Image

നാവികോദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Published on 20 February, 2012
നാവികോദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കൊല്ലം: മീന്‍പിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികോദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതില്‍ ആദ്യത്തെ മൂന്നു ദിവസം ഇവര്‍ പോലീസ് കസ്റ്റഡിയില്‍ കഴിയണം. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. ഇറ്റാലിയന്‍ കപ്പലായ 'എന്റിക ലെക്‌സി'യിലെ രണ്ട് നാവികസേനാ അഗങ്ങള്‍ക്കെതിരെ ഐ.പി.സി. 302-ാം വകുപ്പനുസരിച്ച് കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

എറണാകുളം റേഞ്ച് ഐ.ജി. പദ്മകുമാറിന്റെ സാന്നിധ്യത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാവികോദ്യോഗസ്ഥരെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. ലൊസ്റ്റാറോ മാസ്ലി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കൊപ്പം കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വെറ്റേലിക്കയും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലുമുണ്ട്. ഇവരെ ഉച്ചതിരിഞ്ഞ് കൊച്ചിയില്‍ നിന്നും കനത്ത സുരക്ഷയോടെയാണ് കൊല്ലത്തേക്ക് കൊണ്ടുവരുന്നത്.

ശനിയാഴ്ച രാത്രി കീഴടങ്ങാനുള്ള അന്ത്യശാസനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഐ.ജി. പദ്മകുമാറും കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേലും ഞായറാഴ്ച രാവിലെ കപ്പലിലെത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടെ കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുത്തു. വെടിവെച്ച തോക്ക് പരിശോധിക്കുന്നതിനായി ബാലിസ്റ്റിക് വിദഗ്ധരും കപ്പലിലെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക