Image

ഇറ്റാലിയന്‍ നാവികര്‍ റിമാന്‍ഡില്‍

Published on 21 February, 2012
ഇറ്റാലിയന്‍ നാവികര്‍ റിമാന്‍ഡില്‍
കൊല്ലം: നീണ്ടകരയില്‍നിന്ന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ 'എന്റിക്ക ലെക്‌സി'യിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇവരെ ഫിബ്രവരി 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. തെളിവെടുപ്പിനായി ഇരുവരേയും തിങ്കളാഴ്ച സന്ധ്യയോടെ കൊച്ചിയിലേക്കുതന്നെ കൊണ്ടുപോയി.

കൊച്ചിയില്‍ ഞായറാഴ്ച വൈകിട്ടാണ് ലൊസ്റ്റാറോ മാസ്‌ളി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നീ നാവികരെ അറസ്റ്റ് ചെയ്തത്. ശിവരാത്രി പ്രമാണിച്ച് കൊല്ലം കോടതി അവധിയായിരുന്നതിനാല്‍ തിങ്കളാഴ്ച കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.പി.ജോയിയുടെ വസതിയിലാണ് ഇവരെ ഹാജരാക്കിയത്.വന്‍ സുരക്ഷാസന്നാഹത്തോടെ പ്രതിഷേധപ്രകടനങ്ങളുടെ നടുവിലൂടെയാണ് കരുനാഗപ്പള്ളി തറയില്‍മുക്ക്- ചെക്കാല റോഡിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് വൈകിട്ട് 4.50ന് പ്രതികളെ കൊണ്ടുവന്നത്.


ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെങ്കില്‍പ്പോലും പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാലാണ് കൊലക്കുറ്റത്തിനായുള്ള 302-ാം വകുപ്പുതന്നെ ചുമത്തിയതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അനില്‍കുമാര്‍ പറഞ്ഞു.


രാജ്യാന്തര ചാനലിലാണ് സംഭവമുണ്ടായതെന്നും അന്താരാഷ്ട്ര നിയമപ്രകാരമേ വിചാരണ നടത്താവൂ എന്നും നാവികര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ വി.ജെ.മാത്യു, രാമന്‍ പിള്ള എന്നിവര്‍ വാദിച്ചു. 24 നോട്ടിക്കല്‍ മൈല്‍ വരെയാണ് ഇന്ത്യന്‍ അതിര്‍ത്തി. എന്നാല്‍ സംഭവം നടക്കുമ്പോള്‍ കപ്പല്‍ 22.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നുവെന്ന എ.പി.പി.യുടെ വാദം അംഗീകരിച്ചുകൊണ്ടാണ് മജിസ്‌ട്രേറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക