Image

പ്രതിഭാ പാട്ടീല്‍ ദയാലുവായ രാഷ്ട്രപതി; വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് 23 പേരെ

Published on 21 February, 2012
പ്രതിഭാ പാട്ടീല്‍ ദയാലുവായ രാഷ്ട്രപതി; വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് 23 പേരെ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ദയാലുവായ രാഷ്ട്രപതി എന്ന സ്ഥാനവും ആദ്യത്തെ വനിതാ രാഷ്ട്രപതിക്കു തന്നെ. പ്രതിഭാ പാട്ടീല്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന കാലത്ത് 23 പേരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചുകൊടുത്തത്. 1981 നുശേഷം വധശിക്ഷയില്‍നിന്ന് രാഷ്ട്രപതിമാര്‍ ഒഴിവാക്കിക്കൊടുത്തവരുടെ 90 ശതമാനം വരും ഇത്.

ഒമ്പതുവയസായ ബാലനെ ബലിയെന്ന പേരില്‍ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സുശീല്‍ മുര്‍മുവിനെയാണ് ദയാഹര്‍ജി പരിഗണിച്ച് ഏറ്റവും ഒടുവില്‍ പ്രതിഭാ പാട്ടീല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തത്. ഫെബ്രുവരി ഒമ്പതിനാണ് സുശീല്‍ മുര്‍മുവിന്റെ ഹര്‍ജി പരിഗണിച്ച് ശിക്ഷ ജീവപര്യന്തമാക്കിയത്. 

1981 നുശേഷം ഇതുവരെയായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 91 പേര്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിഭവനെ സമീപിച്ചിട്ടുണ്ട്. ഇതില്‍ 31 അപേക്ഷകള്‍ ജീവപര്യന്തമാക്കി. ഇതില്‍തന്നെ 23 എണ്ണത്തില്‍ പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായ 2007 നു ശേഷമാണ് അനുകൂല തീരുമാനമുണ്ടായത്. 18 ദയാഹര്‍ജികള്‍ ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലുണ്ട്. അതേസമയം, രാഷ്ട്രീയ പ്രാധാന്യം ഏറെ നേടിയ ചില പ്രത്യേക കേസുകളിലെ പ്രതികളുടെ ദയാഹര്‍ജികള്‍ പ്രതിഭാ പാട്ടീല്‍ തള്ളിയിട്ടുമുണ്ട്. ഇത്തരത്തില്‍ അഞ്ചുപേരുടെ ദയാഹര്‍ജികളാണു രാഷ്ട്രപതി തള്ളിയിട്ടുള്ളത്. ഇതില്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ ഹര്‍ജികള്‍ ഉള്‍പ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക