Image

ട്രെയിനിലെ വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി

Published on 21 February, 2012
ട്രെയിനിലെ വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി
പാലക്കാട്: തീവണ്ടികളിലെ വനിതായാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി ആര്‍.പി.എഫിലെ പ്രത്യേക വിഭാഗത്തെ നിയോഗിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞു. വനിതാ പോലീസിനെയായിരിക്കും സുരക്ഷയ്ക്കായി നിയോഗിക്കുക. സംസ്ഥാന പോലീസിന്റെ സഹകരണത്തോടെയായിരിക്കും ഇതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരുന്നത് നിര്‍ഭാഗ്യകരമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്നെ ക്ഷണിച്ചതുപോലെതന്നെയാണ് അദ്ദേഹത്തെയും ക്ഷണിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ, മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം.പി. മാരായ എം.ബി. രാജേഷ്, കെ.ഇ. ഇസ്മയില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ. തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ഫാക്ടറിയാണ് കഞ്ചിക്കോട് സ്ഥാപിക്കുന്നത്. 550 കോടിയാണ് മുതല്‍മുടക്ക്. ആഗോള ടെണ്ടര്‍വഴി വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കോച്ചുകള്‍ നിര്‍മിക്കുക.


പുതുശ്ശേരി വെസ്റ്റ്‌വില്ലേജില്‍ സംസ്ഥാനം ഏറ്റെടുത്തുനല്‍കിയ 239ഏക്കര്‍സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്. 426 ഏക്കര്‍ സ്ഥലമാണ് റെയില്‍വേ ആവശ്യപ്പെട്ടിരുന്നത്. ബാക്കി സ്ഥലം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക