Image

പിറവം ഉപതിരഞ്ഞെടുപ്പ്: പിണറായിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുഉമ്മന്‍ചാണ്ടി

Published on 19 February, 2012
പിറവം ഉപതിരഞ്ഞെടുപ്പ്: പിണറായിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുഉമ്മന്‍ചാണ്ടി
കോട്ടയം: പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലക്കാട് കോച്ച്ഫാക്ടറിക്ക് തറക്കല്ലിടാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടാണെന്ന പിണറായിയുടെ അഭിപ്രായം വിലകുറഞ്ഞതായിപ്പോയി. കോണ്‍ഗ്രസ്സിന്റെ കോട്ടയം ജില്ലാ പ്രത്യേക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. 

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ എല്ലാ കുടുംബങ്ങളിലും ചികിത്സ എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ അടുത്ത സ്വപ്നം. അര്‍ബുദത്തിനും വൃക്ക, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്കുമുള്ള മരുന്ന് സൗജന്യമായി നല്‍കും. ഇന്ത്യയിലെ ഏറ്റവും നല്ല ചികിത്സ എല്ലാ കുടുംബങ്ങള്‍ക്കും ഉറപ്പാക്കാന്‍ ആരോഗ്യസംരക്ഷണം അവകാശമായിപ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഉടന്‍ പരിഹാരം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് അച്യുതാനന്ദനും തമ്മിലുള്ള മത്സരമാണ് യഥാര്‍ഥത്തില്‍ പിറവത്ത് നടക്കാന്‍പോകുന്നതെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതിയ കേരളമാണ് യു.ഡി.എഫിന്റെ സ്വപ്നം. ഒന്നരക്കോടി ജനങ്ങളുടെ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ കൈകാര്യം ചെയ്തത് തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം എസ്.പി. സി. എസ്. ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡി.സി.സി.പ്രസിഡന്റ് കുര്യന്‍ ജോയി അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ഭാരവാഹികളും കോണ്‍ഗ്രസ് നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക