Image

അക്കാദമിക് മികവിന്റെ ബ്രാന്റ് അംബാസിഡറായി കെ.പി ജോര്‍ജ്‌

Published on 30 January, 2017
അക്കാദമിക് മികവിന്റെ ബ്രാന്റ് അംബാസിഡറായി കെ.പി ജോര്‍ജ്‌
ഹൂസ്റ്റണ്‍: ''വിദ്യാഭ്യാസത്തിന്റെ അമൂല്യമായ ഗുണത്തിലും അറിവിന്റെ അനന്തമായ മികവിലുമാണെന്റെ ഉറച്ച വിശ്വാസം. നമ്മുടെ വിദ്യാര്‍ത്ഥികളെ ആഗോള വര്‍ക്ക്‌ഫോഴ്‌സില്‍ ആത്മവിശ്വാസത്തോടെ മല്‍സരിക്കത്തക്കവിധം പാകപ്പെടുത്തിയെടുക്കാന്‍ നാമോരോരുത്തരും പ്രതിജാഞാബദ്ധരാണ്. കുട്ടികളെ പ്രവര്‍ത്തന ക്ഷമതയുടെ പൂര്‍ണതയിലെത്തിക്കാനുള്ള എളുപ്പവും ഉചിതവുമായ മാര്‍ഗം അവര്‍ക്ക് ഒന്നാംതരം വിദ്യാഭ്യാസം നല്‍കുകയെന്നതാണ്...'' പറയുന്നത് ഫോര്‍ട്ട് ബെന്റ് ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് (എഫ്.ബി.എസ്.ഡി) ബോര്‍ഡ് ട്രസ്റ്റിയും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായ കെ.പി ജോര്‍ജ്.സന്നദ്ധ പ്രവര്‍ത്തകനും തീവ്രപുരോഗമന ചിന്താഗതിക്കാരനുമായ ഇദ്ദേഹം, വിദ്യാര്‍ത്ഥികളുടെ കോളേജ് വിദ്യാഭ്യാസത്തിനും പ്രൊഫഷണല്‍ മികവിനും ഏറെ ഗുണെ ചെയ്യുന്ന അക്കാദമി പ്രോഗ്രാമുകള്‍ എടുത്തുകളയാനുള്ള എഫ്.ബി.എസ്.ഡി അഡ്മിനിസ്‌ട്രേഷന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ അതിശക്തമായി പോരാടിയിരുന്നു. പ്രസ്തുത പ്രോഗ്രാമുകളിലൂടെ തന്റെ തന്നെ മക്കള്‍ക്കുണ്ടായ മികച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി ജോര്‍ജിന്റെ പ്രതിഷേധം.

കെ.പി ജോര്‍ജിന്റെ ഇതുവരെയുള്ള ടേമില്‍ എഫ്.ബി.എസ്.ഡി ട്രസ്റ്റി ബോര്‍ഡ് അഭിമാനകരമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി. മാസ്റ്റര്‍ പ്ലാനായ കോംപ്രിഹെന്‍സീവ് ഡിസ്ട്രിക്ട് റീസണിങ്, 484 മില്യണ്‍ ഡോളറിന്റെ ബോണ്ട് പ്രോഗ്രാം തുടങ്ങിയവയ്ക്ക് 75 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചു. ടാക്‌സില്‍ വര്‍ധനയുണ്ടാവില്ല. ആറ് പുതിയ സ്‌കൂളുകളുടെ നിര്‍മാണത്തിനും ധനസഹായത്തിനും പുറമെ പഴയ സ്‌കൂളുകള്‍ നവീകരിക്കുന്നതിനും ട്രസ്റ്റി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസുകള്‍ വാങ്ങും. കൂടാതെ ഒരു ഡിസ്ട്രിക്ട് വൈഡ് ടെക്‌നോളജി പ്ലാനും അടിയന്തരമായി നടപ്പാക്കും. വരുന്ന മെയ്മാസത്തില്‍ എഫ്.ബി.എസ്.ഡി ട്രസ്റ്റി ബോര്‍ഡ് 'പൊസിഷന്‍-5' തിരഞ്ഞെടുപ്പിലേയ്ക്ക് കെ.പി ജോര്‍ജ് റീ ഇലക്ഷന്‍ ബിഡ് വിജാഞാപനം ചെയ്തു.

കഴിഞ്ഞ എഫ്.ബി.എസ്.ഡി പൊസിഷന്‍-5 തിരഞ്ഞെടുപ്പില്‍ ഡോ. പാറ്റ്‌സി ടെയ്‌ലറെയും ക്രിസ് ആല്‍ഫ്രിയെയും പിന്തള്ളി 36.6 ശതമാനം വോട്ടോടെ വിജയിച്ച കെ.പി ജോര്‍ജ് യു.എസ് കോണ്‍ഗ്രസിലേയ്ക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് നേരിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. കഴിഞ്ഞ 17 വര്‍ഷമായി ഫോര്‍ട്ട് ബെന്റ് ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിലുള്ള കെ.പി ജോര്‍ജ് ഷുഗര്‍ ലാന്‍ഡില്‍ സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറായി പ്രാക്ടീസ് ചെയ്യുന്നു. ഇദ്ദേഹത്തോടൊപ്പം ആറ് അഡ്‌വൈസര്‍മാരുമുണ്ട്. സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്തെയും നിസ്വാര്‍ത്ഥ സേവനത്തിന്റെ നിറസാന്നിധ്യവുമാണിദ്ദേഹം. ഷുഗര്‍ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ട് ബെന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങിയ കൂട്ടായ്മകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച ഇദ്ദേഹം 2013ല്‍ ഹൈ ടവര്‍ ഹൈ സ്‌കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ് സ്ഥാപിക്കുന്നതില്‍ നിര്‍ണായകവും നേതൃപരവുമായ പങ്ക് വഹിക്കുകയും ക്ലബിന്റെ പ്രസിഡന്റ് പദത്തിലെത്തുകയും ചെയ്തു. 

കെ.പി ജോര്‍ജിന് 2015ല്‍ പ്രശസ്തമായ ടെക്‌സസ് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ബോര്‍ഡ്‌സിന്റെ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു. ഒരുവര്‍ഷത്തെ പ്രോഗ്രാമിനു ശേഷം ഇദ്ദേഹത്തിന് 'ദ മാസ്റ്റര്‍ ട്രസ്റ്റി' എന്ന അപൂര്‍വ ബഹുമതിയും ലഭിച്ചു. ടെക്‌സസ് സ്റ്റേറ്റിലെ അതുല്യമായ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും കൂടുതല്‍ പഠനമനനം നടത്താനും ലഭിക്കുന്ന അസാധാരണ അവസരമാണ് ഈ ലീഡര്‍ഷിപ്പ് പ്രോഗ്രാം. വരും തലമുറകള്‍ക്ക് തങ്ങളുടെ അക്കാദമിക് നിലവാരം ലോകോത്തരമാക്കാനുള്ള മികവിന്റെ കേന്ദ്രമെന്ന നിലയില്‍ ഫോര്‍ട്ട് ബെന്റ് ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിനെ അവതരിപ്പിക്കുന്ന കെ.പി ജോര്‍ജിന്റെ ഭാര്യ ഷീബ ഇവിടത്തെ അധ്യാപികയാണ്. ഈ ദമ്പതികളുടെ മൂന്നു മക്കളും ഇവിടെ പഠിക്കുന്നു.

അക്കാദമിക് മികവിന്റെ ബ്രാന്റ് അംബാസിഡറായി കെ.പി ജോര്‍ജ്‌
Join WhatsApp News
G. Puthenkurish 2017-01-30 18:15:21
"The highest of distinctions is service to others." --King George VI
Good luck 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക