Image

മുംബൈ ആക്രമണം: ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കും

Published on 22 February, 2012
മുംബൈ ആക്രമണം: ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കും
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചകര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചകര്‍ ആക്രമണം ആസൂത്രണം ചെയ്ത പാകിസ്താന്‍ പൗരന്മാരുമായി നടത്തിയ സംഭാഷണങ്ങളാണ് നാളെ കോടതി പരിശോധിക്കുന്നത്. സംഭവത്തില്‍ പിടിയിലായ അജ്മല്‍ അമീര്‍ കസബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്ത സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും കോടതി ഈ സംഭാഷണങ്ങള്‍ കേള്‍ക്കുക. ആക്രമണത്തിന്റെ പിറകിലെ ഗൂഢാലോചനയും അതിലെ പാകിസ്താന്റെ പങ്കും വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ സംഭാഷണങ്ങളെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

സംഭാഷണങ്ങള്‍ കേള്‍ക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്ന് കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ വാദിച്ചു. ജസ്റ്റിസുമാരായ അഫ്താബ് ആലം, സി.കെ.പ്രസാദ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക