Image

രാജ്യം മരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ജീവിക്കാന്‍ കൊതി? (ജോയ് ഇട്ടന്‍)

Published on 10 February, 2017
രാജ്യം മരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ജീവിക്കാന്‍ കൊതി? (ജോയ് ഇട്ടന്‍)
കക്ഷിരാഷ്ട്രീയത്തിനു വിധേയപ്പെട്ടു കഴിയുന്ന സംഘടനകളാണ് കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. അക്രമാസക്തമായ സമരങ്ങള്‍ക്ക് വിദ്യാര്‍ത്ഥിത്വത്തെ പ്രേരിപ്പിക്കുക എന്ന മടുപ്പന്‍ അജണ്ടകളാണ് ഇത്തരം സംഘടനകള്‍ കൈമാറുന്നത്. വിദ്യാഭ്യാസം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക സേവനത്തിന്‍റെ മനസ്സ് നഷ്ടപെട്ട വിദ്യാര്‍ത്ഥി യുവത്വം സമരാഭാസങ്ങളുടെ മാറുന്ന ലോകത്തേക്ക് മുഖം തിരിച്ച് വിജ്ഞാനത്തെ പരിഹസിക്കുകയാണ്. നിയമ വ്യവസ്ഥിതികള്‍ക്ക് സാംസ്കാരിക അടയാളങ്ങളുടെ വെറുക്കപ്പെടുന്ന സമരങ്ങള്‍ക്കു മുന്നില്‍ പുല്ലു വിലയാണ്. തിമര്‍ത്തു പെയ്യുന്ന ആഘോഷങ്ങളാണ് ജീവിതവും സമരവും എന്നാണ് പുതിയ വിദ്യാര്‍ത്ഥിത്വം വിലയിരുത്തുന്നത്.

ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളുടെ ഒരു കാന്പസ് കാലം നമുക്ക് മുന്നിലുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനം കാന്പസുകളില്‍ സമരവീര്യം പടര്‍ത്തിയപ്പോള്‍ മഹാത്മാഗാന്ധിക്കൊപ്പം പോരാട്ടത്തിനു പോര്‍ക്കളം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പങ്കുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഒരു പ്രസംഗ മധ്യേ ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി. ‘രാജ്യം അടിമത്വത്തില്‍ കിടന്ന് പിടയുകയും ജനകോടികള്‍ പട്ടിണി കിടക്കുകയും ചെയ്യുന്‌പോള്‍ പൊള്ളയായ ബിരുദങ്ങള്‍ കൊയ്തു കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. രാജ്യം മരിച്ചു കൊണ്ടിരിക്കുന്‌പോള്‍ ആര്‍ക്കാണ് ജീവിക്കാന്‍ കൊതി?’ ഈ വാക്കുകള്‍ വിദ്യാര്‍ത്ഥി യുവത്വത്തെ സമരത്തിന്‍റെ നെരിപ്പോടിലേക്ക് എടുത്തെറിയപ്പെട്ടു. നിറഞ്ഞു നില്‍ക്കുന്ന സമരജ്ജ്വാലകള്‍ക്ക് തിരി കൊളുത്തി ഈ വിദ്യാര്‍ത്ഥിത്വം പെഷാവറില്‍ ബ്രിട്ടീഷുകാര്‍ക്കു നേരെ പ്രക്ഷോഭം ആളിപ്പടര്‍ത്തി. ഛത്താഗ്രാമില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ചു.

സമര സജ്ജരായ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിന്‍റെ തീക്കനലിലേക്ക് എടുത്തെറിയപ്പെട്ട മറ്റൊരു സംഭവമായിരുന്നു ഭഗത് സിംഗിന്‍റെ രക്തസാക്ഷ്യം. രാജ്യത്തെ കാന്പസുകളെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ഭഗത് സിംഗിനെ രക്ഷിക്കാന്‍ ദേശീയ നേതാക്കള്‍ ശുഷ്കാന്തി കാണിച്ചില്ലെന്നുപോലും കാന്പസുകളില്‍ സംസാരം ഉണ്ടായിട്ടുണ്ട്.നാല്‍പതുകളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പ്രതിബദ്ധതക്കൊപ്പം തികഞ്ഞ അവകാശ ബോധവുമുണ്ടായിരുന്നു. കുട്ടികള്‍ക്കെതിരില്‍ അക്കാലത്ത് നിലനിന്നിരുന്ന ശിക്ഷാ മുറകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചിട്ടുണ്ട്.

കേരളത്തിന്‍റെ സാമൂഹിക വളര്‍ച്ചയിലും ക്യാന്പസുകള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. രാജ്യത്തുട നീളം സാവേശം മുന്നേറിയ സ്വാതന്ത്യപ്രസ്ഥാനത്തിന്‍റെ ചുവടൊപ്പിച്ച് കേരളത്തിലും സജീവമായ സംഘടനാ പ്രവര്‍ത്തനങ്ങളും സമരമുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതികരണത്തിന്‍റെയും പ്രതികാരത്തിന്‍റെയും ചിത്രമാണ് കേരളത്തിന്‍റെ കാന്പസ് രാഷ്ട്രീയത്തിന്‍റെ ചരിത്രം. 1882ലെ ഒരു വിശിഷ്ഠ സന്ധ്യയില്‍ മഹാരാജാസ് കോളേജിന്‍റെ വിശാലമായ മുറ്റത്തെ മഹാഗണി മരങ്ങളിലൊന്നിന്‍റെ ചുവട്ടിലിരുന്ന് മൂന്ന് ധീരയുവാക്കള്‍ നടത്തിയ കൂടിയാലോചനയും തുടര്‍ നടപടിയുമാണ് പില്‍ക്കാലത്തെ അസംഖ്യം സമരമുന്നേറ്റങ്ങളുടെ അറിയപ്പെട്ട തുടക്കം. എന്നാല്‍ ഈ സമരാവേശങ്ങള്‍ കാന്പസുകളുടെ മുറ്റങ്ങളില്‍ നിന്ന്എടുത്തെറിയപ്പെട്ട ഇരുണ്ട യുഗത്തിലാണ് നാം ജീവിക്കുന്നത്. ‘കാന്പസ് അരാജകത്വം’ ധൈഷണികവും അക്കാദമീയവുമായ പ്രശ്‌നങ്ങള്‍ക്കപ്പുറത്ത് കടുത്ത സാമൂഹിക പ്രതിസന്ധികളുടെ മതിലുകളും ഗര്‍ത്തങ്ങളും സൃഷ്ടിച്ച് കലാലയ ജീവിതങ്ങള്‍ എണ്ണവറ്റി കരിന്തിരി കത്തുകയാണ്.

എന്തുകൊണ്ടാണ് നമ്മുടെ കലാലയ ജീവിതങ്ങള്‍ ഇത്രമാത്രം ജീര്‍ണ്ണിച്ചിരിക്കുന്നത്?. അതിന്‍റെ കാരണങ്ങളന്വേഷിച്ച് തിരുത്ത് കുറിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഒന്നാമതായി തുടക്കത്തില്‍ പരാമര്‍ശിച്ച മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് കാരണം. വസ്തുതകളെ വെടിഞ്ഞ് നിഴലുകളെ പ്രണയിക്കുന്ന പ്രവണതയാണ് ഈ പുറം തിരിഞ്ഞിരിക്കല്‍. രണ്ടാമത്തെ കാരണം, വിദ്യഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെട്ടുവെന്നതാണ്. വിദ്യഭ്യാസം കച്ചവടച്ചരക്കാക്കുകയും സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുകയും ചെയ്യുന്നവര്‍ അധമവിചാരങ്ങള്‍ക്ക് വഴിതുറക്കുകയാണ്. ഉറച്ച രാജ്യസ്‌നേഹത്തേയും പാരന്പര്യത്തേയും പാടെ വിസ്മരിക്കപ്പെടുകയാണ്. കച്ചവട ലോബികള്‍ക്ക് കളിക്കളവും വിത്തിറക്കാനുള്ള കൃഷിയിടവുമായി വിദ്യഭ്യാസത്തെ മാറ്റിത്തുടങ്ങിയതു മുതലാണ് വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത മങ്ങിപ്പോയത്. കച്ചവടക്കാരില്‍ നിന്ന് പൊള്ളുന്ന വില കൊടുത്ത് വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്യുക എന്നതിലപ്പുറം വലിയ കാര്യങ്ങളൊന്നും ഇതിലില്ലെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞത് മുതലാണ് ഈ ദുരന്തചരിത്രം ആരംഭിക്കുന്നത്.

മൂന്നാമത്തെ കാരണം ജോബ് ഓറിയന്‍റഡ് എജ്യുക്കേഷനാണ്. ഒരു വിദ്യാര്‍ത്ഥിയെ നല്ല മനുഷ്യനാക്കുക എന്നത് വിദ്യഭ്യാസത്തിന്‍റെ ലക്ഷ്യമാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുക, ആദര്‍ശങ്ങള്‍ക്ക് മൂര്‍ച്ച നല്‍കുക, മനുഷ്യ ബന്ധത്തെ ദൃഢമാക്കുക, മനുഷ്യാഭിമുഖ്യത്തെ നിരന്തരം സജീവമാക്കുക തുടങ്ങിയവയെല്ലാം വിദ്യഭ്യാസത്തിന്‍റെ ഭാഗമായി സാധ്യമാക്കേണ്ടതാണ്. ഇങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങളെ ഐക്യപ്പെടുത്തുന്ന മൗലികമായ ഒരു ലക്ഷ്യമുണ്ട്. അത് സാംസ്കാരിക പ്രബുദ്ധമായ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ്. സാംസ്കാരിക പ്രബുദ്ധതയോട് കീഴ്‌പ്പെട്ടാണ് മറ്റെല്ലാ കാര്യങ്ങളേയും നാം കാണേണ്ടത്. അതിനു പകരം സാംസ്കാരിക പ്രബുദ്ധത തുലയട്ടെ, മനുഷ്യ ബന്ധങ്ങള്‍ നശിക്കട്ടെ, എന്‍റേതു മാത്രമായ ആഡംബര ജീവിതം എന്ന കാഴ്ച്ചപ്പാട് രൂപപ്പെടുന്നതില്‍ ജോലി കേന്ദ്രീകൃത വിദ്യഭ്യാസത്തിന് വലിയ സ്വാധീനമുണ്ട്. ഇവകളെയെല്ലാം ചെറുത്തു തോല്‍പിച്ചേ മതിയാവൂ.. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളില്‍ പോലും കലാലയങ്ങള്‍ അധാര്‍മികതയുടെ കൂത്തരങ്ങായി മാറാന്‍ കാരണം മൂല്യവിദ്യാഭ്യാസത്തിന്‍റെ അഭാവമാണ്.അതിനു ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂട്ട് നില്‍ക്കുന്നു എന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു .
Join WhatsApp News
Dr. Sasi 2017-02-11 10:15:57

രാജ്യം മരിക്കുകയല്ല സുഹൃത്തേ .രാജ്യം കൂടുതൽ ഉണരുകയാണ് . കരുത്തിന്റെ ഹൃദയമാണ് നമുക്ക് വേണ്ടത് , കരച്ചിലിന്റെ ഹൃദയമല്ല  വേണ്ടത്  എന്ന്  ഈ സംഭവങ്ങൾ തെളിയിച്ചിരിക്കുന്നു .

(Dr.Sasi)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക