Image

തമിഴ്മണ്ണില്‍ ജെല്ലിക്കെട്ടിനെ വെല്ലുന്ന രാഷ്ട്രീയ കാളപ്പോര്

(എ.എസ് ശ്രീകുമാര്‍) Published on 19 January, 2017
തമിഴ്മണ്ണില്‍ ജെല്ലിക്കെട്ടിനെ വെല്ലുന്ന രാഷ്ട്രീയ കാളപ്പോര്
തമിഴ്ജനതയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ തമിഴ്‌നാട് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രാദേശികമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ മറീന ബീച്ചിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. പതിനായിരങ്ങളാണ് ഊണും ഉറക്കവുമില്ലാതെ പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളും കോളേജുകളും ബഹിഷ്‌കരിച്ച് മറീന ബീച്ചിലേക്ക് ഒഴുകുകയാണ്. സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജെല്ലിക്കെട്ടിനു അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം 51 അണ്ണാ ഡി.എം.കെ എം.പിമാരുടെ അകമ്പടിയോടെ പ്രധാനമന്ത്രിയെ സമീപിക്കുന്ന അവസ്ഥയിലെത്തി. ജെല്ലിക്കെട്ടിനെ വെല്ലുന്ന രാഷ്ട്രീയ കാളപ്പോരിന് വേദിയായിരിക്കുകയാണ് ജയലളിതയുടെ വിയോഗത്തിനു ശേഷം തമിഴ്‌നാട്. 

തമിഴ് സിനിമാ മേഖലയിലെ പ്രമുഖരായ രജനീകാന്ത്, കമല്‍, സൂര്യ, വിജയ് എന്നിവരും ജെല്ലിക്കെട്ട് നിരോധിതിനെതിരെ പ്രതിഷേധം അറിയിച്ചു. തമിഴ്‌നാട്ടിലെ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ജെല്ലിക്കെട്ട് തമിഴരുടെ വികാരമാണെന്നും നടന്‍ സൂര്യ പ്രതികരിച്ചു. തമിഴന്റെ ഐഡന്റിറ്റിയാണ് ജെല്ലിക്കെട്ട് എന്നാണ് നടന്‍ വിജയ് പ്രതികരിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ തമിഴ്‌നാട് ഒന്നടങ്കം ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കുകയാണെന്നും വിജയ് പറഞ്ഞു. തമിഴ് സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലായി ജെല്ലിക്കെട്ട് തുടര്‍ന്നുപോകണമെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. മൃഗസ്നേഹത്തിന്റെ പേരില്‍ ബിരിയാണി നിരോധിക്കുമോ, പിന്നെ എന്തിന് ജെല്ലിക്കെട്ട് നിരോധിക്കുന്നു എന്ന ചോദ്യമാണ് ഉലക നായകന്‍ കമല്‍ ഹാസന്‍ ഉയര്‍ത്തിയത്. നടി നയന്‍ താര ഉള്‍പ്പടെയുള്ളവരും ജെല്ലിക്കെട്ടിനെ അുകൂലിച്ചുള്ള സമരങ്ങള്‍ക്ക് പിന്‍തുണ അറിയിച്ചിട്ടുണ്ട്. ഗായകന്‍ യുവന്‍ ശങ്കര്‍ രാജ ജെല്ലിക്കെട്ട് എന്ന പേരില്‍ പാട്ട് തന്നെ ഇറക്കിയാണ് പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകരുന്നത്. കാവേരി നദീജല പ്രശ്‌നത്തിലുണ്ടായതുപോലെ തമിഴന്റെ പൊതു വികാരമായി ജെല്ലിക്കെട്ട് വിഷയവും മാറിക്കഴിഞ്ഞു.

മറീന ബീച്ചിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജെല്ലിക്കെട്ട് തിരികെ കൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. കറുത്ത വസ്ത്രങ്ങളും ബാഡ്ജും ധരിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവുകള്‍ കീഴടക്കിയിരിക്കുന്നു. ജെല്ലിക്കെട്ട് നിരോധനത്തിനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുദ്രാവാക്യങ്ങളാല്‍ മഖരിതമാണ് ്തമിഴ്‌നാട്ടിലെ ഗ്രാമങ്ങളും നഗരങ്ങളും. മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ജെല്ലിക്കെട്ട് നിരോധനത്തിലെ നിലപാടില്‍ പ്രതിഷേധിച്ച് മറീന ബീച്ചിലെത്തുന്ന മാധ്യമപ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രോശത്തോടെ തടയുകയുണ്ടായി. ജയലളിതയില്ലാത്ത തമിഴ്‌നാട് സര്‍ക്കാരിനും തിടുക്കത്തില്‍ ഒരു നടപടിയെടുക്കാനാവുന്നില്ല. കോടതി വിധിക്കെതിരെ ജനവികാരത്തിന് അനുകൂലമായി നിലപാട് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കോടതി അലക്ഷ്യമാകുമെന്ന ഭയമാണ് കാരണം. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലും ജെല്ലിക്കെട്ടിന് വേണ്ടിയുള്ള ശക്തമായ ക്യാംപെയ്‌നാണ് നടക്കുന്നത്. 

അതേസമയം ജെല്ലിക്കെട്ട് നിരോധന വിഷയത്തില്‍ ഇടപെടില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി കൃത്യമായ ധാരണകളോടെയാണ് ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. മറീന ബീച്ചിലെ പ്രതിഷേധത്തെക്കുറിച്ച് അഡ്വക്കേറ്റ് കെ ബാലു ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ പ്രതികരണം. മറീന ബീച്ചില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരുടെ ബുദ്ധിമുട്ടുകളും കെ ബാലു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. സ്ഥലത്ത് ആവശ്യത്തിന് വെളിച്ചമോ കുടിവെള്ളമോ ഇല്ലെന്ന് പരാതിയുണ്ട്. ഈ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് ചീഫ് ജസ്ററിസ് എസ് കെ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി കിരണ്‍ രിജ്ജുവും പ്രതികരിച്ചില്ല.
***
ഏതുകാര്യത്തിലും അന്ധമായും വൈകാരികവുമായി പ്രതികരിക്കുന്ന തമിഴ്‌നാട്ടുകാര്‍, അവരുടെ മനസില്‍ പതിഞ്ഞ ജെല്ലിക്കെട്ടിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ല എന്ന് വ്യക്തമാക്കുന്നതാണ് അവിടെ നടന്നുവരുന്ന കടുത്ത പ്രതിഷേധ കോലാഹലങ്ങള്‍. ഈ സാഹചര്യത്തില്‍ ജെല്ലിക്കെട്ടിന്റെ ചരിത്രപ്പഴമയും ആചാരശീലവും മല്‍സരലഹരിയും മരണക്കെണിയും കാളപ്പെരുമയുമെല്ലാം അറിയേണ്ടതാണ്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പൊങ്കല്‍ നാളുകളിലാണ് ജെല്ലിക്കെട്ട് നടക്കുന്നത്. ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കല്‍. നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മൂന്നാം ദിവസത്തെ  മാട്ടുപൊങ്കല്‍ നാളിലാണ് ഈ വിവാദ വിനോദം തകര്‍ക്കുന്നത്. ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാര്‍കഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. കര്‍ഷകരാണ് മാട്ടുപ്പൊങ്കല്‍ ഭക്തി നിര്‍ഭരമായി  ആഘോഷിക്കുന്നത്. കൃഷിയിടങ്ങളില്‍ വിളവിറക്കുന്നത് മുതല്‍ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ് കുടുംബങ്ങള്‍ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകള്‍ നടത്തുന്നു. കാലികളുടെ ദീര്‍ഘായുസിനും മികച്ച വിളവെടുപ്പിനും അനുകൂല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലില്‍ പ്രാര്‍ഥിക്കുന്നു. ഭഗവാന്‍ ശിവന്‍ തന്റെ വാഹനമായ നന്ദിയെ (കാള) ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കര്‍ഷകരെ നിലമുഴാന്‍ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം. മധുരയ്ക്കു സമീപമുള്ള അളങ്ങാനല്ലൂരാണ് ജെല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാര്‍ജിച്ച സ്ഥലം. 

ജെല്ലിക്കെട്ടിന്റെ ഉദ്ഭവകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇന്ന് ലഭ്യമല്ല. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെത്തിയ പ്രാചീന ഗുഹാചിത്രങ്ങളില്‍ ജെല്ലിക്കെട്ടിന്  സമാനമായ രംഗങ്ങളുണ്ട്. ഇവയുടെ കാലപ്പഴക്കം നിര്‍ണയിച്ചതില്‍ നിന്ന് ജെല്ലിക്കെട്ടിന് ഏതാണ്ട് 3500 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നു കരുതുന്നു. നീലഗിരി ജില്ലയിലെ കരിക്കിയൂര്‍ ഗ്രാമത്തിലാണ് ഏറ്റവും പഴക്കമുള്ള ജെല്ലിക്കെട്ടു ചിത്രങ്ങള്‍ കണ്ടെത്തിയത്. മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കളിമണ്ണും കാവിമണ്ണും ചേര്‍ത്തു തയാറാക്കിയ നിറങ്ങളാണ്  ഗുഹാചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. 'കാശ്' എന്നര്‍ഥം വരുന്ന 'സല്ലി' എന്ന പദവും 'പൊതി' എന്നര്‍ഥം വരുന്ന 'കെട്ട്' എന്ന പദവും കൂടിച്ചേര്‍ന്നാണ് ജെല്ലിക്കെട്ട്എന്ന പദം ഉരുത്തിരിഞ്ഞത്രേ. നാണയങ്ങള്‍ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പില്‍ കെട്ടിയിടും. ഈ കാളയെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളി നിയമം. കാളയെ പിന്‍തുടരുക എന്നര്‍ഥം വരുന്ന 'മഞ്ഞുവിരട്ട്' എന്ന പ്രാദേശിക പദമാണ് ഗ്രാമവാസികള്‍ ഉപയോഗിക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജെല്ലിക്കെട്ടിനുപയോഗിക്കുന്നത്. മല്‍സരത്തിന് തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്ക്കുകയും ശരീരത്തില്‍ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. പലപ്പോഴും കാളയ്ക്ക് മയക്കു മരുന്നും മദ്യവും നല്‍കി ലഹരി പിടിപ്പിച്ച ശേഷമാണ് മല്‍സരത്തിന് കൊണ്ടുവരുന്നത്. ഈ കാളകളോടാണ് മനുഷ്യര്‍ പോരാടേണ്ടത്. കാളയുമായി മല്‍പ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് അതിന്റെ കൊമ്പില്‍ പിടിച്ച് മണ്ണില്‍ മുട്ടിക്കാനായാല്‍ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പ്പെടുത്താന്‍. പുരുഷന്മാര്‍ മാത്രമേ ജെല്ലിക്കെട്ടില്‍ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവര്‍ക്ക് മാരകമായ പരിക്കുകളോ മരണമോ സംഭവിക്കാറുണ്ട്.

ജെല്ലിക്കെട്ടു മത്സരങ്ങള്‍ക്കായി 'കാങ്കേയം' കാളകളെയാണ് സാധാരണ ഉപയോഗിക്കാറുളളത്. പ്രത്യുല്‍പാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകയിനം വിത്തുകാളകളാണ്  ഇവ. ഇറുകിയ കഴുത്തും കരുത്തുറ്റ കുറിയ കാലുകളുമാണ് കാങ്കേയം കാളകളുടെ പ്രത്യേകത. ഈയിനത്തില്‍പ്പെട്ട കാളകളെ ഉല്‍പാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ്  ഈറോഡ് ജില്ലയിലെ സേനാപതി കാങ്കേയം കാറ്റില്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍. പുലിയകുലം കാള, തിരുചെങ്ങോട് കാള, ബാര്‍ഗുര്‍ കാള, സീമറായി കാള, പളമളായി കാള, ഉമ്പളചേരി കാള, അളംബാദി കാള തുടങ്ങിയ ഇനങ്ങളും ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവയാണ്. മൂന്ന് തരത്തിലുള്ള ജെല്ലിക്കെട്ടുകളാണ് അരങ്ങേറാറുള്ളത്. വടിമഞ്ചു വിരട്ട്, വായേലി വിരട്ട്, വടം മഞ്ചു വിരട്ട് എന്നിവയാണവ.

*വടി മഞ്ചു വിരട്ട്-മധുര, പുതുകോട്ടൈ, തേനി, തഞ്ചാവൂര്‍, സേലം എന്നീ ജില്ലകളിലാണ് ഇത്തരം ജെല്ലിക്കെട്ട് അരങ്ങേറാറുള്ളത്. ജെല്ലിക്കെട്ടുകളില്‍ വച്ച് ഏറ്റവും അപകടം നിറഞ്ഞതാണിത്. തുറന്ന് വിട്ട കാളയുടെ പൂഞ്ഞയില്‍ ഒരാള്‍ പിടിച്ച് കയറും. ഈ സമയം കാള അയാളെ കുലുക്കി താഴെയിടാന്‍ ശ്രമിക്കും. ചിലസമയങ്ങളില്‍ കുടഞ്ഞ് താഴെയിട്ട് കാള അയാളെക്കുത്തിക്കൊല്ലാന്‍വരെ ശ്രമിക്കും. എന്നാല്‍ കാളയുടെ ആക്രമത്തെ ചെറുത്ത് നിശ്ചത ദൂരം താണ്ടുന്നവരാണ് വിജയി ആകുന്നത്. *വായേലി വിരട്ട്-ശിവഗംഗ, മാനാമധുര, മധുര തുടങ്ങിയ ജില്ലകളിലാണ് ഈ ജെല്ലിക്കെട്ട് നടക്കുന്നത്. തുറസായ സ്ഥലത്തേക്ക് കാളയെ അഴിച്ച് വിടുന്നു. അത് അതിന് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഓടിപ്പോകും. മിക്കവാറും കാളകളും ആളുകള്‍ ഉള്ളഭാഗത്തേക്ക് വരാറില്ല. എന്നാല്‍ ചില കാളകള്‍ എവിടേയും പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. കാളയുടെ അടുത്ത് ചെല്ലുന്നവരെ ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാളകളാണ് ഈ ജെല്ലിക്കെട്ടിലെ ആകര്‍ഷണം. *വടം മഞ്ചു വിരട്ട്-അന്‍പത് അടി നീളത്തിലുള്ള കയറില്‍ കെട്ടിയിടുന്ന കാളയാണ് ഈ ജെല്ലിക്കെട്ടിലെ പ്രധാന ആകര്‍ഷണം. ഏഴ് മുതല്‍ ഒന്‍പത് വരെ അംഗങ്ങളുള്ള ആളുകള്‍ ഈ കാളയെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് കളി. ജെല്ലിക്കെട്ടുകളിലെ ഏറ്റവും സുരക്ഷിതമായ ഇനം ഇതാണ്.

ജെല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകള്‍ രണ്ട് മുതല്‍ നാല് ടണ്‍ വരെ തൂക്കം വലിക്കാന്‍ ശക്തിയുള്ളവയാണ്. 2008-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ജെല്ലിക്കെട്ട് നിയന്ത്രണ ബില്ല് പ്രകാരം കാളയുടെ പൂഞ്ഞയില്‍ ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം അതും ഏതാനും സെക്കന്റ് തൂങ്ങാനേ അനുമതിയുള്ളൂ. മല്‍സരാര്‍ത്ഥികള്‍ക്ക് 80 കിലോയില്‍ താഴെയാണ് തൂക്കം. അതുകൊണ്ട് തന്നെ കുറച്ച് സെക്കന്റ് സമയം ഒരാള്‍ കാളയുടെ പൂഞ്ഞയില്‍ തൂങ്ങി കിടക്കുന്നത്, മൃഗങ്ങളോടുള്ള ക്രൂരതയായി കണക്കാക്കാനാകില്ലെന്നാണ് ജെല്ലിക്കെട്ട് അനുകൂലികളുടെ വാദം. കഴിഞ്ഞ ഇതുപതു വര്‍ഷത്തിനിടയില്‍ ഏകദേശം 200 പേര്‍ ജെല്ലിക്കെട്ടിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2010 മുതല്‍ 2014 വരെ 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എല്ലാവര്‍ഷവും ജെല്ലിക്കെട്ടിനോട് അനുബന്ധിച്ച് നിരവധി യുവാക്കള്‍ മരിക്കുന്നതിനാല്‍ 2007 ജനുവരിയിലാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2016 ജനുവരി ഏഴിന് നിരോധനം റദ്ദാക്കി. ഇതിനെതിരെ ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡും മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയും നല്‍കിയ ഹര്‍ജിയില്‍ നിരോധനം നിലനിര്‍ത്തികൊണ്ട് 2016-ജനുവരി 13ന് സുപ്രീം കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

തമിഴ്മണ്ണില്‍ ജെല്ലിക്കെട്ടിനെ വെല്ലുന്ന രാഷ്ട്രീയ കാളപ്പോര്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക