Image

നഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഏലിയാമ്മ മാത്യുവിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 June, 2011
നഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഏലിയാമ്മ മാത്യുവിന്‌
ന്യൂയോര്‍ക്ക്‌: നഴ്‌സസ്‌ ഡേയോട്‌ അനുബന്ധിച്ച്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ ഏര്‍പ്പെടുത്തിയ ഏക്‌സലന്‍സ്‌ ഇന്‍ നഴ്‌സിംഗ്‌ പ്രാക്‌ടീസ്‌ അവാര്‍ഡിന്‌ ഏലിയാമ്മ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. മെയ്‌ 14-ന്‌ ക്യൂന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ നടന്ന നഴ്‌സസ്‌ ആഘോഷപരിപാടിയില്‍ വെച്ച്‌ ഡോ. എലിസബത്ത്‌ സൈമണില്‍ നിന്നും ഏലിയാമ്മ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

ഏലിയാമ്മ മാത്യു ജോലിചെയ്യുന്ന ബയോണ്‍ മെഡിക്കല്‍ സെന്റര്‍ ന്യൂജേഴ്‌സിയും, ന്യൂയോര്‍ക്ക്‌ എഡ്യൂക്കേഷന്‍ സ്‌കൂള്‍ ഹെല്‍ത്ത്‌ വിഭാഗവും ചേര്‍ന്നാണ്‌ ഏലിയാമ്മയെ നോമിനേറ്റ്‌ ചെയ്‌തത്‌. മുപ്പത്‌ വര്‍ഷമായി ഇന്റന്‍സീസ്‌ കെയര്‍ യൂണീറ്റിലും, പതിനാറ്‌ വര്‍ഷമായി സ്‌കൂള്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റിലും ഏലിയാമ്മ ജോലിചെയ്‌തുവരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ക്രിട്ടക്കല്‍ കെയര്‍ നഴ്‌സസില്‍ (എ.എ.സി.എന്‍) നിന്നും 2010-ല്‍ ഏലിയാമ്മയ്‌ക്ക്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു.

1990-ല്‍ സി.സി.ആര്‍.എന്‍ പാസായ ഏലിയാമ്മ ഇരുപത്‌ വര്‍ഷത്തില്‍ കൂടുതലായി തുടര്‍ച്ചയായി സര്‍ട്ടിഫിക്കേഷന്‍ സൂക്ഷിക്കുന്നുണ്ട്‌. ബയോണ്‍ മെഡില്ലല്‍ സെന്ററില്‍ നിന്നും കസ്റ്റമര്‍ സാറ്റീസ്‌ഫാക്ഷനുള്ള പ്രത്യേക റെക്കഗ്‌നേഷന്‍ അവാര്‍ഡും ഈവര്‍ഷം ഏലിയാമ്മയ്‌ക്ക്‌ ലഭിച്ചിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ രാജ്‌കുമാരി അമൃത്‌കൗര്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗില്‍ നിന്നും ബി.എസ്‌.സി ഓണേഴ്‌സ്‌ ഇന്‍ നഴ്‌സിംഗ്‌ പാസായ ശേഷം 1980-ലാണ്‌ ഏലിയാമ്മ അമേരിക്കയിലെത്തുന്നത്‌. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജില്‍ നിന്നും ബി.എസ്‌.സി പാസയശേഷമാണ്‌ നഴ്‌സിംഗ്‌ പഠനത്തിന്‌ ചേര്‍ന്നത്‌.

നഴ്‌സിംഗ്‌ പ്രൊഫഷനെ വളരെയധികം ഇഷ്‌ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏലിയാമ്മ മാത്യു ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയുമാണ്‌. അമേരിക്കയിലുള്ള എല്ലാ നഴ്‌സുമാരും, ലോക്കല്‍ നഴ്‌സസ്‌ അസോസിയേഷനില്‍ അംഗത്വമെടുത്ത്‌ നഴ്‌സസ്‌ സംഘടനയെ ശക്തിപ്പെടുത്തണമെന്ന്‌ ആതുര സേവന രംഗത്തെ ഈ പ്രതിഭാശാലി അഭ്യര്‍ത്ഥിക്കുന്നു.

ഭര്‍ത്താവ്‌ പി.കെ. മാത്യുവും, മക്കള്‍ മിനുവും വിന്‍സെന്റും ഒത്ത്‌ ഏലിയാമ്മ സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു.
നഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഏലിയാമ്മ മാത്യുവിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക