Image

തമിഴകത്തെ രാഷ്ട്രീയ അസംബന്ധ നാടകം(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 13 February, 2017
തമിഴകത്തെ രാഷ്ട്രീയ അസംബന്ധ നാടകം(ദല്‍ഹികത്ത്  : പി.വി.തോമസ്)
ജയലളിത മരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ ഏകാധിപതിയുമായ പുരച്ചിതലൈവിയുടെ മരണശേഷം തമിഴ്‌നാട് രാഷ്ട്രീയം തിളച്ചു മറിയുന്നത് പ്രതീക്ഷിച്ചതായിരുന്നു. ഇത് ഇനിയും ഒറ്റ നേതാവ് സര്‍വ്വാധിപത്യ പാര്‍ട്ടികളുള്ള പല സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെടും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.
ഇവിടെ ചോദ്യം ഇതാണ്, ആരാണ് ജയലളിതയുടെ ലഗസിയുടെ അനന്തരാവകാശി? ജയലളിതയുടെ പൈതൃകത്തിന്റെ അനന്തരാവകാശിയെന്ന്. ഇത് തന്നെയാണ് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാറും അവകാശപ്പെടുന്നത്.

എന്റെ അഭിപ്രായത്തില്‍ പനീര്‍ ശെല്‍വം ആണ് ജനാധിപത്യ മര്യാദ അനുസരിച്ച് ജയലളിതയുടെ പിന്തുടര്‍ച്ചാവകാശി. കേന്ദ്രഗവണ്‍മെന്റും ബി.ജെ.പി.യും ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍റാവുവും(ബി.ജെ.പി.) അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട് എന്ന കാര്യം മറ്റൊരു യാഥാര്‍ത്ഥ്യം. അത് വഴിയെ ചര്‍ച്ച ചെയ്യാം. ശശികലയ്ക്ക് ജയലളിതയുടെ അനന്തരാവകാശി ആകുവാന്‍ എന്താണ് ജനാധിപത്യപരമായി അവകാശം ഉള്ളത്? അതും പരിശോധിക്കാം. മരുമകള്‍ ദീപ ജയകുമാര്‍ വെറും അപ്രധാന കഥാപാത്രം മാത്രം ആണ്. ഒരു പക്ഷേ, പിന്നീട് എവിടെ നിന്നെങ്കിലും പൊങ്ങി വന്നേക്കാം. പക്ഷേ, തല്‍ക്കാലം യാതൊരു പ്രസക്തിയും ഇല്ല.
ജയലളിത മരിക്കുന്നത് എഴുപത് ദിവസത്തിലേറെ ആശുപത്രിയില്‍ കിടന്നതിന് ശേഷം ആണ്. അവര്‍ തീവ്രപ്രമേഹ രോഗിയായിരുന്നു. പക്ഷേ, ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് അവരെ പോയ്‌സ് ഗാര്‍ഡനിലെ വീട്ടില്‍ വച്ച് ആരോ തള്ളിയിട്ടു എന്ന് ആരോപണം ഉണ്ട്. ശശികലയുടെയും കുടുംബത്തിന്റെയും (മന്നാര്‍ഗുഡി മാഫിയ) ഭരണം ആയിരുന്നു അവിടെയെന്നാണ് സംസാരം. ആശുപത്രിയില്‍ പോലും മറ്റാരെയും ജയലളിതയെ കാണുവാന്‍ ശശികല അനുവദിച്ചിരുന്നില്ല എന്നാണ് സംസാരവിഷയം. എന്തുകൊണ്ട് ഗവര്‍ണ്ണറെ കണ്ടു. ശരിയാണ്. ഭരണം നടത്തിയിരുന്ന ഡമ്മി(പാവ) മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു പോലും ജയലളിതയെ കാണുവാന്‍ അനുവാദം ഉണ്ടായിരുന്നില്ലത്രെ!

ജയലളിതയുടെ മരണശേഷം പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി, സ്വാഭാവികമായും. പക്ഷേ, പിന്നീട് ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയി. അതിനുശേഷം പാര്‍ട്ടി നിയമ സഭാ കക്ഷി അവരെ നേതാവായി/ മുഖ്യമന്ത്രി തെരഞ്ഞെടുത്തു. ഇത് ഫെബ്രുവരി അഞ്ചാം തീയതി ആയിരുന്നു. ഇതുവരെ പനീര്‍ശെല്‍വം എല്ലാത്തിനും പിന്തുണയുള്ള മൂകസാക്ഷി ആയിരുന്നു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൊട്ടിത്തെറിച്ചു ശശികലക്കെതിരായി. അദ്ദേഹത്തെ ശശികല ഭീഷണിപ്പെടുത്തി രാജി വെയ്പ്പിക്കുകയായിരുന്നത്രെ! ജയലളിത പനീര്‍ശെല്‍വം മുഖ്യമന്ത്രി ആകുവാന്‍ ആണ് ആഗ്രഹിച്ചിരുന്നത്, അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍. ഇത് വിശ്വസിക്കാമോ? എനിക്ക് തോന്നുന്നത് മുന്‍കാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇത് വിശ്വസിക്കാം. കാരണം മുമ്പ് എപ്പോഴെല്ലാം നിയമകുരുക്കില്‍പ്പെട്ട ജയലളിത ശിക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ പനീര്‍ശെല്‍വത്തെയാണ് മുഖ്യമന്ത്രി ആയി വാഴിച്ചത്. ശശികലയെ അല്ല. മരിക്കുന്നതിന് മുമ്പ് രണ്ട് മാസത്തിലേറെ ആശുപത്രിയില്‍ ആയിരുന്നപ്പോഴും പനീര്‍ശെല്‍വത്തെയാണ് ഭരണം ഏല്‍പിച്ചത്. ശശികലയെ അല്ല. എങ്കില്‍ ഇനി ഇപ്പോള്‍ എന്തിന് ശശികല മുഖ്യമന്ത്രി ആകണം?

ശശികല ജയലളിതയുടെ ഒരു പരിചാരിക മാത്രം ആണ്. അതായത് തോഴി. 30 വര്‍ഷത്തിലേറെ. അത് ശരിയാണ്. പക്ഷേ, ഒരു തോഴിക്ക് ഭരണത്തില്‍ എന്ത് കാര്യം. ഡെമോക്രസി തോഴിയോക്രിസി അല്ലല്ലോ. അതു മാത്രവുമല്ല ഒട്ടേറെ അഴിമതി കേസുകളിലും അവര്‍ ജയലളിതക്കൊപ്പം പ്രതിയും ആണ്. അതില്‍ ഒന്നിന്റെ വിധിയാണ് ഈ ആഴ്ചയില്‍ വരുവാനിരിക്കുന്നത്. ആ ഒരു ന്യായീകരണത്തിന്റെ പേരിലും കേന്ദ്രവും ഗവര്‍ണ്ണറും ശശികലയുടെ സത്യപ്രതിജ്ഞ നീട്ടുന്നതും കുതിരകച്ചവടത്തിന് വഴിയൊരുക്കിയിരിക്കുന്നതും. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതോടൊപ്പം ഈ രാഷ്ട്രീയ ഗൂഢനീക്കത്തെയും ഞാന്‍ ചോദ്യം ചെയ്യുന്നു.

ഗവര്‍ണ്ണര്‍ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ വിധി നോക്കിയിരിക്കേണ്ട ആവശ്യം ഇല്ല, മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെങ്കില്‍. ലോകസഭയിലെ ഭൂരിപക്ഷ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതെ രാജിവച്ച്  ഇറങ്ങിപ്പോയ പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരുന്നു(ചൗധരിചരണ്‍ സിംങ്ങ്). പതിമൂന്ന് ദിവസം മാത്രം പ്രധാനമന്ത്രിയായിരുന്ന് ഭൂരിപക്ഷം തെളിയിക്കുവാന്‍ ആകാതെ രാജിവച്ച് ഒഴിഞ്ഞ പ്രധാനമന്ത്രി(വാജ്‌പേയി) നമുക്ക് ഉണ്ട്. ഒറ്റ വോട്ടിന്റെ കുറവില്‍ പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട് വീണ്ടും അധികാരത്തില്‍ വച്ച പ്രധാനമന്ത്രിയും നമുക്കുണ്ട്(1999-വാജ്‌പേയി). അപ്പോള്‍ ശശികലക്ക് എതിരായി സുപ്രീം കോടതി വിധി പറഞ്ഞാല്‍ പറയട്ടെ. അവര്‍ രാജിവയ്ക്കട്ടെ. മറ്റൊരു മുഖ്യമന്ത്രിയെ എ.ഡി.എം.കെ. തെരഞ്ഞെടുക്കപ്പെട്ടെ അപ്പോള്‍. പക്ഷേ, കേന്ദ്രവും ഗവര്‍ണ്ണറും ഇവിടെ രാഷ്ട്രീയം കളിക്കരുത്. ഇത് പറയുമ്പോഴും രാഷ്ട്രീയ ധാര്‍മ്മിക്ത ശശികലയ്ക്ക് അനുകൂലമാണെന്ന് ഞാന്‍ കരുതുന്നില്ല. പനീര്‍ ശെല്‍വം ആണ് ജയലളിത ലഗസിയുടെ അനന്തരാവകാശി.

ശശികലയുടെ സമരം മറ്റ് പലതിനും വേണ്ടിയും കൂടെയുള്ളതാണ്. മുഖ്യമന്ത്രി ആയാല്‍ പോയെസ് ഗാര്‍ഡന്‍ എന്ന ജയലളിതയുടെ കൊട്ടാരം സ്വന്തം ആക്കാം. മുഖ്യമന്ത്രി പനീര്‍ ശെല്‍വം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പോയെസ് ഗാര്‍ഡന്‍(വേദനിലയം) ജയലളിത സ്മാരകം ആയി പ്രഖ്യാപിച്ചു. ഇത് കൂടാതെ 54.93 കോടി വരുന്ന പാര്‍ട്ടിയുടെ ബാങ്ക് നിക്ഷേപം സ്വന്തം ആക്കാം. ഇത് പാര്‍ട്ടി ഖജാന്‍ജി ആയ പനീര്‍ ശെല്‍വം മരവിപ്പിച്ചു. ഇതിനൊക്കെ ഉപരിയായി ജയലളിതയുടെ ആയിരക്കണക്കിന് കോടിരൂപയുടെ ആസ്തിയും സ്വന്തം ആക്കാം. കൂടാതെ അഴിമതി കേസുകള്‍ നേരിടുന്നതിനും അവ ജയിക്കുന്നതിനും മുഖ്യമന്ത്രി പദവി ഒരു സുരക്ഷ കവചവും ആയിരിക്കും. സംശയം ഇല്ല.

ഏതായാലും തമിഴ് നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യ ഹിംസയാണ്. ശശികലയും പനീര്‍ശെല്‍വവും മുഖ്യകഥാപാത്രങ്ങള്‍ ആണെങ്കില്‍ കേന്ദ്രവും ഗവര്‍ണ്ണറും അണിയറ കഥാപാത്രങ്ങള്‍ ആണ്. നമ്മള്‍ ശശികലയെയും പനീര്‍ശെല്‍വത്തെയും വിസ്തരിച്ചു കഴിഞ്ഞു. ഇനി കേന്ദ്രവും ഗവര്‍ണ്ണറും മറക്കരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ആണ് ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും സംസ്ഥാന ഗവണ്‍മെന്റുകളെ(കോണ്‍ഗ്രസ്) പിരിച്ചു വിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. അത് സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കി സംസ്ഥാന ഗവണ്‍മെന്റുകളെ പുനസ്ഥാപിക്കുകയും ചെയ്തു. 1984- ല്‍(ഓഗസ്റ്റ്) ആണ് കേന്ദ്രം(കോണ്‍ഗ്രസ്-ഇന്ദിരാഗാന്ധി) ആന്ധ്രപ്രദേശില്‍ എന്‍.റ്റി.രാമറാവു ഗവണ്‍മെന്റിനെ പിരിച്ച് വിട്ട് നദേന്തല ഭാസ്‌ക്കാരറാവു എന്ന തെലുങ്കുദേശം വിമതന്റെ ഗവണ്‍മെന്റിനെ പ്രതിഷ്ഠിച്ചത്. രാമറാവു അപ്പോള്‍ ഹൂസ്റ്റണില്‍(അമേരിക്ക) `ഒരു ഹൃദയശസ്ത്രക്രിയക്ക് പോയിരിക്കയായിരുന്നു. പക്ഷേ, മാധ്യമങ്ങളും ജനങ്ങളും ഇടപെട്ട് ഇതും വിഫലമാക്കി.

അതുകൊണ്ട് കേന്ദ്രവും അതിന്റെ പിണയാളായ ഗവര്‍ണ്ണറും ശ്രദ്ധിക്കണം. തമിഴ്‌നാട്ടില്‍ ജനാധിപത്യം വാഴട്ടെ.

തമിഴകത്തെ രാഷ്ട്രീയ അസംബന്ധ നാടകം(ദല്‍ഹികത്ത്  : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക