Image

പെണ്ണ് ഒരുമ്പെട്ടാല്‍(പകല്‍ക്കിനാവ്-38: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 13 February, 2017
പെണ്ണ് ഒരുമ്പെട്ടാല്‍(പകല്‍ക്കിനാവ്-38: ജോര്‍ജ് തുമ്പയില്‍)
'പകല്‍ക്കിനാവ്' എന്ന സ്ഥിര കോളത്തില്‍ ഇത്തരത്തിലൊരു കുറിപ്പ് എഴുതുന്നത് എനിക്ക് ഒരു മകളുണ്ടായതു കൊണ്ടാണ്. ഒരേ സമയം സ്ത്രീയെ അമ്മയായും അതേ സമയം തന്റെ പകുതിയായും കാണുന്ന ആണ്‍ ലിംഗ വര്‍ഗ്ഗക്കാര്‍ പ്രധാനമായും തിരിച്ചറിയേണ്ട ചില സംഗതികളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണിത്. അമേരിക്കയിലാണെങ്കില്‍ സാക്ഷാല്‍ മിസ്റ്റര്‍ പ്രസിഡന്റിനെതിരേ പെണ്ണ് ഒരുമ്പെട്ടപ്പോള്‍ എന്തു സംഭവിച്ചുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതേ പോലെ നമ്മുടെ സ്വന്തം രാജ്യത്തേക്ക് നോക്കിയാല്‍ വേലക്കാരി വന്ന് വീട്ടുകാരിയാവുന്ന സ്ഥിതിയിലേക്ക് തമിഴ് സംസ്ഥാനം മാറുന്ന അസാധാരണ സാഹചര്യത്തെ കാണാം. ഇനി അല്‍പ്പം കൂടി സൂക്ഷ്മ തലത്തില് നോക്കിയാല്‍ പ്രധാനപ്പെട്ട രണ്ടു വാര്‍ത്തകളിലാണ് ഈ കുറിപ്പ് എഴുതുന്ന അവസരത്തില്‍ കണ്ണുകള്‍ ഉടക്കിയത്. ഒന്ന് തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ നാടകം കാണാന്‍ ആണ്‍ സുഹൃത്തുമായി എത്തിയ രണ്ടു പെണ്‍കുട്ടികള്‍ വാര്‍ത്തയായി മാറിയ സാഹചര്യം. മറ്റൊന്ന്, മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം അനുവദിക്കാനാവില്ലെന്നു ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത പറഞ്ഞ കാര്യം. ആദ്യം തിരുവനന്തപുരം സംഭവത്തിലേക്കു വരാം. അതില്‍ പങ്കാളിയായ അസ്മിത എന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങനെ തന്നെ ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യഗായത്രിയും അസ്മിതയും ജിജീഷും എന്നത്തേയും പോലെ കോഫീ ഹൗസിലിരിക്കുമ്പഴാണ് സൂര്യ യൂണിവേഴ്‌സിറ്റി നാടകോല്‍സവത്തിന് മൂന്നാം സ്ഥാനം കിട്ടിയ നാടകം കോളേജിലിന്ന് അവതരിപ്പിക്കുന്നു എന്നു പറഞ്ഞത്. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ട്  നാടകം കണ്ടുകളയാനാണ് അവര്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പോകുന്നത്. അവര്‍ പിന്നില്‍ കിടന്ന മൂന്നു കസേരകളിലായി ഇരുന്നു. ജിജീഷ് അസ്മത ഇരുന്ന കസേരയില്‍ പിന്നിലൂടെ അവന്റെ കൈ വച്ചിട്ടുണ്ടായിരുന്നൂ. അപ്പൊ സൂര്യ കയ്യങ്ങനെ വക്കണ്ടെന്നും പ്രശ്‌നം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു തീര്‍ന്നതും യൂണിറ്റിലെ മൂന്നോ നാലോ പേര്‍ വന്ന് ജിജീഷിനെ കൂട്ടിക്കൊണ്ടു പോയി. എന്താണ് കാര്യങ്ങള്‍ എന്നറിയാതെ ഇരിക്കുമ്പൊ അല്‍പ്പം മാറി നിന്ന് അവര്‍ അവനോട് സംസാരിക്കുകയും അഞ്ച് മിനുട്ടില്‍ തിരിച്ച് വന്ന അവന്‍ വല്ലാണ്ട് ഇറിറ്റേറ്റഡ് ആയി കാണപ്പെടുകയും ചെയ്തു. ഇതാണ് സംഭവം. പിന്നെയും അവര്‍ പോകാതെ നിന്നപ്പോ, എസ്എഫ്‌ഐക്കാര്‍ ആ പയ്യനെ മര്‍ദ്ദിച്ചു. അതാണ് സംഭവം. ഇനി ഈ പെണ്‍കുട്ടികള്‍ ഇതെന്താണ് ഇങ്ങനെ എന്നാണ് ഞാന്‍ ചോദിക്കുന്നത്?  സദാചാര പോലീസ് ആണെങ്കിലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെ പരസ്യമായി നിര്‍വഹിക്കുന്നതിനോട് പാരമ്പര്യവാദിയായ ഞാന്‍ എതിര്‍ക്കുക തന്നെ ചെയ്യുന്നു. നാടകം കാണാന്‍ പിന്നില്‍ പോയിരുന്നു കസേരയ്ക്ക് പിന്നിലൂടെ കൈയിടുക, അത് ചോദ്യം ചെയ്തതിനു ശേഷം ധാര്‍ഷ്ട്യത്തോടെ അതിനെ എതിരിടുക, പിന്നീട് ഫേസ്ബുക്കില്‍ ഒരു പെണ്‍കുട്ടി ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷ (അസഭ്യത്തിന്റെ സീമകള്‍ ലംഘിക്കുന്ന വാക്കുകള്‍ ഫേസ്ബുക്കില്‍ പരസ്യമായി ഇടുക.)- അങ്ങനെ തന്നെ ഞാനെവിടെയും പറയും, അത് ഉപയോഗിക്കുക. (ആ ഭാഷ എന്തെന്ന് ചോദിക്കരുത്, അതിവിടെ പറയാന്‍ പോലും എനിക്ക് ലജ്ജ തോന്നുന്നു.) പ്രിയപ്പെട്ട മക്കളെ- നിങ്ങളെ പഠിപ്പിക്കാനാണ് ഓരോ അച്ഛനും അമ്മയും കോളേജിലും സ്‌കൂളിലും വിടുന്നത്. അവിടെ നിങ്ങള്‍ നിങ്ങളുടേതായ ആണ്‍-പെണ്‍ സൗഹൃദ ലോകമൊക്കെ ഉണ്ടാക്കി കൊള്ളു. അതിലൊന്നും ആരും തെറ്റു പറയുന്നില്ല. എന്നാല്‍, ഇമ്മാതിരി കോലാഹലങ്ങള്‍ പരസ്യമായി ഉണ്ടാക്കുമ്പോള്‍ ഒന്നോര്‍ക്കുക- മലര്‍ന്ന് കിടന്നു തുപ്പിയാല്‍ അതു സ്വന്തം ദേഹത്തു തന്നെയാണ് വീഴുക.

അസ്മിതയുടെ രണ്ടാം ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു, അതും ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'നിങ്ങള്‍ക്കറിയാമോ നമ്മുടേതു കൂടിയായ ഒരിടത്തു വച്ച് നമുക്ക് പ്രിയപ്പെട്ട ഒരാളെ നമ്മുടെ മുന്നിലിട്ട് ഒരാള്‍ക്കൂട്ടം യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെ തല്ലിച്ചതക്കുമ്പോള്‍ നിങ്ങളെന്തായിരിക്കും ചെയ്യുക എന്ന്. കണ്ടു നിക്കുന്നവര്‍ പോലും പ്രതികരിക്കാതിരിക്കുമ്പോള്‍, നമ്മളവിടെ തനിച്ചാക്കപ്പെടുമ്പോള്‍ എന്താകും പിന്നീട് നിങ്ങള്‍ തെരഞ്ഞെടുക്കുക എന്ന്.' ഒരു കാര്യം അസ്മിത മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യം നിങ്ങള്‍ക്ക് ഒഴിവാക്കാമായിരുന്നു. ഇവിടെ ഇങ്ങനെയൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. സമൂഹത്തെ നിങ്ങള്‍ മാനിക്കാനും അതിനോടു ചേര്‍ന്നു നില്‍ക്കാനും ബാധ്യതയും ഉത്തരവാദിത്വമുള്ള പ്രായപൂര്‍ത്തിയായ കുട്ടികളായിരുന്നു നിങ്ങള്‍. മക്കളെ- നിങ്ങള്‍ക്ക് ഒരു മകള്‍ ഉണ്ടായി അത് ഇത്തരം പ്രവൃത്തികളിലേക്ക് വീഴുമ്പോഴേ നിങ്ങള്‍ക്ക് അതു പറഞ്ഞാല്‍ മനസ്സിലാവുകയുള്ളു. അത്രമാത്രം.
ഇനി മെത്രാപ്പോലീത്തയുടെ വാക്കുകള്‍ കടമെടുത്തു നമുക്ക് മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് വരാം. മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം അനുവദിക്കാനാവില്ലെന്ന മാര്‍ത്തോമാ സഭയുടെ ഉറച്ച നിലപാടിനു പൂര്‍ണ്ണ പിന്തുണ ഞാന്‍ നല്‍കുന്നു. വാസ്തവത്തില്‍ ഈ വിലക്ക് സഭ ഏര്‍പ്പെടുത്തേണ്ടതല്ല, വിശ്വാസികള്‍ സ്വയം ചെയ്യേണ്ടതായിരുന്നു. അതിനു തുനിയാതെ വന്നപ്പോഴാണ് ഇത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ജോസഫ് മാര്‍ത്തോമാ മെത്രോപ്പോലീത്തയ്ക്കു പറയേണ്ടി വന്നത്.

കണ്‍വെന്‍ഷനില്‍ തുടക്കം മുതലേ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. ആദ്യകാലത്ത് വാഹനസൗകര്യം കുറവായിരുന്നതും വൈദ്യുതിയില്ലാതിരുന്നതുമായിരുന്നു ഇതിന് കാരണമെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. സഭയുടെ അച്ചടക്കം ലംഘിച്ച് ചിലര്‍ നടത്തുന്ന പ്രവൃത്തിയോട് പൊതുജന സഹകരണം ഉണ്ടാകില്ലെന്നും രാത്രിയോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കാത്തത് സുരക്ഷയെ കരുതിയാെണന്നും നിരോധനമല്ലെന്നും മെത്രാപ്പോലീത്താ പറയേണ്ടി വന്ന സാഹചര്യം കൂടി വിശ്വാസികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഇന്നും ഇരുട്ടത്ത് ഒരു പെണ്ണിന് ഒറ്റയ്ക്ക് എന്നല്ല, കൂട്ടമായി പോലും നടക്കാനാവുന്ന സാഹചര്യമല്ല ഉള്ളത്. അപ്പോള്‍ പിന്നെ, കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങുന്നവരെ വിധ്വംസക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചാലുള്ള അവസ്ഥ കണ്‍വന്‍ഷന്റെ പേരു തന്നെ ചീത്തയാക്കുമെന്നുള്ളത് സത്യമാണ്. അതിനു വേണ്ടി സഭ ഇത്തരമൊരു മുന്നൊരുക്കം നടത്തിയതില്‍ എന്തു തെറ്റാണുള്ളത്. അതിനെ സ്ത്രീവിരുദ്ധത എന്നു കാണുന്നതാണ് തെറ്റ്.

സ്ത്രീകള്‍ക്ക് എന്നും അംഗീകാരം നല്‍കിയ സഭയാണ് മലങ്കര മാര്‍ത്തോമ്മാ സഭ. സഭകളില്‍ വനിതകള്‍ക്ക് ആദ്യമായി വോട്ടവകാശം ഏര്‍പ്പെടുത്തിയത് മാര്‍ത്തോമ്മാ സഭയിലാണ്. സഭാ കൗണ്‍സില്‍ അംഗങ്ങളില്‍ മൂന്നിലൊന്ന് വനിതകളാണ്. ഇടവകകളില്‍ നിന്ന് സഭാ മണ്ഡലം പ്രതിനിധികളായും വനിതകളെ തിരഞ്ഞെടുക്കുന്നുണ്ട്.

മാരാമണ്‍ കണ്‍വന്‍ഷനെ അപേക്ഷിച്ചു താരതമ്യേന തിരക്കു കുറവുള്ള മാര്‍ത്തോമാ സഭയുടെ റാന്നി, ആറാട്ടുപുഴ, അടൂര്‍, കൊട്ടാരക്കര, കോട്ടയം, ചുങ്കത്തറ കണ്‍വെന്‍ഷനുകളിലെ രാത്രിയോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ഓര്‍ക്കണം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന ക്രൈസ്തവ കണ്‍വന്‍ഷന്‍ എന്നു പേരുള്ളിടത്ത് രാത്രി സ്ത്രീകളെ പ്രവേശിപ്പിക്കാത്തതില്‍ വിമര്‍ശം ഉന്നയിക്കേണ്ടതേയില്ല.

ഇവിടെ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങുന്ന അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും സുരക്ഷിതമാക്കി സംരക്ഷിക്കാന്‍ ഗൃഹനാഥനായ പുരുഷന് ഒറ്റയ്ക്ക് സാധ്യമല്ലെന്നു കണ്ടാണ് സഭ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും അക്കാര്യത്തില്‍ എല്ലാവരും അത് നല്ല അര്‍ത്ഥത്തില്‍ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റുമെന്ന് എനിക്ക് ചോദിക്കാനുള്ളത്.?

പ്രത്യേകം പറയട്ടെ:
ഞാനൊരു സ്ത്രീവിരുദ്ധനോ, വലതുപക്ഷനോ, തികഞ്ഞ പാരമ്പര്യവാദിയോ എന്നൊന്നും കരുതരുത്. ഓരോ കാര്യത്തെയും സൂക്ഷ്മതലത്തില്‍ നോക്കിയപ്പോള്‍ അനുഭവപ്പെട്ട സത്യം പറഞ്ഞുവെന്നു മാത്രം. !

പെണ്ണ് ഒരുമ്പെട്ടാല്‍(പകല്‍ക്കിനാവ്-38: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക