Image

ഞാന്‍ ''കളങ്കപ്പെടുത്തിയ'' SFI യെ ഓര്‍ത്ത് വേദനിക്കുന്ന ഒരുപാട് ചേട്ടന്മാരോട്

അരുന്ധതി. ബി Published on 11 February, 2017
ഞാന്‍ ''കളങ്കപ്പെടുത്തിയ'' SFI യെ ഓര്‍ത്ത് വേദനിക്കുന്ന ഒരുപാട് ചേട്ടന്മാരോട്
ഒരു പോരാളിക്കല്ല, ഞാന്‍ ''കളങ്കപ്പെടുത്തിയ'' SFI യെ ഓര്‍ത്ത് വേദനിക്കുന്ന ഒരുപാട് ചേട്ടന്മാരോട് പറയാനുള്ളത്:
ചുംബനസമരം, സമരത്തിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങള്‍, സമരത്തിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍. ഇത്ര കാലത്തെ പബ്ലിക്ക് ഇടപെടലുകളില്‍, അത് ചാനല്‍
ചര്‍ച്ചകളോ സെമിനാറുകളോ, പുസ്തകപ്രകാശനങ്ങളോ, ഇടതുപക്ഷത്തിന്റേതല്ലാത്ത സമരങ്ങളോ ആവട്ടെ, ഒരിടത്തും SFI പ്രതിനിധിയായി ഇരുന്നിട്ടില്ല. പാര്‍ടി
നടത്തിയ ഇ.എം.എസ് സ്മൃതിയില്‍ പോലും ''സ്ത്രീ ഗവേഷക വിദ്യാര്‍ഥി'' എന്ന ടാഗ് മാത്രമാണണിഞ്ഞത്.

എസ്.എഫ്.ഐ യെ ഉപയോഗിച്ച് വേദികളുണ്ടാക്കി എന്ന് വേദനിക്കരുത്, എന്റെ നിലപാടുകള്‍ എന്റേത് മാത്രമാണ്.
ലക്ഷക്കണക്കിന് വരുന്ന സംഘടന അംഗങ്ങളില്‍ ഈ വഴിപിഴച്ചവളും വന്നുപെട്ടു എന്നേയുള്ളൂ. ലജ്ജിപ്പിച്ചതില്‍ സഹോദരിയോട് പൊറുത്താലും!
തികഞ്ഞ സ്ത്രീവിരുദ്ധത നിറഞ്ഞ കുടുംബങ്ങളില്‍ നിന്നും, അരാഷ്ട്രീയവത്കരിക്കപ്പെട്ട സ്‌കൂളുകളില്‍ നിന്നുമാണ് കേരളത്തിലെ ചെറുപ്പം
കലാലയങ്ങളിലേക്കെത്തുന്നത്. 

തിരുത്തുകളുണ്ടാക്കുന്ന ഇടമാണ് കാംപസുകള്‍.
അധ്യാപകര്‍ക്ക് അധികമൊന്നും ചെയ്യാനില്ല. സാമൂഹിക വിദ്യാഭ്യാസം നടത്തുന്നത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകളാണ്.
നമ്മുടെ കാംപസുകളെ മതനിരപേക്ഷ ഇടങ്ങളായി നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് ഈ സംഘടനകള്‍ക്കുണ്ട്. ജാതീയതയെയും വംശീയതയെയും സദാചാര ഭീകരതയെയും
ചോദ്യം  ചെയ്തതിന് സംഘപരിവാരം ചുട്ടുകരിച്ച ''വിശ്വ വിഖ്യാത തെറി'' ഒരു കോളേജ് മാഗസിനാണ്. 

SFI വിദ്യാര്‍ഥികളാണത് സൃഷ്ടിച്ചത്. പക്ഷേ SFI അടക്കം ഒരു പുരോഗമന സംഘടനയുടെ പ്രവര്‍ത്തകരും പൊതു ബോധത്തില്‍ അടിഞ്ഞുകിടക്കുന്ന
മനുഷ്യത്വ വിരുദ്ധതകളില്‍ നിന്ന് മുക്തരല്ല. എണ്ണത്തില്‍ വളരുന്നതനുസരിച്ച് പോരാളി ഷാജിമാരും കൂടുക സ്വാഭാവികം. ഇതറിയാഞ്ഞിട്ടല്ല യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പ്രതികരിച്ചത്. അവിടെ പ്രശ്‌നം അണികള്‍ക്ക്
മാത്രമല്ലെന്നതുകൊണ്ടാണ്.

കേരളത്തിലെ ഒന്നാം നിര സര്‍ക്കാര്‍ കോളേജുകളിലൊന്നാണ് യൂണിവേഴ്‌സിറ്റി. ഓരോ
വര്‍ഷവും പത്തിലധികം സര്‍വകലാശാല റാങ്കുകള്‍. വളരെയുയര്‍ന്ന ദളിത്, സ്ത്രീ പ്രാതിനിധ്യം. മികച്ച തലച്ചോറുകള്‍ കടുത്ത ഇടതുവിരുദ്ധരായി
ഇറങ്ങിപ്പോകുന്നതിന് സാക്ഷിയായിട്ടുള്ളതുകൊണ്ട് പറയുന്നു, യൂണിവേഴ്‌സിറ്റി കോളേജ് സംഘടന പ്രവര്‍ത്തനം അടിമുടി മാറേണ്ടതുണ്ട്.
വലത്തേക്കു നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്കു തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച് മിനിറ്റ് നടന്നാല്‍ രാജ്ഭവന്‍. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം
വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

മുഴുവന്‍ വിദ്യാര്‍ഥികളെയും മരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്പ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍.

ക്ലാസില്‍ കയറി ചോദ്യവും ഉത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍. ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള
യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.

ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്‍ക്കുന്ന ചേച്ചിമാര്‍ മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു.
ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശബ്ദത പാലിക്കുന്നു.
ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകളായി മുദ്രകുത്തപ്പെടുന്നു. ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും 
കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കൈവെക്കാറില്ല. തല്ലാന്‍
മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും.

എന്താണ് പ്രതിവിധി? സംഘടനാ നേതൃത്വത്തെ അടിമുടി അഴിച്ചു പണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കിവെച്ച ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ പുറത്തിടും.
എസ്എഫ്‌ഐ കോട്ട തകരും. അതുകൊണ്ട് പാര്‍ട്ടി യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപ്ലവം സൃഷ്ടിക്കാന്‍
പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. Slut shaming ഉണ്ടാവും.
വെടിയെന്നു കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കി പ്പെണ്ണുങ്ങള്‍.
'അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ
ലിംഗങ്ങളാണെ'ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്‌സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ.

(ഈ വിഷയത്തില്‍ ഇനിയൊരു പ്രതികരണമില്ല.) 

see also

Janaki Ravan 

വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയിലുള്ളപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണോ എന്ന് കുറേ ചിന്തിച്ചു. ഈ അവസ്ഥ തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഏറ്റവും പറ്റിയത് എന്ന് തോന്നിയതു കൊണ്ട് എല്ലാവരോടുമായി ചിലത് കുറിക്കുന്നു. സൂര്യഗായത്രിയും ഞാനും ജിജീഷും എന്നത്തേയും പോലെ കോഫീ ഹൗസിലിരിക്കുമ്പഴാണ് സൂര്യ യൂണിവേഴ്‌സിറ്റി നാടകോല്‍സവത്തിന് മൂന്നാം സ്ഥാനം കിട്ടിയ നാടകം കോളേജിലിന്ന് അവതരിപ്പിക്കുന്നു എന്നു പറഞ്ഞത്. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ട് ഞങ്ങളങ്ങനെ നാടകം കണ്ടുകളയാനാണ് എന്റെയും സൂര്യയുടെയും കോളേജ് കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പോകുന്നത്. ചെല്ലുമ്പൊ നാടകം തുടങ്ങീട്ടില്ല. 

സമ്മേളനം തീരും വരെ ചുമ്മാ നിന്നിട്ട് നാടകം തുടങ്ങാനായപ്പൊ ഞങ്ങള്‍ പിന്നില്‍ കിടന്ന മൂന്നു കസേരകളിലായി ഇരുന്നു. ജിജീഷ് ഞാനിരുന്ന കസേരയില്‍ പിന്നിലൂടെ അവന്റെ കൈ വച്ചിട്ടുണ്ടായിരുന്നൂ. അപ്പൊ സൂര്യ കയ്യങ്ങനെ വക്കണ്ടെന്നും പ്രശ്‌നം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു തീര്‍ന്നതും യൂണിറ്റിലെ മൂന്നോ നാലോ പേര്‍ വന്ന് ജിജീഷിനെ കൂട്ടിക്കൊണ്ടു പോയി. എന്താണ് കാര്യങ്ങള്‍ എന്നറിയാതെ ഞങ്ങളിരുവരും ഇരിക്കുമ്പൊ അല്‍പ്പം മാറി നിന്ന് അവര്‍ അവനോട് സംസാരിക്കുകയും അഞ്ച് മിനുട്ടില്‍ തിരിച്ച് വന്ന അവന്‍ വല്ലാണ്ട് ഇറിറ്റേറ്റഡ് ആയി കാണപ്പെടുകയും ചെയ്തു. 

''എന്ത് കോളേജാടീ ഇത്. എനിക്കിവിടെ ഇരിക്കാന്‍ വയ്യ. മൂഡ് മൊത്തം പോയി. നിങ്ങള്‍ നാടകം കണ്ടിട്ട് വന്നാ മതി'' എന്നൊക്കെ പറഞ്ഞ് തിരിച്ചു നടന്നപ്പൊ ഒപ്പം ഞങ്ങളും നടന്നു. കോളേജിനു മുന്നിലെ കൊടി മരത്തിനു താഴെ നിന്ന് ഞങ്ങള്‍ ഇതേ പറ്റി സംസാരിക്കുമ്പൊ ടീച്ചറിനെ കണ്ട് ഞാനങ്ങോട്ട് ചെന്നു. അപ്പൊ നേരത്തേ വന്നവര്‍ വീണ്ടും തിരിച്ചു വന്ന് ജിജീഷിനെ പിന്നെയും കൊണ്ടുപോവുകയും കാര്യമെന്താണെന്ന് തിരക്കിയ ഞങ്ങളോട് ചൂടാവുകയും ചെയ്തു. തിരിച്ച് സംസാരിച്ച എന്നോട് പേരറിയാത്ത, കണ്ടാല്‍ വ്യക്തമായി തിരിച്ചറിയാവുന്ന ഒരുത്തന്‍ പറഞ്ഞത് ''നീയിനി സംസാരിച്ചാല്‍ വേദനിക്കുന്നത് വേറൊരുത്തനാവും'' എന്നാണ്. 

ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പൊ എന്താ ചെയ്യുക എന്ന് ചോദിച്ച ഞങ്ങളുടെ മുന്നില്‍ വച്ച് ആ എസ്.എഫ്.ഐക്ക് പിറന്ന പട്ടികള്‍(തീര്‍ച്ചയായും അതിലും അറയ്ക്കുന്ന ഒരു തെറിയും ഇപ്പൊ എന്റെ വായില്‍ വരുന്നില്ല) അവനെ തല്ലിച്ചതച്ചു. ആദ്യം ഒരുത്തന്‍, പിന്നീട് പല സ്ഥലത്തു നിന്നും ആണത്തം തെളിയിക്കാന്‍ ആരൊക്കെയോ. എന്തിനാണ് അടിക്കുന്നതെന്നു പോലും അറിയാതെ കൂട്ടത്തില്‍ തല്ലുന്നതിന്റെ ഓര്‍ഗാസം അനുഭവിക്കാന്‍ ഏതൊക്കെയോ നായ്ക്കള്‍ ഓടിക്കൂടി അവനെ തല്ലി. 

ബഹളം വച്ച് പിടിച്ചു മാറ്റാന്‍ ചെന്ന ഞങ്ങളേയും അവര്‍ തല്ലി. അവനെ അവര്‍ തല്ലിയോടിച്ച് ഞങ്ങളില്‍ നിന്ന് ദൂരെയാക്കി. ഞങ്ങളെ കൈ കൊണ്ട് തടഞ്ഞ് പച്ചത്തെറി വിളിച്ചു. നെഞ്ചില്‍ തള്ളി പിന്നോട്ടിട്ടു. വൈസ് പ്രിന്‍സിപ്പലുള്‍പ്പെടെ നോക്കി നില്‍ക്കെ ഒരു കൂട്ടം ആളുകള്‍ തല്ലിയും ചീത്ത വിളിച്ചും ഞങ്ങളെ ഗേറ്റിനു പുറത്താക്കി. അവനെ വിടാന്‍ പറഞ്ഞപ്പൊ പിന്നെയും തെറി പറഞ്ഞു. ഞങ്ങളിനി ആ കോളേജില്‍ പഠിക്കില്ലെന്നും ഈ മുറ്റത്തിനി കാല് ചവിട്ടില്ലെന്നും പറഞ്ഞ് ഗേറ്റിനു പുറത്താക്കി ഗേറ്റടച്ചു.

 രണ്ടു ഗേറ്റും ലോക്ക്ഡ് ആയതു കൊണ്ട് അവന്‍ ഉള്ളില്‍ തന്നെയാണെന്ന് ഉറപ്പായിരുന്നൂ. പോലീസിനെ വിളിച്ചപ്പോള്‍ അവര്‍ ചോദിച്ചത് നിങ്ങളില്‍ പലരും ചോദിച്ച ചോദ്യമാണ്, ഇത് യൂണിവേഴ്‌സിറ്റി കോളേജാണെന്നും ഇവിടെ ഇങ്ങനെയാണെന്നും നിങ്ങള്‍ക്ക് അറിയില്ലേ എന്ന്. അവനെ കാണാതെ, വിളിച്ചിട്ട് കിട്ടാതെ ആ പൂട്ടിയിട്ട കോളേജിനു ചുറ്റും ഞങ്ങളോടിയ ഓട്ടമുണ്ട്.... 

മനസിലാകില്ല പിശാചുക്കളേ നിങ്ങള്‍ക്കതൊന്നും ഒരിക്കലും. ഒടുവില്‍ അവന്‍ വിളിച്ച് ഞങ്ങള്‍ വീട്ടിലേക്ക് പോയാലേ അവനെ അവര്‍ വിടൂ, അതുകൊണ്ട് കേസിനൊന്നും പോകാതെ തിരിച്ച് പോ കാലുപിടിക്കാം എന്നൊക്കെ കരഞ്ഞോണ്ട് പറഞ്ഞ ആ നിമിഷമുണ്ടല്ലോ, ചത്ത് മണ്ണടിഞ്ഞാലും അത് മറക്കാന്‍ പോണില്ല. ഇനി ഉണ്ടാകാന്‍ പോണതും ഞങ്ങള്‍ക്കറിയാം. ശശികലക്കും പനീര്‍   ശെല്‍വത്തിനും പിന്നാലെ ഓടുന്ന മാധ്യമങ്ങള്‍ ആദ്യമിത് മറക്കും. അവന്‍ കോളേജിലെ ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നും അതുകൊണ്ടാണ് അടിച്ചതെന്നും നിന്റെയൊക്കെ കാലു നക്കുന്ന ഏതെങ്കിലും ഒരുത്തിയെ കൊണ്ട് കേസ് കൊടുപ്പിക്കും. 

ഞാനും സൂര്യയും ഭൂലോക വെടികളാണെന്നും ഞങ്ങളവിടെ വന്നത് വേറെന്തിനേലുമാണെന്നും അവന്റൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ടിട്ട് നിന്റെയൊക്കെ ആര്‍ഷഭാരത സംസ്‌കാരം തിളച്ചതാണെന്നും പറയും. ഞങ്ങളെ അവിടെ ഒറ്റപ്പെടുത്തും. ഭീഷണിപ്പെടുത്തും. ഏറ്റവും കൂടിപ്പോയാല്‍ പഠിത്തം നിര്‍ത്തിക്കും. പക്ഷേ ഒരു കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ വെല്ലുവിളിക്കും. ഇന്ന് നീയൊക്കെ ഞങ്ങളോടിത് ചെയ്തപ്പൊ ഓടി വന്ന, ചേര്‍ത്തു പിടിച്ച ഞങ്ങടെ ഇത്രയും കൂട്ടുകാരില്ലേ, അത് പോലെ ഇന്നീ കൂട്ടം കൂടി അടിച്ചവരിലോ നിന്നെയൊക്കെ തീറ്റിപ്പോറ്റുന്നവരിലോ ഒരു മൈരന്‍ പോലും നിന്റെയൊന്നും കൂടെ ഒരു കാലത്തും നിക്കാന്‍ പോണില്ല. 

ഒരുത്തനെ പത്തു പേര്‍ ചേര്‍ന്നടിക്കാന്‍ നീയൊക്കെ കാണിക്കുന്ന ഈ മിടുക്കല്ല ആണത്തം. ഒറ്റക്കൊറ്റക്കാണേല്‍ നീയൊക്കെ വെറും പട്ടിത്തീട്ടങ്ങളാണ്. എന്നെയോ സൂര്യയെയോ പോലും തനിച്ച് നേരിടാന്‍ പറ്റാത്ത അശുക്കള്‍. ഇനി ഞങ്ങളുടെ ജിജീഷിനോടാണ്. എന്റെ ആദീ, ഞങ്ങളാണ് നിന്നെയവിടേക്ക് കൊണ്ടു പോയത്. ഞങ്ങളുടെ കോളേജാരുന്നു. ഞങ്ങള്‍ സംരക്ഷിക്കേണ്ടതായിരുന്നു നിന്നെ. പക്ഷേ തടയാനുള്ള ഞങ്ങടെ എല്ലാ ശ്രമങ്ങളും തോറ്റു പോയല്ലോടാ. 

നിന്നെ ആ മലമൈരന്മാര്‍ അടിക്കുന്നത് കണ്ടു നില്‍ക്കാനും നീ അവരുടെ കയ്യിലായപ്പൊ പൊട്ടിക്കരയാനും മാത്രേ ഞങ്ങള്‍ക്ക് പറ്റിയുള്ളൂ. ക്ഷമിക്കെടാ <3 <3 ഈ നായ്ക്കള്‍ ചിന്തിക്കുന്നതു പോലും ലിംഗം കൊണ്ടാണെന്ന് ഞങ്ങളറിഞ്ഞില്ല :(. NB ഇതിനെ ന്യായീകരിക്കാനോ സമാധാനം പറയാനോ ഏതെങ്കിലും മൈരന്‍ ഇങ്ങോട്ട് വന്നാല്‍ കരണത്തടിച്ച് തന്നെ പുറത്താക്കും. നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുന്നൊരുത്തനെ പേപ്പട്ടിയെ തല്ലും പോലെ തല്ലുന്നത് മുന്നില്‍ കാണേണ്ടി വരുമ്പൊ നിന്റെയൊന്നും ഒരു ന്യായവും വിശദീകരണവും ഞങ്ങളെ സമാധാനിപ്പിക്കാന്‍ പോന്നതാവില്ല. 
ഞാന്‍ ''കളങ്കപ്പെടുത്തിയ'' SFI യെ ഓര്‍ത്ത് വേദനിക്കുന്ന ഒരുപാട് ചേട്ടന്മാരോട്
Join WhatsApp News
Jacob 2017-02-12 11:33:36
ബുദ്ധീ ബോധം ഉള്ളവൻ ആരെങ്കിലും മക്കളെ SFIയിൽ ചേരാൻ സമ്മതിക്കുമോ? വഴക്കു കൂടുക, ഇടി വെക്കുക, കല്ലെറിയുക ഇതുമാത്രമാണ് ഏത്തപ്പയിൽ ചേരാനുള്ള യോഗ്യത.

നേതാക്കളുടെ മക്കളെല്ലാം പുറം രാജ്യങ്ങളിൽ നല്ല ലെവലിൽ പഠിക്കുന്നുണ്ടാകും. കോരനെന്നും മുദ്രാവാക്യം കേട്ട് കോൾമയിർ കൊള്ളാൻ യോഗം!! അടി വാങ്ങാനും...

ചിലവന്മാർ അമേരിക്കയിൽ വന്നിട്ടും നോക്കുകൂലി സിന്ദാബാദ്, 51 വെട്ട് സിന്ദാബാദ് എന്നൊക്കെ പറയുന്നത് കേൾക്കാം.  അവൻറെ ഒക്കെ അടുത്ത തലമുറയെങ്കിലും നന്നായാൽ മതിയായിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക