെ പൂട്ടി സാർ വരുമ്പോൾ എടുക്കാനായി ക്ലാസ്സിലെ മേശപ്പുറത്തു വച്ചു .  സാർ ഓഫീസിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ എന്റെ ഹ്രദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി. ഓടിച്ചെന്ന് ഞാൻ ആ കത്തെടുത്തു  എന്റെ മലയാള പുസ്തകത്തിൽ ഭദ്രമായി ഒളിപ്പിച്ചു, യോഹന്നാന് ഇഷ്ടപ്പെട്ടില്ലെങ്കിലും. ഇന്റെർവെല്ലിന് ഞങ്ങൾ മൂത്രമൊഴിക്കുന്നത് സ്കൂളിന്റെ അരികിലെ കയ്യാലയോട് ചേർന്ന് നിന്നാണ്. പെൺകുട്ടികൾക്ക് മാത്രമേ അന്ന് മൂത്രപ്പുര ഉണ്ടായിരുന്നുള്ളു. രാധാമണി സാറിന്റെ കത്ത് അത്രയ്ക്ക് ഭംഗിയായ അക്ഷരത്തിൽ എഴുതിയത് കൊണ്ട് കീറിക്കളയാൻ മനസ്സ് വന്നില്ല. മൂത്രമൊഴിക്കുന്നതിനോട് ചേർന്ന് എലി തുരന്ന ഒരു മട ഉണ്ടായിരുന്നു. എന്റെ പൊട്ട ബുദ്ധിയിൽ ആ കത്ത് എലിമടയിൽ നിക്ഷേപിച് കുറെ മണ്ണിട്ട് മടയുടെ ദ്വാരം അടച്ചു, ഒരിക്കലും ആ കത്ത് രാധാമണി സാറിന്റെ കണ്ണിൽ പെടാതിരിക്കാൻ. പിറ്റേദിവസം കയ്യാലയുടെ അപ്പുറത്തുള്ള പറമ്പിൽ കന്നാലി തീറ്റുന്ന മേലേപ്പറമ്പിൽ തൊമ്മച്ചൻ ചേട്ടന് ആ കത്ത് കിട്ടി. മട അടച്ചിരുന്നെങ്കിലും എലി വീണ്ടും തുരന്ന് ആ കത്ത് അപ്പുറത്തെ പറമ്പിൽ ചാടിച്ചതാണ് . തൊമ്മച്ചൻ ചേട്ടൻ അങ്ങനെ ആ കത്ത് രാധാമണി സാറിന്റെ കൈകളിൽ എത്തിച്ചു .  പിന്നീടുള്ള എന്റെ നാലാം ക്ലാസ്സിലെ ദിനങ്ങൾ ദുരിതപൂർണമായിരുന്നു .  എങ്കിലും എന്റെ അമ്മയുടെ അടുത്ത പരിചയക്കാരിയായ രാധാമണി സാർ ആ രഹസ്യം എന്റെ അമ്മയോട് ഒരിക്കലും പറഞ്ഞില്ല. ഗതകാല സ്മരണകളുടെ ഭൂതത്താൻ ഭരണി തുറന്നപ്പോൾ പതഞ്ഞു പൊങ്ങിയ രാധാമണി ടീച്ചർ എന്ന പുണ്ണ്യത്തിന് മേൽ ആദരവിന്റെ ആയിരം പുഷ്പദളങ്ങൾ !

ഹൈസ്കൂൾ - കോളേജ് കാമ്പസുകളിൽ പൂത്തുലഞ്ഞ പ്രണയത്തിന് പുതിയ രീതിയും ഭാവവും ആയിരുന്നു .  എന്റെ പ്രണയവർണങ്ങളിലെ രീതിശാസ്ത്രത്തിന് മുട്ടത്തു വർക്കിയുടെ സർഗ്ഗസമ്പന്നതയുടെ നിറപ്പകിട്ടുണ്ടായിരുന്നു . സ്കൂൾ വാർഷിക ദിനത്തിലെ ഡാൻസ് പരിപാടിയിൽ "ചെപ്പുകിലുക്കണ ചങ്ങാതി ...." സ്ഥിരം പാടുന്ന ഇടത്തെ കവിളിൽ കറുത്ത മറുകുള്ള വെളുത്ത മേരിക്കുട്ടി, ലബോറട്ടറി ക്ലാസ്സിലേക്ക് പോകുമ്പോൾ അറിയാതെ പിറകിൽ നിന്നും കാലിൽ ചവിട്ടിയാൽ ഇടതു വശത്തേക്ക് കിറി കോട്ടി കൊഞ്ഞനം കുത്തുന്ന സി.വി . ഏലിയാമ്മ, ഡ്രില്ലിന് വിടുമ്പോൾ 9B യിൽ നിന്നും എന്റെ ചലനങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്ന ചന്ദ്രമണി K നായർ, വെള്ളിയാഴ്ചകളിൽ ആകാശനീല നിറമുള്ള ഓയിൽ നീണ്ട പാവാടയും വെള്ളയിൽ കറുത്ത പുള്ളികളുള്ള നീളൻ ബ്ലൗസുമിടുന്ന 10C യിലെ ഇരുനിറക്കാരി ലീലാമ്മ ഐസക് .  ഇവർക്കെല്ലാം ഞാനെഴുതിയ പ്രണയ ലേഖനങ്ങൾ പാടാത്ത പൈങ്കിളിയുടെയും ഇണപ്രാവുകളുടെയും പട്ടുതൂവാലയുടെയും കരകാണാക്കടലിന്റെയുമൊക്കെ കൊച്ചു കൊച്ചു പതിപ്പുകളായിരുന്നു . 

കോളേജ് തലത്തിൽ, നാലാം ക്ലാസ്സിലെ യോഹന്നാനെപ്പോലെ ഈ കൗമാര ഗന്ധർവനെ എഴുത്തു പഠിപ്പിച്ച ഒരു അസുരപുത്രിയുണ്ടായിരുന്നു. എന്റെ സീനിയർ ആയ വെളുത്തു തടിച്ചു കഴുത്തു കുറുകിയ സുമതിച്ചേച്ചി. സുമതിച്ചേച്ചിക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു. ചേച്ചി എന്നെ ജൂനിയർ പ്രേംനസീർ എന്നാണ് വിളിക്കാറ് .  ഞാനും മോളി എബ്രാഹവും തമ്മിൽ ഇഷ്ടമാണെന്നും ഞങ്ങൾ തമ്മിൽ പ്രേമലേഖനങ്ങൾ കൈമാറാറുണ്ടെന്നും സുമതി ചേച്ചി അറിഞ്ഞു . എല്ലാ പ്രേമവും അവരിൽകൂടി വേണം എന്ന്  കരുതുന്ന പ്രണയത്തിന്റെ മൊത്തക്കച്ചവടമാണ് അവർക്ക് . ഞാനും വഴങ്ങി കൊടുത്തു .  ഞാൻ എഴുതുന്ന പ്രണയ ലേഖനം സുമതി അപ്പ്രൂവ് ചെയ്തതിന് ശേഷം മോളി എബ്രഹാമിന് കൈമാറും .  എനിക്ക് സാഹിത്യം അറിയില്ല, അപ്പിടി അക്ഷരത്തെറ്റാണ് എന്നൊക്കെ സുമതിച്ചേച്ചി പറയുമായിരുന്നു .  ഞാനും മോളി എബ്രാഹവും പ്രണയത്തിന്റെ പൂരപ്പറമ്പിൽ മെത്താപ്പു കത്തിച്ചുല്ലസിക്കുമ്പോഴാണ് എനിക്ക് കോളേജിൽ നിന്നും ചാടി പട്ടാളത്തിൽ പോകുവാൻ അവസരം കിട്ടുന്നത് .  ഞാനും മോളിയും വിരഹത്തിന്റെ വേദന നിറഞ്ഞ കണ്ണുകളിൽ പരസ്പരം നോക്കി മൗനമായി പങ്കുവച്ചു .  അറേബ്യൻ അത്തറിൽ മുക്കിയ മോളിയുടെ ചുവന്ന പട്ടുതൂവാലയിൽ അവളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ വച്ച് തന്ന് എന്നെ അവൾ ഗോവയിലേക്ക് കണ്ണീരോടെ യാത്ര അയച്ചു .  പട്ടാളത്തിൽ ചേരാതെ ഞാൻ ഗോവയിൽ ചുറ്റിത്തിരിഞ് ഒരു മാസം കഴിഞ്ഞു ക്ലാസ്സിൽ ജോയിൻ ചെയ്തപ്പോൾ ഞാനറിഞ്ഞു മോളി എബ്രഹാമിനെ പറവൂർക്കാരൻ ഏതോ ഒരു അവറാച്ചൻ കെട്ടി ബോംബയ്ക്ക് കൊണ്ടുപോയെന്ന് .  അതുകൊണ്ട് അവൾക്ക് അവളുടെ അപ്പൻ ഇട്ട പേര് മാറ്റേണ്ടി വന്നില്ല .  ഇപ്പോഴും മോളി എബ്രഹാം തന്നെ .  മുപ്പതു വർഷങ്ങൾക്കു ശേഷം ബോംബെയിൽ മോളി എബ്രഹാമിന്റെ വീട്ടിൽ  ഗസ്റ്റ് ആയി എനിക്ക് ഒരു ദിവസം താമസിക്കേണ്ടി വന്നത് യാദൃച്ഛികം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക