Image

പാഴ്മുറം കൊണ്ട് മഹാത്മജിയെ മറയ്ക്കരുത് (രമേശ് ചെന്നിത്തല)

Published on 16 January, 2017
പാഴ്മുറം കൊണ്ട് മഹാത്മജിയെ മറയ്ക്കരുത് (രമേശ് ചെന്നിത്തല)
ഖാദി കമ്മിഷന്റെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യുകയും പകരം തന്റെ ചിത്രം ചേര്‍ക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അസുര ചക്രവര്‍ത്തിയായ ഹിരണ്യ കശ്യപുവിനെയാണോര്‍മിപ്പിക്കുന്നത്. 

നാരായണായ എന്ന് പറയുന്നത് നിരോധിക്കുകയും തല്‍സ്ഥാനത്ത് ഹിരണ്യായ നമ: എന്ന് പറയാന്‍ ജനങ്ങള്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്ത ഹിരണ്യ കശ്യപുവിന്റെ അസുരഭരണം 21ാം നൂറ്റാണ്ടില്‍ നരേന്ദ്ര മോദിയിലൂടെ ആവര്‍ത്തിക്കുകയാണെന്ന തോന്നലാണ് ഇത് കാണുമ്പോള്‍ ഉണ്ടാകുന്നത്.
ഗാന്ധിജി സംഘ്പരിവാറിന് എന്നും പ്രതിബന്ധമായിരുന്നു. 

അദ്ദേഹത്തെ ശാരീരികമായി അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഗാന്ധിജിയുടെ ജീവിതവും ദര്‍ശനങ്ങളുമാണ് ഇന്നും ഈ രാഷ്ട്രത്തിന്റെ ചാലക ശക്തിയായി നിലകൊള്ളുന്നത്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരേ മതേതര ജനാധിപത്യ ചേരിക്കുള്ള ഏറ്റവും മികച്ച പ്രതിരോധം ഇന്നും ഗാന്ധിജി തന്നെയാണ്. അസഹിഷ്ണുതയ്ക്കും സങ്കുചിതത്വത്തിനും എതിരേ പ്രയോഗിക്കാവുന്ന ഏറ്റവും മികച്ച ഔഷധമാണ് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍. അത് കൊണ്ട് തന്നെ മഹാത്മജിയുടെ ചിത്രത്തെപ്പോലും ഫാസിസ്റ്റുകള്‍ക്ക് ഭയമാണ്.

കഴിയാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ അതിനെ തുടച്ച് നീക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാര്‍ മാത്രമല്ല ഇതിന് മുന്‍പ് അധികാരത്തിലിരുന്ന എന്‍.ഡി.എ സര്‍ക്കാരും ഇതേ വഴിക്കാണ് സഞ്ചരിച്ചിരുന്നത്. പക്ഷെ ഇവിടെ മോദി തനിക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തില്‍ കൂടുതല്‍ പ്രകടമായി ഗാന്ധിനിന്ദ തുടരുന്നു എന്നു മാത്രം. സംഘ്പരിവാര്‍ പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ ഹിമാലയം കണക്കെ പ്രതിബന്ധമുയര്‍ത്തി നില്‍ക്കുന്നത് ഗാന്ധിജിയാണ്. 

ഒരിക്കലും അണയാത്ത അഗ്‌നി പോല്‍ ആ പേര് ഇന്ത്യന്‍ ജനകോടികളുടെ മനസില്‍ ജ്വലിച്ച് നില്‍ക്കുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടായി ഗാന്ധിജി ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തി വരുന്ന സ്വാധീനമാണ് തങ്ങളുടെ വര്‍ഗീയ അജന്‍ഡകളെ എന്നും പിന്നോട്ടടിപ്പിച്ചിട്ടുള്ളതെന്ന് അവര്‍ക്ക് നന്നായി അറിയാം. അതിനെ മറി കടക്കാന്‍ സംഘ്പരിവാര്‍ നികൃഷ്ടമായൊരു രാഷ്ട്രീയ തന്ത്രം പ്രയോഗിച്ചു വരുന്നുണ്ട്. വരും തലമുറകള്‍ക്ക് ഗാന്ധിയാരെന്നറിയാനുള്ള അവസരം നിഷേധിക്കുക എന്നതാണാതന്ത്രം. അതിനായി അവര്‍ പാഠപുസ്തകങ്ങള്‍ തിരുത്തുന്നു, ചരിത്രം വളച്ചൊടിക്കുന്നു. അതിലൂടെ നമ്മുടെ പാരമ്പര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും തെറ്റായ അവബോധം വളര്‍ത്തുന്നു.

ഗാന്ധിയെ അവര്‍ അത്രയ്ക്ക് ഭയക്കുന്നുണ്ട്. ഹിന്ദുക്കളും മുസ്്‌ലിംകളും ഇന്ത്യയുടെ രണ്ടു കണ്ണുകളാണെന്ന് ഗാന്ധിജി എന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ഈ രണ്ടു വിഭാഗങ്ങളും പരസ്പരം ശത്രുക്കളാണെന്ന് വിശ്വസിക്കുകയും എന്നും അങ്ങിനെയാകണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന് രാഷ്ട്രപിതാവ് ശത്രുവാകാതെ തരമില്ലല്ലോ.

1990 കളുടെ ആദ്യം ഗാന്ധിജി രാഷ്ട്രപിതാവല്ല, മറിച്ച് ഇന്ത്യയുടെ മഹാനായ പുത്രനാണെന്ന വാദമുയര്‍ത്തി സംഘ്പരിവാര്‍ രംഗത്ത് വന്നത് നമുക്കോര്‍മ്മയുണ്ട്. എന്നാല്‍ ആ വാദത്തില്‍ അവര്‍ക്ക് ഒരിഞ്ച് മുന്നോട്ട് പോകാനായില്ല. ഇന്ത്യയിലെ ജനങ്ങള്‍ ജാതി മത പ്രാദേശിക രാഷ്ട്രീയ വ്യത്യാസമന്യേ ആര്‍.എസ്.എസിന്റെ ഈ പ്രചാരണത്തെ എതിര്‍ത്തു പരാജയപ്പെടുത്തി.

 600 നാട്ടുരാജ്യങ്ങളും പിന്നെ ബ്രിട്ടീഷ് ഇന്ത്യയും ചേര്‍ന്ന പഴയ ഭാരതത്തെ ആത്മീയമായി ഒന്നിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തത്. അതിന്നായി അദ്ദേഹം ഇന്ത്യയിലുടനീളം യാത്ര ചെയ്തു. ജനങ്ങളോട് നേരിട്ടു സംവദിച്ചു. സ്വാതന്ത്ര്യത്തിന് മുന്‍പ് ഒരു ദേശീയനേതാവും അത്തരത്തില്‍ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടില്ല. 

ഒരു നേതാവും ഇത്തരത്തില്‍ ജനങ്ങളുമായി ഇടപഴകിയിട്ടുമില്ല. ഇന്ത്യന്‍ മനസുകളെ കോര്‍ത്തിണക്കി, കൊളോണിയല്‍ ഭരണത്തിനെതിരേ അണിനിരത്തിയത് കൊണ്ടാണ് അദ്ദേഹത്തെ നാം രാഷ്ട്രപിതാവായി ആദരിക്കുന്നത്. നാം ഇന്ന് കാണുന്ന ഇന്ത്യ സൃഷ്ടിച്ചത് ഗാന്ധിജിയാണ്. മതേതരത്വവും ജനാധിപത്യവുമാണ് ആ ഇന്ത്യയുടെ ആണിക്കല്ല്. അങ്ങനെ അല്ലന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും ചരിത്രത്തില്‍ ഒരു പരാമര്‍ശം പോലും അര്‍ഹിക്കാത്ത വിധത്തില്‍ അസ്തമിക്കുക തന്നെ ചെയ്യും.

ഒരു കലണ്ടറില്‍ നിന്ന് മോദിക്ക് മഹാത്മജിയെ മാറ്റാന്‍ കഴിയുമായിരിക്കും. എന്നാല്‍ 120 കോടി ഇന്ത്യക്കാരുടെ മനസില്‍ നിന്ന് ആ ചൈതന്യത്തെ തുടച്ച് നീക്കാന്‍ മോദിക്കും ആര്‍.എസ്.എസിനും കഴിയില്ല. 
Join WhatsApp News
Vayanakkaran 2017-01-16 12:12:54
Modi is trying to promote himself by all means by spending Indian Tax payers money. He is trying to wipe out Mahatma Ghandi and he want to sit in Ghnadig's place. His aducationa qualifications -degree- he do not want to prove it. If some body enquir about means that person will be removed from the post or will be prosecuted.His tea business or simplicity preach also looks like fake. In USA some of our friends call them selves that they are PHD doctors and put that doctorate in front of their name and they claim undue promotion. That type of behaviour modi is doing. Waht to do? There are blind followers to carry modi or such people on their shoulders because they have money and power. Also there are religious fundamentalists to cary modi like people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക