Image

ഇച്ഛാശക്തിയുടെ തമ്പുരാന്‍ (പകല്‍ക്കിനാവ്-35 - ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 23 January, 2017
ഇച്ഛാശക്തിയുടെ തമ്പുരാന്‍ (പകല്‍ക്കിനാവ്-35 - ജോര്‍ജ് തുമ്പയില്‍)
ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യവാചകം ചൊല്ലികൊടുത്തു പ്രസിഡന്‍ഷ്യല്‍ പദവി ഏറ്റെടുക്കുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ മുഖത്തുണ്ടായി ചിരിയാണ് ഞാന്‍ ഈ ദശകത്തില്‍ കണ്ടതില്‍ വച്ചേറ്റവും ഉജ്വലമായ ചിരി. ആ ചിരിയില്‍ വിജയത്തിന്റെ തിലോദകം കാണാം. ട്രംപ് ശരിയോ തെറ്റോ എന്നുള്ളത് രണ്ടാമത്തെ ചോദ്യം മാത്രം. മറിച്ച്, അമേരിക്കയുടെ 45-ാം പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്ന ട്രംപ് യുഗത്തിനാണ് ഐക്യനാടുകള്‍ സാക്ഷ്യം വഹിക്കുന്നതെങ്കിലും ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് അതൊന്നുമല്ല. ഇവിടെ പറയുന്നത്, ഒരുങ്ങിയിറങ്ങി വിജയിച്ചു മാത്രം വന്നിരിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ്. ചെയ്ത ബിസിനസ്സുകളില്‍ ആറു തവണയോളം പാപ്പരായി പ്രഖ്യാപിച്ച കോടീശ്വരനാണ് ട്രംപ്. 

ട്രംപ് താമസിക്കുന്ന മാന്‍ഹട്ടനിലെ ട്രംപ് ടവറിലെ 58 നിലകളില്‍ ഇല്ലാത്തതൊന്നുമില്ല. വേണമെന്നു രണ്ടും കല്‍പ്പിച്ചിറങ്ങിയാല്‍ കിട്ടാത്തതായി ലോകത്തൊന്നുമില്ലെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം കൂടിയാവുന്നു ട്രംപിന്റെ വിജയഗാഥ. അതാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. വിജയിക്കാനുള്ള ത്വര, തൃഷ്ണ, അടങ്ങാത്ത അഭിവാഞ്ച എല്ലാം ട്രംപില്‍ പ്രകടമായിരുന്നു. അതായിരുന്നു അമേരിക്കന്‍ മനസ്സുകളെ കീഴടക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതും. അതിനിടയില്‍ ഉയര്‍ന്നു വന്ന ലൈംഗിക അപവാദങ്ങള്‍, വിവാദ പ്രസ്താവനകള്‍, തീവ്രമത പ്രചാരണങ്ങള്‍ എല്ലാം അമേരിക്കന്‍ ജനത കണ്ടില്ലെന്നു നടിച്ചു. ആണൊരുത്തനായി വിജയിക്കാനായി മാത്രം ജനിച്ചവന്‍ എന്ന ടാഗ് ലൈനില്‍ നില്‍ക്കാന്‍ ട്രംപിനു  സപ്തതിയിലും കഴിയുന്നുവെന്നത് ചില്ലറ കാര്യമല്ല. മലയാളികളുടെ മനസ്സില്‍ ബൈബിളും രാമായണവും ഖുറാനും വായിച്ചു വീട്ടിലിരിക്കേണ്ട പ്രായത്തില്‍ രാജ്യം നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നയാള്‍ എന്ന അതിശീര്‍ഷകം കൂടി ട്രംപിന് ചേരും. 

ഏറ്റവും കൂടിയ പ്രായത്തില്‍ അധികാരമേല്‍ക്കുന്ന വ്യക്തിയാണു 70 കാരനായ ട്രംപ്. റൊണാള്‍ഡ് റെയ്ഗന്‍ അധികാരമേല്‍ക്കുമ്പോള്‍ 69 വയസ്സായിരുന്നു. പ്രായത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കാശിന്റെ കാര്യത്തിലും അമേരിക്കയുടെ ഇതുവരെയുള്ള പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനായ വ്യക്തിയും ട്രംപാണ്. ഓരോ തവണ ബിസിനസ്സില്‍ തോല്‍വിയറിഞ്ഞപ്പോഴും ട്രംപ് തളര്‍ന്നില്ലെന്നത് നേര്. ഹോട്ടല്‍ കാസിനോ ബിസിനസ്സുകളിലാണ് ട്രംപിന് കൈപൊള്ളിയത്. ട്രംപ് താജ് മഹല്‍, ട്രംപ് പ്ലാസാ ഹോട്ടല്‍ ആന്‍ഡ് കാസിനോ, പ്ലാസാ ഹോട്ടല്‍, ട്രംപ് കാസില്‍ ഹോട്ടല്‍ ആന്‍ഡ് കാസിനോ, കാസിനോ റിസോര്‍ട്ട്‌സ്, ട്രംപ് ഹോട്ടല്‍സ്, ട്രംപ് എന്റര്‍ടെയ്ന്‍മെന്റ് റിസോര്‍ട്ട് എന്നിവയെല്ലാം വന്‍ പരാജയങ്ങളായിരുന്നു. ബിസിനസ്സ് പരാജയങ്ങളുടെ പര്യായമായിരുന്നു ട്രംപ് എന്നു സാക്ഷാല്‍ വാഷിങ്ടണ്‍ പോസ്റ്റ് വരെ ട്രംപിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ആ ട്രംപാണ് ഫീനിക്‌സ് പക്ഷിയെ പോലെ പിന്നെയും ഉയര്‍ത്തെഴുന്നേറ്റത്. അതു കൊണ്ട് തന്നെ ട്രംപ് മോഡല്‍ മാനേജ്‌മെന്റ് എന്നൊരു തീസിസ് തന്നെ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്. 

അതു പഠിക്കാനായി ട്രംപ് യൂണിവേഴ്‌സിറ്റി എല്‍എല്‍സി യും സാക്ഷാല്‍ ട്രംപ് തന്നെ രൂപീകരിച്ചു. ചാനല്‍ ബിസിനസ്സുകള്‍, ടിവി ഷോകള്‍, ബ്രാന്‍ഡിങ്, ലൈസന്‍സിങ്, പ്രൊഫഷണല്‍ റെസ്ലിങ് എന്നിവയിലെല്ലാം വിജയം നേടി കൊണ്ടാണ് ട്രംപ് തിരിച്ചു വന്നത്. രണ്ടായിരത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് പ രിഗണിച്ചു തുടങ്ങിയ ട്രംപ് ആ മോഹം പിന്നീട് താഴെ വച്ചതേയില്ല. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം എയര്‍ ഫോഴ്‌സ് വണ്‍ എന്ന വിമാനത്തിന്റെ മാതൃകയില്‍ ട്രംപ് ഫോഴ്‌സ് വണ്‍ എന്ന ബോയിങ് 757 വിമാനത്തില്‍ ഊരു ചുറ്റി അമേരിക്കക്കാരെ കൈയിലെടുത്ത് ആ മനുഷ്യന്‍ മിസ്റ്റര്‍ പ്രസിഡന്റായി. മാനവചരിത്രത്തില്‍ തന്നെ ഈ ഇച്ഛാശക്തി ഒരു പാഠമായാല്‍ അത്ഭുതപ്പെടാനില്ല.

ഇനി ട്രംപിനെക്കുറിച്ച് ചില കാര്യങ്ങളിലേക്ക് ഊളിയിട്ടാലോ. മദ്യമടക്കമുള്ള യാതൊരു ലഹരി വസ്തുക്കളും ഉപയോഗിക്കാത്തയാളാണ് ട്രംപ്. തന്റെ മൂത്ത സഹോദരന്‍ ഫ്രെഡ് കടുത്ത മദ്യപാനത്തെത്തുടര്‍ന്ന് മരിച്ചതാണ് ട്രംപിനെ ലഹരിയുടെ ലോകത്തുനിന്ന് അകറ്റിയത്. ഇതു മാത്രമല്ല, എടിഎം കാര്‍ഡ് പോലും വേണ്ടാന്നു വച്ചയാളാണ് ട്രംപ്. താന്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എടിഎം കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടത് 2016 ഒക്ടോബര്‍ 25ന് സാന്‍ഫോര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്‌നിലാണ്. ഇതിനു പുറമേ, ലോകത്തെ ഏറ്റവും ഉയരമുള്ള വീടിന്റെ ഉടമ എന്ന റെക്കോഡും ട്രംപിനു സ്വന്തം. 90 നിലകളുള്ള ട്രംപിന്റെ ട്രംപ് ടവര്‍ ആണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, ബ്യൂട്ടി പേജന്റ് ഷോകള്‍ എന്നിവയ്ക്കു പുറമേ സ്വന്തമായി ഫുട്‌ബോള്‍ ടീമിനെ വാങ്ങിയ ചരിത്രവും ട്രംപിനുണ്ട്. 1983-ലാണ് അദ്ദേഹം ന്യൂജേഴ്‌സി ജനറല്‍സ് ടീമിനെ വിലയ്ക്കു വാങ്ങിയത്. ഇതിനു ശേഷം എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ്സിലേക്ക് കടന്നപ്പോഴാണ് അഭിനയിക്കാന്‍ മോഹമേറിയത്. അങ്ങനെ ഗോസ്റ്റസ് കാന്റ് ഡു ഇറ്റ് എന്ന ചിത്രത്തില്‍ തല കാണിച്ചു. ഇതിലെ പ്രകടനത്തിന് ട്രംപിന് 1998-ല്‍ റെയ്‌സി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനിടയിലും വിവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടിലാണ് പല കാര്യങ്ങളും മൈക്കിനു മുന്നില്‍ വച്ചു വിളമ്പിയത്. മുസ്ലീങ്ങളെ അമേരിക്കയില്‍ നിന്നു പുറത്താക്കണം എന്നതടക്കം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് ട്രംപ്. 

ട്രംപിന്റെ എല്ലില്ലാത്ത നാക്കും പക്വതയില്ലായ്മയും അദ്ദേഹത്തിനു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കരുതിയിരുന്നെങ്കിലും ആരും പ്രതീക്ഷിക്കാത്ത വിജയമാണ് അദ്ദേഹം നേടിയത്. മൂന്നു തവണ വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമായ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തുവന്നിട്ടുള്ളത്. 1980-നു ശേഷം ഇതുവരെ 15 സ്ത്രീകള്‍ നിയുക്ത പ്രസിഡന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് താന്‍ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തിന്റെ ഇരയാണെന്നാണ് പ്രതികരിച്ചിട്ടുള്ളത്.
 
എങ്ങനെയൊക്കെയാണെങ്കിലും ട്രംപ് ഫോഴ്‌സ് വണ്‍ വിമാനത്തില്‍ നിന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വന്തം എയര്‍ ഫോഴ്‌സ് വണ്ണിലേക്ക് വലതു കാല്‍ വച്ചു കയറുന്ന ട്രംപിന്റെ മുഖത്ത് ഇനിയും ആ ചിരി വിരിയുമെന്നുറപ്പാണ്. ഇച്ഛാശക്തിയുടെ വിജയം നല്‍കിയ അതേ ചിരി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക