Image

പലായന ചരിത്രവും ജൈന സന്യാസിയുടെ ശാപവും (എ.എസ് ശ്രീകുമാര്‍)

Published on 24 January, 2017
പലായന ചരിത്രവും ജൈന സന്യാസിയുടെ ശാപവും (എ.എസ് ശ്രീകുമാര്‍)
ഇന്ന് (ജനുവരി 25) ദേശീയ വിനോദസഞ്ചാര ദിനമാണ്. പുഴകളും കടലും കായലും കാടും കാട്ടരുവിയും ചേര്‍ന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കുടിയേറ്റത്തിന്റെ ചരിത്ര വേവുകള്‍ പങ്കുവയ്ക്കുകയാണിവിടെ. ഒപ്പം ഒരു സ്വര്‍ണക്കുടത്തിന്റെയും ഒരു ജൈന സന്യാസിയുടെ ശാപത്തിന്റെയും കഥ പറയട്ടെ. അതിന് വയനാട്ടിലേയ്ക്ക് പോകണം. കോടമഞ്ഞ് പുതച്ചുകിടക്കുന്ന മലനിരകള്‍...ഇരുള്‍ പരത്തുന്ന കൊടും വനങ്ങള്‍...ചക്രവാളങ്ങള്‍ക്ക് അതിരിടുന്ന ഹരിത സമ്പുഷ്ടമായ നെല്‍ വയലുകള്‍...പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ സസുഖമായി കിടപ്പുറപ്പിച്ച വയനാട് സഞ്ചാരികളുടെ പറുദീസ തന്നെ. ഈ സുഖസുന്ദര മലനാട്ടിലേക്ക് ലോക സഞ്ചാരികളെത്തും മുമ്പ്, ടൂറിസം ഒരു വന്‍ വ്യവസായമായി വളര്‍ന്ന് വികസിച്ച് പണം കായ്ക്കുന്ന മരങ്ങളുണ്ടാകുന്നതിന് എത്രയോ സംവല്‍സരങ്ങള്‍ക്കും മുമ്പ് ഇവിടെയൊരു ജനതയുണ്ടായുരുന്നു. കാലത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകാതിരുന്ന അവരുടെ രാപകലില്ലാത്ത അധ്വാനത്തിന്റെ വിയര്‍പ്പും കണ്ണീരിന്റെ ഉപ്പുമാണ് വയനാടിന്റെ എല്ലാ സമ്പന്നതയ്ക്കും വളമായത്. അവരെ നാം 'കുടിയേറ്റക്കാര്‍' എന്ന് ആദരവോടെ വിളിക്കുന്നു. മലയാളികള്‍ അമേരിക്കയിലേയ്ക്ക് കുടിയേറും മുമ്പുള്ള ആ കുടിയേറ്റ ചരിത്രത്തിന്റെ കനല്‍ വഴികള്‍ നാമറിയണം.

മധ്യകേരളത്തില്‍ നിന്ന് 1920നും മുമ്പേ കുടിയേറ്റം ആരംഭിച്ചു. ഒരു സംഘം സിറിയന്‍ കത്തോലിക്കരാണ് ജീവിതത്തിന്റെ  പുതിയ പച്ചപ്പുകള്‍ തേടി ചരിത്രത്തിലെ ഒരു മഹാ പലായനത്തിന് നാന്ദി കുറിച്ചത്. അദ്ധ്വാന ശീലരായ നാട്ടിന്‍പുറത്തുകാരായ കര്‍ഷകര്‍ ഇവിടം വെട്ടിപ്പിടിച്ച് തങ്ങളുടെ സ്ഥിരം താമസസ്ഥലമാക്കി. ഫലഭൂയിഷ്ടമായിരുന്നു കുടിയേറ്റക്കാര്‍ കണ്ടെത്തിയ പ്രത്യാശയുടെ ആ വാസപ്രദേശം. കഷ്ടപ്പെടാനുള്ള മനസും കായികമായ കരുത്തും ഇഛാശക്തിയും ആത്മവിശ്വാസവുമായിരുന്നു കുടിയേറ്റ പൂര്‍വികരുടെ ആദ്യ 'ഇന്‍വെസ്റ്റ്‌മെന്റെ്'. അങ്ങനെ കാടുകള്‍ ഭക്ഷ്യ വിളകള്‍ ഉല്‍പ്പദിപ്പിക്കുന്ന കൃഷി ഭുമികളായി...നോക്കെത്താദൂരം പരന്നുകിടക്കുന്ന പാടങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യ പ്രയത്‌നത്തിന്റെ വേറിട്ട വിസ്മയ കാഴ്ച. കാട് നാടായി മാറുന്നതിനിടയില്‍ പകൃതി ക്ഷോഭങ്ങള്‍ക്കും മഹാമാരികള്‍ക്കും ഇരയായി ആയിരങ്ങള്‍ക്ക് സ്വജീവന്‍ ബലികൊടുക്കേണ്ടി വന്നു. മലമ്പനി മരണങ്ങള്‍ പതിവായിരുന്ന കാലം. അപ്പോഴും വെട്ടിപ്പിടിച്ച ഭൂമിയില്‍ പൊന്ന് വിളയിക്കുക മാത്രമായിരുന്നു അവസാന ശ്വാസമെടുക്കുമ്പോഴുമുള്ള മോഹം. ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ സുവര്‍ണ അടയാളങ്ങള്‍ വയനാടിന്റെ സമസ്ത മേഖലയിലും കാണാം. 

വൈദ്യുതിയും വഴിയുമില്ലാതിരുന്ന അക്കാലത്തും കുടിയേറ്റക്കാര്‍ക്കറിയാമായിരുന്നു കൃഷിക്ക് യോഗ്യമായ സ്ഥലങ്ങള്‍ എവിടെയൊക്കെയുണ്ടെന്ന്. തിരുവിതാംകൂറിലെയും മലബാറിലെയും ജനങ്ങള്‍ ഒരേ ഭാഷ സംസാരിച്ചിരുന്നുവെങ്കിലും അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭരണപരവും രാഷ്ട്രീയവും സാമ്പത്തികവുമായ ചങ്ങലക്കണ്ണികള്‍ ഇല്ലായിരുന്നു. എങ്കിലും തിരുവിതാംകൂറിലെ ഉള്‍ നാടുകളിലുള്ള കര്‍കര്‍ക്ക് 'മാപ്പിള തൊഴിലാളി'കളില്‍ നിന്നാണ് കൃഷിയോഗ്യമായ പ്രദേശങ്ങളെക്കുറിച്ചുള്ള അറിവ് ലഭിച്ചത്. കുടിയേറ്റക്കാര്‍ 'ലൊക്കേഷന്‍ ഹണ്ടി'ന്റെ റിസ്‌ക്ക് ഏറ്റെടുത്തു മുന്നേറി. ആദ്യകാല കുടിയേറ്റക്കാര്‍ മലബാറിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൃഷിയോഗ്യമായ പ്രദേശങ്ങളുടെ വിസ്തൃതിയും അത്ഭുതപ്പെടുത്തുന്ന വേഗത്തില്‍ മനസിലാക്കിയത് കുടിയേറ്റക്കാരുടെ പ്രവാഹം ശക്തമാക്കി. 1941-1951 കാലഘട്ടത്തില്‍  മലബാറിലെ മൊത്തം ജനസംഖ്യാ വര്‍ധന 21.09 ശതമാനമായിരുന്നെങ്കില്‍ ക്രിസ്ത്യാനികളുടേത് മാത്രം ഇതേ കാലയളവില്‍ 97.69 ശതമാനമായിരുന്നു. കുടിയേറ്റത്തിന്റെ 'പീക്ക് പിരീഡ്' ആയിരുന്നു ഇത്. 1971 വരെ ഈ പ്രവണത നിര്‍ബാധം തുടര്‍ന്നു. മലബാറിലെ സിറിയന്‍ കത്തോലിക്കരുടെ എണ്ണം 1960ല്‍ ഒരു ലക്ഷത്തോളമായിരുന്നത് 1970ല്‍ മൂന്നു ലക്ഷമായി. ഇന്നത് എത്രയോ ലക്ഷങ്ങള്‍.

പലായനത്തിന് ഒരു പ്രത്യേക പാറ്റേണ്‍ തന്നെയുണ്ടായിരുന്നു. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നുള്ളവരുടെ ഒരു അന്വേഷണ യാത്രയായിരുന്നു ആദ്യത്തേത്. കോഴിക്കോട് രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ മിഷന്‍ കേന്ദ്രങ്ങളും പള്ളികളും അവര്‍ സന്ദര്‍ശിച്ചു. (1923 ജൂണ്‍ 12-ാം തീയതിയാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്.) യാത്രയ്ക്കും മറ്റുമുള്ള പണം സ്വരൂപിച്ചതോടെ അവര്‍ അയല്‍പക്കത്തുള്ള ഒന്നോ രണ്ടോ കുടുംബങ്ങളെയും കൂട്ടി മലബാറിലേയ്ക്ക് രണ്ടാം യാത്രയായി. 1920കളുടെ തുടക്കത്തോടെ തിരുവിതാംകൂറില്‍ നിന്നുള്ള കുടുംബങ്ങള്‍ മലബാറിലെ വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. മീനച്ചില്‍, മുവാറ്റുപുഴ, തൊടുപുഴ താലൂക്കുകളില്‍ നിന്നുള്ളവരായിരുന്നു കുടിയേറ്റക്കാരിലെ സിംഹ ഭാഗവും. തുടക്കകാലത്ത് കൂടുമാറ്റത്തിന് വലിയ വിലകൊടുക്കേണ്ടി വന്നു അവര്‍ക്ക്. കാട്ടുമൃഗങ്ങള്‍ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. അവയുടെ വന്യമായ ആക്രമണത്തില്‍ പലരും കൊല്ലപ്പെട്ടു. സാമ്പത്തികമായ നഷ്ടത്തോടൊപ്പം അപൂര്‍വരോഗം ബാധിച്ച്, ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതമൂലം കുട്ടികളും മുതിര്‍ന്നവരുമൊക്കെ മരിച്ചതും വലിയ ആഘാതമായിരുന്നു. അതോടെ ക്ഷയിച്ച ആരോഗ്യവും നഷ്ട സ്വപ്നങ്ങളുമായി പലരും കണ്ണീരോടെ ജന്‍മ ദേശത്തേക്ക് മടങ്ങി. പക്ഷേ പിടിച്ചുനിന്നവര്‍ മലബാറിനെ പൊന്‍നിലമാക്കി. 

കേരളത്തിന് വേണ്ടുന്ന പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നാണല്ലോ കൊണ്ടുവരുന്നത്. എന്നാല്‍ തമിഴ്‌നാടിന് പച്ചക്കറികള്‍ കൊടുക്കുന്ന ഒരു ജില്ലയാണ് വയനാട് എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ...? വിശ്വസിച്ചേ മതിയാവൂ. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പ്രശസ്തമായ നാടുകാണി ചുരം വഴി തമിഴ്‌നാട്ടിലേയ്ക്ക് പോകുമ്പോള്‍ എപ്പോഴും തമിഴ്‌നാട്ടിലേയ്ക്കുള്ള വിവിധതരം പച്ചക്കറികള്‍ കയറ്റിയ നിരവധി ലോറികള്‍ കാണാം. ദിവസവും നൂറുകണക്കിന് ലോറികളാണ് വയനാടന്‍ പച്ചക്കറികളുമായി ഇങ്ങനെ ചുരമിറങ്ങുന്നത്.

മദ്ധ്യ തിരുവിതാംകൂറില്‍ നിന്നുള്ള മലബാര്‍ കുടിയേറ്റം മറ്റേത് പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ കുടിയേറ്റങ്ങളെയും  അപേക്ഷിച്ച് നോക്കുമ്പോള്‍ അസാധാരണവും വിഭിന്നവുമാണെന്ന് നിരന്തര നിരീക്ഷണങ്ങളിലൂടെയും അനുഭവത്തിലൂടെയും നടത്തിയ അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ദേശത്തെ വിവിധതരം ആളുകള്‍ മറുനാടുകളില്‍ കുടിയേറാറുണ്ട്. എന്നാല്‍ ഒരു പ്രദേശത്തെ ആള്‍ക്കാര്‍ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ക്കും ബന്ധുക്കള്‍ക്കൊപ്പവും കൃഷിയിലൂടെ തങ്ങളുടെ ജിവിതമാര്‍ഗം തേടി, ജനിച്ച സ്ഥലത്തേയ്ക്ക് ഒരിക്കലെങ്കിലും മടങ്ങാമെന്ന ഒരു പ്രതീക്ഷയുമില്ലാതെ, അവിടുത്തെ സ്വത്തുവകകള്‍ വിറ്റുപെറുക്കിക്കൊണ്ടുള്ള മലബാര്‍ കുടിയേറ്റത്തിന് സമാനതകളില്ല. ഇത് ആസൂത്രിതവും സാശ്വതവുമായ 'സെറ്റ്‌ലര്‍ മൈഗ്രേഷന്‍' ആണ്. തല്‍ഫലമായി, പുതിയ ഭൂമിയിലെ പ്രതിബന്ധങ്ങളെയും ക്ലേശങ്ങളെയും ഒരിക്കല്‍ അഭിമുഖീകരിച്ച ആ കുടിയേറ്റക്കര്‍ക്ക് ആരോഗ്യമുള്ള മനസിന് ഉടമകളാകാന്‍ കഴിഞ്ഞു. വയനാടന്‍ മലയാളികളില്‍ കുടിയേറ്റക്കാരല്ലാത്തവരായി ആരുമുണ്ടാവില്ല. 
***

വയനാടന്‍ മണ്ണിലേയ്ക്ക് കുടിയേറി, കൃഷി ചെയ്ത് മെച്ചപ്പെട്ട ജീവിതം നയിച്ചു വന്നവരാണ് ജൈന മതക്കാര്‍. പക്ഷേ പ്രതാപം നശിച്ച ജൈനര്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ കര്‍ണാടകത്തിലേയ്ക്കും മറ്റും തിരിച്ചു പോയി. അവരുടെ തകര്‍ച്ചയ്ക്കു പിന്നില്‍ ഒരു സന്ന്യാസി ശാപത്തിന്റെ തീക്കനലുണ്ട്. ഒരു ജൈന സന്ന്യാസി തന്റെ ജന്മ നാട്ടിലേയ്ക്ക് പോകും മുമ്പ് ഒരു കുടം അടുത്തുള്ള ജൈന ഭവനത്തില്‍ ഏല്‍പ്പിച്ചു. താന്‍ മടങ്ങി വരുന്നതുവരെ കുടം സൂക്ഷിക്കണമെന്ന് പറഞ്ഞ് സന്യാസി യാത്രയായി. കുടം ഏറ്റുവാങ്ങിയ ഗൃഹ നാഥന്‍ അത് മുറിക്കുള്ളില്‍ തൂക്കിയിടുകയും ചെയ്തു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കുടം ചോരുന്നതായി കണ്ടു. കുടത്തില്‍ നിന്നും ചോര്‍ന്ന മഞ്ഞ തുള്ളികള്‍ പതിച്ച ഇരുമ്പു പാത്രങ്ങളും കാര്‍ഷിക ഉപകരണങ്ങളും സ്വര്‍ണമായി മാറിയതു കണ്ട വീട്ടുകാര്‍ അത്ഭുതപ്പെട്ടു.

ക്ഷമ നശിച്ച അവര്‍ കുടം തുറന്നു. അപ്പോള്‍ കണ്ടത് അതിനകത്തെ ദ്രാവകരൂപത്തിലുള്ള സ്വര്‍ണമാണ്. വാര്‍ത്ത കാട്ടു തീ പോലെ പരന്നു. താമസിയാതെ പ്രദേശത്തെ ജൈനമതക്കാരെല്ലാം കുടത്തിലെ സ്വര്‍ണ തുള്ളികള്‍ ഉപയോഗിച്ച് തങ്ങളുടെ ഇരുമ്പു പാത്രങ്ങളും ഇരുമ്പിന്റെ മറ്റ് സാധനസാമഗ്രികളുമെല്ലാം സ്വര്‍ണമാക്കി മാറ്റി. എന്നിട്ട് സന്യാസിയില്‍ നിന്ന് കുടം സൂക്ഷിക്കാന്‍ ഏറ്റു വാങ്ങിയ ഗൃഹനാഥന്‍ തന്റെ വീട് കത്തിച്ചു കളയുകയും ചെയ്തു. ശേഷിച്ച സ്വര്‍ണമുണ്ടായിരുന്ന കുടം ഭൂമിയില്‍ കുഴിച്ചിട്ടു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സന്യാസി മടങ്ങിയെത്തി. അദ്ദേഹം തന്റെ കുടം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ വീട് കത്തിപ്പോയെന്നും കുടം നശിച്ചുവെന്നും വീട്ടുകാരന്‍ പറഞ്ഞ് കൈമലര്‍ത്തി. കാര്യം മനസിലാക്കിയ സന്യാസി ഇപ്രകാരം ശപിച്ചു. ''നീ ഭൂമിയില്‍ കുഴിച്ചിട്ട നിധികുംഭം ഒരിക്കലും കാണാതെ പോകട്ടെ. വൈകാതെ നിങ്ങളുടെ ഗോത്രവും ഈ നഗരവും ക്ഷയിക്കട്ടെ....'' ശാപം ഫലിച്ചു. ജൈനരുടെ കോളനി പതുക്കെ നാശോന്മുഖമായി. അവര്‍ ഭൂമിയില്‍ കുഴിച്ചിട്ട സ്വര്‍ണക്കുടം കണ്ടെത്താനുമായില്ല. സ്വര്‍ണക്കുടം വീണ്ടെടുക്കാന്‍ പരിശ്രമങ്ങള്‍ ഏറെയുണ്ടായെങ്കിലും അതെല്ലാം വൃഥാവിലാവുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടില്‍ ഉഗ്രപ്രതാപത്തോടെ ജീവിച്ച്, അസ്തമിച്ചു പോയ ജൈനരുടെ കേട്ടറിഞ്ഞ കഥകളും ചരിത്ര സ്മരണകളുമായി അവിടേയ്ക്ക് നിരവധി ദേശീയ-അന്തര്‍ ദേശീയ ടൂറിസ്റ്റുകള്‍ എത്തുന്നു. 

പലായന ചരിത്രവും ജൈന സന്യാസിയുടെ ശാപവും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക