Image

എന്റെ ജന്മഗ്രാമത്തിന്റെ നെല്‍പ്പാടങ്ങള്‍ ഇന്ന് റബ്ബര്‍പ്പാടങ്ങള്‍ (4): എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 26 December, 2016
എന്റെ ജന്മഗ്രാമത്തിന്റെ നെല്‍പ്പാടങ്ങള്‍ ഇന്ന് റബ്ബര്‍പ്പാടങ്ങള്‍ (4): എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
പച്ചപ്പട്ടു പുതച്ചു്, മന്ദമാരുതന്റെ തലോടലില്‍ ആലോലമാടുന്ന നെല്‍പ്പാടങ്ങളെ സ്വപ്നത്തില്‍ താലോലിച്ചും, കളസംഗീതം പൊഴിച്ചു നര്‍ത്തനാലാപത്തില്‍ കുണുങ്ങിയൊഴുകുന്ന ചെറുതോടും, അതില്‍ ഇളകിമറിയുന്ന മത്സ്യകുഞ്ഞുങ്ങളെയും ആര്‍ത്തിയോടെ കാണുവാന്‍ കാത്തും, വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്നുനീങ്ങിയ വയല്‍ വരമ്പിലൂടെ ഒന്നു കൂടി നഗ്നപാദയായി നടക്കുവാന്‍ കൊതിച്ചുമാണ് ഞാന്‍ ഓടിയെത്തിയത്.

എവിടെയാണ് ആ നീണ്ടു പരന്നു കിടന്ന പാടശേഖരങ്ങള്‍? ഈരിഴയന്‍ തോര്‍ത്തുകൊണ്ട് ചെറുമീനുകളെ കോരിയെടുത്തു കളിച്ച ആ കളിത്തോടിന്നെവിടെ?

എവിടെയാണ്് ആറ്റുവക്കത്തെ തെങ്ങോലകളില്‍ തൂങ്ങിയാടുന്ന, ആരെയും അത്ഭുത പരതന്ത്രരാക്കുന്ന ആ കുഞ്ഞുകുരുവികളുടെ കരവിരുതായ കുരുവിക്കൂടുകള്‍?

കൂട്ടുകാരും സഹോദരങ്ങളുമൊത്ത് അല്ലലെന്തെന്നറിയാത്ത ബാല്യത്തില്‍ ഓടിക്കളിച്ച, കാലത്തും വൈകിട്ടും നീന്തിത്തുടിച്ച ആ ചെറുതോട്, ഗ്രാമത്തിന്റെ ജീവസ്രോതസ്സായിരുന്ന പാടശേഖരത്തിനിടയിലൂടൊഴുകിയ ആ ചെറുതോടും, പാടവരമ്പുകളും കാലത്തിന്റെ താളുകളില്‍ നിന്നും വറ്റി വരണ്ടിരിക്കുന്ന കാഴ്ച ഹൃദയത്തില്‍ വിള്ളലുണ്ടാക്കുന്നു. ചെറുവരമ്പുകളാല്‍ വേര്‍തിരിക്കപ്പെട്ട നോക്കെത്താ ദൂരത്തെ പാടങ്ങളെല്ലാം ഇന്ന് റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റബ്ബര്‍പ്പാടങ്ങളായി മാറിയിരിക്കുന്നു. വെള്ളത്തിന്റെ കണിക പോലും കാണാത്ത നീണ്ടു പരന്നു കിടക്കുന്ന ആ റബ്ബര്‍ക്കാട്ടില്‍ ഞാന്‍ ഒരിറ്റു വെള്ളത്തിനായാര്‍ത്തിയോടെ ചുറ്റി നടന്നു. ആ റബ്ബര്‍പ്പാടങ്ങളുടെ സമീപത്തുള്ള മിക്ക ഭവനങ്ങളും ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ദയനീയ ദൃശ്യം! കണ്ടു പരിചയിച്ച, സ്‌നേഹിച്ച മുഖങ്ങളെല്ലാം കാലയവനികയില്‍ മറഞ്ഞുപോയി ! വയല്‍ വരമ്പത്തു കാറ്റുകൊണ്ടികുന്ന കൊക്കുകള്‍, കാക്കകള്‍, പാടത്തെ മീനിനെ കൊത്തിത്തിന്നാന്‍ പാടിപ്പറന്നു മത്സരിക്കുന്ന സുന്ദര ദൃശ്യം ഓര്‍മ്മ മാത്രമായി ! കൃഷിക്കായി പാടം ഒരുക്കിയിരുന്ന ആ തത്രപ്പാട് ഇന്നെവിടെ ?. തോര്‍ത്തും തലപ്പാളയുമണിഞ്ഞ് കാളകളെ പൂട്ടിയ നുകത്തിന്റെ അറ്റത്തു പിടിച്ചുകൊണ്ട് വെള്ളവും ചെളിയും നിറഞ്ഞ പാടങ്ങളില്‍ മനുഷ്യ രൂപങ്ങള്‍ ചെളിപ്പാവകളായി നീങ്ങുന്ന കാഴ്ച ! കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നടത്തുന്ന മരമടി മത്സരം, നാടിന്റെ ഒരു ഹരം തന്നെയായിരുന്നു. തടിച്ചു കൊഴുത്ത കാളകളെ മത്സരത്തിനായി മാത്രം വളര്‍ത്തുന്ന ഏതാനും മത്സരപ്രേമികള്‍ ആ കാളയോട്ട മത്സരത്തിനുവേണ്ടി ആര്‍ത്തിയോടെ കാത്തിക്കുന്നു. കഴുത്തില്‍ കയറുമാലയില്‍ കുടമണി കെട്ടി, തലയെടുപ്പോടെ മത്സരത്തിനെത്തുന്ന ഓരോ ഏര്‍ കാളകളെയും (രണ്ടു കാളകള്‍ വീതം) വാത്സല്യത്തോടെ തഴുകി അയയ്ക്കുന്ന യജമാനന്റെ ആഹ്‌ളാദം ! കാണികള്‍ പാടശേഖരത്തിന്റെ വശങ്ങളില്‍ ഇടതൂര്‍ന്ന് നിന്ന് ആവേശം പകരുന്ന കൂക്കുവിളികള്‍ ഇന്നും കാതുകളില്‍ മുഴങ്ങി നില്‍ക്കയാണ്. കര്‍ഷകരുടെ നാടായിരുന്ന കടമ്പനാടന്‍ മണ്ണില്‍, ധൃതി വച്ചു് മണിമുഴക്കത്തിനൊപ്പം ചലിക്കേണ്ടാത്ത, വേണ്ടുവോളം സമയം മണ്ണിനൊപ്പം ചെലവാക്കിയ, പട്ടണപ്പരിഷ്ക്കാരത്തിന്റെ കേളികൊട്ടു മുഴങ്ങാത്ത ആ കാലമാണ് മനസ്സിന്റെ അടിത്തട്ടില്‍ ഇന്നും പാകപ്പെട്ടു കിടക്കുന്നത്. മത്സരക്കാളകളുടെ പിന്നില്‍ തലയില്‍ കെട്ടും, കച്ചത്തോര്‍ത്തുമുടുത്ത്, ഒരു നീണ്ടു പരന്ന തടിക്കഷണം വെള്ളത്തില്‍ തൊടുന്ന ഭാഗത്തു ഘടിപ്പിച്ച പിടിയില്‍ (മരം) പിടിച്ചും കാളകള്‍ക്കൊപ്പം ഓടി നീങ്ങുന്ന മത്തായിയും, ചാക്കോയും, ദാവീദും, വേലപ്പനും ഹരം പിടിച്ചു് മതിമറന്ന് ഓടി ക്ഷീണിച്ചു വരുമ്പോള്‍ അവര്‍ക്ക് കള്ളും കപ്പപ്പുഴുക്കും ഒക്കെയായി കാത്തു നില്‍ക്കുന്ന ആളുകളുടെ ആരവാഘോഷം ! ജയിച്ചു വരുന്ന കാളകള്‍ക്കും ഉടയവനും സമ്മാനവര്‍ഷം! മരമടി മത്സരം കഴിയുമ്പോഴേയ്ക്കും പാടങ്ങളെല്ലാം കൃഷിയിറക്കാന്‍ നിരന്നു കഴിയും. പച്ചിലയും, ചാണകവും, ചാരവും, എല്ലുപൊടിയും വാരി വിതറി വീണ്ടും പൂട്ടിയടിച്ച പാടങ്ങളില്‍ ഞാറു നടുന്നതും ഒരു മേളം തന്നെയായിരുന്നു. മുട്ടറ്റം മുണ്ടും ജമ്പറും തലയില്‍ തോര്‍ത്തും അണിഞ്ഞ ചെറുമികള്‍ നിരയൊത്തു നിന്ന്് ഞാറ്റുപാട്ടു പാടി ഞാറു നടുന്ന കാഴ്ച ! അവരുുടെ തുടുത്ത സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വയല്‍വരമ്പത്തു നിന്ന് പണിയെടുപ്പിക്കുന്ന കുടചൂടിയ തമ്പ്രാക്കന്മാരുടെ മുഖത്തെ സംതൃപ്തി, ഒക്കെ ഇങ്ങിനി വരാത്ത സ്മരണകളായി. നിരയൊത്ത നെല്‍ച്ചെടികള്‍ പരന്നു കിടക്കുന്ന, പച്ചപ്പരവതാനി വിരിച്ച നെല്‍പ്പാടങ്ങളിലൂടെ ഒഴുകിയെത്തുന്ന ഇളംകാറ്റിന്റെ മധുരസ്പര്‍ശം , ആ നിര്‍മ്മല ഗന്ധം, സ്വര്‍ഗീയാനുഭൂതി തന്നെയായിരുന്നു. ഇളംകാറ്റില്‍ ആലോലമാടുന്ന നെല്‍ച്ചെടികള്‍, താന്‍പോരിമയോടെ നില്‍ക്കുന്ന ഇളം നെല്‍ക്കതിരുകള്‍ അന്ം അഹങ്കാരത്തോടെ തലയുയര്‍ത്തി നിന്തും, സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന പാകമായ നെല്‍ക്കതിരുകള്‍ തലചായ്ച് വിനീതരായി നിലകൊള്ളുന്നതും , മനുഷ്യ ജീവിതത്തിന്റെ ബാല്യത്തിന്റെയും, അഹങ്കാരവും അഹംഭാവവും കലരുന്ന യൗവ്വനത്തിന്റെയും, പക്വതയെത്തിയ വാര്‍ദ്ധക്യത്തിന്റെയും പ്രതീകങ്ങളായി തോന്നിയിരുന്നു. കൊയ്ത്തുകാലം ഒരുത്സവം തന്നെയായിരുന്നു. യന്ത്രങ്ങളുടെ കാലൊച്ച കേള്‍ക്കാത്ത ഗ്രാമീണ പാടങ്ങളില്‍ ആവോളം വിയര്‍പ്പൊഴുക്കി ചെറുമനും ചെറുമികളും കൃഷിപ്പണികളും, കൊയ്ത്തും, കറ്റകെട്ടും, മെതിയും നടത്താറുണ്ടായിരുന്ന ആ കാലം ! വിളഞ്ഞു പഴുത്ത നെല്‍ക്കതിരുകള്‍ നിരയൊത്തുനിന്നു കൊയ്തു കറ്റകളാക്കി കെട്ടിയിട്ടു നീങ്ങുമ്പോള്‍ എങ്ങനെയാണ് ആ കറ്റകളെ തിരിച്ചറിയുന്നതെന്ന എന്റെ ബാലമനസ്സിലെ സംശയം പലപ്പോഴും സംശയമായിത്തന്നെ നിലകൊണ്ടു. കറ്റകള്‍ ചേര്‍ത്തുകെട്ടി വലിയ കെട്ടുകളായി, തലച്ചുമടായി കൊണ്ടുവന്ന്് ചാണകം മെഴുകി തറവാട്ടു മുറ്റത്തു തയ്യാറാക്കിയിരുന്ന കളിത്തറകളില്‍ അടുക്കിയിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കാലുകൊണ്ട ു കറ്റകള്‍ മെതിയ്ക്കുന്നതും, പതിര്‍ തൂറ്റി നീക്കി നെല്ലു കൂനയായി കൂട്ടിയിടുന്നതും, അതിനു വട്ടം കുട്ടികളൊക്കെ ഓടി നടന്നതും വൈക്കോല്‍ക്കൂനകള്‍ക്കിടയില്‍ കുട്ടികള്‍ ഒളിച്ചു കളിച്ചതും ഒക്കെ സുന്ദര സ്വപ്നമാണിന്നും. പുന്നെല്ലിന്റെ അരിയുടെ ചോറിന്റെ സ്വാദ്, ഒരനുഭൂതിയായിരുന്നു. കറ്റ മെതിച്ചു നെല്ലാക്കിത്തരുമ്പോള്‍ ആറില്‍ ഒന്ന്, എട്ടില്‍ ഒന്ന് എന്നൊക്കെ പതം അളന്നു കൊടുത്ത് കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്ന ദാവീദു മൂപ്പനായിരുന്നു തറവാട്ടിലെ കാര്യസ്ഥന്‍. രാവിലെ ഏഴുമണിയ്ക്കു മുമ്പ് ജോലിക്കെത്തുന്ന, കാരിരുമ്പിന്റെ കരുത്തും കരിവീട്ടിയുടെ കറുപ്പും ഉള്ള ദാവീദുമൂപ്പനെ പിതൃവാത്സല്യം തുളുമ്പുന്ന ആദരവേടെയാണ്് ഞാന്‍ കണ്ടികുന്നത്. ചുണ്ടില്‍ സദാ തത്തിക്കളിച്ച പുഞ്ചിരി, രാവിലെ അല്പം താമസിച്ചെത്തിയാല്‍ തമ്പുരാട്ടിയുടെയും തമ്പുരാന്റെയും മുഷിച്ചില്‍ കലര്‍ന്ന ശകാരം വകവയ്ക്കാതെ, തോര്‍ത്തുമണ്ടുടുത്ത്, തലപ്പാള ചൂടി , തോളത്തു കൂന്താലിയുമായി നടന്നു നീങ്ങുന്ന ആ രൂപം മായ്ച്ചാലും മായ്ക്കാത്ത ഒരു വിഗ്രഹം തന്നെയാണ്. ആത്മാര്‍ത്ഥതയുടെയും, കഠിനാഥ്വാനത്തിന്റെയും, സത്യസന്ധതയുടെയും ആ ആള്‍രൂപം കാലത്തിന്റെ ഏടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

മാതാപിതാക്കള്‍ മണ്‍മറഞ്ഞു, ചരടുപൊട്ടിയ മാലയിലെ മണികള്‍ പോലെ മക്കളെല്ലാം ചിതറി വിവിധ സ്ഥലങ്ങളിലായി, അടഞ്ഞ വാതിലുകളും അനാഥമായ മുറികളുമായി ശ്മശാന മൂകത തളം കെട്ടിയ തറവാടിന്റെ മുറ്റം വൃക്ഷങ്ങള്‍ പൊഴിയ്ക്കുന്ന കണ്ണീര്‍ക്കണങ്ങള്‍പോലെ പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ നിരന്നും, കദനഭാരത്താല്‍ സൂര്യദേവന്‍ പോലും തന്റെ രശ്മികളെ മറച്ചുവോയെന്നപോല്‍ പ്രകൃതി ഇരുളാര്‍ന്നുും കിടക്കുന്ന കാഴ്ചയില്‍ എന്റെ ഹൃദയം നുറുങ്ങി, ആ എകാന്തമായ തുരുത്തിലേക്ക് സുന്ദരസ്മരണകള്‍ തളം കെട്ടി നില്‍ക്കുന്ന ആ തളര്‍ന്ന തറവാട്ടിലേക്ക് ഒരു കൂടി നോക്കി, ഒരു തുള്ളി കണ്ണുനീര്‍ അവിടെ നേദിച്ചും, മണ്‍മറഞ്ഞുപോയ വന്ദ്യ മാതാപിതാക്കളെ ആരാധനയോടെ സ്മരിച്ചും, അവരുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നും തിരിച്ചു നടന്നു, വിതുമ്പുന്ന മനസ്സുമായ്.

എന്നെന്നുമെന്നുടെയന്തരാത്മാവിങ്കല്‍
ആനന്ദബാഷ്പം നിറച്ച്
സ്‌നേഹത്തിന്‍ കൈത്തിരിത്താലവുമായെന്നെ
മാടിവിളിക്കുന്നെന്‍ നാട്....

നന്ദി....നമസ്ക്കാരം....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക