Image

സാധാരണമായതിനെ ഉല്‍ക്രുഷ്ടമാക്കുന്ന ആഖ്യാനം (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 06 January, 2017
സാധാരണമായതിനെ ഉല്‍ക്രുഷ്ടമാക്കുന്ന ആഖ്യാനം (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
സാധാരണമായതിനെ ഉല്‍ക്രുഷ്ടമാക്കുന്ന ആഖ്യാനം (Narrative that transforms ordinary to sublime) (പ്രൊഫസ്സര്‍ ജോസഫ് ചെറുവേലില്‍ എഴുതിയ RA Passage to America എന്ന പുസ്തകത്തെക്കുറിച്ചുള്ള നിരൂപണം-2)

സുധീര്‍ പണിക്കവീട്ടില്‍

(ഈ പുസ്തകത്തിന്റെ അമേരിക്കന്‍ പതിപ്പ് ഇയ്യിടെ പ്രസിദ്ധപ്പെടുത്തി.ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്തകത്തിന്റെ കോപ്പികള്‍ ആവശ്യപ്പെടുന്നതിനും ബന്ധപ്പെടുക. (1) amazon.com, (2)Barnes & Noble.com, (3)Xlibris.com, (4) www.apassagetoamerica.com.

പ്രൊഫസ്സര്‍ ജോസഫ് ചെറുവേലിയുടെ "പാസ്സേജ് ടു അമേരിക്ക'' എന്ന പുസ്തകം ജീവചരിത്രമെന്ന ഇനത്തില്‍ പൊതുവായി ഉള്‍പ്പെടുത്താമെങ്കിലും ഇത് ഭാഗികമായി ഒരു പ്രവാസ ചരിത്രത്തിന്റെ ലേബല്‍ കൂടെ വഹിക്കുന്നുണ്ട്.ഓട്ടോ-ബയൊ-ഗ്രഫി ഗ്രീക്ക് ഭാഷയിലെ മൂന്നു വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്. ആ വാക്കുകളുടെ മലയാളത്തിലുള്ള അര്‍ത്ഥം സ്വയം, ജീവിതം, എഴുതുക എന്നാണ്. കല്‍പ്പനാസ്രുഷ്ടമായ, വസ്തുനിഷ്ഠമായ (fictional and factual) ആഖ്യാനങ്ങളുടെ മൂടുപടമണിഞ്ഞ് (thinly-disguised) നില്‍ക്കുന്ന ഒരു നോവല്‍ പോലേയും ഈ ഗ്രന്ഥം വായനകാരനു ആനന്ദം പകരുന്നു.

ഈ ഗ്രന്ഥം മൂന്നു ഭാഗങ്ങളാക്കി തിരിക്കയാണെങ്കില്‍ ഒന്നാം ഭാഗം ഗ്രന്ഥകാരന്‍ കേരളത്തിലെ കുട്ടനാട് എന്ന ജന്മദേശത്ത് ജനിച്ചു വളര്‍ന്നതും അവിടെ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിചേരുന്നതും,രണ്ടാം ഭാഗം അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്ന ഒരുമലയാളി വിദ്യാര്‍ത്ഥിയുടെ അതിജീവനത്തിനായുള്ള പരീക്ഷണങ്ങളുടേയും, വെല്ലുവിളികളുടേയും കഥയാണ്. മൂന്നാം ഭാഗം പ്രവാസിയായി അവിടെ കഴിയുന്നതുമാണ്.ആത്മകഥാപരമായ അനുസ്മരണകള്‍ക്കൊപ്പം തന്റെ ജീവിതകഥയുടെ ഒരു പൂര്‍ണ്ണരൂപം രസകരമായ സംഭവകഥകളിലൂടെ അദ്ദേഹംഅനാവരണം ചെയ്യുന്നു.അദ്ദേഹം വളര്‍ന്നുവന്ന ചുറ്റുപാടിനും പരിസരങ്ങള്‍ക്കുമുള്ള ചരിത്രം ബന്ധപ്പെടുത്തിയാണു ജീവിത കഥ പറയുന്നത്. ഒരു കുട്ടനാടന്‍ യുവാവിന്റെ അമേരിക്കന്‍ സ്വപ്നം പൂവ്വണിയുന്നത് വായനക്കാരന്‍ ജിജ്ഞാസയോടെ വായിക്കുന്നു.

ഇതെഴുതപ്പെട്ട കാലഘട്ടത്തിന്റെ ഒരു നേര്‍ച്ചിത്രം ഇതില്‍നിന്നുഅനുമാനിക്കാവുന്നതാണ്.അത് ചരിത്രകാരന്‍ രൂപം കൊടുക്കുന്ന രേഖാചിത്രത്തില്‍ നിന്നും വ്യത്യസ്ഥമായിയിട്ടുണ്ടെന്നു മനസ്സിലാക്കാം. കാരണം ഇവിടെ ഗ്രന്ഥകാരന്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് എഴുതുന്നത്.അന്നുണ്ടായ സംഭവവികാസങ്ങള്‍ ഒരു പക്ഷെ ഗ്രന്ഥകാരന്റെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുള്ളവയാണ്. തന്റെ ജീവിത കഥ പറഞ്ഞുപോകുമ്പോള്‍ അന്നു നിലവിലിരുന്ന വ്യവസ്ഥിതി, അന്നത്തെ ജനങ്ങളുടെ ജീവിതരീതികള്‍, നേരമ്പോക്കുകള്‍, സാമൂഹ്യജീവിതം എന്നിവയെക്കുറിച്ച് നേരിട്ടുള്ള വിവരണങ്ങളാണ് വായനക്കാരനു ലഭിക്കുന്നത്.ഫ്രഞ്ച് തത്വചിന്തകനും, നോവലിസ്റ്റും, നാടകക്രുത്തുമൊക്കെയായ ജീന്‍ പോള്‍ സാത്രെ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. " ഒരു മനുഷ്യന്‍ എപ്പോഴും കഥകള്‍ പറയുന്നവനാണ്. മറ്റുള്ളവരുടേയും തന്റേയും കഥകളാല്‍ വലയം ചെയ്യപ്പെട്ട ഒരു സാഹചര്യത്തില്‍ അവന്‍ ജീവിക്കുന്നു. അവനു സംഭവിക്കുന്നതെല്ലാം ഈ കഥകള്‍ക്ക് അനുശ്രണമായിട്ടാണ് അവന്‍ കാണുന്നത്. ഇവയെ ആവര്‍ത്തിക്കാനെന്നോണം അവന്‍ ജീവിക്കാന്‍ ശ്രമിക്കുന്നു.പ്രൊഫസ്സരുടെ ജീവിത കഥ വായിക്കുമ്പോള്‍ ഇത് വളരെ ശരിയാണെന്നു നമുക്കനുഭവപ്പെടും.ഒരു പക്ഷെ അദ്ദേഹത്തിന്റെ ബാല്യ-കൗമാര-യൗവന കാലഘട്ടത്തില്‍ ഒരുമിച്ചുണ്ടായിരുന്നവര്‍ ശ്രദ്ധിക്കാതെപോയ അറിയാതെപോയ എത്രയോ വിഷയങ്ങള്‍അദ്ദേഹം വസ്തുനിഷ്ഠമായി വിവരിച്ചിരിക്കുന്നു.

ജീവിതത്തെ സൂക്ഷ്മ നിരീക്ഷണം ചെയ്യുന്ന ഒരു തത്വ ചിന്തകന്‍, കവി, കലാകാരന്‍ അങ്ങനെ കുറെ പദവികള്‍ക്ക് ഇദ്ദേഹം അര്‍ഹനാണെന്ന് പുസ്തകത്തിലെ ഓരൊ വരികളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.പമ്പാനദിയുടെ ഉപനദികളും, കൈവഴികളും ഒഴുകുന്ന, കായലും കുളങ്ങളുമുള്ളകുട്ടനാട്ടിലെ കൈനകരി മുതല്‍ കണ്ണാടി വരെയുള്ള ഗ്രാമത്തിലൂടെ നടത്തിയ ഒരു തോണിയാത്രയെക്കുറിച്ച്് ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആമ്പല്‍പ്പൂക്കളും, കുളവാഴകളും അവരുടെ ശുഭ്രവും, നീലലോഹിതവുമായ വര്‍ണ്ണങ്ങളുള്ള പൂക്കള്‍ വിടര്‍ത്തികൊണ്ട് ജലപ്പരപ്പിനു മുകളില്‍ നില്‍ക്കുന്ന കാഴ്ച ആരേയും വശംവദരാക്കുമെന്ന് അദ്ദേഹം എഴുതുന്നു.കാവ്യഭാവനയെന്ന കന്യക ചിലങ്കയണിഞ്ഞ്‌കൊണ്ട് അക്ഷരങ്ങളെ ആലിംഗനം ചെയ്യുന്ന സൗകുമാര്യംഇദ്ദേഹത്തിന്റെ ഓരൊ വര്‍ണ്ണനകളിലും ചുവട് വയ്ക്കുന്നു.ചിന്തകളേഅക്ഷരപൂക്കളായി വിരിയിക്കുകയാണു ഇദ്ദേഹം. ഭംഗിയുള്ള പദങ്ങള്‍ തൂലികതുമ്പിലൂടെ അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിക്കുന്നു. ഭാഷാസ്‌നേഹികള്‍ക്ക് അതിരറ്റ ആനന്ദം പകരുന്ന രചനാ ഭംഗി.സ്വന്തം ഗ്രാമവും, പ്രക്രുതി സൗന്ദര്യവും, ജീവിത രീതികളും, ആചാരങ്ങളും ഒക്കെ മനോഹരമായിഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.കേരളത്തിന്റെ നഷ്ടപ്പെട്ട ഗ്രാമങ്ങളും പ്രക്രുതിസൗന്ദര്യവും തേടുന്നവര്‍ക്ക് ഈ പുസ്തകം ആശ്വാസമാകും.

പ്രശസ്തരുടെ ജീവിത കഥകള്‍ തേടിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം അറിവിന്റെ ഒരു നിയായി അനുഭവപ്പെടും. ഇത് ഒരു ഇംഗ്ലീഷ് പ്രൊഫസ്സരുടെ ജീവചരിത്രം മാത്രമല്ല. അത്മകഥകളില്‍ സാധാരണ കാണുന്ന അത്മപ്രസംസകളും തറവാടിത്വ ഘോഷണങ്ങളുമില്ലാതെ എന്നാല്‍ ജീവിതാനുഭവങ്ങളും കുടുംബ ചരിത്രവുംതാന്‍ ജീവിച്ചിരുന്ന കാലഘട്ടവുമായി ബന്ധപ്പെടുത്തി എഴുതാനാണു പ്രൊഫസ്സര്‍ ശ്രമിച്ചിരിക്കുന്നത്. ഉദാഹരണത്തിനു അദ്ദേഹത്തിന്റെ ജനനതിയ്യതി എഴുതുമ്പോള്‍ അദ്ദെഹം ജനിക്കുന്നതിനു മുമ്പുണ്ടായ പ്രധാനപ്പെട്ട സംഭവവികാസങ്ങളുടെ ഒരു സ്ഥിതിഥിവിവരകണക്ക് കൊടുത്തിട്ടുണ്ട്.ചില ഉദാഹരണങ്ങള്‍ മാത്രം ഉദ്ധരിക്കുന്നു. വിശ്വമഹാകവി ഷേയ്ക്‌സ്ഫിയരിന്റെ ഫസ്റ്റ്‌ഫോളിയൊ പ്രസിധീകരിച്ച് 314 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജനിക്കുന്നതെന്ന്. വ്യാസമുനി മഹാഭാരതം എഴുതിട്ട് 2300 വര്‍ഷങ്ങള്‍ക്ക് ശേഷം.വിശുദ്ധുറാന്‍ നബിതിരുമേനിക്ക് അവര്‍തീര്‍ണ്ണമായിട്ട് 1286 വര്‍ഷങ്ങള്‍ക്ക് ശേഷം. ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങുന്നുവെന്ന സത്യം വെളിപ്പെടുത്തികൊണ്ട് നിക്കളാവോസ് കൊപ്പര്‍നിക്കസ്സ് ഈ ലോകം കീഴ്‌മേല്‍ മറിച്ചിട്ട് 394 വര്‍ഷങ്ങള്‍ക്ക് ശേഷം. ഒരു പക്ഷെ ഇത്തരം വിവരണങ്ങള്‍ വായിക്കുമ്പോള്‍ തന്നെ വരാന്‍ പോകുന്ന താളുകളില്‍ ഉണ്ടാകാന്‍ പോകുന്ന വിവരങ്ങളെകുറിച്ച് വായനകാരനുഒരു ജിജ്ഞാസ ഉണ്ടാകും. എല്ലാവരേയുമ്പോലെ ഈ ഭൂമിയില്‍ വെറുതെ ജീവിച്ച് പോകുകയല്ല മറിച്ച് ഈ പ്രക്രുതിയും, ഈ ലോകത്തിലെ ഓരോ സംഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അതില്‍ ഉള്‍ചേര്‍ന്നുകൊണ്ട്ജീവിതം ആസ്വദിക്കുകയാണുഅദ്ദേഹം.

സമര്‍ത്ഥനായ വിദ്യാര്‍ത്ഥി എന്ന ബഹുമതി കൊച്ചു ക്ലാസ്സുകള്‍ മുതല്‍ നേടിയ ഇദ്ദേഹത്തിനു അറിവു സമ്പാദിക്കുന്നത് ഒരു ഹരമായിരുന്നുവെന്നു കാണാം. തന്റെ ശ്രദ്ധയില്‍പ്പെടുന്ന എന്തിനെ കുറിച്ചും അറിയാനുള്ള വെമ്പല്‍ അദ്ദേഹത്തിനു വിജ്ഞാനത്തിന്റെ ഒരു ഭണ്ഡാരം സ്വന്തമായിഉണ്ടാക്കാന്‍ സഹായിച്ചു. ആംഗലഭാഷാ പണ്ഡിതനായി വിദ്യാര്‍ത്ഥികളെപഠിപ്പിച്ചിരുന്നെങ്കിലും സ്വയം ഒരു വിദ്യാര്‍ത്ഥിയായാണു അദ്ദേഹം എന്നും ജീവിക്കുന്നത്. വിശ്രമജീവിതം നയിക്കുമ്പോഴും പുതിയ പുതിയ വിഷയങ്ങളെപ്പറ്റി പൂര്‍ണ്ണമായ അറിവ് നേടുന്നതില്‍ അദ്ദേഹം ഉത്സാഹിയാണ്.ഈ പുസ്തകം വായിക്കുന്ന ആര്‍ക്കും തന്നെ പ്രത്യേകിച്ച് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് പഠനത്തിനായോ ഉദ്യോഗത്തിനായോ വരാന്‍ ഉദ്ദേശിക്കുന്നന്നവര്‍ക്ക് അറിവിന്റെ ഒരു വിശാലലോകം തുറന്നു കിട്ടും. വായനകാരന്റെ വിജ്ഞാനദാഹമനുസരിച്ച് ഉപയോഗപ്പെടുത്താന്‍ പരുവത്തില്‍ അറിവിന്റെ വിളനിലങ്ങള്‍പുസ്തകമാകെ പരന്നു കിടക്കുന്നു.ഓരോ സംഭവങ്ങള്‍ വിവരിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ചരിത്രമോ, അല്ലെങ്കില്‍ ഏതെങ്കിലും പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയൊ അതുമല്ലെങ്കില്‍ അദ്ദേഹം തന്നെ നര്‍മ്മരസത്തോടെ സ്രുഷ്ടിക്കുന്ന ഒരു രംഗമോ കൂട്ടിചേര്‍ക്കുന്നു. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കൊച്ചി മഹാരാജാവിന്റെ ത്രുപ്പൂണിത്തറ കൊട്ടാരം സന്ദര്‍ശിച്ചതും പിന്നീട് കാലങ്ങള്‍ക്ക് ശേഷം അവിടം വീണ്ടും പുനര്‍സന്ദര്‍ശനം നടത്തിയപ്പോള്‍ ആംഗലകവി വില്യം വേഡ്‌സ്‌വര്‍ത്ത്ന്ടിന്റേണ്‍ ആബി (Tintern Abbey) സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ ഇംഗ്ലീഷ് കവിതയും അദ്ദേഹം ഓര്‍മ്മിക്കുന്നു. അതുമാത്രമല്ല കാലം തന്റെ മുത്ത് എന്തു വരകളുംചുളിവുകളുമാണു വരച്ചിരിക്കുന്നത് എന്നു ചിന്താവിഷ്ടനാകയും ചെയ്യുന്നു.അമേരിക്കയിലേക്കുള്ള പ്രയാണം എന്നു പരിഭാഷ ചെയ്യാവുന്ന ഈ പുസ്തകം ഒരു വിദ്യാര്‍ത്ഥിക്ക് ഇതുകേരളത്തിന്റെ ഭൂപ്രക്രുതിയും, ഗതകാല സാമൂഹ്യസ്തിഥി, പ്രക്രുതി സൗന്ദര്യം, ജീവിത രീതികള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ജാതി വ്യവസ്ഥ, പകര്‍ച്ച വ്യാധികള്‍ താണ്ഡവമാടുന്ന ഗ്രാമങ്ങളുടെ ദയനീയ സ്തിതി ഇതൊക്കെ മനസ്സിലാക്കാനുള്ള ഒരു പ്രയാണമാകാം. (RA Passage to Kerala”s flora and fauna, customs, culture, and social conditions etc.) പ്രൊഫസ്സറുടെ അമേരിക്കയിലേക്കുള്ള പ്രയാണത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകത്തിന്റെ രചനയെങ്കിലും അതൊക്കെ പ്രതിപാദിക്കുമ്പോള്‍ അദ്ദേഹം കേരളവും അമേരിക്കയും മാത്രമല്ല ഈ ലോകം മുഴുവന്‍ പരിചയപ്പെടുത്തുന്നു

ഇതില്‍ കൊടുത്തിരിക്കുന്ന സൂചനകളുടെ (Allusions) കണക്കുകള്‍ ഞാന്‍ എടുത്തിട്ടില്ല. ഒരു പക്ഷെ അത് മുഴുവന്‍ സമാഹരിച്ച് അതിനെക്കുറിച്ചുള്ള വിവരണങ്ങളും വ്യാ്യാനങ്ങളും ചേര്‍ത്ത് ഒരു പുസ്തകം തന്നെ എഴുതാന്‍ കഴിഞ്ഞേക്കും.ഞാനതിന്റെ പണിപ്പുരയിലാണ്.ത്രുശ്ശൂരിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ ലെക്ചറരായി നിയമനം കിട്ടി ജോലിക്ക് പോയ ആദ്യദിവസം വഴിത്തെറ്റി വഴുക്കലുള്ള ഒരു പാടവരമ്പിലൂടെ നടക്കുമ്പോള്‍ വരമ്പിന്റെ അറ്റം മുറിഞ്ഞ് ഒരു കുഴിയില്‍ വീണു നനഞ്ഞു കയറിയപ്പോള്‍ ഒരു ജാള്യതയല്ല തോന്നുന്നത് മറിച്ച് ഡമാസ്കസ്സിലേക്ക് പോയ വിശുദ്ധനായന്പൗലോസ് പെട്ടെന്നു ഒരു മിന്നല്‍ വെളിക്ലം തട്ടി വീണപ്പോള്‍ ക്രുസ്ത്വിന്റെ ശബ്ദം കേട്ടപോലെതാനും ക്രുസ്തുവിന്റെ പേരിലുള്ള കോളജിലേക്ക് പോകുന്നു, വിശുദ്ധ പൗലോസ് അനേകം തിരുവെഴുത്തുകള്‍ എഴുതി, പള്ളികളും, കോളെജുകളും സ്ഥാപിച്ചു, ഞാനോ ക്ലാസ്സ് റൂമിലെ കറുത്ത ബോര്‍ഡില്‍ കൊച്ചുങ്ങളോളം എഴുതും പിന്നെ ഈ ഓര്‍മ്മക്കുറിപ്പുകളും.ബൈബിള്‍ അറിയാത്ത ഒരു വായനകാരന്‍ ബൈബിളിലെ പ്രവ്രുത്തികള്‍ 9: 3 മുതല്‍ ഒമ്പത് വരെയുള്ളവാക്യങ്ങള്‍ വായിക്കുന്നു, മനസ്സിലാക്കുന്നു.

നാല്‍പ്പതുകളിലേയും അമ്പതുകളിലേയും കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നിലപ്പാടുകളെക്കുറിച്ച് ഒരു ബാലന്റെ, ഒരു കൗമാരക്കരന്റെ, അതിലുപരി സ്കൂള്‍-കോളേജ് വിദ്യാഭ്യാസം നേടികൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ കാഴ്ചപ്പാടിലൂടെയുള്ള വിവരണംവായിക്കുമ്പോള്‍ വായനകാരന്‍യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ ഒരു നിമിഷം ജീവിച്ചുപോകുന്നു. ഇംക്ലീഷ് ഭാഷയില്‍ എഴുതിയിരിക്കുന്നത് കൊണ്ട് ഇത് ഈ ലോകത്തിന്റെ ഏതുകോണിലുള്ള ആര്‍ക്കുംമനസ്സിലാക്കാവുന്നതാണു. (ഇംഗ്ലീഷ് ഇപ്പോള്‍ ആഗോള ഭാഷയായി കഴിഞ്ഞല്ലോ). ഒരു മലയാളി പ്രൊഫസ്സര്‍ അദ്ദേഹത്തിന്റെ ജീവിതവും അതിനോടനുമ്പന്ധിക്ലുള്ള ചരിത്രവുംഎഴുതാന്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചതിലും പ്രൊഫസ്സറുടെ ക്രാന്തദര്‍ശിത്വം മനസ്സിലാക്കാവുന്നതാണു.ഇത് ലോകത്തിനുള്ള എന്റെ കത്താണെന്ന കവിത (എമലി ഡിക്കിന്‍സന്‍) ഈ പുസ്തകത്തില്‍ സ്മര്‍പ്പണം പോലെ കൊടുത്തിട്ടുണ്ട്. ഇന്നത്തെ സാഹചര്യം വച്ചു നോക്കുമ്പോള്‍ മലയാളം മനസ്സിലാകുന്ന ഭാവി തലമുറ തുലോം കുറവായിരിക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ തന്നെ ഇംഗ്ലീഷ് അറിയുന്ന മറ്റ് രാജ്യകാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

ജീവിതത്തെ നര്‍മ്മബോധത്തോടെ കാണാന്‍ ഇദ്ദേഹത്തിനു കഴിയുന്നത് കൊണ്ടാണ് പുസ്തകത്തിലെ നിസ്സാരമായ പല വിവരങ്ങള്‍ക്കും പ്രാധാന്യം കിട്ടിയത്. വളരെ ഗൗരവതരമായ ഒരു സമീപനത്തോടെ തയ്യാറാക്കുന്ന ജീവചരിത്രങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോകുന്നു. കേരളത്തിന്റെ ഒരു ഗ്രാമീണ രംഗം പലരും പകര്‍ത്തിയിരിക്കുന്നത് മിക്കവാറും ഒരുപോലെയാകാം. എന്നാല്‍ ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ചില വിവരങ്ങള്‍, വിവരണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ഏടു ചീന്തികൊണ്ട് നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പോലെയാണ്.ഇന്നു ഒരു പക്ഷെ അന്നുണ്ടായിരുന്ന കഥാപാത്രങ്ങളും, രംഗങ്ങളും, സംഭാഷണരീതികളും, പെരുമാറ്റങ്ങളും ഇല്ലായിരിക്കാം. അല്ലെങ്കില്‍ അവയെല്ലാം കാലത്തിനനുസരിച്ച് മാറിപ്പോവുകയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കാം.പക്ഷെ പുതുതലമുറക്ക് അവരുടെ പൂര്‍വികരുടെ ജീവിതത്തിലക്ക് ഒന്നു കണ്ണോടിക്കാനും ഒരു പക്ഷെ അതില്‍ നിന്ന് ചിലത് വീണ്ടും ജീവിതത്തില്‍ പ്രായോഗികമാക്കാനും പ്രചോദനം നല്‍കിയേക്കാം.

എല്ലാ ജീവചരിത്രങ്ങളിലും അവസരങ്ങളും വെല്ലുവിളിയുമായി ജീവചരിത്രകാരന്‍ നടത്തുന്ന സംഘര്‍ഷങ്ങളുടെ വിവരണങ്ങള്‍ കാണാം.വിജയവും പരാജയവും ഉണ്ടായിട്ടും ആത്മവിശ്വാസം കൈവെടിയാതെ ലക്ഷ്യത്തിലെത്തിയവര്‍,അധികം ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിച്ച് പുതിയ കാഴ്ചകള്‍ കാട്ടിത്തരുന്നവര്‍. അവരെ പിന്‍ തുടരാന്‍ അല്ലെങ്കില്‍ നമ്മുടെ ജീവിതയാത്രയില്‍ മാര്‍ഗനിര്‍ദ്ദേശകരാകാന്‍ അവര്‍ക്ക് കഴിയുന്നു.പ്രൊഫസ്സരുടെ ജീവിതത്തില്‍ നിന്നുമുള്ള ഏടുകളില്‍ കാര്യമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായതായി കാണുന്നില്ല. ഒരു പക്ഷെ സമ്രുദ്ധിയുടെ വിളഭൂമിയിലൂടെയുള്ള പ്രയാണം ജീവിതത്തെ അദ്ദേഹത്തിന്റെ സ്വന്തം കാഴ്ച്ചപ്പാടിലൂടെ നോക്കി കാണാന്‍ അദ്ദേഹത്തെ സഹായിച്ചിരിക്കും. അല്ലലുകളില്ലാത്ത ഒരു ജീവിതം നയിക്കുന്നയാള്‍ക്ക് മറ്റുള്ളവരുടെ ജീവിതം കണ്ട് അതിലൂടെ ഈ വിശ്വം പ്രദര്‍ശിപ്പിക്കുന്ന വിസ്മയദ്രുശ്യങ്ങള്‍ കലര്‍പ്പില്ലാതെ വിവരിക്കാന്‍ കഴിയും.ഈ പുസ്തകത്തില്‍ പ്രൊഫസ്സര്‍ ഒരാളെ ഉദ്ധരിച്ചുകൊണ്ട് എഴുതുന്നുണ്ട്., മനുഷ്യജീവിത ചരിത്രം ഉണ്ടായത് മഹാന്മാരില്‍ കൂടിയാണെന്ന്. അതിനെ ണ്ഡിക്ല്‌കൊണ്ട് പ്രൊഫസ്സര്‍ തന്നെയെഴുതുന്നു., ജീവിതത്തില്‍ പരാജയപ്പെട്ടവരും മഹാന്മാരല്ലാത്തവരും മനുഷജീവിതചരിത്രം കരുപ്പിടിപ്പിക്കുന്നതില്‍ പങ്കാളികളായിട്ടുണ്ട്.

ശരിയാണ്. ജീവചരിത്രങ്ങള്‍ ആത്മാവിഷ്കാരങ്ങളാണു. അതെഴുതുന്നവര്‍ ഓരോ ശൈലി ഉപയോഗിക്കുന്നു.അത്തരം ശൈലികള്‍ ഉരുത്തിരിയുന്നത് അവരുടെ ജീവിതത്തെ സ്വാധീനിച്ച ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അവര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളും, അപ്പോള്‍ നിലവിലിരുന്ന സാംസ്കാരിക മൂല്യങ്ങളും, ജീവിതനിലവാരങ്ങളുആവിഷ്ക്കരിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ പരി'േദം നമുക്ക് കിട്ടുന്നു. പ്രൊഫസ്സരുടെ ജീവിത കഥ പറഞ്ഞ്‌പോകുമ്പോള്‍ നമ്മള്‍ ജോസഫ് ചെറുവേലില്‍ എന്ന ആളുടെ ജനനവും, കുടുംബവും, വിദ്യാഭ്യാസവും, നേട്ടങ്ങളും മാത്രമല്ല അറിയുന്നത്. മുമ്പ് സൂചിപ്പിച്ചപോലെ അദ്ദേഹം സമൂഹവും, ചുറ്റുപാടുമായി തന്റെ ജീവിതം ബന്ധിപ്പിച്ചുകൊണ്ട് ഒരു കഥാരൂപത്തില്‍ വിവരിച്ചുപോകുകയാണു. സാധാരണമായതിനെ അസാധാരണമാക്കാനുള്ള,ഉദാത്തമാക്കാനുള്ള ഒരു ശൈലിവിശേഷവും ആഖ്യാനചാരുതയും ഈ പുസ്തകത്തില്‍ ഉടനീളം കാണാം.കല ജീവിതത്തെ പകര്‍ത്തുന്നുവെന്ന് പറഞ്ഞ അരിസ്‌റ്റോട്ടിലും ജീവിതം കലയെ പകര്‍ത്തുന്നുവെന്നു പറഞ്ഞ ഓസകാര്‍വൈല്‍ഡും ശരിയാണെന്ന് ഈ ജീവചരിത്രം വായിക്കുമ്പോള്‍ നാമറിയുന്നു.ഈ ജീവചരിത്രത്തിലൂടെ പ്രൊഫസ്സര്‍ അദ്ദേഹത്തിന്റെ ജീവിതത്തെ കാലവുമായി അടുപ്പിച്ചുകൊണ്ട് അതിലൂടെ ഉണ്ടായ സംഭവവികാസങ്ങള്‍ ഹ്രുദ്യമായി, നര്‍മ്മം കലര്‍ത്തി, ചരിത്രം ചേര്‍ത്ത്, സൂചനകളിലൂടെ ഒരു കാലഘട്ടത്തിന്റെ പെരുമാറ്റ രീതികള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കയാണു. സമ്പന്നരും, ദരിദ്രരും, മേല്‍ജാതിയും, കീഴ്ജാതിയും അങ്ങനെ സമൂഹത്തിലെ വലുപ്പ വ്യത്യാസങ്ങളുടെ ഒരു സൂചന ഇതില്‍ നിന്നും കിട്ടുന്നു,ജാതിയുടെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നത്‌കൊണ്ട് മാധവന്‍ വീട്ടിനുള്ളില്‍ കയറാതെ വീട്ടുമുറ്റത്ത് കുന്തുകാലില്‍ ഇരുന്നുഎന്നെഴുതിയതില്‍ നിന്നുംഅന്നത്തെ സമൂഹവ്യവസ്തിഥി മനസ്സിലാക്കാം. ഭാവി തലമുറക്ക് ഇത് ഒരു പുതിയ അറിവാകുന്നത് കൊണ്ട് അതെക്കുറിച്ച് അവര്‍ക്ക് ഒരു ഗവേഷണം നടത്താം.

ജീവചരിത്രങ്ങള്‍ ആത്മപ്രതിഫലനങ്ങളാണു.ജീവചരിത്രകാരന്മാര്‍ക്കറിയാം അവരുടെ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഭാവിയില്‍ ആ ഭൂതകാലം ആവര്‍ത്തിക്കാന്‍ ആരും ഇഷ്ടപ്പെടില്ലെങ്കിലും (കാളവണ്ടിയില്‍, കേവഞ്ചിയില്‍, കല്‍ക്കരിയില്‍ ഓടുന്ന ബസ്സില്‍ ഒക്കെയുള്ള യാത്രകള്‍, ഇന്നു അസൗകര്യ്‌വും ബുദ്ധിമുട്ടുമായി തോന്നുന്ന ധാരാളം ജീവിത മുഹുര്‍ത്തങ്ങള്‍) അതറിയാന്‍ വായനകാരനു ഔത്സുക്യമുണ്ടായിരിക്കും. വാസ്തവത്തില്‍ ജീവചരിത്രങ്ങളിലൂടെ നാം ആ ജീവചരിത്രകാരന്‍ ജീവിച്ച കാലഘട്ടവും നമ്മുടെ ഇപ്പോഴത്തെ കാലഘട്ടവും തമ്മില്‍ ഒരു താരതമ്യപഠനം നടത്തുന്നു. ഒരു പക്ഷെ ചില നല്ല നന്മകള്‍നഷ്ടപ്പെട്ടുപോയതില്‍ ദുഃിക്കുന്നു. പ്രൊഫസ്സറുടെ ജന്മഗ്രാമവും,അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, കുറച്ചുനാള്‍ ജോലിനോക്കിയ കേരളത്തിലെ മറ്റ് സ്ഥലങ്ങളും എത്രയോ മാറി. സാംസ്കാരിക തലത്തില്‍, മതവിശ്വാസങ്ങളില്‍, ആചാരങ്ങളില്‍ എല്ലാം പരിവര്‍ത്തനം വന്നെങ്കിലും.എതിരെവന്ന ആളിനോട് കോളേജിലേക്കുള്ള വഴിചോദിച്ചപ്പോള്‍ അവിടെ പഠിപ്പിക്കാന്‍ പോകുന്നയാളാണന്നറിഞ്ഞ് വഴിപോക്കന്‍ ബഹുമാനസൂചകമായി മുണ്ടിന്റെ മടക്കി കുത്ത് അഴിച്ചിട്ടുഎന്ന് പ്രൊഫസ്സര്‍ ഈ പുസ്തകത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. ഒരു പക്ഷെ കാലാന്തരങ്ങളില്‍ മുണ്ട് തന്നെ കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അന്നത്തെ വിദ്യാര്‍ത്ഥിക്ക് ഇതേപോലെയുള്ള ആചാരങ്ങള്‍ വളരെ കൗതുകം നല്‍കും.

ഈ പുസ്തകത്തെക്കുറിച്ചുള്ള എന്റെ രണ്ടാമത്തെ നിരൂപണമാണിത്.ആദ്യനിരൂപണത്തില്‍ ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.'ഞാന്‍ ഈ പുസ്തകം വായിച്ചു തീര്‍ന്നെങ്കിലും എന്റെ വിജ്ഞാനത്രുഷ്ണ ശമിച്ചിട്ടില്ല. പുസ്തകത്തില്‍ ഉടനീളം കാണാവുന്ന ഉല്‍ക്രുഷ്ടമായ പരാമര്‍ശങ്ങളെ കുറിക്ല് ഇനിയും ലൈബ്രറിയില്‍ മണിക്കൂറോളം ചിലവഴിച്ചാലും മുഴുവന്‍ അറിയാനും മനസ്സിലാക്കാനും സമയം തികയുമോ എന്ന് സംശയമാണു്. അറിവുള്ള ഒരാളോട് ഒരു മണിക്കൂര്‍ സംസാരിച്ചാല്‍ പത്ത് പുസ്തകം വായിച്ച അറിവ് ലഭിക്കുമെന്ന് കേട്ടിട്ടുണ്ട്.വായനക്കാരന്റെ ഓര്‍മ്മകളെ ഉണര്‍ത്തുകയും അവനു രസം പകരുകയും ചെയ്യുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.'

വായിക്കുന്തോറും അറിവിന്റെ അലകള്‍ ഞൊറിഞ്ഞ് നമ്മേ മോഹിപ്പിക്കുന്ന ഈ പുസ്തകം സഹ്രുദരായ വായനകാര്‍ക്ക് അറിവും ആനന്ദവും നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക