Image

സാഗരഗര്‍ജ്ജനം-ജേക്കബ് തോമസ്

ജേക്കബ് തോമസ് Published on 21 February, 2012
സാഗരഗര്‍ജ്ജനം-ജേക്കബ് തോമസ്
ശ്രീ സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഏതാണ്ട് മുപ്പതുവര്‍ഷം മുന്‍പ് എന്റെ മാതുലന്‍ ശ്രീ. പി.ടി.ജോസഫിനെ സന്ദര്‍ശിച്ച അവസരമാണ്. ലൈഫ് ഇന്‍ഷൂറന്‍സ് കോപ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വല്ലപ്പോഴും കവിത എഴുതുമായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹം എഴുതിയ ഒരു വിജയം എന്ന കാവ്യം കണ്ട ഒരു ഭാഷാസ്‌നേഹി അത് സ്വന്തം ചിലവില്‍ അച്ചടിച്ച് വിതരണം ചെയ്യുകയുണ്ടായി. ആ കാവ്യം വായിച്ച എന്റെ ഒരു സ്‌നേഹിതന്‍ പറഞ്ഞത് പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹം ഈ കാവ്യം എഴുതി എന്നതല്ല അത്ഭുതം, എന്തുകൊണ്ട് പിന്നീട് അധികം എഴുതിയില്ല എന്നതാണ്.

സന്ദര്‍ശന വേളയില്‍ ഒരു നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ഒരു പോസ്റ്റ് കാര്‍ഡ് അദ്ദേഹം എന്നെ കാണിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

പ്രിയപ്പെട്ട ശ്രീ ജോസഫ്, താങ്കളുടെ കത്തിനും കൂടെ വച്ച കവിതയ്ക്കും ഞാനെങ്ങനെയാണ് നന്ദി പറയുക. നിര്‍വ്യാജമായ സ്‌നേഹത്തെ നന്ദി പറയുക പ്രയാസം. സ്‌നേഹവും കവിതയും നിറഞ്ഞ താങ്കളുടെ ഹൃദയത്തിന്റെ ധന്യതയെ ആദരിക്കുകയാണ്.

സസ്‌നേഹം,
സുകുമാര്‍ അഴീക്കോട്.

കോലഞ്ചേരി ക്രൈസ്തവ ദേവാലയത്തില്‍ അഴീക്കോട് നടത്തിയ പ്രസംഗപരമ്പര ശ്രവിച്ച കവി ആഹ്ലാദവിവശനായി എഴുതി അയച്ച കവിതയ്ക്കുള്ള പ്രതികരണമായിരുന്നു ആ പോസ്റ്റ് കാര്‍ഡ്. ആ കവിതയിലെ ചില വരികള്‍ ഉദ്ധരിക്കട്ടെ.

അറിവിന്റെയലകടല്‍ ഈശ്വരന്‍ കടഞ്ഞപ്പോള്‍
നിറകുടമായെത്തി സുകുമാര്‍ അഴീക്കോട്
വാക്കിന്റെ പ്രപഞ്ചത്തില്‍ ഇന്ദ്രജാലം കാണിക്കും
മാന്ത്രികന്‍ , കേള്‍വിക്കാരെയാകര്‍ഷിച്ചിരുത്തുവോന്‍
അകലെ ആകാശത്തില്‍ മഴമേഘങ്ങള്‍ പോലെ
അറിവിന്‍ നീരാവിയായുയരും കലാകാരന്‍
ഘനമേഘമായ് തിങ്ങിവിങ്ങിനില്‍ക്കുകയാണ-
ങ്ങവിരാമായ് പെയ്തുപെയ്തിറങ്ങുവാന്‍.

എന്റെ മാതുലന്‍ എഴുതിയതുപോലെ അഴീക്കോടിന് പ്രഭാഷണം ഒരു കലയായിരുന്നു.

എന്താണ് വാക്ക് എന്ന പദത്തിന്റെ അര്‍തഥം? മനുഷ്യന്റെ മുഖത്തുനിന്നും പുറപ്പെടുന്ന സാര്‍ത്ഥകശബ്ദമാണ് വാക്ക്. അഴീക്കോട് ഒരിക്കല്‍ പറയുകയുണ്ടായി. “പറയുന്നതാണു വാക്കെങ്കില്‍ , വാക്കിന്റെ യഥാര്‍ത്ഥമായ കല പ്രഭാഷണം ആണ്, സാഹിത്യമല്ല.”

പ്രഭാഷണ കലയില്‍ അഴീക്കോടിന്റെ ആരാധനാപാത്രങ്ങള്‍ പ്രാചീനഗ്രീസിലെ ഡമൊസ്തനിസ്, പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ എഡ്മണ്ട് ബന്‍ക്ക്, ഭാരത്തിന്റെ ഓമനപ്പുത്രനായ സ്വാമി വിവേകാ
ന്ദന്‍ , മുതലായവരായിരുന്നു.

വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞത് അദ്ദേഹം മൂന്ന് പ്രസംഗമാണത്രെ കേട്ടിട്ടുള്ളത്. ഒന്ന് മുണ്ടശ്ശേരിയുടെ. ഒന്ന് മഹാത്മാഗാന്ധിയുടെ. പിന്നെ ഒന്ന് സുകുമാര്‍ അഴീക്കോടിന്റെ. ഇതിലേതാണ് മെച്ചം? അഴീക്കോടിന്റേത് ബഹുത് ജോര്‍!” എന്താണിതിന്റെ പ്രത്യേകത? “ഘനഗംഭീരമായ സാഗര ഗര്‍ജനമാണിത്!” അതില്‍ നിന്നെന്തു പഠിച്ചു? ഓ ഞാനൊന്നും പഠിച്ചില്ല. കേട്ടപ്പോള്‍ ഹരം തോന്നി. നല്ല സ്റ്റൈലില്‍ കേട്ടിരുന്നു. ഞാന്‍ പറഞ്ഞില്ലെ, സാഗര ഗര്‍ജനമാണത്. സാഗരഗര്‍ജനത്തില്‍ നിന്നെന്താണ് പഠിക്കുക? പത്രം നിവര്‍ത്തിയാല്‍ എന്നും ഏതെങ്കിലും പേജില്‍ അഴീക്കോടിന്റെ സാഗരഗര്‍ജനമുണ്ടാകും. എവിടെയെങ്കിലും പ്രസംഗിച്ചതിന്റെ മൂന്നു കോളം റിപ്പോര്‍ട്ട്. പിന്നെ ഞാന്‍ പത്രം വായിക്കുകയില്ല. തീപ്പെട്ടിക്കൊള്ളി ഉരസ്സി അതിന് തീ കൊടുക്കുന്നു. എന്നിട്ട് ഒരു കാര്‍ഡ് വാങ്ങി അഴീക്കോടിന് എഴുതും. “താങ്കളുടെ സാഗരഗര്‍ജനം ഇന്നും പത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ പത്രത്തിലും ഞാന് തീകൊടുത്തു.”

(ഡോ. എം.എം ബഷീര്‍ എഡിറ്റു ചെയ്ത “അഴീക്കോടിനെ അറിയുക” എന് പുസ്തകത്തില്‍ നിന്ന്)

അഴീക്കോടിന്റെ നിത്യപ്രാര്‍ത്ഥന തന്നെ ഇതായിരുന്നു.

വാരിധി തന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നണം കാലേ കാലേ

അനീതികൊണ്ട് പൊറുതിമുട്ടിയവര്‍ പാവങ്ങളാണ് . സ്വന്തം അറിവും കഴിവുമുപയോഗിച്ച് അനീതിയെ എതിര്‍ക്കാന്‍ ബാലനായിരിക്കേ അദ്ദേഹത്തെ ഉദ്‌ബോധിപ്പിച്ചത് വാഗ്ഭടാനന്ദ ഗുരുദേവനായിരുന്നു.

പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായും അനീതിക്കും ജീര്‍ണതചകള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ധീര പോരാളിയായി മാഷ് ജീവിച്ചു.

സാംസ്‌കാരിക നായകന്‍ എന്ന പേരിന് അര്‍ഹനായവര്‍ വളരെ ചുരുക്കുമാണ്. ചിലരുടെ അഭിപ്രായത്തില്‍ കേരളത്തില്‍ അഴീക്കോടല്ലാതെ മറ്റാരുമില്ലായിരുന്നു. അദ്ദേഹം വിടവാങ്ങുമ്പോള്‍ കേരളീയ ജീവിതത്തിനു മുകളില്‍ ജാഗ്രതയോടെ പ്രകാശിച്ചുകൊണ്ടിരുന്ന കണ്ണുകളും അപായ അലാറവുമാണ് ഇല്ലാതായത്.

കേരളത്തില്‍ പഴയ കാലത്തെ ഒരു പ്രസിദ്ധ പ്രഭാഷകനായിരുന്ന സ്വാമി സത്യവ്രതന്റെ ചരമം അനുസ്മരിച്ചു കൊണ്ടു പ്രശസ്ത കവിയായ പള്ളത്ത് രാമന്‍ എഴുതിയ കവിതയിലെ രണ്ട് ഈരടികള്‍ ശ്രേഷഠനായ പ്രഭാഷകനുള്ള നിത്യമായ ചരമസ്തുതിയാണത്.

സ്‌നേഹോജ്ജ്വലം പുഷ്‌കലകണ്ഠനാദം
വിശ്രാന്തികൊള്ളുന്ന കുടീരമേ നീ,
ഉച്ചൈസ്തരം വാഗ്മിതയാലുയര്‍ത്തും
യുഗേ യുഗേ ഹാ യുവലോകചിത്തം!
………………………………………..
സര്‍ഗ്ഗവേദി, ന്യൂയോര്‍ക്ക്, ഫെബ്രുവരി 19, 2012
സാഗരഗര്‍ജ്ജനം-ജേക്കബ് തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക