Image

ലോക ജൈവ കോണ്‍ഗ്രസില്‍ ഇന്ത്യക്ക്‌ പ്രശംസ

ജോസ്‌ കുമ്പിളുവേലില്‍ Published on 20 February, 2012
ലോക ജൈവ കോണ്‍ഗ്രസില്‍ ഇന്ത്യക്ക്‌ പ്രശംസ
ന്യൂറംബര്‍ഗ്‌: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ നടന്ന ലോകജൈവ കോണ്‍ഗ്രസില്‍ (ബയോഫാഹ്‌ 2012) ഇന്ത്യക്ക്‌ പ്രസംസയും അഭിനന്ദനവും ലഭിച്ചു. ഇത്തവണത്തെ ഫോക്കസ്‌ രാജ്യമായി ഇന്ത്യയെയാണ്‌ തെരഞ്ഞെടുത്തിരുന്നത്‌.

ഇന്ത്യയില്‍ നിന്ന്‌ 40 ഓളം ബയോ കമ്പനികള്‍ കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്ന്‌ പ്രത്യേക ക്ഷണിതാക്കളായി കേരള കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ ചെയര്‍മാനും ജലവിഭവമന്ത്രിയുമായ പി.ജെ. ജോസഫ്‌, കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ കെ.ഫ്രാന്‍സിസ്‌ ജോര്‍ജ്‌, കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി കെ.എഫ്‌ വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുത്തു.

ഓര്‍ഗാനിക്‌ വിഷയത്തില്‍ ഇന്ത്യയുടെ മുന്നേറ്റം, പുരോഗമനം എന്നിവയുടെ പ്രസന്റേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ജൈവ കൃഷി രീതികളെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ മന്ത്രി പി.ജെ. ജോസഫും, കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എംപിയും പ്രസംഗിച്ചു. സാധാരണക്കാരുടെ ഭക്ഷ്യധാന്യങ്ങളായ അരി, ഗോതമ്പ്‌ എന്നിവ ജൈവ രീതിയില്‍ കൃഷി ചെയ്‌തു കൊണ്‌ട്‌ ഇന്ന്‌ ലോകത്തില്‍ പല രാജ്യങ്ങളിലും നില്‍ക്കുന്ന പട്ടിണിയും ദാരിദ്യവും എങ്ങനെ പരിഹരിക്കാം എന്നുള്ളത്‌ ഈ മേഖലയില്‍ പ്രവര്‍ത്തിയ്‌ക്കുന്നവര്‍ ഒരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്‌ടായിരിക്കണം ഇനിയും മുന്നേറണ്‌ടതെന്ന മന്ത്രി ജോസഫിന്റെ നിര്‍ദ്ദേശം തികഞ്ഞ കരഘോഷത്തോടെയാണ്‌ സെമിനാറില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്‌.

ജൈവോല്‍പ്പാദന രംഗത്ത്‌ ലോകവ്യാപകമായി 10 ശതമാനം വളര്‍ച്ചാനിരക്കാണ്‌ ഉണ്‌ടായിട്ടുള്ളത്‌. ഇന്നത്തെ ഉത്‌പാദനം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുള്ള പ്രയാണം ത്വരിതപ്പെടുത്തേണ്‌ടിയിരിക്കുന്നു. ജൈവ കൃഷി ഇന്ത്യയില്‍ പൊതുവിലും പ്രത്യേകിച്ച്‌ കേരളത്തില്‍ സുഗന്ധവ്യഞ്‌ജനങ്ങളുടെ കാര്യത്തില്‍ അനന്ത സാധ്യതകളാണുള്ളതെന്ന്‌ മന്ത്രി ജോസഫ്‌ യോഗത്തില്‍ ചൂണ്‌ടിക്കാട്ടി.

ഇപ്രാവശ്യം ഇന്ത്യയെ ഫോക്കസ്‌ കണ്‍ട്രിയായി തെരഞ്ഞെടുത്തതില്‍ ബയോഫാഹ്‌ 21012 ന്റെ സംഘാടകരെ മന്ത്രി പി.ജെ.ജോസഫ്‌ അഭിനന്ദിച്ചതിനൊപ്പം ഇന്ത്യയുടെ നന്ദിയും അറിയിച്ചു.

ന്യൂറംബര്‍ഗിലെ കോണ്‍ഗ്രസ്‌ സെന്ററില്‍ ഇന്ത്യന്‍ പ്രദര്‍ശകര്‍ക്കായി ആയിരത്തോളം സ്‌കയര്‍മീറ്റര്‍ വലിപ്പമുള്ള ഹാള്‍ അഞ്ചില്‍ ഒരുക്കിയിരുന്ന ഇന്ത്യന്‍ പവലിയന്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത്‌ പങ്കെടുത്തവര്‍ക്ക്‌ അഭിമാനിയ്‌ക്കാന്‍ വകയായി.

ഇന്ത്യന്‍ മോഡ്‌ ഷോ, ഇന്ത്യന്‍ ഇവനിംഗ്‌, കള്‍ച്ചറല്‍ പ്രോഗ്രാം ഉള്‍പ്പടെ വൈവിദ്ധ്യങ്ങളായ പരിപാടികള്‍ ഇന്ത്യന്‍ സ്റ്റാളില്‍ ഒരുക്കിയതും ഇന്ത്യയുടെ സാംസ്‌കാരിക മൂല്യത്തെ ഉയര്‍ത്താന്‍ സാധിച്ചു. ഫെബ്രുവരി 15 ന്‌ ആരംഭിച്ച ഫയോഫാഹ്‌ കോണ്‍ഗ്രസിന്‌ 18 ശനിയാഴ്‌ച തിരശീല വീണു.
ലോക ജൈവ കോണ്‍ഗ്രസില്‍ ഇന്ത്യക്ക്‌ പ്രശംസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക