Image

ഇന്ത്യയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം

Published on 21 February, 2012
ഇന്ത്യയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം
ബ്രിസ്‌ബെയ്ന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 290 റണ്‍സ്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടും മധ്യനിരയുടെ ഉശിരന്‍ ചെറുത്തുനില്‍പ്പും ചേര്‍ന്ന് ലങ്കയ്ക്ക് 50 ഓവറില്‍ നേടിക്കൊടുത്തത് ആറു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ്.

ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും തിലക്‌രത്‌നെ ദില്‍ഷനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത് 95 റണ്‍സാണ്. മഹേലയെ മടക്കി പഠാന്‍ ഈ കൂട്ടുകെട്ട് പിരിക്കുകയും ദില്‍ഷനെ (51) തിരിച്ചയച്ച് അശ്വിനും നിസാര സ്‌കോറിന് സംഗകാരയെ (8) പുറത്താക്കി യാദവും ഇന്ത്യയെ ക്ഷണത്തില്‍ മത്സരത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നെങ്കിലും വലിയ ഫലമമുണ്ടായില്ല. തിരമന്നെയും (68) ചാണ്ഡിമലും (38) ആഞ്ജലോ മാത്യൂസും (49) ചേര്‍ന്ന് അവരെ ക്ഷമാപൂര്‍വം തന്നെ മികച്ച സകോറിലേയ്ക്ക് നയിച്ചു. 62 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് തിരമന്നെ 62 റണ്‍സെടുത്തത്. 37 പന്തില്‍ നിന്നാണ് മാത്യൂസ് പുറത്താകാതെ 49 റണ്‍സെടുത്തത്. 71 റണ്‍സാണ് തിരമന്നെ-ചാണ്ഡിമല്‍ സഖ്യത്തിന്റെ സംഭാവന.

ഇര്‍ഫന്‍ പഠാനും അശ്വിനും രണ്ടു വീതവും ഉമേഷ് യാദവും സുരേഷ് റെയ്‌നയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഒരു മത്സരത്തില്‍ വിലക്ക് നേരിടുന്ന എം.എസ്. ധോനിക്ക് പകരം വീരേന്ദര്‍ സെവാഗാണ് ഇന്ത്യയെ നയിക്കുന്നത്. സഹീര്‍ ഖാന്‍, രോഹിത് ശര്‍മ എന്നിവരും കളിക്കുന്നില്ല. ഇവര്‍ക്ക് പകരം ആര്‍.അശ്വിനും പാര്‍ഥിവ് പട്ടേലുമാണ് ടീമിലുള്ളത്.

അഞ്ചു മത്സരങ്ങള്‍ കളിച്ച ഇന്ത്യയ്ക്ക് പത്തും നാലു മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയ്ക്ക് ഏഴും പോയിന്റാണുള്ളത്. മികച്ച റണ്‍റേറ്റാണ് ലങ്കയ്ക്കുള്ളത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഓസ്‌ട്രേലിയ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിക്കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക