Image

ഓലക്കാറ്റാടി (കഥ- ഡോ. ഈ. എം. പൂമൊട്ടില്‍)

ഡോ. ഈ. എം. പൂമൊട്ടില്‍ Published on 23 January, 2017
ഓലക്കാറ്റാടി (കഥ- ഡോ. ഈ. എം. പൂമൊട്ടില്‍)
മീനമാസത്തിലെ ഒരു ശനിയാഴ്ച ദിവസം. സമയം ഏതാണ്ട് മദ്ധ്യാഹ്നം. ചെമ്മണ്ണൂര്‍ പട്ടണത്തിലെ ചന്തയും പരിസരങ്ങളും ചുട്ടു പൊള്ളുന്നു. മാലതിയുടെ പച്ചക്കറിക്കടയില്‍ നന്നേ തിരക്ക് കുറഞ്ഞ സമയം. അവളുടെ മകന്‍ അച്ചുമോന്‍ ഒരു ഓലക്കാറ്റാടിയും പറപ്പിച്ച് കടയുടെ മുറ്റത്ത് കളിച്ച് നടക്കുന്നു. പെട്ടന്ന് കടയുടെ മുമ്പില്‍ ഒരു പഴയ ബെന്‍സ് കാര്‍ വന്നു നിന്നതായി മാലതി ശ്രദ്ധിച്ചു. അതിന്റെ പിന്‍ സീറ്റില്‍ നിന്നും സേതു അമ്മാവന്‍ ഇറങ്ങിവരുന്നത് അവള്‍ അതിശയത്തോടെ നോക്കി നിന്നു.

കാറില്‍നിന്നിറങ്ങിയതും അമ്മാവന്‍ അച്ചുമോനെ അടുത്തേക്ക് വിളിച്ച് മുന്‍ സീറ്റിലിരിക്കുന്ന ആളിനെ പരിജയപ്പെടുത്തി. മോനീ അങ്കിളിനെ കണ്ടോ; അച്ചുവിനെ കാണാന്‍ വേണ്ടിയാണ് അങ്കിള്‍ വല്ല്യച്ഛനെം കാറില്‍ കയറ്റി ഇവിടെ വന്നരിക്കുന്നത്. അങ്കിള്‍ കൊണ്ടുവന്ന സൂപ്പര്‍മാന്‍ റ്റോയ് വാങ്ങിക്കാന്‍ ആദ്യം മടികാണിച്ചെങ്കിലും വല്ല്യച്ഛന്‍ നിര്‍ബന്ധിച്ചതിനാല്‍ അവന്‍ അത് വാങ്ങിക്കളിക്കുവാന്‍ തുടങ്ങി. ഇതിനിടെ കാറിന്റെ മുന്‍ സീറ്റിലിരിക്കുന്ന വ്യക്തിയെ മാലതി തിരിച്ചറിഞ്ഞു. നീണ്ട ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഇനിയും ഒരിക്കലും കാണരുതെന്നാഗ്രഹിച്ച ആ മുഖം അവള്‍ കണ്ടു! ഇലഞ്ഞിക്കാവ് ഗ്രാമത്തിലെ ദുഷ്ടനായ ബാലേന്ദ്രന്‍ മുതലാളിയുടെ മകന്‍ രവിയെ- അച്ചുവിന് തന്റെ ഉദരത്തില്‍ ജന്മം നല്‍കിയതിന് ശേഷം നാടുവിട്ടുകളഞ്ഞ ചതിയനായ ആ മനുഷ്യനെ അവള്‍ വീണ്ടും കണ്ടു! എന്തിനാണ് അമ്മാവന്‍ ഇയാളെയും കൂട്ടി ഇവിടെ വന്നിരിക്കുന്നത്! മാലതി അതിശയിച്ചു നില്‍ക്കവെ അമ്മാവന്‍ കടയുടെ അടുത്തേക്ക് കയറിവന്നു. മോളേ, നിന്റെ ദേഷ്യവും സങകടവും എല്ലാം എനിക്ക് മനല്ലിലാകുന്നുണ്ട്. രവി നിന്നോട് ചെയ്ത വഞ്ചന നിനക്ക് ഒരിക്കലും ക്ഷമിക്കാന്‍ പറ്റാത്തതാണെങ്കിലും അയാളുടെ ഇപ്പോഴത്തെ ദയനീയ അവസ്ഥഅറിഞ്ഞപ്പോള്‍ അയാള്‍ അല്‍പം സഹതാപം അര്‍ഹിക്കുന്നുവെന്നെനിക്ക് തോന്നി. അമ്മാവന്‍ തുടര്‍ന്നു; കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അയാളുടെ ജീവിതത്തില്‍ ശാപദോഷമെന്നോണം പല സംഭവങ്ങളും നടന്നു. വളര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന അവരുടെ ബിസിനസ്സ് സാമ്രാജ്യം ആരുടെയോ ചതിയില്‍പ്പെട്ട് തകര്‍ന്നു. ബാലേന്ദ്രന്‍ മുതലാളി ആത്മഹത്യ ചെയ്തു. രവിയുടെ വിവാഹ ജീവിതവും ശപിക്കപ്പെട്ടതായി മാറി. അയാളുടെ ഭാര്യ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും മൂവരും പ്രസവത്തോടെ മരിക്കുകയായിരുന്നു. അവള്‍ക്കിനിയും കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. തന്റെ അച്ഛന്റെ ഭീഷണിയില്‍ ഭയന്നാണ് താനന്നു നാടുവിട്ടതെന്നും നിന്നോട് ചെയ്ത അപരാധത്തിന് നല്ല കുറ്റബോധമുണ്ടെന്നും അയാള്‍ എന്നോട് മനസ്സുതുറന്ന് പറഞ്ഞു. ഇതിന് പ്രായശ്ചിത്തമായി അച്ചുവിനെ ദത്തു പുത്രനായോ, അല്ലെങ്കില്‍ ഒരു വളര്‍ത്ത് പുത്രനായോ സംരക്ഷിക്കുവാന്‍ നീ അനുവദിക്കുമോ എന്ന് ചോദിക്കുവാനാണ് അയാള്‍ എന്നെയും കൂട്ടി ഇവിടെ വന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി തളര്‍വാതം പിടിച്ചു കിടക്കുന്ന നിന്റെ ഭര്‍ത്താവ് ദാമോദരന്റെ അവസ്ഥയും രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനൊപ്പം ഒറ്റക്കീ കട നടത്തിക്കൊണ്ടു പോകുന്ന നിന്റെ കഷ്ടതയും ഓര്‍ത്താണ് ഞാനീ കാര്യത്തിന് കൂട്ടു നില്‍ക്കുന്നത്. മോളേ, നീ സാവകാശമായി ചിന്തിച്ചൊരു തീരുമാനം എടുത്താല്‍ മതി. ദാമോദരനുമായി ഈ വിഷയം സംസാരിച്ചിട്ടാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. നിന്റെയും അച്ചുവിന്റെയും ഇഷ്ടം അനുസരിച്ച് തീരുമാനം എടുത്തു കൊള്ളാനാണ് അവന്‍ പറഞ്ഞത്.

അമ്മാവന്‍ സംസാരിച്ചതെല്ലാം ക്ഷമയോടെ കേട്ടതിന് ശേഷം മാലതി പറഞ്ഞു: അപ്പോള്‍ പഴയ ആ കാര്യങ്ങളെല്ലാ ഞാന്‍ മറക്കണമെന്നല്ലേ അമ്മാവന്‍ പറയുന്നത്. ശരി, എല്ലാം ഞാന്‍ മറക്കാം. ദീര്‍ഘകാലം ബാലേന്ദ്രന്‍ മുതലാളിയുടെ വിശ്വസ്ത കാര്യസ്തനായിരുന്ന എന്റെ അച്ഛനെ യാതൊരു കാരണവും കൂടാതെ പെട്ടന്നാ സ്ഥാനത്തു നിന്ന് മാറ്റിയതും, ഗര്‍ഭിണിയായ എന്നെയും കൂട്ടി അന്നു തന്നെ ആ ഗ്രാമം വിട്ടു പോയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതും ഞാന്‍ മറക്കാം. അന്ന് അമ്മാവന്‍ ഞങ്ങളുടെ രക്ഷകനായി വന്നില്ലായിരുന്നെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഞങ്ങളുടെ മുമ്പില്‍ ഇല്ലായിരുന്നുവെന്ന പരമാര്‍ത്ഥവും ഞാന്‍ മറക്കാം. രവി എന്ന ഈ പുരുന്‍ എന്റെ വയറ്റില്‍ ജന്മംകോണ്ട കുഞ്ഞിന്റെ അച്ഛനായിരുന്നുവെന്ന സത്യം ഞാന്‍ വിവാഹിതയായ ആ നിമിഷം മുതല്‍ ഞാന്‍ മറന്നു കളഞ്ഞതാണ്. പക്ഷെ, ഒരു കാര്യം മറക്കാന്‍ പറ്റാത്തതായുണ്ടെന്നു ഞാന്‍ പറയാതെ തന്നെ അമ്മാവന് അറിയാമല്ലൊ. അവള്‍ തുടര്‍ന്നു; ഞാന്‍ ഗര്‍ഭിണിയാണന്നറിഞ്ഞുകൊണ്ട് തന്നെ എന്നെ വിവാഹം ചെയ്ത ദാമോധരന്‍ എന്ന ആ മഹാ മനുഷ്യന് നമ്മള്‍ അന്നു കൊടുത്ത വാക്ക് നമുക്ക് മറക്കാന്‍ പറ്റുമോ അമ്മാവാ? വിവാഹത്തിന് മുമ്പ് അദ്ധേഹം അന്ന് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രമായിരുന്നല്ലേ? ഈ കുഞ്ഞ് മറ്റൊരാളുടെ കുഞ്ഞാണെന്ന് ലോകം അറിയരുതെന്ന്! ഇതു നമ്മള്‍ മറക്കണോ? മാലിനിയുടെ ചോദ്യത്തിനുത്തരം നല്‍കാനാവാതെ അമ്മാവന്‍ കുഴഞ്ഞു. ഒടുവില്‍ മാലതി അമ്മാവനോട് പറഞ്ഞു; ഒരു കാര്യം ചെയ്യാം ഈ കാര്യത്തില്‍ അച്ചുമോന്റെ ഇഷ്ടം എന്താണെന്ന് കൂടി ചോദിച്ചോളു. അവന് സമ്മതമാണെങ്കില്‍ അപ്രകാരം നടക്കട്ടെ! ഇതു പറയുമ്പോള്‍ മാലതിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അമ്മാവന്‍ പുറത്തിറങ്ങി അച്ചുവിനെ മെല്ലെ അടുത്തേക്ക് വിളിച്ചു. ബെന്‍സ് കാറില്‍ വന്ന അങ്കിള്‍ എന്താണിവിടെ വന്നതെന്ന് വിശദീകരിച്ചു. വല്യവധി കഴിഞ്ഞു സ്‌ക്കൂള്‍ തുറക്കുമ്പോഴേക്കും അങ്കിളിന്റെ വീട്ടില്‍ പോയി താമസിക്കുന്നതിന് അച്ചുവിന് സമ്മതമാണോ എന്ന് ചോദിച്ചു. അവിടെ പോയാല്‍ അച്ചുവിനുണ്ടാകാന്‍ പോകുന്ന നന്മകളെ കുറിച്ചെല്ലാം വല്ല്യച്ഛന്‍ പറഞ്ഞു കൊടുത്തു. അവധി കിട്ടുമ്പോഴൊക്കെ എല്ലാവരെയും കാണാന്‍ മടങ്ങിവരാന്‍ സാധിക്കുമെന്നും അവന് ഉറപ്പ് കൊടുത്തു. വല്ല്യച്ഛനും അമ്മയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ പൊരുള്‍ ഏറെ കുറെയൊക്കെ മനസ്സിലാക്കിയ അച്ചുമോന് ഒരു തീരുമാനം പറയാന്‍ അധികമൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ബെന്‍സ് കാറില്‍ വന്ന അങ്കിള്‍ സമ്മാനമായി കൊടുത്ത ആ സൂപ്പര്‍മാന്‍ റ്റോയ് അവന്‍ കാറിന്റെ പിന്‍ സീറ്റിലേക്കിട്ടുകൊടുത്തു. അവന്റെ അച്ഛന്‍ ഉണ്ടാക്കി കൊടുത്ത ഒലക്കാറ്റാടി വീണ്ടും എടുത്തു പറപ്പിച്ചു കൊണ്ട് നടക്കവെ അവന്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു; എനിക്കൊരു അങ്കിളിന്റെയും കൂടെ പോകേണ്ടാ; ഒരു വല്ല്യ വീട്ടിലും പോയി താമസിക്കേണ്ടാ; ആരുടേയും വല്ല്യ കാറില്‍ കയറേണ്ടാ; എനിക്കെന്റെ അച്ഛന്റെയും അമ്മയുടേയും കുഞ്ഞനുജന്റെയും കൂടെ താമസിച്ചാല്‍ മതി. അച്ചുവിനതുമാത്രം മതി!

അന്നത്തെവേനല്‍ ചൂടിനല്‍പം ശമനം നല്‍കുവാനെന്നോണം എവിടെ നിന്നോ ഒരിളം കാറ്റ് അപ്പോള്‍ അവിടേയ്ക്കടിക്കുവാന്‍ തുടങ്ങി. ഇളം കാറ്റ് പകര്‍ന്ന് കൊടുത്ത ഊര്‍ജ്ജത്തില്‍ അച്ചുമോന്റെ കാറ്റാടി അതിവേഗം കറങ്ങുന്നത് അവന്‍ ഏറെ ആസ്വദിച്ചുകൊണ്ടേയിരുന്നു.


ഡോ. ഈ. എം. പൂമൊട്ടില്‍
emathew59@yahoo.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക