Image

പിറന്നാള്‍ നിറവില്‍ ഇന്ത്യന്‍ റിപ്പബ്‌ളിക്ക്‌(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 23 January, 2017
പിറന്നാള്‍ നിറവില്‍ ഇന്ത്യന്‍ റിപ്പബ്‌ളിക്ക്‌(എ.എസ് ശ്രീകുമാര്‍)
ഇന്ത്യന്‍ റിപ്പബ്ലിക്കിന് വരുന്ന 26-ാം തീയതി 67 വയസ് തികയുകയാണ്. റിപ്പബ്ലിക്ക് എന്നാല്‍ ജനക്ഷേമരാഷ്ട്രം. പൊതുകാര്യം എന്ന് അര്‍ത്ഥമുള്ള 'റെസ് പബ്ലിക്ക് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. ഒരു റിപ്പബ്ലിക്കില്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. വ്യക്തമായി നിര്‍വചിക്കപ്പെട്ട ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഭരണം നിര്‍വഹിക്കാനായി രാഷ്ട്രത്തലവനെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് ഇത്. രാഷ്ട്രത്തലവനായ പ്രസിഡന്റിനെയും ഭരണത്തലവനായ പ്രധാനമന്ത്രിയെയും ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്ന രാജ്യമായതിനാലാണ് ഇന്ത്യ ഒരു ജനകീയ ജനാധിപത്യ റിപ്പബ്ലിക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റ് അതതുകാലങ്ങളില്‍ പാസ്സാക്കുന്ന നിയമങ്ങള്‍ക്കനുസരിച്ചായിരുന്നു ബ്രിട്ടീഷ് ഇന്ത്യയില്‍ ഭരണം നടന്നിരുന്നത്. 1909ലെ മൊണ്ടേഗു-ചെംസ് ഫോര്‍ഡ് പരിഷ്‌കാരവും 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടും ഇന്ത്യന്‍ ഭരണകൂടം അടിസ്ഥാന നിയമമായി പരിഗണിച്ചിരുന്നു. ഇന്ത്യയ്ക്ക് തനതായ ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നത് 1939ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലാണ്. 1946ലാണ് ക്യാബിനറ്റ് മിഷന്‍ പദ്ധതി പ്രകാരം ഒരു ഭരണഘടനാനിര്‍മാണസഭ രൂപവത്ക്കരിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തയ്യാറായത്. ജവാഹര്‍ ലാല്‍ നെഹ്‌റു, മൗലാനാ അബ്ദുള്‍ കലാം ആസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ. അംബേദ്കര്‍ തുടങ്ങിയ പ്രമുഖരെല്ലാം ഈ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡോ. അംബേദ്കര്‍ അധ്യക്ഷനും അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍, എന്‍ ഗോപാലസ്വാമി, അയ്യങ്കാര്‍, ഡോ. കെ. എന്‍ മുന്‍ഷി, സയ്യിദ് അബ്ദുള്ള, ബി.എല്‍. മിറ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ ഏഴംഗ സമിതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരടുരേഖ തയ്യാറാക്കിയത്. ജനങ്ങള്‍ക്ക് ചര്‍ച്ചചെയ്യാനും ഭേദഗതി നിര്‍ദേശിക്കാനും അവസരം നല്‍കിയശേഷം 1948ലും 1949ലുമായി മൂന്ന് ഘട്ടങ്ങളിലായി ഭരണഘടനയുടെ കരട് വായന അസംബ്ലിയില്‍ നടന്നു. രണ്ടു വര്‍ഷവും 11 മാസവും 17 ദിവസവും കൊണ്ട് 1949 നവംബര്‍ 26ന് സമ്പൂര്‍ണ ഭരണഘടന തയ്യാറാവുകയും 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വരികയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യയ്ക്ക് തനതായ ഒരു പതാക വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങിയിരുന്നു. സ്വാമി വിവേകാന്ദന്റെ ചിക്കാഗോ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ ശിഷ്യയായിക്കഴിഞ്ഞിരുന്ന സിസറ്റര്‍ നിവേദിതയാണ് ഇന്ത്യയില്‍ ആദ്യമായി ഒരു ദേശീയ പതാകയ്ക്ക് രൂപം നല്‍കിയത്. ചുവപ്പു കൊടിക്കു നടുവില്‍ വജ്രായുധവും വശങ്ങളില്‍ 108 ദീപങ്ങളും ഉണ്ടായിരുന്നു ഈ പതാകയ്ക്ക്. കൊടിയില്‍ വന്ദേമാതരം എന്ന് രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ദേശീയപതാക എന്ന സ്ഥാനം സുരേന്ദ്രനാഥ് ബാനര്‍ജി 1906 ആഗസ്റ്റ് 7ന് കല്‍ക്കത്തയില്‍ ഉയര്‍ത്തിയ കൊടിക്കാണ് ലഭിച്ചത്. മുകളില്‍ പച്ച, അടിയില്‍ ചുവപ്പ്, നടുവില്‍ മഞ്ഞ എന്നീ നിറത്തിലുള്ള പതാകയില്‍ എട്ട് താമരപ്പൂക്കളും മഞ്ഞയില്‍ വന്ദേ മാതരവും സൂര്യനും ചന്ദക്കലയും രേഖപ്പെടുത്തിയിരുന്നു. 1907 ആഗസ്റ്റ് 22ന് ജര്‍മനിയില്‍ രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍ മാഡം കാമ ആദ്യമായി ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. രാജ്യാന്തര വേദിയില്‍ ഉയര്‍ന്ന ആദ്യത്തെ ദേശീയ പതാകയായിരുന്നു ഇത്. ആനിബസന്റും ബാലഗംഗാധരതിലകനും ചേര്‍ന്ന് 1917ല്‍ രൂപം നല്‍കിയ ഹോം റൂള്‍ പതാക ഏറെ ശ്രദ്ധേയമായി. 1917ല്‍ കല്‍ക്കത്തിയലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇത് ആദ്യമായി ഉയര്‍ത്തിയത്. ഒന്നിടവിട്ട് അഞ്ച് ചുവപ്പും നാല് പച്ചയും വരകളായിരുന്നു ഈ പതാകയ്ക്ക്. മുകളില്‍ ബ്രിട്ടീഷ് പതാകയും വലതുഭാഗത്തായി നക്ഷത്രവും ചന്ദ്രക്കലയും മുദ്രണം ചെയ്തിരുന്നു. താഴെയായി സപ്തര്‍ഷികളെ പ്രതിനിധീകരിക്കുന്ന ഏഴ് നക്ഷത്രങ്ങളും. ആന്ധ്രക്കാരനായിരുന്ന പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത കൊടിയാണ് ചെറിയ മാറ്റങ്ങളോടെ കോണ്‍ഗ്രസ് കൊടിയായി ഉപയോഗിച്ചത്.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വര്‍ണശബളമായ പരിപാടികളോടെ ജനുവരി 26ന് സര്‍ക്കാര്‍ തലത്തില്‍ ആഘോഷിക്കുമ്പോള്‍ ഫ്രാന്‍സിന്റെ റിപ്പബ്ലിക് ദിനമായ ജൂലൈ14 മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാര്‍ കൊണ്ടാടുന്നു. 1954ല്‍ ഫ്രഞ്ചുകാര്‍ മയ്യഴി വിട്ടപ്പോള്‍  ഫ്രഞ്ച് പൗരത്വം സ്വീകരിച്ച കുറേ പേര്‍ മയ്യഴിയിലുണ്ടായി. അവരില്‍ പലരും മരിച്ചെങ്കിലും ചിലര്‍ ഇന്നും ഇവിടെയുണ്ട്. അവരും അവരുടെ സന്തതി പരമ്പരകളുമാണ് ഫ്രാന്‍സിന്റെ റിപ്പബ്ലിക് ദിനം നിറമാര്‍ന്ന പരിപാടികളോടെ മയ്യഴിയില്‍ ആഘോഷിക്കുന്നത്. മുപ്പത്തിരണ്ട് കുടുംബങ്ങളിലായി ഏതാണ്ട് അറുപതോളം ഫ്രഞ്ച് പൗരന്മാര്‍ ഇന്ന് മയ്യഴിയില്‍ ഉണ്ട്. ജൂലായ് 14 ഫ്രഞ്ചുകാരുടെ റിപ്പബ്ലിക് ദിനമായത് രക്തരൂക്ഷിതമായ ഒരു വിപ്ലവത്തിലൂടെയാണ്. 

ലൂയി പതിനാറാമന്റെ ഭരണകാലം ഫ്രാന്‍സിലെ ജനങ്ങളെ സംബന്ധിച്ച് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കാലമായിരുന്നു. രാജാവും രാജ്ഞിയും പക്ഷേ, ഇതൊന്നും ശ്രദ്ധിക്കാതെ സുഖലോലുപരായി കഴിഞ്ഞുവന്നു. ഇതില്‍ കുപിതരായ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ സംഘടിച്ചു. ആ കൂട്ടത്തില്‍ ബുദ്ധിജീവികള്‍ മുതല്‍ സാധാരണക്കാര്‍വരെ ഉണ്ടായിരുന്നു. 1789 ജൂലൈ 14ന് അവര്‍ സായുധരായി, ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ തടവിലിടുന്ന ബാസ്റ്റില്‍ കോട്ടയിലേക്ക് മാര്‍ച്ച് ചെയ്തു. ജനക്കൂട്ടത്തെ വെടിവെച്ചുകൊല്ലാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. തുടര്‍ന്ന് ലൂയി പതിനാറാമന്റെ പട്ടാളവും ജനങ്ങളും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട യുദ്ധം നടന്നു. യുദ്ധത്തില്‍ പക്ഷേ. ജനങ്ങള്‍ വിജയിച്ചു. അവര്‍ കോട്ട തകര്‍ത്ത് അതില്‍ ഉണ്ടായിരുന്ന തടവുകാരെ മോചിപ്പിച്ചു. എന്നിട്ട് ജനക്കൂട്ടത്തെ വെടിവെക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ച ഗവര്‍ണറുടെ തല കൊയ്‌തെടുത്ത് ഒരു കുന്തത്തില്‍ കോര്‍ത്ത് പാരിസ് നഗരത്തിലൂടെ ആഹ്ലാദനൃത്തം ചവിട്ടി. ലൂയി പതിനാറാമനെയും ഭാര്യയെയും ജനങ്ങള്‍ ഏറെ താമസിയാതെ തന്നെ കാലപുരിക്കയച്ചു. ജൂലൈ 14 അങ്ങനെ ഫ്രഞ്ചുകാരുടെ റിപ്പബ്ലിക് ദിനമായി മാറി.

പൂക്കളേക്കാള്‍ അധികം മുള്ളുകള്‍ നിറഞ്ഞ മരം പോലെയാണ് ഇന്ന് ഇന്ത്യ. നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും മുറിവുകളുടെ നീറ്റലുകള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. യുദ്ധങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍, പൊട്ടിത്തെറികള്‍, അഴിമതി തുടങ്ങിയവ നമ്മുടെ ജനകീയ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ തിളങ്ങാത്ത ഇന്ത്യയെക്കുറിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്.... 2020ഓടെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ചേക്കേറാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്നു വേണം കരുതാന്‍. 2005 ല്‍ യു.എന്‍. പുറത്തിറക്കിയ മാനവ വികസന റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് 127-ാം സ്ഥാനമാണുള്ളത്. 2003-ലും 2004-ലും ഇതേ സ്ഥാനത്തായിരുന്നു ഇന്ത്യ. സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിനിടയിലും ജീവിത നിലവാരം ഉയര്‍ത്താനോ ദാരിദ്ര്യനിരക്ക് കുറയ്ക്കാനോ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സൂചിക വെളിപ്പെടുത്തുന്നു. 177 രാജ്യങ്ങളില്‍ ഐക്യ രാഷ്ട്ര സഭ വികസന പരിപാടി (യു.എന്‍.ഡി.പി) നടത്തിയ താരതമ്യ പഠനത്തിനു ശേഷമായിരുന്നു റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തിന്റെയും റാങ്ക് നിര്‍ണയിക്കുന്നത്. 1990-ലാണ് യു.എന്‍.ഡി.പി. ഇദംപ്രദമമായി മാനവവികസന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

93-ാം സ്ഥാനത്തുള്ള ശ്രീലങ്കയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍ നില്ക്കുന്നത്. ഭൂട്ടാന്‍(134), പാകിസ്താന്‍ (135), നേപ്പാള്‍(136) എന്നിവ ഇന്ത്യയ്ക്ക് പിറകിലാണ്. അതേസമയം കുറഞ്ഞ സാമ്പത്തിക വളര്‍ച്ചകള്‍ക്കിടയിലും മാനവ വികസന രംഗത്ത് ബംഗ്ലാദേശ് കൈവരിച്ച നേട്ടത്തെ റിപ്പോര്‍ട്ട് പ്രശംസിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ശിശുമരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നോര്‍വെയ്ക്കാണ് റിപ്പോര്‍ട്ടില്‍ ഒന്നാംസ്ഥാനമുള്ളത്. തൊട്ടുപിന്നില്‍ ഐസ്ലാന്റ്, ആസ്‌ട്രേലിയ, ലക്‌സം ബര്‍ഗ്, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ്. 2003ലും 2004ലും നോര്‍വെയായിരുന്നു ഒന്നാം സ്ഥാനത്ത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 63.3 വര്‍ഷമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് 119-ാം സ്ഥാനമാണുള്ളത്. പ്രതിശീര്‍ഷ വരുമാനത്തില്‍ ഹോണ്ടുറാസിനും വിയറ്റ്‌നാമിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ദാരിദ്ര്യസൂചികയില്‍ ഇന്ത്യ 103 വികസ്വര രാഷ്ട്രങ്ങള്‍ക്കിടയില്‍ 58-ാമതാണ്. മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 118-ാം റാങ്കുണ്ട്. മറ്റു ചില കാര്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് ഇപ്രകാരമാണ്. School Enrollment - 131, Gender Development Index - 98, Status of Women - 118

അടിയന്തിരമായി സാക്ഷാത്കരിക്കേണ്ട വികസന ലക്ഷ്യങ്ങള്‍ ഇനിയും ഏറെ അകലെയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ലോകത്തെ ദരിദ്രരുടെ എണ്ണം 2015 -ഓടെ പകുതിയാക്കി കുറയ്ക്കാന്‍ യു.എന്‍.പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 18 രാജ്യങ്ങള്‍ മാനവ വികസനസൂചികയില്‍ പിറകോട്ടടിച്ചിരിക്കുകയാണ്. ഇതില്‍ 12 രാജ്യങ്ങള്‍ സബ് സഹാറന്‍ ആഫ്രിക്കന്‍ മേഖലയിലുള്ളവയും ആറെണ്ണം പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളുമാണ്. ഇവ ദശലക്ഷം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇതൊക്കെയായാലും ഇന്ത്യ ഏകത്വത്തിന്റെ പ്രതീകമാണ്, ശബ്ദമാണ്. ഭിന്നഭാഷ സംസാരിക്കുന്നവരേയും കാഴ്ചയില്‍ പോലും വ്യത്യസ്തമായ മുഖമുള്ളവരേയും സംസ്‌കാരമുള്ളവരേയും ഒന്നിപ്പിക്കുന്ന ലോകത്തെ ഏക ദേശമാണ് ഇന്ത്യ. ആ പൈതൃകത്തില്‍ നാം അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഏവര്‍ക്കും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാശംസകള്‍...

പിറന്നാള്‍ നിറവില്‍ ഇന്ത്യന്‍ റിപ്പബ്‌ളിക്ക്‌(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക