Image

വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (ജോണ്‍ മാത്യു)

Published on 11 February, 2017
വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (ജോണ്‍ മാത്യു)
'ഓര്‍മ്മ യാത്ര ജീവിതം' വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം വായിക്കാന്‍ അവസരമുണ്ടായി. നാല്പതുകള്‍ വരെയുള്ള മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രം, അനുഭവങ്ങള്‍! പരിചയമുള്ള സ്ഥലങ്ങളും സന്ദര്‍ഭങ്ങളും വീണ്ടും ഓര്‍മ്മയില്‍ക്കൂടി കടന്നുപോയി. തിരുവല്ലായിലും, കോട്ടയത്തും പുതുപ്പള്ളിയിലും എടത്വായിലും ചങ്ങനാശ്ശേരിയിലും അദ്ദേഹത്തിന്റെയൊപ്പം നടന്നു.

അമ്പതുകളുടെ തുടക്കത്തിലെന്നോ മല്ലപ്പള്ളിയിലെ സെന്റ് മേരീസ് പ്രൈമറി സ്‌കൂളില്‍ ഒരു കഥാപ്രസംഗം. കാഥികന്‍ ശ്രീ. പി.സി. അബ്രഹാം. അന്ന് കേവലം ബാലനായിരുന്ന എന്നെ ആകര്‍ഷിച്ചത് സാധാരണയില്‍ കവിഞ്ഞ ശരീരപുഷ്ടിയുള്ള പി.സി., സുന്ദരമായി പാടുന്ന പി.സി., മാത്രമല്ല പാടുന്നത് അതേ സ്വരത്തില്‍ ഫിഡില്‍ വായനയിലൂടെ നമ്മെ കേള്‍പ്പിക്കുന്ന ഫിഡിലിസ്റ്റ്. അതിരമ്പുഴ റ്റി.ഡി. മാത്യു, സംസാരിക്കുന്ന 'വീണ'ക്കാരന്‍! അത് അന്നൊരു അത്ഭുതമായിരുന്നു. പാട്ടും വായനയും ഒരു മത്സരം പോലെ തുടര്‍ന്നു. ഈ മേളം അവസാനിക്കരുതേയെന്ന് ഞങ്ങളും ആഗ്രഹിച്ചു. ഇന്നും അത് അവസാനിക്കാതെ കാതുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കേള്‍വിക്കാരുടെ കൂട്ടത്തില്‍ ഒരു വിശിഷ്ടാതിഥിയായി മലയാള മനോരമ പത്രാധിപര്‍ കെ.സി. മാമ്മന്‍ മാപ്പിളയും വന്നിരുന്നതായി ഓര്‍ക്കുന്നു. വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പു കയ്യിലെടുത്തപ്പോള്‍ത്തന്നെ അന്നത്തെ ആ സായാഹ്നത്തിന്റെ ചിത്രമാണ് മനസ്സിലേക്ക് കടന്നുവന്നത്. 

ഏകദേശം 1910 മുതല്‍ 1940-കള്‍ വരെയുള്ള കാലമാണ് ശ്രീ. പി.സി. അബ്രഹാം തന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സ്വന്തം പട്ടണമായ തിരുവല്ലായുടെ അക്കാലത്തെ ചിത്രം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ഇങ്ങനെ: 

'തിരുവല്ലായിലെ കാപ്പിക്കടകളില്‍ വിതരണത്തിനായി പാലും തൈരും കൊടുക്കേണ്ട ചുമതല കേവലം എട്ടു വയസ്സുള്ള എന്റെ ചുമലില്‍ കയറി. തിരുവല്ല ടഇട കവലയിലുള്ള മുണ്ടകത്തില്‍, മംഗലശ്ശേരി, മതിലുങ്കല്‍ തുടങ്ങിയ കടകളില്‍ ഇവയൊക്കെ കൃത്യത തെറ്റിക്കാതെ എത്തിച്ച് ഞാന്‍ മടങ്ങിവരും. കന്നുകാലികളെ അഴിച്ചുവിട്ടശേഷം കുളിച്ച് ആഹാരം കഴിച്ച് സമയം തെറ്റാതെ തിരുവല്ലായിലെ സ്‌കൂളിലെത്തും. തുടര്‍ന്ന് അന്നത്തെ തിരുവല്ലായുടെ രൂപഘടന:

'ടഇ കവലയില്‍ മണ്‍ഭിത്തിയോടുകൂടിയ നാലഞ്ചു വീടുകള്‍, തെക്കേക്കവല, കുടിശുംമൂടന്മാര്‍, ഈപ്പന്‍ വക്കീല്‍, അണ്ണാച്ചിയുടെ കാപ്പിക്കട, കച്ചേരി, ആശുപത്രി, മലയാളം സ്‌കൂള്‍. കാടും പടലും പിടിച്ച് വിസ്തൃതമായിരുന്ന മലഞ്ചെരിവുകള്‍.' തിരുവല്ലായുടെ നൂറുവര്‍ഷം മുന്‍പുള്ള നേര്‍ചിത്രം!
മലയാളം പഠിപ്പ് പൂര്‍ത്തിയാക്കി ജോലിയന്വേഷണമായി, തന്റെ പിതാവുമൊത്ത് ഇതിനിടെ റാവു സാഹബ്ബ് ഓം ചെറിയാന്‍ എന്ന തിരുവിതാംകൂര്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടറേയും പരിചയപ്പെടുത്തുന്നു: തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത ധീഷണാസമ്പന്നന്‍. സിംഹപ്രഭാവനായ ഉദ്യോഗസ്ഥ മേധാവി, നീണ്ടു തടിച്ച ഉഗ്രമൂര്‍ത്തി. 

പള്ളത്ത് കോരുതാശാനേയും പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുക: 'മടങ്ങിപ്പോരവെ, രാത്രി എട്ടുമണിയോടെ ചാറ്റല്‍മഴ തുടങ്ങി. ആയതിനാല്‍ ഞങ്ങള്‍ കോരുതാശാന്റെ ബംഗ്ലാവില്‍ വിശ്രമാര്‍ത്ഥം കയറി.' തുടരുന്നു. 'രാത്രി ഉറങ്ങുന്നതിനു മുന്‍പ് എല്ലാവരും മുഴങ്കാല്‍ മടക്കി. ഭക്ത്യാദരപൂര്‍വ്വം ആ മഹാപുരുഷന്റെ വ്യക്തമായ പ്രാര്‍ത്ഥന. ഹാ, എത്ര ലളിതം, ഹൃദയം പകരുകയായിരുന്നു. മദുബഹായിലെ ത്രോണോസിന്റെ വിശുദ്ധിയും കാന്തിയും അവിടെ ഓളംവെട്ടി.'

രാവിലെ ഇറങ്ങുമ്പോള്‍ കോരുതാശാന്‍ അപ്പനോടു പറഞ്ഞു 'ഇവിടെ കരിമ്പിന്‍കാലാ സ്‌കൂളില്‍ ഒരൊഴിവുണ്ടാകും. ഉടനെ അറിയിക്കാം പയ്യനെ ഇങ്ങോട്ടു പറഞ്ഞു വിടണം.'
അങ്ങനെ ജോലിയുടെ തുടക്കം. 

പിന്നീടു പുതുപ്പള്ളിയിലും കുറേക്കാലം ജോലി നോക്കി. അവിടെയുമുണ്ട് ഒരാശാന്‍. മാത്യു ആശാന്‍. തികഞ്ഞ ഭക്തന്‍, പക്ഷേ പള്ളിഭക്തന്‍!
ഇവിടെ അന്നത്തെ വിദ്യാഭ്യാസമേഖലയുടെ ദുരിതങ്ങള്‍ ചര്‍ച്ചാവിഷയമാണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അത് ഒരുപോലെതന്നെ. താഴ്ന്ന ക്ലാസുകളില്‍ ഇരിക്കാന്‍ ബഞ്ചുകളില്ല, ക്ലാസ്സുകള്‍ തമ്മില്‍ മറയുണ്ടാക്കുന്ന ഏര്‍പ്പാടില്ല! കുട്ടികള്‍ അധികവും തീരെ ദരിദ്രര്‍. അദ്ധ്യാപകര്‍ക്ക് സേവനവ്യവസ്ഥയോ ജീവിക്കാനുള്ള വേതനമോ ഇല്ലതന്നെ. ഇതാ, അവധിക്കാലം കഴിഞ്ഞ് മടങ്ങിച്ചെന്നപ്പോള്‍ ഒരു ക്ലാസുതന്നെ വേണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. അങ്ങനെ ജോലി നഷ്ടപ്പെട്ടു. കാരൂര്‍ നീലകണ്ഠപിള്ളയുടെ 'പൊതിച്ചോര്‍' എന്ന കഥ ഓര്‍മ്മിക്കുക. 

അതിനുശേഷം ചങ്ങനാശ്ശേരി ട്രെയിനിംഗ് സ്‌കൂളിലെ പഠനം. ഇതാ മറ്റൊരു ചരിത്രം. തീര്‍ച്ചയായും ദുഃഖത്തിനൊപ്പം ഒരു ചെറുപുഞ്ചിരി നമ്മുടെ ചുണ്ടില്‍ വിരിയും. ട്രെയിനിംഗ് സ്‌കൂളിലെ ചാക്കോ സാര്‍ ബി.എ.എല്‍.ടി. മഹാജ്ഞാനി, ജ്ഞാനക്കയം! ടൈ കെട്ടി, കോട്ടുധരിച്ച് തലപ്പാവും അണിഞ്ഞ് നാലഞ്ചു പുസ്തകവുമായി പതിനൊന്നു മണിക്ക് വന്നുകേറിയാല്‍ ഒരു മണിക്കൂര്‍ തുടരെ ലക്ചര്‍. പക്ഷേ, എന്തുചെയ്യാം പ്രാരാബ്ധക്കാരന്‍, പ്യൂണ്‍ കുര്യാക്കോസിനോടു വരെ കാശു കടം വാങ്ങും. ചാക്കോ സാര്‍ സ്ഥലം മാറിപ്പോയി, പകരം വന്നയാളെ ശ്രീ. പി.സി. പരിചയപ്പെടുത്തുന്നു. 'മൂത്തു മുരടിച്ച ഒരു ഗംഭീരന്‍, കാല്‍ക്കാശിനു കൊള്ളാത്ത ഒരബദ്ധ്ന്‍!'

സതീര്‍ത്ഥ്യരില്‍ പില്‍ക്കാലത്ത് നേട്ടങ്ങളുണ്ടാക്കിയവരുടേയും പേരുകള്‍ ശ്രീ. പി.സി. അബ്രഹാം മറക്കാറില്ല. ഉദാഹരണത്തിന് മുണ്ടകപ്പാടം അഗതിമന്ദിരത്തിന്റെ തുടക്കക്കാരനായ ശ്രീ. പി.സി. ജോര്‍ജ്ജിനെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു!
വിദ്വാന്‍ പി.സി. എവിടെയെല്ലാം ഉദ്യോഗാര്‍ത്ഥം താമസിച്ചിട്ടുണ്ടോ ആ പ്രദേശങ്ങളും ജനങ്ങളും അവരുടെ ജീവിതവും അദ്ദേഹം പഠിച്ചിരിക്കും, അടയാളപ്പെടുത്തിയിരിക്കും. 

എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ മലയാളം മുന്‍ഷിയായി നിയമനം. അവിടം മുതലാണ് തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരമുണ്ടായതും. സ്‌കൂളിലെ സാംസ്‌കാരിക ജീവിതം സജീവമായി. നാടകങ്ങളും ഗാനമേളകളും പ്രഹസനങ്ങളും അരങ്ങേറി. പിന്നീട് ഉദയാ സ്റ്റുഡിയോയുടെ ഉടമയായ കുഞ്ചാക്കോ സെന്റ് അലോഷ്യസില്‍ ശ്രീ. പി.സി.യുടെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഇതിനിടെ അന്ധനായി മാറിയ പുതുപ്പള്ളിയിലെ മാത്യു ആശാനുവേണ്ടി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അഞ്ഞൂറ് റുപ്പിക പിരിച്ചെടുത്തത് അക്കാലത്ത് നാട്ടിലും സ്‌കൂളിലും ഒരത്ഭുതമായി.
മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് എടത്വാ സമ്പന്നമായിരുന്നു, അല്ലെങ്കില്‍ അങ്ങനെയൊരു സമൂഹവുമായാണ് ഇടപെട്ടത്. സുഭിക്ഷമായ ഭക്ഷണം, സമ്പന്നതയുടേയും ഐശ്വര്യത്തിന്റെയും വിവിധ മുഖങ്ങള്‍. 

ഒരു വീടുപണിയെപ്പറ്റി വിവരിക്കുന്നതിങ്ങനെ: ''മാന്നാത്ത് ഇളമതയില്‍ അന്തോണി വക വലിയ മരപ്പണികെട്ടിടം പൊളിച്ചുകൊണ്ടുവന്നു, തെക്കേതില്‍ പരിഷ്‌ക്കരിച്ചു പണിതു.'' നല്ലകാലം എന്നും നീണ്ടുനില്‍ക്കണമെന്നില്ല. ഈ കാലയളവില്‍ സംഭവിച്ച ഒരു പ്രകൃതിക്ഷോഭത്തെപ്പറ്റി അദ്ദേഹം വിശദമായി എഴുതിയിരിക്കുന്നു. കൊല്ലവര്‍ഷം 1099-ല്‍, അതായത് 1924-ലെ വര്‍ഷകാലത്ത് സംഭവിച്ചത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍:

''എല്ലാ അവസാനിക്കാറായതുപോലെ. പ്രകൃതിക്ഷോഭം തുടങ്ങി. തുള്ളിക്ക് കുടം എന്ന കണക്കിന് തോരാതെ അഹോരാത്രം പേമാരി. നാടുമുഴുവന്‍, കാടുമുഴുവന്‍, രാജ്യമൊട്ടാകെ വെള്ളത്തില്‍ മുങ്ങി. മലവെള്ളം കടപിഴുത വന്‍മരങ്ങളേയും കാട്ടാനകളേയും മറ്റു കാട്ടുമൃഗങ്ങളേയും തീരവാസികളേയും മണിമന്ദിരങ്ങളേയുംകൊണ്ടു കലങ്ങിമറിഞ്ഞു. പമ്പ, മണിമല, അച്ചന്‍കോവില്‍, പെരിയാര്‍ എല്ലാം ഒന്നായി പെരുകി. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് 'എന്റെ ജനങ്ങള്‍' എന്നു നിലവിളിച്ച് മാറത്തടിച്ച് പുറകോട്ടു മറിഞ്ഞുവീണ് ദിവംഗതനായി. കെടുതിയുടെ പുറത്ത് കെടുതി. 

മഹാകവി കുമാരനാശാനും പല്ലന ആറ്റുവളപ്പില്‍ റെഡീമര്‍ ബോട്ടപകടത്തില്‍ മരിച്ച കര്‍ണ്ണകഠോരമായ വാര്‍ത്തകൂടി പരന്നു. 'ദുഃഖപ്പെണ്ണു തോഴിമാരുമായേ വരൂ നമ്മെക്കാണാന്‍'!

ശ്രീ. പി.സി.യുടെ ചില യാത്രകളും ഇവിടെ പ്രസക്തമാണ്. ഒരു 'മാപ്പിള'സ്വാമിയായി ശബരിമലയ്ക്ക് നടന്നുപോയത് തികച്ചും നൂതന അനുഭവമായിരുന്നു. സുഖഭോഗങ്ങള്‍ ത്യജിച്ച് കാടുതാണ്ടി, മലകയറി ഭക്തിപൂര്‍വ്വം സന്നിധാനത്തിലെത്തിയതിന്റെ ആത്മസംതൃപ്തി!

 കന്യാകുമാരിയിലേക്കു നടത്തിയ സൈക്കിള്‍ യാത്രയും തമിഴ്‌നാട്ടിലൂടെയുള്ള യാത്രകളും ഇനിയും വരാനിരിക്കുന്ന സാഹസികതയുടെ മുന്നോടികള്‍ മാത്രമായിരുന്നു. 

സെന്റ് അലോഷ്യസ്സുമായുണ്ടായ ചില അഭിപ്രായ ഭിന്നതകള്‍ കാരണം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളിലേക്ക് ഉദ്യോഗം മാറി. അങ്ങനെ ചങ്ങനാശ്ശേരിയില്‍ പുതിയ പാതകള്‍ വെട്ടിത്തുറക്കാനുള്ള അവസരമുണ്ടായി. 

തിരുവിതാംകൂറിലെ 'നിവര്‍ത്തന പ്രസ്ഥാന'ത്തില്‍ ഇടപെട്ടു. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായ ഒരു സമര മുഖമായിരുന്നു നിരവര്‍ത്തപ്രസ്ഥാനം. ഇതിനിടെ പ്രമുഖ വ്യവസായിയായ ശ്രീ. പി.ജെ. കുഞ്ചാക്കോയുമായുള്ള ചങ്ങാത്തം ഒരു ഭാഗ്യമായി. എന്തിനേറെ പറയുന്നു ദിവാന്‍ സ്വാമി ശ്രീ. പി.സി. അബ്രഹാമിന്റെ അദ്ധ്യാപക ലൈസന്‍സ് റദ്ദുചെയ്തപ്പോള്‍ ഈ വ്യവസായ പ്രമുഖനായ കുഞ്ചാക്കോ ബന്ധമാണ് മലയാളത്തിന് കാഥികനെ നേടിത്തന്നത്. പിന്നീടുള്ള ചരിത്രം മുഴുവന്‍ തിരുവിതാംകൂറിലെ രാഷ്ട്രീയ സമരങ്ങളുടേയും കഥകളാണ്. എത്രയെത്ര പ്രഗത്ഭരുമായിട്ടാണ് പ്രസംഗവേദികള്‍ പങ്കുവച്ചത്.

 ടി.എം. വറുഗീസ്, സി. കേശവന്‍, പട്ടംതാണുപിള്ള, പി.ടി. പുന്നൂസ്, എ.കെ. ഗോപാലന്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം.
ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗം സാഹസിക യാത്രകളുടെ വിവരണങ്ങളാണ്. അദ്ധ്യാപക ലൈസന്‍സ് റദ്ദാക്കിയിട്ടും തിരുവിതാംകൂര്‍ പോലീസിന്റെ വേട്ടയാടല്‍ തുടര്‍ന്നു. സമരമുഖം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. ചില സമരതന്ത്രങ്ങള്‍ വായിക്കുമ്പോള്‍ ചിരിച്ചു മണ്ണുകപ്പും. 

തിരുവിതാംകൂറിലേക്ക് മൈക്ക് തിരിച്ചുവച്ച് കൊച്ചിയില്‍ നിന്ന്, അതിര്‍ത്തിയില്‍ നിന്ന്, പ്രസംഗിക്കുക. ദിവാന്‍ സ്വാമിക്ക് ശുണ്ഠിപിടിക്കാന്‍ ഇതില്‍പ്പരമെന്താണ് വേണ്ടത്. തിരുവിതാംകൂര്‍ പോലീസിന്റെ അധികാരങ്ങള്‍ കൊച്ചിയിലേക്കും പിന്നാമ്പുറത്തുകൂടി നീണ്ടപ്പോഴാണ് ബോംബെയ്ക്ക് കപ്പല്‍ മാര്‍ഗ്ഗം യാത്രതിരിച്ചത്.

വര്‍ഷങ്ങള്‍ ഉത്തരേന്ത്യയില്‍ ജീവിച്ചിട്ടും പലരും നിരീക്ഷിക്കാത്ത കാര്യങ്ങള്‍ ഏതാനും മണിക്കൂറുകള്‍കൊണ്ട് ശ്രീ. പി.സി. വശത്താക്കുമ്പോള്‍ നമുക്ക് അസൂയയല്ലെ ഉണ്ടാകുക. ചരിത്രപരമായ കാര്യങ്ങള്‍ ഗ്രഹിച്ചെടുത്തു. ഏതുനഗരത്തില്‍ ചെന്നാലും തന്റെ പരിചയ സമൂഹത്തില്‍ നിന്നോ അല്ലെങ്കില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്നോ ഒരാളെ തപ്പിയെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ശ്രീ. പി.സി. അബ്രഹാമിന്റെ ഈ കഴിവിനെ അപാരം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ബോംബെയില്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തന്നെ തനിക്ക് വേണ്ടതായ ഒരു വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ഏതാനും നാളത്തെ താമസവും അവിടെ തരമാക്കി. 

ഇതാ കേള്‍ക്കൂ, ബോംബെയിലെ താജ്മഹല്‍ ഹോട്ടലിന്റെ വിവരണം: 'വൃത്ത ഭയങ്കരാകാരത്തിലുള്ള ഭീമന്‍ ഹോട്ടല്‍. നിത്യക്കൂലി കേട്ടാല്‍ ഭയന്നു തലകറങ്ങും. നൂറു റുപ്പിക മുതല്‍ ആയിരം റുപ്പിക വരെ മുറി വാടക. ഭക്ഷണം വേറെയും. ദരിദ്രനു ഇതിന്റെ വരാന്തയില്‍പ്പോലും കേറാന്‍ അനുവാദമില്ല. രാജാക്കന്മാരും പ്രഭുക്കന്മാരും ജമീന്ദര്‍മാരുമേ അവിടെ പോകാറുള്ളു.'

അല്പം ചരിത്രം പറയട്ടെ:
പണ്ടൊരു മുതലാളി 'റ്റാറ്റാ' ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ വെള്ളക്കാരന്റെ ഹോട്ടലില്‍ നിന്നും പിടിച്ചിറക്കി വിട്ടത്രേ. പണമില്ലാഞ്ഞല്ല ഇന്ത്യാക്കാരനായതുകൊണ്ട്. അതിന്റെ വാശിയും വൈരാഗ്യവും ചേര്‍ന്ന് വെള്ളക്കാരനെ വെല്ലുവിളിച്ചുകൊണ്ട് നിര്‍മ്മിച്ചതാണത്രേ ബോംബെയിലെ താജ് ഹോട്ടല്‍!

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനകാര്യമന്ത്രിപദം തൃണസമാനം വലിച്ചെറിഞ്ഞ, 'റ്റാറ്റാ' കമ്പനികളുടെ തലവനായിരുന്ന, മേധാസമ്പന്നനായ ഡോക്ടര്‍ ജോണ്‍ മത്തായിക്ക് താജ് ഹോട്ടലില്‍ മൂന്നു മുറികള്‍ സ്ഥിരമായി ഉണ്ടായിരുന്നുവത്രേ. ഇതിനിടെ, ഡോക്ടര്‍ ജോണ്‍ മത്തായി, അക്കാലത്തെ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ നേതാവായിരുന്ന ഇലഞ്ഞിക്കല്‍ ജോണ്‍ പീലിപ്പോസിന്റെ സഹോദരി ഭര്‍ത്താവെന്നു കൂടി എഴുതിയപ്പോള്‍ വിവരണവും പരിചയപ്പെടുത്തലും പൂര്‍ണ്ണമാകുന്നു, ശ്രീ. പി.സി.യുടെ അഭിമാനമായ തിരുവല്ലാ ബന്ധവും!

തുടര്‍ന്ന് പൂനെ, ഡല്‍ഹി, ലക്‌നൗ, അലഹബാദ്, കാശി, കല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ച വിവരണങ്ങളും കഥകള്‍ പോലെ വായിച്ചുപോകാം. എല്ലായിടത്തും കൈമുതലായുണ്ടായിരുന്നത് പഴയകാല പരിചയത്തില്‍ക്കൂടി പിടിച്ചുകയറി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ്, അപരിചിതരെപ്പോലും സുഹൃത്തുക്കളാക്കാനുള്ള വാചാലത, വേണ്ടുന്ന സ്ഥലത്ത് നേര്‍ക്കുനേര്‍ നിന്ന് പോരാടാനുള്ള ധൈര്യം. ഇതിനും പുറമെയാണ് കാഥികന്‍ എന്ന നിലയില്‍ തിളങ്ങാന്‍ കഴിഞ്ഞത്. ചെന്നിടത്തെല്ലാം കഥാപ്രസംഗം നടത്തി തരക്കേടില്ലാത്ത പ്രതിഫലവും പറ്റി. 

കല്‍ക്കത്ത സന്ദര്‍ശന വേളയില്‍ മഹാകവി രബീന്ദ്രനാഥ് ടാഗോറിനേയും സന്ദര്‍ശിക്കാനുള്ള ഭാഗ്യം ശ്രീ. പി.സി. അബ്രഹാമിനുണ്ടായി. 'ഭുവന്‍പുരം ഗ്രാമത്തില്‍ വണ്ടിയിറങ്ങി. യാതൊരു വിശേഷവുമില്ല, കുറെ പാഴ്‌വൃക്ഷങ്ങളും കള്ളിമുള്‍ച്ചെടികളും. വാഹനങ്ങളില്ല. രണ്ടര മൈല്‍ദൂരം വിശ്വഭാരതിയിലേക്ക് നടന്നു. രണ്ടു മലയാളി പെണ്‍കുട്ടികള്‍ അവിടെ താമസിച്ചു പഠിക്കുന്നുണ്ട്. ഡോ. ജോണ്‍ മത്തായിയുടെ മകള്‍ വത്സയും, വറുഗീസ് മാപ്പിളയുടെ മകന്റെ മകള്‍ ലീലയും. 

സഹോദരിപുത്രിമാര്‍. പിറ്റേ ദിവസം ഗുരുദേവിനെ കണ്ടു. സ്വര്‍ണ്ണപ്രഭയെ വെല്ലുന്ന ഗാത്രം. എഴുപത്തിയാറു തികഞ്ഞ കാലം. വത്സ എന്നെ ഗുരുവിന് പരിചയപ്പെടുത്തി. ചോദ്യങ്ങള്‍ക്ക് വിനയസമേതം മറുപടി പറഞ്ഞു. ബൈബിളില്‍ തൃക്കൈകൊണ്ട് ഒപ്പിട്ടുതന്നു.'

യാത്ര തുടരുന്നു. മറ്റു ചില ചിത്രങ്ങള്‍ നോക്കുക. അക്കാലത്ത് പ്രതിമാസം നാലായിരം രൂപ ശമ്പളം പറ്റുന്ന മലയാളി ചെറുപ്പക്കാര്‍, തെരുവില്‍ക്കൂടി 'ശില്‍ക്ക്, ശില്‍ക്ക്' എന്നുവിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്ന ചൈനാക്കാരനായ സില്‍ക്ക് കച്ചവടക്കാരന്‍, ബംഗാള്‍ ഗവര്‍ണ്ണറുടെ, രാജകീയമായ, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രൗഢിക്കൊത്ത ശവസംസ്‌ക്കാരയാത്ര, സുപ്രസിദ്ധമായ സെറാംപൂര്‍ കലാശാലയുടെ മേധാവി റവ.ഡോ. സി.ഇ. അബ്രഹാം അച്ചനെ സന്ദര്‍ശിച്ചത് തുടങ്ങി അനേകം വിവരണങ്ങള്‍. 

ശ്രീ. പി.സി. അബ്രഹാം എന്തെഴുതിയാലും ഒരു അദ്ധ്യാപകന്റെ നിരീക്ഷണ പാടവത്തോടെ അതു നമുക്ക് മനസ്സിലാക്കിത്തരുന്നു. ഇവിടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം സഹായത്തിനെത്തുന്നു.
അവസാനം കൊച്ചിയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം എടത്വായില്‍ മടങ്ങിയെത്തി. അവിടെ നിന്ന് മണിമലയാറ്റില്‍ക്കൂടി മണിമലക്കു പോകുന്ന കച്ചവട വള്ളത്തില്‍ കാറ്റോട്ടു കടവില്‍ ഇറങ്ങുമ്പോള്‍ ഒരു ജീവിതം, യാത്ര, വായനക്കാരെ ഒപ്പം കൂട്ടിക്കൊണ്ടുള്ള യാത്ര ഒരുവട്ടമെത്തുന്നു. മഹത്തായ ഒരനുഭവം, ഒരു നാടിന്റെ ചരിത്രം, സമരങ്ങളുടെ കഥകളും!

('ഓര്‍മ്മ യാത്ര ജീവിതം' എന്ന പുസ്തകം എന്റെ പക്കല്‍ എത്തിച്ചത് ശ്രീ. പി.സി. അബ്രഹാമിന്റെ പുത്രന്‍ ഡോ. സാലാസ് അബ്രഹാമാണ്. അദ്ദേഹത്തോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. 
Copies available at B. Books, Ambalapuzha, Kerala, India - Price Rs. 220/-)
വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക