Image

കാറപകടത്തില്‍ പരിക്കേറ്റ റോജോയെ നാട്ടിലെത്തിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 20 February, 2012
കാറപകടത്തില്‍ പരിക്കേറ്റ റോജോയെ നാട്ടിലെത്തിച്ചു
റിയാദ്‌: സൗദി അറേബ്യയില്‍ പുതിയ വീസയിലെത്തി രണ്‌ടാമത്തെ ദിവസം തന്നെ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട്‌ ഗുരുതരമായി പരിക്കേറ്റ കോട്ടയം മാടപ്പള്ളി സ്വദേശി കൊച്ചുപുരക്കല്‍ റോജോ ജോസഫിനെ (32) എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു. വിമാനത്തില്‍ പ്രത്യേക വെന്റിലേറ്റര്‍ സൗകര്യമൊരുക്കി തിരുവനന്തപുരത്തെത്തിച്ച റോജോയെ നില കൂടുതല്‍ ഗുരുതരമായതിനെത്തുടര്‍ന്ന്‌ അനന്തപുരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നാട്ടില്‍ ഇലക്‌ട്രീഷ്യനായ റോജോയുടെ ബന്‌ധുക്കള്‍ നല്‍കിയ വീസയില്‍ റിയാദിനടുത്ത മറാത്തില്‍ വന്നിറങ്ങി പിറ്ററ ദിവസം ഇഖാമയ്‌ക്കുള്ള മെഡിക്കല്‍ പരിശോധനക്കായി സഹോദരനൊപ്പം അവിയോ കാറില്‍ റിയാദിലേക്ക്‌ വരുന്ന വഴിയില്‍ ഒട്ടകക്കൂട്ടത്തിനിടിച്ച്‌ മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റോജോയെ വണ്‌ടിയോടിച്ചിരുന്ന സഹോദരന്‍ തന്നെയാണ്‌ മറ്റൊരു വണ്‌ടിയില്‍ മറാത്ത്‌ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന്‌ റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചത്‌. അടിയന്തര ശസ്‌ത്രക്രിയ ആവശ്യമായി വന്നതിനാല്‍ നാട്ടുകാരും ബന്‌ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഇടപെട്ട്‌ സുലൈമാന്‍ അല്‍ ഹബീബ്‌ എന്ന സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലയില്‍ മാററമില്ലാത്തതിനെത്തുടര്‍ന്നാണ്‌ നാട്ടിലേക്ക്‌ കൊണ്‌ടു പോകാന്‍ സുഹൃത്തുക്കളും ബന്‌ധുക്കളും തീരുമാനിച്ചത്‌. അതിനകം 2,48,000 റിയാല്‍ ബില്ല്‌ ആശുപത്രിയില്‍ അടക്കേണ്‌ടതായും വന്നു. സുമനസുകളായ റിയാദിലെ കുറേ മലയാളികളാണ്‌ ഇത്രയും വലിയ തുക കുറഞ്ഞ ദിവസം കൊണ്‌ട്‌ സ്വന്തം കീശയില്‍ നിന്നെടുത്ത്‌ അടക്കാന്‍ തയാറായത്‌. ഇതില്‍ നിന്നും 50,000 റിയാലോളം കുറച്ച്‌ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായത്‌ അവര്‍ക്ക്‌ ആശ്വാസമായി.

ആശുപത്രിയിലെ ഉദ്യോഗസ്‌ഥനും റോജോയുടെ നാട്ടുകാരനുമായ ബൈജുവിന്റേയും സാമൂഹ്യ പ്രവര്‍ത്തകരായ സണ്ണി മാന്തോട്ടം, ബെന്നി വര്‍ഗീസ്‌, റാഫി പാങ്ങോട്‌, കോട്ടയം പ്രവാസി അസോസിയേഷന്‍െറ ഡെന്നി എന്നിവര്‍ സജീവമായി ആദ്യാവസാനം റോജോയുടെ കൂടെയുണ്‌ടായത്‌ അളിയന്‍ ജോമോനും ബഹറൈനില്‍ നിന്നെത്തിയ സഹോദരന്‍ ഷിനോയ്‌ക്കും ഏറെ ആശ്വാസമേകി.

നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ്‌ കൊട്ടുകാടിന്‍െറ ശ്രമഫലമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും റോജോയുടെ കാര്യത്തില്‍ പ്രത്യേക താത്‌പര്യമെടുത്തിരുന്നു.

വിമാനത്തില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കാന്‍ ഭീമമായ ഒരു തുക വേണമെന്നിരിക്കെ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന്‌ മുബാറക്‌ ആശുപത്രിയുടെ സി.ഇ.ഒ അഷ്‌റഫ്‌ വേങ്ങാട്‌ സൗജന്യമായി വെന്റിലേറ്റര്‍ അനുവദിച്ചതും അതീവ ഗുരുതരാവസ്‌ഥയിലുള്ള റോജോയെ എളുപ്പത്തില്‍ നാട്ടിലെത്തിക്കാന്‍ സഹായകരമായി. ഷഖ്‌റ ജനറല്‍ ആശുപത്രിയിലെ പാറ്റ്‌ന സ്വദേശിയായ ഡോക്‌ടര്‍ ഖുര്‍ഷിദ്‌, മറാത്ത്‌ ആശുപത്രി സ്റ്റാഫ്‌ നഴ്‌സുമാരായ ചങ്ങനാശേരി സ്വദേശിനി റീനി, നീര്‍ക്കാട്‌ സ്വദേശിനി ഷിക്കു എന്നിവര്‍ റോജോയെ പരിചരിക്കാന്‍ കൂടെ യാത്ര ചെയ്‌തു. റീനിയുടെ സഹോദരനാണ്‌ റോജോ ജോസഫ്‌. റീനിയുടെ ഭര്‍ത്താവ്‌ ജോമോനും സഹോദരന്‍ ഷിനോയും നാട്ടിലേക്ക്‌ കൂടെ പോയിട്ടുണ്‌ട്‌.
കാറപകടത്തില്‍ പരിക്കേറ്റ റോജോയെ നാട്ടിലെത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക