Image

ജല്ലിക്കെട്ട് നിരോധനത്തിനെതിരായ സാംസ്‌ക്കാരിക വിപ്ലവം!(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 24 January, 2017
ജല്ലിക്കെട്ട് നിരോധനത്തിനെതിരായ സാംസ്‌ക്കാരിക വിപ്ലവം!(ഡല്‍ഹികത്ത് : പി.വി.തോമസ്)
സാധാരണഗതിയില്‍ ജനകീയ പ്രക്ഷോഭണങ്ങള്‍ ഉണ്ടാകുന്നത് സമൂഹ പരിവര്‍ത്തനത്തിനുവേണ്ടിയാണ്. മുമ്പോട്ടുള്ള, പുരോഗന്മോന്മുഖമായ പ്രയാണം. അവയുടെ അന്തസത്ത അനീതിക്കും, ചൂഷണത്തിനും, ഉച്ചനീചത്വത്തിനും ദുരാചാരത്തിനും മറ്റും എതിരെയുള്ള പ്രതിഷേധം ആണ്.

തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് എന്ന കാളമെരുക്കല്‍ ചടങ്ങ് പരമ്പരാഗതം ആണ്. അത് ഒരു ദുരാചാരം ആണെന്ന് പറയുവാന്‍ സാധിക്കുകയില്ല അതിന്റെ അനുയായികള്‍കള്‍ക്കും ആരാധകര്‍ക്കും. പക്ഷേ, അത് മൃഗ വിരുദ്ധം ആണെന്ന് മൃഗസംരക്ഷണ വാദികള്‍ പറയുന്നു. അവരെയും തെറ്റു പറയുവാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ ജല്ലിക്കെട്ട് എന്ന കാളകായികോത്സവം നിരോധിക്കണമെന്ന് അവര്‍ പറഞ്ഞാല്‍ അവരെ പഴിക്കുവാനും സാധിക്കുകയില്ല. പക്ഷേ, ഒരു ജനതയുടെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് ജല്ലിക്കെട്ട് അനുകൂലികള്‍ വാദിക്കുന്നു. അതിനാല്‍ അത് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ ഗവണ്‍മെന്റ് മറികടന്ന് ജല്ലിക്കെട്ട് എന്ന പരമ്പരാഗത ആചാരത്തെ തമിഴ്‌നാട്ടില്‍ പുനഃസ്ഥാപിക്കണം എന്നാണ് ഇവരുടെ പ്രക്ഷോഭണം.
2014 മെയ് മാസത്തില്‍ ആണ് സുപ്രീം കോടതി പൊങ്കല്‍, മാട്ടുപൊങ്കല്‍ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ജെല്ലിക്കെട്ട് നിരോധിച്ചത്. മൃഗസംരക്ഷണ വാദികളുടെ ഒരു അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരോധനാജ്ഞ ഉണ്ടായത്. അന്നുമുതലെ ജനങ്ങള്‍ ജെല്ലിക്കെട്ട് നിരോധന വിധിക്കെതിരെ പ്രക്ഷോഭിക്കുകയാണ്. ഈ ജനവികാരം 2017 ജനുവരി മദ്ധ്യത്തോടെ ചെന്നൈയിലെ മറീന ബീച്ചില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

വിളറിപിടിച്ച മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം ദല്‍ഹിക്ക് പറന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് രക്ഷിക്കണം എന്ന് അപേക്ഷിച്ചു. പ്രധാനമന്ത്രി സഹതപിച്ചു. അദ്ദേഹം ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പരമ്പരാഗത സമ്പ്രദായങ്ങള്‍ക്കും അനുകൂലമാണ്. പക്ഷേ, സുപ്രീം കോടതിയുടെ വിധി ഒരു വിലങ്ങുതടി ആണ്. ഒരേ ഒരു പോം വഴി കോടതിവിധിയെ മറികടന്ന് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയെന്നതാണ്. അത് സംസ്ഥാന ഗവണ്‍മെന്റ് ചെയ്യണം. സംസ്ഥാന ഗവര്‍ണ്ണറും രാഷ്ട്രപതിയും ഇതില്‍ ഒപ്പ് ഇടും. മോഡിയും ഗൃഹമന്ത്രി രാജ്‌നാഥ് സിങ്ങും പനീര്‍ശൈല്‍വും ഇക്കാര്യത്തില്‍ ഒരേ താളില്‍ ആയിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ അറ്റോര്‍മി ജനറല്‍ സുപ്രീം കോടതിയോട് അപേക്ഷിച്ചു ജല്ലിക്കെട്ടിന്മേലുള്ള അവസാന വിധ ജനുവരി മദ്ധ്യത്തില്‍ നിന്നും നീട്ടിവയ്ക്കണമെന്ന്. രണ്ടും സംഭവിച്ചു-ഓര്‍ഡിനന്‍സും വിധി മാറ്റി വയ്ക്കലും. പക്ഷേ, പ്രക്ഷോഭകാരികള്‍ ആയ ജല്ലിക്കെട്ടുകാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് തൃപ്തരായില്ല. അവര്‍ക്ക് ഇതിന് ശാശ്വതപരിഹാരം വേണം. അതായത് ജല്ലിക്കെട്ടിന് നിയമസാധുത നല്‍കികൊണ്ട് സംസ്ഥാന നിയമസഭ ഒരു ബില്ല് പാസാക്കണം.

തമിഴ്‌നാട്ടിലെ ഈ ജല്ലിക്കെട്ടിന് ഏതാണ്ട് സമാന്തരമായ ഒരു ആചാരം ഞാന്‍ ദെറാഡൂണില്‍ പത്രലേഖകനായിയിരിക്കുമ്പോള്‍ ചരക്രാത്തയിലെ ജോണ്‍സര്‍ ബാവര്‍ ഗോത്രവര്‍ഗ്ഗമേഖലയില്‍ കവര്‍ ചെയ്തിട്ടുണ്ട്. ബിഹു ദിവസം(വിഷു). അന്ന് ഉടയാളന്മാര്‍ കീഴാളന്മാരെ മര്‍ദിക്കുവാനായി തുറന്നുവിടും. കള്ളും കഞ്ചാവും എല്ലാം സുലഭമാണ്. അതില്‍ കീഴാളന്മാര്‍ മര്‍ദിച്ച് രസിക്കും. അവര്‍ക്കായി ഒരു പോത്തിനെ വിട്ടുകൊടുക്കും. അതിനെ വയലിലേക്ക് അഴിച്ച് വിടും. പോത്തിന്റെ പേര് വിപ്ലവകാരി എന്നാണ്. ഇത് ഒരു താക്കീതും ഓര്‍പ്പകുറിപ്പും ആണ്. ഈ പോത്തിനെ നായാടി, കൊന്ന്, തിന്നുന്നതാണ് ഈ വിനോദത്തിന്റെ കഥ. വയലില്‍ ഇറങ്ങി പോത്തിനെ അടിമ തൊഴിലാളികളായ ജോണ്‍സാരികള്‍, ആയുധങ്ങളുമായി ആക്രമിക്കും. പോത്ത് രക്ഷാര്‍ത്ഥം പായും. പക്ഷേ, അടിമകള്‍ ആ വിപ്ലവകാരിയെ പിന്തുടര്‍ന്ന് ആക്രമിക്കും. വാല്‍ മുറിക്കും. കാല്‍ വെട്ടും. മൂന്ന് കാലില്‍, കയ്യില്‍ ഓടുന്ന ആ പോത്തിനെ അവര്‍ പിന്തുടര്‍ന്ന് വെട്ടി വീഴ്ത്തും. കഴുത്ത് അറക്കും. ചോരയില്‍ കുളിച്ച ആ മാംസ പിണ്ഡത്തെ ജയാരവത്തോടെ മേലാളന്മാരുടെ ആശീര്‍വ്വാദത്തോടെ വെട്ടിതുണമാക്കി ചുട്ട് ചാരായത്തിനൊപ്പം ശാപ്പിടും. അങ്ങനെ ഒരു വിപ്ലവകാരിയെ കൂടെ വകവരുത്തിയതായി മേലാളന്മാര്‍ കീഴാളന്മാര്‍ക്ക് സന്ദേശം നല്‍കും. അടിമവേല തുടരും.

ജോണ്‍സര്‍ ബാവറിലെ ഈ പോത്ത് മേള ഞാന്‍ ദെറാഡൂണില്‍ ഉള്ള കാലത്തുതന്നെ നിറുത്തലാക്കി. ഒരു സന്നദ്ധസംഘം ഇതിന് ഇറങ്ങിപ്പുറപ്പെട്ട് നിയമ യുദ്ധം നടത്തിയതിന്റെ ഫലമായി.
ജോണ്‍സര്‍ ബാവറിലെ പോലെ പ്രത്യക്ഷമായിട്ടുള്ള ഒരു മൃഗനായാട്ട് അല്ല ജല്ലിക്കെട്ട്. അതിന് ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും അനുഷ്ഠാനത്തിന്റെയും പരിവേഷം ഉണ്ട്. പക്ഷേ, ഫലത്തില്‍ എല്ലാം ഏതാണ്ട് ഒരു മാതിരി തന്നെ. ഒരു കാളയുടെ ഉപ്പില്‍ തൂങ്ങി അതിനെ പീഡിപ്പിച്ച് കീഴടക്കുവാന്‍ ശ്രമിക്കുന്ന മൃഗീയകലാ വൈകൃതം. കാളയുടെ കണ്ണിലും മറ്റ് ഭാഗങ്ങളിലും മുളകുപൊടി തേക്കുമെന്നും ആരോപണം ഉണ്ട്. പുതിയ ഓഡിനന്‍സും വരാന്‍ പോകുന്ന നിയമവും ഇതിനെയെല്ലാം നിയന്ത്രിക്കും എന്നാണ് പറയുന്നത്.

ഏതായാലും, ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് മക്കള്‍ ഉണര്‍ന്നിരിക്കുകയാണ്. നല്ലതുതന്നെ. ജനങ്ങള്‍ പ്രതികരിക്കണം. അത് സമൂഹത്തിലെ ദുരാചാരങ്ങളോട് ആണോ? അതോ ഇതുപോലുള്ള പരമ്പരാഗതമായ ആചാര അനുഷ്ഠാനങ്ങളുടെ നിലനില്‍പിനായിട്ട് ആയിരിക്കണമോ? തീരുമാനിക്കണം. സതിയെയും വിധവവിവാഹ നിരോധനത്തെയും തിരിച്ച്  കൊണ്ടുവരണമോ? നരബലിയെയും. തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളില്‍ പ്രവേശിച്ചതിന്റെ പേരില്‍ ചുട്ടുകൊന്ന ദളിതന്റെ പേരില്‍ എന്തുകൊണ്ട് ഈ ജെല്ലിക്കെട്ട് പട പ്രതിഷേധിച്ചില്ല? ഇവിടെ മൂല്യങ്ങള്‍ മാറുകയാണ്. എന്നാണ് ഇന്‍ഡ്യയില്‍ ശക്തമായ, വ്യാപകമായ ഒരു സാമൂഹ്യ പ്രതിഷേധം ഉണ്ടായത്? ഒരു പക്ഷേ, അടിയന്തിരവവസ്ഥക്ക് എതിരെ. ഇന്ന് അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ ആരെങ്കിലും തെരുവില്‍ ഇറങ്ങുമോ? ജയിലില്‍ പോകുമോ? പ്രത്യേകിച്ചും പുതിയ തലമുറ? ഇല്ലതന്നെ. കാരണം 65 ശതമാനം എന്ന് പറയുന്ന ഈ പുതിയ തലമുറയ്ക്ക് ഇന്ന് അതിന്റെ ഒന്നും ആവശ്യം ഇല്ല. അവരുടെ ചരിത്ര-സാമൂഹ്യ-രാഷ്ട്രീയബോധത്തെ വിലയിരുത്തേണ്ടതായിട്ടുണ്ട്. അവര്‍ ജെല്ലിക്കെട്ടിനു വേണ്ടി സമരം ചെയ്താല്‍ അതിശയിക്കുവാന്‍ ഇല്ല. ഒരു പക്ഷേ സതിക്കും വിധവാ വിവാഹ നിരോധനത്തിനും വേണ്ടി. എല്ലാവരും അരാഷ്ട്രീയതയെ പുകഴ്ത്തുന്നു. പക്ഷേ, അരാഷ്ട്രീയത അരാജകത്വം ആണ്. അത് മാത്രം ആണ് ഇന്നത്തെ രാഷ്ട്രീയ അപജയത്തിന്റെ പ്രധാനകാരണവും.

ഓര്‍ഡിനന്‍സിലൂടെ നീതിന്യായ വ്യവസ്ഥയെ മറികടക്കുവാന്‍ ശ്രമിച്ചത് മോഡിയോ പനീര്‍ ശെല്‍വമോ മാത്രം അല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ എന്താണ് ഷാബാനോ കേസില്‍ ചെയ്തത്?

പക്ഷേ, ജല്ലിക്കെട്ട് തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ അടയാളം അല്ല. എത്രയോ മഹത്തായ ഒരു പാരമ്പര്യം ആണ് തമിഴകത്തിനുള്ളത്. സംഘകാലവും തിരുവള്ളൂരും അങ്ങനെ എത്രയെത്ര സംസ്‌ക്കാര പൈതൃകം തമിഴകത്തിന് സ്വന്തമായിട്ടുണ്ട്. അതിനെയൊന്നും ഒരു കാളപ്പോരിലേക്ക് ഒതുക്കരുത്. ഇത് ശുദ്ധമായ രാഷ്ട്രീയം ആണ്. ഇത് ശക്തമായ രാഷ്ട്രീയ-സാംസ്‌ക്കാരിക നേതൃത്വം ഇല്ലാത്തതിന്റെ പ്രത്യക്ഷമായ ഉദാഹരണം ആണ്.

മറീന ബീച്ചിലെ ജല്ലിക്കെട്ട് നിരോധന വിരുദ്ധ സമരത്തില്‍ കണ്ട അസ്വസ്ഥജനകമായ ഒരു സംഭവം ഇന്‍ഡ്യ വിരുദ്ധ ദ്രാവീഡിയന്‍ മുന്നേറ്റത്തിന്റെ ആവര്‍ത്തന സ്വഭാവമുള്ള ചില മുദ്രാവാക്യങ്ങള്‍ ആണ്. 1965- ല്‍ ഇതേ മറീന ബീച്ചില്‍ നിന്നും ആണ് ഹിന്ദി വിരുദ്ധ സമരം ഒരു പെരുങ്കടലായി ഉയര്‍ന്നടിച്ചത്.

'ഞങ്ങള്‍ക്ക് ജല്ലിക്കെട്ട് വേണം' എന്ന മുദ്രാവാക്യത്തോടൊപ്പം തമിഴ് ഏലത്തിനും വേലുപ്പള്ളി പ്രഭാകരനും അനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയുണ്ടായി. പ്രഭാകരന്റെ ഛായാചിത്രവും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഒപ്പം തമിഴര്‍ ഇന്‍ഡ്യയെ നിരാകരിക്കുന്നു എന്ന പ്ലക്കാര്‍ഡും ഉണ്ടായിരുന്നു. 1960-കളിലെ ദ്രവീഡിയന്‍ മുന്നേറ്റവും തമിഴ് രാഷ്ട്രീയത്തിനായിട്ടുള്ള പടയോട്ടവും ഓര്‍മ്മയുള്ളവര്‍ക്ക് ഇതൊക്കെ അത്ര സുഖകരമായ സംഭവവികാസം അല്ല.

ഇന്‍ഡ്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയത്തിന്റെ മകുടോദാഹരണമാണ് മറീന ബീച്ചിലെ ഈ ജല്ലിക്കെട്ട് നിരോധന വിരുദ്ധസമരവും അതിന്റെ അനന്തഫലങ്ങളും. ഒരു ആചാരത്തിന്റെ പുനഃസ്ഥാപനത്തിനായി സുപ്രീംകോടതിയുടെ വിധിയെ ഒരു ഓര്‍ഡിനന്‍സിലൂടെ മറികടക്കുക. എവിടെയായിരുന്നു ഈ സംസ്ഥാന-കേന്ദ്ര നേതൃത്വം ഇതുവരെ. ഒരു സംഘം ജനങ്ങള്‍ സംസ്ഥാന നിയമസഭയെ നിയമനിര്‍മ്മാണത്തിനായി ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുക. എന്താണ് ഇവിടെ ഭരണാധികാരികളുടെ പങ്ക്? ജോലി? ഭരണാധികാരികള്‍ പരാജയപ്പെടുന്നിടത്ത് അരാജകത്വം തലപൊക്കും. അതാണ് തമിഴ്‌നാട്ടില്‍ സംഭവിച്ചിരിക്കുന്നത്. അനുഭവിക്കുക.

ജല്ലിക്കെട്ട് നിരോധനത്തിനെതിരായ സാംസ്‌ക്കാരിക വിപ്ലവം!(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക