Image

നന്ദകുമാറിനെതിരായ കേസ് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ പോയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആതിഥ്യം സ്വീകരിച്ച് മടങ്ങി

Published on 21 February, 2012
നന്ദകുമാറിനെതിരായ കേസ് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ പോയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആതിഥ്യം സ്വീകരിച്ച് മടങ്ങി
ന്യൂഡല്‍ഹി: വിവാദ ദല്ലാള്‍ എന്ന് പേരെടുത്ത ടി.ജി. നന്ദകുമാറിനെതിരായ കേസ് അന്വേഷിക്കാന്‍ ഡല്‍ഹിയിലേക്ക് പോയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചു മടങ്ങി. 2008 ല്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട ഒരു ജഡ്ജിക്കെതിരേ വ്യാജ മേല്‍വിലാസത്തില്‍ വ്യാജപരാതി അയച്ചത് സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനായി പോയ ക്രൈംബ്രാഞ്ച് സംഘമാണ് നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ച് താജ്മഹല്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ട് മടങ്ങിയത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. വര്‍ഗീസ്, എഎസ്‌ഐമാരായ ടി.എസ്. ദാസ്, കെ.പി. മത്തായി എന്നിവരാണ് ഡല്‍ഹിയിലെത്തി നന്ദകുമാറിന്റെ ചെലവില്‍ താമസിച്ച് മടങ്ങിയത്. ഡിവൈഎസ്പി പി.എം. വര്‍ഗീസിന്റെ മകനും സംഘത്തിലുണ്ടായിരുന്നു. സാധാരണയായി കേരളത്തില്‍ നിന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ കേരള ഹൗസിലാണ് തങ്ങുക. കുറഞ്ഞ നിരക്കില്‍ ഇവര്‍ക്ക് ഇവിടെ മുറികളും ലഭ്യമാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം വിശ്വവിഹേന്ദ്ര ഹോട്ടലിലാണ് കഴിഞ്ഞത്. ഈ ഹോട്ടലിലെ ഇവരുടെ ബില്ലുകള്‍ നല്‍കിയത് നന്ദകുമാറാണെന്നതും തെളിവുകള്‍ സഹിതം പുറത്തുവന്നുകഴിഞ്ഞു. 33,000 രൂപയാണ് ഹോട്ടല്‍ ബില്ലിനത്തില്‍ നന്ദകുമാര്‍ നല്‍കിയത്. ഓരോ ദിവസവും നന്ദകുമാറിന്റെ ഡ്രൈവര്‍ എത്തി ബില്ലുകള്‍ അടയ്ക്കുകയായിരുന്നു. രണ്ട് മുറികളാണ് സംഘം എടുത്തിരുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരിലാണ് 2008 ല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദകുമാര്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനലിലെ ഒരു ജഡ്ജിക്കെതിരേ പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് ഇത്തരത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചത്. എന്നാല്‍ ഇതില്‍ ഒരു പരാതി മേല്‍വിലാസക്കാരന്റെ പേരില്‍ മടങ്ങിവന്നതോടെയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്.

നേരത്തെ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന അലക്‌സ്. കെ. ജോണിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാണ് ഇദ്ദേഹത്തെ മാറ്റി പി.എം. വര്‍ഗീസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. നന്ദകുമാര്‍ ഡല്‍ഹിയിലേക്ക് അയച്ച പരാതികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഡല്‍ഹിയിലെത്തിയത്. 27 ന് രാത്രി പതിനൊന്ന് മണിയോടെ എത്തിയ സംഘം മൂന്നാം തീയതിയാണ് മടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക